ഹോൺബിൽ ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹോൺബിൽ ഫെസ്റ്റിവൽ
Hornbill Festival, Pix by Vikramjit Kakati.jpg
ഹോൺബിൽ ഫെസ്റ്റിവലിന് വേണ്ടി ഒരുങ്ങുന്ന നാഗകൾ
ഔദ്യോഗിക നാമംഹോൺബിൽ ഫെസ്റ്റിവൽ
Observed byനാഗകൾ
തരംCultural
തിയ്യതി1st - 10th ഡിസംബർ
ആവൃത്തിവർഷംതോറും

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ നാഗാലാൻഡിൽ പ്രതിവർഷവും ഡിസംബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെ നടന്നുവരുന്ന ഒരു ഉത്സവമാണ് ഹോൺബിൽ (വേഴാമ്പൽ) ഫെസ്റ്റിവൽ. ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ, നാഗാലാ‌ൻഡ് ഗവൺമെൻറ് ആണ് സംഘടിപ്പിക്കുന്നത്. [1]

പശ്ചാത്തലം[തിരുത്തുക]

രണ്ടായിരം ആണ്ടിൽ ടൂറിസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാഗാലാൻഡിലെ സംസ്കാരത്തെയും പൈതൃകത്തെയും മുഖ്യ ആകർഷണമാക്കി, നാഗാലാ‌ൻഡ് ദിനമായ ഡിസംബർ ഒന്നിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ.[2] വേഴാമ്പലിൻറെ മുഴക്കം ധീരതയെയും സൗന്ദര്യത്തെയും സൂചിപ്പിക്കുകയും അതിൻറെ ശക്തി കടുവക്ക് തുല്യമാണെന്ന് വിശ്വസിക്കപ്പെടുകയും ചെയ്യുന്നു. ഇത് ഒരു നാഗാ യോദ്ധാവിനെ കാണിക്കുന്നു. വേഴാമ്പൽ സമൃദ്ധിയുടെയും ചിന്ഹമാകുന്നു.[3] നാഗാലാൻഡിലെ അറുപത് ശതമാനത്തിലധികം ആളുകൾ കൃഷിയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ മിക്ക ഉത്സവങ്ങളും കൃഷിയെ ചുറ്റിപ്പറ്റിയാണ്. നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങൾക്കും അവരുടേതായ ഉത്സവങ്ങളുണ്ട്. അതുകൊണ്ടുതന്നെ നാഗാലാ‌ൻഡ് ഉത്സവങ്ങളുടെ നാടായി അറിയപ്പെടുന്നു. ഈ ഉത്സവങ്ങൾ പവിത്രമായിക്കാണപ്പെടുകയും, വളരെ ആവേശത്തോടും പങ്കാളിത്തത്തോടുകൂടെയും നടത്തപ്പെടുകയും ചെയ്യുന്നു. ഗോത്രങ്ങൾ തമ്മിലുള്ള സമ്പർക്കം പ്രോത്സാഹിപ്പിക്കുന്നതിനും, നാഗാലാൻഡിന്റെ സമ്പന്നമായ സംസ്കാരപൈതൃകങ്ങൾ പുനര്ജീവിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു വേദി കൂടി ആകുന്നു ഹോൺബിൽ ഫെസ്റ്റിവൽ.[4]

ആഘോഷങ്ങൾ[തിരുത്തുക]

നാഗാലാൻഡിന്റെ ആസ്ഥാനമായ കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. നാഗകളുടെ സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എന്നിവയെ കാത്തുസൂക്ഷിക്കുക എന്നതാണ് ഹെറിറ്റേജ് വില്ലേജിന്റെ പ്രധാന ഉദ്ദേശം. നാഗാ ഹെറിറ്റേജ് വില്ലേജിൽ, നാഗാലാൻഡിലെ പതിനാറ് ഗോത്രങ്ങൾക്ക് പ്രതീകമായി പതിനാറ് കുടിലുകളുണ്ട്.[5] ഓരോ ഗോത്രത്തിനും അവരുടേതായ ആചാരങ്ങളും, ചരിത്രവുമുണ്ട്. കഥകളിലൂടെയും പാട്ടുകളിലൂടെയും അവ കൈമാറപ്പെടുന്നു. ഹെറിറ്റേജ് വില്ലേജിൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട മ്യൂസിയം, മുള കൊണ്ടുള്ള പല സൃഷ്ടികൾ, സ്റ്റേജുകൾ, തോട്ടങ്ങൾ തുടങ്ങിയവയും സ്ഥിതി ചെയ്യുന്നു.[6][7] ഡിസംബർ ഒന്ന് മുതൽ പത്ത് വരെ നടക്കുന്ന ഹോൺബിൽ ഫെസ്റ്റിവലിൽ ഭക്ഷ്യമേള, കളികൾ, പരമ്പരാഗത കല, സംഗീതം, നൃത്തം, ശില്പങ്ങൾ, തടിയിലും മുളയിലും ഉള്ള കൊത്തുപണികൾ തുടങ്ങിയവ പ്രദർശിപ്പിക്കപ്പെടുന്നു. പുഷ്പപ്രദർശനങ്ങൾ, നാടൻ മരുന്ന്, കരകൗശലവസ്തുക്കൾ എന്നിവയുടെ വില്പനയും ഇവിടെ നടക്കുന്നു. നാടൻ കളികളും, അമ്പെയ്ത്ത്, ഗുസ്തി എന്നിവയും ഫാഷൻ ഷോകളും ഈ ആഘോഷങ്ങളുടെ ഒരു ഭാഗമാണ്. അന്താരാഷ്‌ട്ര റോക്ക് സംഗീതോത്സവം ഹോൺബിൽ ഫെസ്റ്റിവലിന്റെ ഒരു പ്രധാനഘടകമാണ്. ഈ പത്തു ദിവസം, ഏവരും നാഗാലാന്റിനെയും അവിടുത്തെ സംസ്കാരത്തെയും ആഘോഷിക്കുന്നു.

അടിക്കുറിപ്പ് : നാഗാലാൻഡിൽ സഞ്ചരിക്കുന്നതിനായി ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്.

അവലംബം[തിരുത്തുക]

  1. http://hornbillfestival.com/about-hornbill-festival/
  2. http://hornbillfestival.co.in/
  3. http://hornbillfestival.co.in/about1.html
  4. http://hornbillfestival.com/about-hornbill-festival/
  5. http://hornbillfestival.com/naga-heritage-village/
  6. http://tourismnagaland.com/main/?page_id=245
  7. http://tourismnagaland.com/main/?page_id=77
"https://ml.wikipedia.org/w/index.php?title=ഹോൺബിൽ_ഫെസ്റ്റിവൽ&oldid=2512495" എന്ന താളിൽനിന്ന് ശേഖരിച്ചത്