Jump to content

2022 ലെ കർണാടക ഹിജാബ് വിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2022 ജനുവരിയുടെ തുടക്കത്തിൽ, ജൂനിയർ കോളേജിൽ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാർത്ഥികൾക്ക് ക്ലാസുകളിൽ പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സംസ്ഥാനമായ കർണ്ണാടകയിൽ ഒരു തർക്കം ഉടലെടുക്കുകയും അത് കോടതി വ്യവഹാരങ്ങളിലേക്ക് പോകുകയും ചെയ്ത ഒരു വിവാദമാണ് 2022 ലെ കർണാടക ഹിജാബ് വിവാദം. തുടർന്നുള്ള ആഴ്ചകളിൽ ഇത് സംസ്ഥാനത്തുടനീളം മറ്റ് നിരവധി സ്കൂളുകളിലും കോളേജുകളിലും വ്യാപിച്ചു. 2022 ഫെബ്രുവരി 5 ന്, യുണിഫോം നയങ്ങൾ നിലനിൽക്കുന്നിടത്ത് യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും ഹിജാബ് ധരിക്കുന്നതിന് ഒരു ഇളവും നൽകില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കർണ്ണാടക സർക്കാർ ഒരു ഉത്തരവ് പുറത്തിറക്കി. നിരവധി സ്കൂളുകൾ ഈ ഉത്തരവ് എടുത്തകാണിച്ച് ഹിജാബ് ധരിച്ച മുസ്ലിം പെൺകുട്ടികൾക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. തുടർന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട ഹരജികൾ കർണാടക ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും തരത്തിലുള്ള മതപരമായ വസ്ത്രധാരണം ധരിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും തർക്കങ്ങളും ശക്തമായതിനെത്തുടർന്ന് 2022 ഫെബ്രുവരി 8-ന് കർണ്ണാടക സർക്കാർ ഹൈസ്കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടതായി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 14 ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ, സ്കൂൾ കവാടത്തിൽ ഹിജാബ് നീക്കം ചെയ്യാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് കർണ്ണാടകയിലെ എല്ലാ സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കി.

ഹിജാബ് നിരോധനത്തെ ഇന്ത്യയ്ക്കകത്തും അന്തർദ്ദേശീയതലത്തിലും അമേരിക്കയിലെയും പാകിസ്ഥാനിലെയും ഉദ്യോഗസ്ഥരും ഹ്യൂമൻ റൈറ്റ്സ് വാച്ചും മലാല യൂസഫ്സായി, നോം ചോംസ്കി തുടങ്ങിയ വ്യക്തികളും വിമർശിച്ചു. ആദിത്യ താക്കറെ, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ രാഷ്ട്രീയക്കാർ ഈ നിരോധനത്തെ ന്യായീകരിച്ചു.

അവലംബം

[തിരുത്തുക]