Jump to content

ഹ്യൂമാനേ വീറ്റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൗലോസ് ആറാമൻ മാർപ്പപ്പ: 1968 ജൂലൈ 25-നാണ് ഇദ്ദേഹം ഹ്യൂമാനേ വീറ്റേ എന്ന ചാക്രികലേഖനം പുറപ്പെടുവിച്ചത്

പൗലോസ് ആറാമൻ മാർപ്പാപ്പ 1968 ജൂലൈ 25-നു പുറപ്പെടുവിച്ച ഒരു ചാക്രികലേഖനമാണ് ഹ്യൂമാനേ വീറ്റേ. മാർപ്പാപ്പമാരുടെ ചാക്രികലേഖനങ്ങളുടെ(Papal encyclicals) പതിവനുസരിച്ച്, ലത്തീനിലുള്ള രചനയുടെ ആരംഭത്തിലെ രണ്ടു വാക്കുകളെ ആശ്രയിച്ചുള്ള "ഹ്യൂമാനേ വീറ്റേ" എന്ന പേരിന് "മനുഷ്യജീവൻ" എന്നാണർത്ഥം. "ജനനനിയന്ത്രണത്തെക്കുറിച്ച്" എന്ന ഉപശീർഷകവും കൂടിയുള്ള ഈ രചന, മനുഷ്യസമൂഹത്തിന്റെ പ്രത്യുത്പാദന ധാർമ്മികതയുമായി ബന്ധപ്പെട്ട ഗർഭഛിദ്രം, ഗർഭനിരോധനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ പരമ്പരാഗത നിലപാടുകൾ അവർത്തിച്ചു പ്രഖ്യാപിക്കുന്നു.

എല്ലാത്തരത്തിലുമുള്ള കൃത്രിമജനനനിയന്ത്രണ മാർഗ്ഗങ്ങൾക്കും ഇതിൽ വിലക്കു കല്പിച്ചിരുന്നതിനാൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ പ്രബോധനാർത്ഥം എഴുതിയ മാർപ്പാപ്പയുടെ ഈ രചന വളരെ വിവാദപരമായി. തന്റെ വാഴ്ചയിൽ അവശേഷിച്ച പത്തുവർഷക്കാലം പൗലോസ് ആറാമൻ മാർപ്പാപ്പ മറ്റു ചാക്രികലേഖനങ്ങളൊന്നും പുറപ്പെടുവിച്ചില്ല. 2008-ൽ ഈ ചാക്രികലേഖനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഇതിന്റെ വിഷയത്തെ "അങ്ങേയറ്റം വിവാദപരവും അതേ സമയം മനുഷ്യരാശിയുടെ ഭാവിയെ സംബന്ധിച്ച് ഏറെ നിർണ്ണായകവും" എന്നു വിശേഷിപ്പിച്ചു. "ഹ്യൂമാനേ വീറ്റേ വൈരുദ്ധ്യത്തിന്റെ പ്രതീകമായതിനൊപ്പം വിശ്വാസ-പാരമ്പര്യങ്ങളിൽ സഭയുടെ പിന്തുടർച്ചയുടേയും പ്രതീകമായി...ഇന്നലെ ശരിയായിരുന്നത് ഇന്നും ശരിയായിരിക്കുന്നു" എന്നും ഇതേക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.[1]

സംഗ്രഹം[തിരുത്തുക]

പാരമ്പര്യം[തിരുത്തുക]

ഈ ലേഖനത്തിൽ പൗലോസ് ആറാമൻ, വിവാഹബന്ധത്തേയും വൈവാഹിക ഉത്തരവാദിത്തങ്ങളേയും സംബന്ധിച്ച കത്തോലിക്കാ സഭയുടെ പരമ്പരാഗതമായ നിലപാട് ആവർത്തിക്കുകയും കൃത്രിമ ജനനനിയന്ത്രണത്തോടുള്ള എതിർപ്പ് തുടരുകയും ചെയ്തു. വൈദ്യശാസ്ത്രം ഉൾപ്പെടെയുള്ള വിജ്ഞാനശാഖകളിലെ പുരോഗതിയുടെ വെളിച്ചത്തിൽ കൃത്രിമ ജനനനിയന്ത്രത്തെക്കുറിച്ചു പഠിക്കാൻ രണ്ടു പേപ്പൽ സമിതികളേയും ഒറ്റപ്പെട്ട വിദഗ്ദ്ധന്മാരേയും ചുമതലപ്പെടുത്തിയിരുന്ന കാര്യം[2] മാർപ്പാപ്പ സൂചിപ്പിച്ചെങ്കിലും,[3] ലേഖനത്തിൽ പ്രകടിപ്പിച്ച നിലപാട്, പീയൂസ് പതിനൊന്നാമൻ,[4] പീയൂസ് പന്ത്രണ്ടാമൻ,[5]യോഹന്നാൻ 23-ആമൻ,[6] തുടങ്ങിയ അദ്ദേഹത്തിന്റെ മുൻഗാമികളുടെ നിലപാടിന്റെ ആവർത്തനം തന്നെയായിരുന്നു. സ്രഷ്ടാവായ ദൈവത്തിന്റെ സഹകാരികൾ എന്ന നിലയിൽ വിവാഹബന്ധത്തിൽ ദമ്പതികൾക്കുള്ള ദൈവികമായ ഉത്തരവാദിത്തത്തെ ഊന്നിപ്പറയുകയാണ് ആ മാപ്പാപ്പാമാർ ചെയ്തിരുന്നത്.

