എ.യു.പി. സ്കൂൾ കൊട്ടക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.U.P.School Kottakkanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊട്ടക്കാനം എ.യു.പി. സ്കൂൾ
കൊട്ടക്കാനം എ.യു.പി. സ്കൂൾ

തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ കൊട്ടക്കാനം എ.യു.പി. സ്കൂൾ 1954 ൽ സ്ഥാപിതമായി. പരേതനായ പി.വി. ചാത്തുക്കുട്ടി നമ്പ്യാരായിരുന്നു സ്ഥാപക മാനേജർ. 1954 ഏപ്രിൽ 15നു കൊട്ടക്കാനം എലമെന്ററി സ്കൂൾ എന്ന വിദ്യാലയം ബാരിസ്റ്റർ വി.ആർ. നായനാരുടെ അദ്ധ്യക്ഷതയിൽ ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഒന്നു മുതൽ മൂന്ന് വരെ ക്ളാസ്സുകളോടെ ആരംഭിച്ച സ്കൂൾ 1956-57 വർഷം അഞ്ചാം തരം വരെയുള്ള എൽ.പി. സ്കൂളായും 1959-60 വർഷം എട്ടാം തരെ വരെയുള്ള യു.പി. സ്കൂളായും ഉയർത്തപ്പെട്ടു. 1961-62 വർഷം സ്കൂൾ വിദ്യാഭ്യാസം 4+3+3 എന്ന രീതിയിലേക്ക് മാറ്റിയതോടെ എട്ടാം തരം നിർത്തലാക്കുകയും ഏഴാം തരം വരെയുള്ള യു.പി. സ്കൂളായി തുടർന്ന് വരികയും ചെയ്തു.

എൻ. കോരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ. എം. അച്യുതൻ നമ്പ്യാർ പരേതനായ കെ. ഗോവിന്ദൻ നമ്പ്യാർ എന്നിവരായിരുന്നു സഹാദ്ധ്യാപകർ. 1976ൽ സ്കൂൾ മനേജ്മെന്റ് കൂവേരി എഡ്യുക്കേഷണൽ സൊസൈറ്റി ഏറ്റെടുത്തു. സൊസൈറ്റി സെക്രട്ടറിക്കാണ്‌ മാനേജറുടെ ചുമതല. കെ. നാരായണൻ നായർ (പ്രസിഡന്റ്), ടി. ജനാർദ്ദനൻ നായർ (സെക്രട്ടറി & മാനേജർ) എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദ്യ ഭരണ സമിതി. പി.പി. നാരായണൻ നമ്പ്യാർ, പി. ദാമോദരൻ, പി.വി. ദാമോദരൻ നമ്പ്യാർ എന്നിവർ വിവിധ കാലയളവിൽ മാനേജറുടെ ചുമതല വഹിച്ചിട്ടുണ്ട്. ടി.വി. പത്മനാഭൻ (പ്രസിഡന്റ്), സി.സി. നാരായണൻ മാസ്റ്റർ (സെക്രട്ടറി & മാനേജർ) ആയ ഭരണ സമിതിയാണ്‌ നിലവിലുള്ളത്.

എൻ. കോരൻ മാസ്റ്റർ, അച്യുതൻ നമ്പ്യാർ, എം.ഒ. ശ്രീധരൻ നമ്പ്യാർ, വി. ഗോവിന്ദൻ, ഇ.കെ. ഭവാനി എന്നിവർ പ്രധാനാധ്യാപകരായി പ്രവർത്തിച്ചു. 2005-06 വർഷം മുതൽ പി. ചന്ദ്രശേഖരനാണ്‌ പ്രധാനാധ്യാപകൻ. 2003-04 വർഷം മുതൽ പ്രീ പ്രൈമറി വിഭാഗവും, 2004-05 മുതൽ കമ്പ്യൂട്ടർ പഠന വിഭാഗവും സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

ചിത്രശാല[തിരുത്തുക]