എ.ടി. കോവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. T. Kovoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്രഹാം തോമസ് കോവൂർ
ഡോ. അബ്രഹാം തോമസ്‍ കോവൂർ
ജനനം(1898-04-10)10 ഏപ്രിൽ 1898
മരണം18 സെപ്റ്റംബർ 1978(1978-09-18) (പ്രായം 80)
കുടുംബംജോർജ്ജ് കോവൂർ

ഒരു ഇന്ത്യൻ പ്രൊഫസറും യുക്തിവാദിയുമായിരുന്നു എ.ടി. കോവൂർ എന്ന ഹ്രസ്വ നാമത്തിലറിയപ്പെട്ടിരുന്ന അബ്രഹാം തോമസ് കോവൂർ (ജീവിതകാലം: 10 ഏപ്രിൽ 1898 - സെപ്റ്റംബർ 18, 1978). ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചതിനുശേഷം ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിവിധ മനുഷ്യ ദൈവങ്ങൾ, അസ്വാഭാവിക പ്രതിഭാസങ്ങൾ എന്നിവയുടെ തട്ടിപ്പുകൾ തുറന്നുകാട്ടുന്ന പ്രചാരണത്തിലൂടെ അദ്ദേഹം പ്രാധാന്യം നേടി. ആത്മീയ തട്ടിപ്പുകളെയും സംഘടിത മതങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ നേരിട്ടുള്ളതും, കടുത്തതുമായ വിമർശനങ്ങൾ ശ്രോതാക്കൾ അത്യാവേശത്തോടെ സ്വീകരിക്കുകയും പ്രത്യേകിച്ച് ശ്രീലങ്കയിലും ഇന്ത്യയിലും യുക്തിവാദി പ്രസ്ഥാനത്തിൽ ഇത് ഒരു പുതിയ ഊർജ്ജം പകരുകയും ചെയ്തു.[1]

ആദ്യകാല ജീവിതവും ജോലിയും[തിരുത്തുക]

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ഒരു സെന്റ് തോമസ് ക്രിസ്ത്യൻ കുടുംബത്തിലായിരുന്നു അബ്രഹാം തോമസ് കോവൂരിന്റെ ജനനം. മലബാർ മാർത്തോമ സിറിയൻ പള്ളി വികാരി ജനറലായിരുന്ന കോവൂർ ഐപ്പ് തോമ കത്തനാരുടെ (കോവൂർ അച്ചൻ) പുത്രനായിരുന്നു എ.ടി. കോവൂർ.[2] കൊൽക്കത്തയിലെ ബംഗാബസി കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കേരളത്തിൽ സി.എം.എസ്. കോളേജിൽ സസ്യശാസ്ത്രവിഭാഗത്തിൽ ലക്ചററായുള്ള ഹ്രസ്വകാല ജോലിയ്ക്കുശേഷം അദ്ദേഹം 1928 ഫെബ്രുവരി മാസത്തിൽ ശ്രീലങ്കയിലെത്തി. ശ്രീലങ്കയിലെത്തുന്നതിനുമുമ്പായി കോവൂർ ഒരു ന്യായാധിപന്റെ മകളായ കുഞ്ഞമ്മയെ വിവാഹം കഴിച്ചിരുന്നു. ദമ്പതികൾക്ക് ഏരീസ് എന്ന പേരിൽ ഒരു പുത്രനുണ്ട്. ശേഷം 1943 വരെ ഏതാണ്ട് 15 വർഷക്കാലത്തോളം വടുക്കോടൈയിലുള്ള ജാഫ്‌ന കോളേജിൽ സസ്യശാസ്ത്രം പഠിപ്പിക്കുകയെന്നതായിരുന്നു കോവൂരിന്റെ ആദ്യകാല നിയമനം. തുടർന്ന്, ഗാലെയിലെ റിച്ച്മണ്ട് കോളേജ്, 1947 മുതൽ 1953 വരെയുള്ള കാലഘട്ടത്തിൽ മൌണ്ട് ലാവിനിയയിലെ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി അദ്ദേഹം ജോലി ചെയ്യുകയും 1959 ൽ കൊളംബോയിലെ തുർസ്താൻ കോളേജിൽനിന്ന് അദ്ധ്യാപക ജോലിയിലിരിക്കെ വിരമിക്കുകയും ചെയ്തു. ഹിപ്നോതെറാപ്പി, അപ്ലൈഡ് സൈക്കോളജി എന്നിവയും അദ്ദേഹം അഭ്യസിച്ചിരുന്നു.