സിദ്ധാന്തഭൂമിക[തിരുത്തുക]

പേപ്പൽ സമിതിയിലെ അംഗങ്ങൾ നേരത്തേ അവരുടേ സ്വകാര്യനിലപാടുകൾ വ്യക്തമാക്കിക്കൊണ്ടിരിക്കുമ്പോഴും, പ്രത്യുത്പാദനധാർമ്മികതയെ സംബന്ധിച്ച സഭയുടെ പഴയ പ്രബോധനം പൗലോസ് ആറാമൻ മാർപ്പാപ്പ ആവർത്തിച്ചിരുന്നു. തന്റെ ഭരണത്തിന്റെ ആദ്യവർഷം തന്നെ ഈ നിലപാട് അദ്ദേഹം ഒന്നിലേറെ വട്ടം വെളിപ്പെടുത്തിയിരുന്നു.[7]

വിവാഹബന്ധം കേവലം രണ്ടു വ്യക്തികളുടെ സംഗമം മാത്രമല്ലെന്ന് പഴയ മാർപ്പാപ്പാമാരെപ്പോലെ പൗലോസ് ആറാമനും ചൂണ്ടിക്കാട്ടി. സ്നേഹിക്കുന്ന രണ്ടു വ്യക്തികൾക്കു പുറമേ സ്നേഹസ്വരൂപനായ ഒരു ദൈവം കൂടി ആ ബന്ധത്തിൽ പങ്കുചേരുന്നു. രണ്ടു വ്യക്തികളുടെ സംഗമത്തിൽ ശാരീരികമായി രൂപപ്പെടുന്ന മൂന്നാമത്തെ വ്യക്തിയ്ക്ക് ആത്മാവു നൽകിക്കൊണ്ട് ദൈവം സൃഷ്ടി പൂർത്തിയാക്കുന്നു. ഇക്കാരണത്താൽ ചാക്രികലേഖനത്തിന്റെ ഒന്നാം വാക്യത്തിൽ തന്നെ മാർപ്പാപ്പ, മനുഷ്യജീവന്റെ പ്രജനനം സ്രഷ്ടാവായ ദൈവവുമായി ഉത്തരവാദിത്തപൂർവമായ സ്വാതന്ത്ര്യത്തോടെയുള്ള ദമ്പതികളുടെ ഗൗരവപൂർവമായ സഹകരണമായി കണക്കാക്കപ്പെടണമെന്നു പഠിപ്പിച്ചു.[8] ഇത് ദൈവികമായ പങ്കാളിത്തമാണ്. അതിനാൽ തോന്നിയ പടിയുള്ള മനുഷ്യനിശ്ചയങ്ങൾ ഇവിടെ ദൈവപരിപാലനയ്ക്കു പരിധി നിശ്ചയിക്കുന്നത് അനുവദനീയമല്ല. വിവാഹത്തിന്റെ ഒരു അതികാല്പനികചിത്രം വരച്ചുകാട്ടുകയല്ല ഈ ചാക്രികലേഖനത്തിൽ മാർപ്പാപ്പ: വിവാഹബന്ധത്തിൽ വലിയ സന്തുഷ്ടി മാത്രമല്ല പ്രതീക്ഷിക്കാനുള്ളത്; ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കൂടി അതിന്റെ ഭാഗമാണ്.[8]

