Jump to content

ഹോളോകോസ്റ്റ് മെമ്മോറിയൽ ബെർലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകചരിത്രത്തിൽ ഇതുവരെ നടന്നതിൽവെച്ച് ഏറ്റവും ക്രൂരമായ വംശഹത്യകളിൽ ഒന്നാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽ നാസികൾ നടത്തിയത്. 60 ലക്ഷം ജൂതവംശജരെയാണ് യൂറോപ്പിന്റെ പല ഭാഗത്തായി കൊന്നൊടുക്കിയത്. അന്നത്തെ ആകെ ജൂതവംശ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും കൊല്ലപ്പെട്ടു. കൂട്ടക്കൊലക്കു വേണ്ടി പുതിയ സാങ്കേതിക വിദ്യകൾ നാസികൾ വികസിപ്പിച്ചെടുത്തു. കോൺസൻട്രേഷൻ ക്യാമ്പുകൾ ഹിറ്റ്ലറുടെ ക്രൂരതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്.

ഈ വംശഹത്യയുടെ സ്മാരകമാണ് ജർമ്മനിയുടെ തലസ്ഥാനമായ ബെർലിനിൽ സ്ഥിതിചെയ്യുന്ന Memorial to the Murdered Jews of Europe അഥവാ ഹോളോകോസ്റ്റ് മെമ്മോറിയൽ. സാധാരണയായി തങ്ങളുടെ ക്രൂരതകളുടെ പൂർവ്വചരിത്രം മറച്ചുവെക്കാനാണ് മനുഷ്യൻ എപ്പോഴും ശ്രമിക്കുക. പൂർവ്വപിതാമഹന്മാരുടെ യുദ്ധവിജയങ്ങളും അധിനിവേശ ചരിത്രവും നന്മകളും മാത്രമാണ് രാജ്യതലസ്ഥാനങ്ങളിൽ പതിവായി സ്മാരകങ്ങളായി ഉയരുന്നത്. ഇവിടെയാണ് ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ വ്യത്യസ്തമാകുന്നത്. തങ്ങൾക്ക് പൈശാചികമായ ഒരു ഫാസിസ്റ്റ് ഭൂതകാലം ഉണ്ടായിരുന്നു എന്നും അതിൽ തങ്ങൾ ലജ്ജിക്കുന്നു എന്നുമായിരിക്കണം സ്വന്തം രാജ്യതലസ്ഥാനത്ത് ഇത്രയും വലിയ ഒരു സ്മാരകം പണിയുക വഴി ജർമ്മൻ ജനത സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്.

മറ്റു പല സ്മാരകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹോളോകോസ്റ്റ് മെമ്മോറിയൽ. 19000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന 2711 ചാരനിറത്തിലുള്ള കോൺക്രീറ്റ് ചതുരക്കട്ടകളാണ് ഈ സ്മാരകം. ഓരോ കോൺക്രീറ്റ് ചതുരക്കട്ടക്കും ഏകദേശം 2.4 മീറ്റർ നീളവും 1 മീറ്റർ വീതിയും ഉണ്ട്. ഇവയ്ക്കിടയ്ക്ക് മനുഷ്യർക്ക് നടന്നു പോകാൻ തക്കവണ്ണം അകലവുമുണ്ട്. ബെർലിനിലെ മറ്റു പ്രധാന ചരിത്രസ്മാരകങ്ങളായ ബ്രാണ്ടൻബുർഗർ ഗേറ്റിനും ജർമ്മൻ പാർലെമെന്റിനും തൊട്ടടുത്തായാണ് ഹോളോകോസ്റ്റ് മെമ്മോറിയൽ പണിതിരിക്കുന്നത്.