യുക്തിവാദിയെന്ന നിലയിൽ[തിരുത്തുക]

ജോലിയിൽനിന്ന് വിരമിച്ച എ.ടി. കോവൂർ തന്റെ പിൽക്കാല ജീവിതം യുക്തിവാദി പ്രസ്ഥാനത്തിനായി സമർപ്പിച്ചു. സിലോൺ യുക്തിവാദി അസോസിയേഷൻ കെട്ടിപ്പടുക്കുന്നതിനായി കൂടുതൽ സമയവും ചെലവഴിച്ച അദ്ദേഹം 1960 മുതൽ തന്റെ മരണം വരെയുള്ള കാലത്ത് അതിന്റെ പ്രസിഡന്റായിരുന്നു. ‘ദ സിലോൺ റാഷണലിസ്റ്റ് അംബാസഡർ’ എന്ന പേരിലുള്ള ഒരു വാർഷിക ജേണൽ അദ്ദേഹം എഡിറ്റ് ചെയ്തിരുന്നു. 1976 ൽ അദ്ദേഹത്തിന്റെ പത്നി കുഞ്ഞമ്മ അന്തരിച്ചു. അദ്ദേഹത്തിന്റെ വിൽപ്പത്രത്തിൽ അദ്ദേഹം ഇപ്രകാരം കുറിച്ചിരുന്നു: "എന്റെ മരണശേഷം ശരീരം സംസ്‌കരിക്കരുത്. അതുപോലെതന്നെ എന്റെ പത്നിയുടെ മൃതദേഹവും സംസ്‌കരിക്കരുത്. ഞങ്ങൾ ഞങ്ങളുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകളുടെ ഉപയോഗത്തിനായി സമർപ്പിക്കുന്നു. എന്റെ അസ്ഥികൂടം ഞാൻ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്ന കൊളംബോയിലെ തുർസ്റ്റൺ കോളേജിന് കൊടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പാരീസിലെ സോർബോൺ സർവകലാശാലയിലെ പ്രൊഫസറായ എന്റെ മകൻ ഏരീസ് കോവൂറിനെ ഈ ചുമതല ഞാൻ ഏൽപ്പിക്കുന്നു. മരണമടഞ്ഞാലുടൻതന്നെ എന്റെ കണ്ണുകൾ ഒരു നേത്ര ബാങ്കിലേക്ക് ദാനം ചെയ്യണം”. 1978 സെപ്റ്റംബർ 18 ന് കാൻസർ ബാധിച്ച് എ.ടി. കൊവൂർ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. "Dr Abraham T. Kovoor: The Rationalist of Indian Subcontinent". Dr Prakash Arumugam. 1998-01-30. Retrieved 2007-03-07.
  2. "പി കെ = ആമിർ ഖാനിൽ നിന്ന് കോവൂരിലേക്കുള്ള ദൂരം | Reporter Live". REPORTER - Malayalam News Channel - Breaking News, Latest News, Kerala, India, World, Politics, Movies, Entertainment, Sports, Business, Pravasi, Environment (in അമേരിക്കൻ ഇംഗ്ലീഷ്). 2014-12-25. Archived from the original on 2018-01-28. Retrieved 2018-01-28.
"https://ml.wikipedia.org/w/index.php?title=എ.ടി._കോവൂർ&oldid=3968699" എന്ന താളിൽനിന്ന് ശേഖരിച്ചത്