മനുഷ്യജീവികളിലെ പ്രജനനത്തെ ജീവശാസ്ത്രം, മന:ശാസ്ത്രം, ജനസംഖ്യാശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ മാത്രം പരിധിയിൽ വരുന്ന വിഷയമായി കാണുന്നതു ശരിയല്ലെന്നു മാർപ്പാപ്പ കരുതി.[9] വൈവാഹികപ്രേമത്തിന്റെ പ്രഭവസ്ഥാനം "സ്നേഹം തന്നെയായ" ദൈവമാണെന്ന ഉദാത്തതലത്തിൽ നിന്ന് മാർപ്പാപ്പ തന്റെ നിലപാടിനെ ഈവിധം നിർവചിക്കുന്നു:

 • "പ്രേമം സമ്പൂർണ്ണമാണ്—വ്യക്തിപരമായ സൗഹൃദത്തിന്റെ ഈ അനുപമമാതൃകയിൽ ദമ്പതിമാർ എല്ലാം ഉദാരമായി പങ്കുവയ്ക്കുന്നു. നീതിവിരുദ്ധമായ ഒഴിവാക്കലുകൾക്കും, സ്വാർത്ഥചിന്തയ്ക്കും അവിടെ സ്ഥാനമില്ല. ഇണയെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നയാൾ തനിയ്ക്ക് തിരികെ കിട്ടുന്നതിന്റെ പേരിലല്ലാതെ അയാളുടെ പേരിൽ തന്നെ സ്നേഹിക്കുന്നു. ഇണയുടെ തികവിനായി തന്നെത്തന്നെ സമർപ്പിക്കുന്നതിൽ അയാൾ സായൂജ്യം കണെത്തുന്നു."[10]

വിലക്കുകൾ[തിരുത്തുക]

ധാർമ്മികസമസ്യകളിൽ തീരുമാനമെടുക്കാൻ കത്തോലിക്കാസഭയുടെ ഉന്നതാധികാരത്തിനുള്ള (magisterium) കഴിവിന് അടിവരയിട്ടുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. തുടർന്ന്, ദമ്പതികൾ, കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിക്കുന്നതിലും ഗർഭധാരണം അസാദ്ധ്യമാണെന്നിരിക്കെയും ലൈംഗികബന്ധത്തിലേർപ്പെടുന്നതിലും തെറ്റില്ലെന്ന് പറയുന്നു. എങ്കിലും "ലൈംഗികബന്ധം മനുഷ്യജീവന്റെ ഉത്ഭവവുമായുള്ള സ്വാഭാവികബന്ധം നിലനിർത്തണമെന്നും, തുടങ്ങിക്കഴിഞ്ഞ പ്രജനന പ്രക്രിയയ്ക്ക് തടസ്സം വരുത്തുന്ന തരം ഇടപെടൽ നിയമവിരുദ്ധമാണെന്നും" മാർപ്പാപ്പ വാദിക്കുന്നു.

പ്രത്യുത്പാദനത്തെ തടസ്സപ്പെടുത്തുന്ന എല്ലാ കൃത്രിമനടപടികളും, വൈദ്യശാസ്ത്രപരമായി ന്യായീകരിക്കാവുന്ന സാഹചര്യങ്ങളിലൊഴികെ, വിലക്കപ്പെട്ടിരിക്കുന്നു. രോഗചികിത്സയ്ക്കായുള്ള വൈദ്യശാസ്ത്രപ്രക്രിയകൾ പ്രത്യുത്പാദനക്ഷമതയെ ബാധിക്കുമെങ്കിലും, വന്ധ്യതയെ പ്രത്യേകം ലക്ഷ്യമാക്കിയുള്ളതല്ലെങ്കിൽ, വിലക്കപ്പെട്ടിട്ടില്ല. [11] ഗർഭനിരോധനത്തിനുള്ള രാസമാർഗങ്ങളും തടസമാർഗ്ഗങ്ങളും(chemical and barrier methods) വിലക്കപ്പെട്ടവയിൽ പെടുന്നു. ദൈവസ്ഥാപിതമായ ധാർമ്മികവ്യവസ്ഥയിൽ നേരിട്ട് ഇടപെടുന്നവ എന്ന നിലയിലാണ് ഇവയൊക്കെ വിലക്കപ്പെട്ടിരിക്കുന്നത്. ഗർഭപാതം, വൈദ്യശാസ്ത്രപരമായ കാരണങ്ങളാലാണെങ്കിലും, അനുവദനീയമല്ല. അതുപോലെ, വന്ധ്യംകരണവും, താത്ക്കാലികസ്വഭാവമുള്ളതാണെങ്കിൽ പോലും അനുവദനീയമല്ല.