പ്രശസ്ത അമേരിക്കൻ ആർക്കിടെക്റ്റായ പീറ്റർ ഐസെൻമാനും ബ്രിട്ടീഷ് എഞ്ചിനീയറായ ബുറോ ഹാപ്പൂൾഡുമാണ് ഈ സ്മാരകം രൂപകൽപന ചെയ്തത്. 2003 ഏപ്രിലിൽ പണി തുടങ്ങിയ ഹോളോകോസ്റ്റ് മെമ്മോറിയൽ 2005 മെയ് മാസത്തിൽ രണ്ടാം ലോകമഹായുദ്ധഹത്തിൻറെ അറുപതാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഇന്ന് ജർമ്മനിയിലെത്തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഇവിടം. ഹോളോകോസ്റ്റ് മെമ്മോറിയലിനു താഴെ ഒരു ഭൂഗർഭ അറയിൽ കൊല്ലപ്പെട്ട ജൂതന്മാരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഇൻഫോർമേഷൻ സെൻററും ഉണ്ട്.

പരമ്പരാഗത സ്മാരകനിർമ്മാണത്തിനു നേർവിപരീതമായി പണികഴിപ്പിച്ച ഹോളോസ്റ്റ് മെമ്മോറിയൽ കാഴ്ചക്കാരിൽ തികച്ചും വ്യത്യസ്തമായ അനുഭൂതികളാണ് ഉണ്ടാക്കുക. സ്മാരകത്തിൻറെ അർത്ഥതലങ്ങളെപ്പറ്റി പലതരത്തിലുള്ള വ്യാഖാനങ്ങൾ നിലവിലുണ്ട്.ഹോളോകോസ്റ്റ് മെമ്മോറിയൽ ഒറ്റനോട്ടത്തിൽ ഒരു സെമിത്തേരിയെ ഓർമ്മിപ്പിക്കുന്നു. ചാരനിറത്തിലുള്ള കോൺക്രീറ്റ് ചതുരക്കട്ടകൾ ശവക്കല്ലറകളായോ ശവപ്പെട്ടികളായോ കാഴ്ചക്കാർക്ക് തോന്നാവുന്നതാണ്. എന്നാൽ സ്മാരകം രൂപകല്പന ചെയ്ത ഐസെൻമാൻ ഇത് നിഷേധിക്കുന്നു. ചതുരക്കട്ടകളുടെ എണ്ണത്തിനോ ആകൃതിക്കോ യാതൊരുവിധ പ്രത്യേക അർത്ഥവും അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല.

ചാരനിരത്തിലുള്ള കോൺക്രീറ്റ് ചതുരങ്ങളുടെ ഇടയിലൂടെ നടക്കുമ്പോൾ ഒരു തരത്തിലുള്ള അസ്വസ്ഥതയാണ് സാധാരണ അനുഭവപ്പെടുക. ഉപരിതലത്തിൽ പരന്നതായി തോന്നുമെങ്കിലും ചതുരങ്ങളുടെ ഉയരം വ്യത്യസ്തമാണ്. സ്മാരകത്തിൻറെ ഉൾഭാഗത്തേക്ക് നടക്കുംതോറും ആഴം കൂടിവരും. പുറത്തുനിന്നു നോക്കുമ്പോൾ സമതലമായി തോന്നുമെങ്കിലും ഉൾഭാഗങ്ങളിൽ വളരെയധികം ആഴമുണ്ട്. മാത്രമല്ല സ്മാരകത്തിനുള്ളിൽ നടക്കുന്ന ആളുകൾക്ക് ആശയക്കുഴപ്പമുണ്ടാവുകയും വഴിതെറ്റുകയും ചെയ്യുന്നത് സാധാരണമാണ്. വഴി തെറ്റിയാൽ തന്നെയും നേരെ നടക്കുകയല്ലാതെ വേറെ നിവർത്തിയില്ല. ഇതെല്ലാം നാസി കാലഘട്ടത്തിലെ ജർമ്മനിയുടെ അവസ്ഥ സൂചിപ്പിക്കുന്നതാണ്. ഒരു വംശഹത്യയുടെ ഭീകരതയും നിസ്സഹായാവസ്ഥയും കാഴ്ചക്കാരെ കൃത്യമായി ബോധ്യപ്പെടുത്താൻ ഇതുവഴി ഹോളോകോസ്റ്റ് മെമ്മോറിയലിനു സാധിക്കുന്നുണ്ട്.