അർബുദബാധിതമായ ഗർഭപാത്രം നീക്കം ചെയ്യുന്നതുപോലെയുള്ള ചികിത്സാനടപടികൾ, പ്രത്യുത്പാദനക്ഷമത നഷ്ടപ്പെടുത്തുമെങ്കിലും, ആ ലക്ഷത്തോടെയല്ലാതെ ജീവന്റെ പരിരക്ഷയ്ക്കു വേണ്ടിയായാൽ, അനുവദനീയമാണ്. ആർത്തവചക്രത്തിലെ ചിലദിവസങ്ങളിൽ ലൈംഗികബന്ധത്തിൽ നിന്നു വിട്ടുനിന്നുകൊണ്ടുള്ള സ്വാഭാവിക ജനനനിയന്ത്രണരീതി, പ്രകൃതിയുടെ ഇളവിനെ ഉപയോഗിക്കുക മാത്രം ചെയ്യുകയാൽ, അനുവദിക്കപ്പെട്ടിരിക്കുന്നു.

തുടർന്ന് ചാക്രികലേഖനം, കൃത്രിമജനനനിയന്ത്രണ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ നിന്നുണ്ടാകുമെന്നു മാർപ്പാപ്പ കരുതിയ ആപത്തുകളിലേക്കു ശ്രദ്ധക്ഷണിക്കുന്നു. ഉത്തരവാദിത്തമില്ലാതെയുള്ള ലൈംഗികബന്ധങ്ങൾ വരുത്തിവയ്ക്കാൻ പോകുന്നു ധാർമ്മികാധപതനം, പുരുഷന്മാർ സ്ത്രീകളെ തങ്ങളുടെ ആഗ്രഹപൂരണത്തിനുള്ള ഉപകരണങ്ങളായി കാണുന്ന സ്ഥിതി എന്നിവ ഈ ആപത്തുകളിൽ പെടുന്നു.[12]

സമാപനം[തിരുത്തുക]

സമുഹത്തിന്റെ വിവിധമേഖലയിലുള്ളവരോടുള്ള അഭ്യർത്ഥന സമാപന ഭാഗത്തു കാണാം: പ്രകൃതിനിയമത്തിനു തുരങ്കം വയ്ക്കുന്ന നിയമങ്ങൾ അധികാരികൾ ഒഴിവാക്കണം;[13] ശാസ്ത്രജ്ഞന്മാർ സ്വാഭാവിക ജനനനിയന്ത്രണമാർഗ്ഗങ്ങളുടെ കൂടുതൽ ഫലപ്രദമായ ഉപയോഗത്തെക്കുറിച്ചു പഠിക്കണം; ഡോക്ടർമാർ ഈ പ്രബോധനം പഠിച്ച് അതിനെക്കുറിച്ചു രോഗികളെ ബോധവാന്മാരാക്കണം;[14] പുരോഹിതന്മാർ, വിവാഹജീവിതത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം വിശദീകരിച്ചു കൊടുക്കണം.[15] ചാക്രികലേഖനത്തിലെ പ്രബോധനം എല്ലാവരും എളുപ്പം അഗീകരിച്ചേക്കില്ലെന്ന് മാർപ്പാപ്പ സമ്മതിക്കുന്നുണ്ട്. എങ്കിലും വിവാഹത്തിന്റെ പവിത്രതയെ സംരക്ഷിക്കാനും വിവാഹജീവിതത്തെ അതിന്റെ മാനുഷികമായ ക്രിസ്തീയപരിപൂർണ്ണതയിലേക്കു നയിക്കാനും ചുമതലപ്പെട്ട സഭയ്ക്ക് തെറ്റിനെ ശരിയെന്നു വിളിക്കാൻ കഴിയുകയില്ല.[16]ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി വിശ്വസ്തതയോടെ പിന്തുടർന്നാൽ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക മേഖലകളിലും ഭാവിയിൽ നടക്കാനിരിക്കുന്ന പുരോഗതി, വൈവാഹിക, കുടുംബ ജീവിതങ്ങളെ കൂടുതൽ സന്തോഷപ്രദമാക്കുമെന്ന പ്രവചനവും മാർപ്പാപ്പ നടത്തുന്നു.[16] അത്യുന്നതനായ ദൈവത്തിന്റെ സ്വാഭാവിക നിയമങ്ങൾ പിന്തുടരാനുള്ള ആഹ്വാനമാണ് ചാക്രികലേഖനം സമാപിക്കുന്നത്. "ഈ നിയമങ്ങളെ സ്നേഹപൂർവവും ബുദ്ധിപൂർവവും അനുസരിക്കണം."[17]

പ്രതികരണങ്ങൾ[തിരുത്തുക]

പശ്ചിമയൂറോപ്പിലേയും, അമേരിക്കയിലേയും പല കർദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും ചാക്രികലേഖനത്തെ എതിർത്തു. കൃത്രിമജനനനിയന്ത്രണമാർഗ്ഗങ്ങൾക്ക് ചക്രികലേഖനം കല്പിച്ച വിലക്ക് വകവയ്ക്കാതെ ഒട്ടേറെ കത്തോലിക്കാ ദമ്പതികൾ അവയ ആശ്രയിക്കുന്നതായി കരുതപ്പെടുന്നു.

ബെൽജിയത്തിൽ ബ്രസൽസിലെ കർദ്ദിനാളായിരുന്ന ലിയോ ജോസഫ് സൂനെൻസ് 'ഹ്യൂമാനേ-വീറ്റേ'-യെ നിശിതമായി വിമർശിച്ചു. ശാസ്ത്രപുരോഗതി കണക്കിലെടുക്കാത്ത സാന്മാർഗ്ഗികതയുടെ ദൈവശാസ്ത്രത്തിന് പ്രകൃതിക്കനുസരിച്ചുള്ളതും അല്ലാത്തതും തമ്മിൽ തിരിച്ചറിയാനാവില്ലെന്നു ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇങ്ങനെ കൂട്ടിച്ചേർത്തു: "ഇനിയുമൊരു ഗലീലിയോ സംഭവം ഉണ്ടാകാതിരിക്കാൻ നോക്കണമെന്ന് ഞാൻ എന്റെ സഹോദരന്മാരോടപേക്ഷിക്കുന്നു. അത്തരം ഒരു സംഭവം തന്നെ സഭയ്ക്ക് ആവശ്യത്തിൽ അധികമാണ്."[18] ഒരു കത്തോലിക്കാ പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിൽ, രണ്ടാം വത്തിക്കാൻ സൂനഹദോസ് ഊന്നിപ്പറഞ്ഞ സഭാനേതൃത്വത്തിലെ കൂട്ടായ്മയുടെ ലംഘനത്തിന് സൂനൻസ് മാർപ്പാപ്പയെ വിമർശിച്ചു.[19] കൂട്ടായ്മയില്ലാത്തതെന്നല്ല, കൂട്ടായ്മയ്ക്കു വിരുദ്ധമായ തീരുമാനമാണ് ചാക്രികലേഖനത്തിലേതെന്ന് അദ്ദേഹം പരാതിപ്പെട്ടു.[20] രണ്ടാം വത്തിക്കാൻ സൂനഹദോസിൽ മുഖ്യപങ്കു വഹിച്ച കാൾ റാനർ, ഹാൻസ് കങ്ങ് തുടങ്ങിയ ദൈവശാസ്ത്രജ്ഞന്മാരും, ക്രിസ്റ്റഫർ ബറ്റ്‌ലറെപ്പോലുള്ള മെത്രാന്മാരും ഈ പ്രതിക്ഷേധത്തിൽ സൂനെൻസിനോടു യോജിച്ചു.[21]

സോവിയറ്റ് യൂണിയനിൽ, റഷ്യൻ ബുദ്ധിജീവികളുടെ "ലിറ്റരാറ്റുർനജാ ഗസറ്റാ" എന്ന പത്രിക, ചാക്രികലേഖനത്തെ വിമർശിച്ച് ഒരു മുഖപ്രസംഗവും റഷ്യയിലെ ഡോക്ടർമാരുടേതായി ഒരു പ്രസ്താവനയും പ്രസിദ്ധീകരിച്ചു. ഇതര ക്രിസ്തീയസഭകളിൽ ചാക്രികലേഖനത്തിനു സമ്മിശ്രസ്വീകരണമാണ് ലഭിച്ചത്. ലൂഥറന്മാരും സഭകളുടെ ലോകസമിതിയും(World Council of Chuches) ചാക്രികലേഖനത്തിലെ നിലപാടിൽ നിരാശ പ്രകടിപ്പിച്ചു. അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് നേതാവായ യൂജീൻ കാർസൺ ക്ലാർക്ക്, കത്തോലിക്കാ ദൈവശാസ്ത്രത്തിന്മേൽ ഏറെ സ്വാധീനം ചെലുത്തുന്ന 'പ്രകൃതി', 'പ്രകൃതിനിയമം' എന്നീ സങ്കല്പങ്ങൾ കാലഹരണപ്പെട്ടതാണെന്നു വാദിച്ചു. എന്നാൽ കോൺസ്റ്റാന്റിനോപ്പിളിൽ പൗരസ്ത്യസഭയുടെ എക്യൂമെനിക്കൽ പാത്രിയർക്കീസ് അത്തനാഗോറസ് ഒന്നാമൻ പൗലോസ് ആറാമൻ മാർപ്പാപ്പയുടെ നിലപാടിനോടു സമ്പൂർണ്ണ യോജിപ്പു പ്രകടിപ്പിച്ചു: “മറ്റൊരു വിധത്തിൽ പ്രബോധിപ്പിക്കുക അദ്ദേഹത്തിനു സാധിക്കുമായിരുന്നില്ല"[22] എന്നാണു പാത്രിയർക്കീസ് പ്രസ്താവിച്ചത്.

പാശ്ചാത്യലോകത്ത് ചാക്രികലേഖനത്തിനു ലഭിച്ച പ്രതികൂലമായ സ്വീകരണം പൗലോസ് ആറാമൻ മാർപ്പാപ്പയെ ദുഖിപ്പിച്ചു. 1969 മാർച്ചിൽ അദ്ദേഹം 'ഹ്യൂമാനേ-വീറ്റേ'-യുടെ മുഖ്യവിമശകരിൽ ഒരാളായിരുന്ന കർദ്ദിനാൾ സൂ:നൻസുമായി ഒരു കൂടിക്കാഴ്ച നടത്തി. കർദ്ദിനാളിന്റെ വിമർശനം മുഴുവൻ കേട്ടിരുന്ന ശേഷം മാർപ്പാപ്പ ഇങ്ങനെ മാത്രം പ്രതികരിച്ചു, "ശരി, എന്റെ ബലഹീനതകളെ ഓർത്ത് എനിക്കു വേണ്ടി പ്രാർത്ഥിക്കുക. സഭ മോശം ഭരണത്തിലാണ്."[23]

അവലംബം[തിരുത്തുക]

 1. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, ഹ്യൂമാനേ വീറ്റേയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാല സംഘടിപ്പിച്ച അന്തർദ്ദേശീയ സമ്മേളനത്തിൽ 2008 മേയ് 12-നു നടത്തിയ പ്രസ്താവന
 2. (Germain Grisez on "Humanæ Vitæ," Then and Now, Retrieved 2 March 2006
 3. Humane Vitae, 2-8
 4. Pius XI, encyc.letter Divini illius Magistri: AAS 22 (1930), 58-61; encyc. letter Casti connubii: AAS 22 (1930), 545-546
 5. Discorsi e radiomessaggi di Pio XII, VI, 191-192; to Italian Association of Catholic Midwives: AAS 43 (1951), 835-854
 6. John XXIII, encyc. letter Mater et Magistra: AAS 53 (1961), 457
 7. Herder Korrespondenz, Orbis Catholicus Freiburg, Herder Verlag, 1964-1968
 8. 8.0 8.1 Humane Vitae, 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "HV_1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 9. Humane Vitae, 7.
 10. Humane Vitae, 8-9.
 11. Humanae Vitae.
 12. Humanae Vitae, 17.
 13. Humanae Vitae, 23.
 14. Humanae Vitae, 27.
 15. Humanae Vitae, 28.
 16. 16.0 16.1 Humane Vitae, 30. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "HV_30" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 17. Humanae Vitae, 31.
 18. Peter Hebblethwaite, Paul VI, Paulist Press New York, 1993, p.394
 19. Hebblethwaite, Paul VI, Paulist Press New York, 1993, p 533
 20. Hebblethwaite, Paul VI, Paulist Press New York, 1993, p 528
 21. Peter Hebblethwaite, Paul VI, Paulist Press New York, 1993, p 533
 22. Herder Korrespondenz, Orbis Catholicus, Freiburg, 1968 HK 1968 404
 23. Peter Hebblethwaite, Paul VI, Paulist Press New York, 1993, p.532
"https://ml.wikipedia.org/w/index.php?title=ഹ്യൂമാനേ_വീറ്റേ&oldid=2286872" എന്ന താളിൽനിന്ന് ശേഖരിച്ചത്