Jump to content

ഹോങ് ടിയാൻഗുയിഫു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹോങ് ടിയാൻഗുയിഫു
ഭരണകാലം 1864 ജൂൺ 6 – 1864 നവംബർ 18
മുൻഗാമി ഹോങ് സിയുകുവാൻ
പിൻഗാമി സ്ഥാനം ഇല്ലാതെയായി
ജീവിതപങ്കാളി Wang
Wang
Hou
Zhang
പേര്
ഹോങ് ടിയാൻഗുയിഫു 洪天貴福
Era name and dates
太平天囯: 1864 ജൂൺ 6 – 1864 നവംബർ 18
പിതാവ് ഹോങ് സിയുകുവാൻ
മാതാവ് ലായ് ലെയ്ൻലിങ്

ഹോങ് ടിയാൻഗുയിഫു (simplified Chinese: 洪天贵福; traditional Chinese: 洪天貴福; pinyin: Hóng Tiānguìfú) (1849 നവംബർ 23 – 1864 നവംബർ 18), ഹെവൻലി കിംഗ്ഡം ഓഫ് തായ്പിനിന്റെ രണ്ടാമത്തെയും അവസാനത്തെയും രാജാവായിരുന്നു. ഹോങ് ടിയാൻക്വി എന്നും ക്വിങ് ചരിത്രരേഖകളിൽ ഹോങ് ഫുടിയാൻ (洪福瑱 Hóng Fútiàn) എന്നുമാണ് ഇദ്ദെഹം അറിയപ്പെടുന്നത്.  ഇദ്ദേഹം അറിയപ്പെട്ടിരുന്നത് കൊച്ചുതമ്പുരാൻ (幼主) എന്നർത്ഥം വരുന്ന ചൈനീസ് പ്രയോഗത്തിലാണ്. ഔദ്യോഗികമായി ഇദ്ദേഹത്തിന്റെ അച്ഛൻ ഹോങ് സിയുക്വാൻ സ്വർഗ്ഗത്തിന്റെ രാജാവ് (天王) എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവർ തമ്മിൽ തിരിച്ചറിയുവാനായി ഇദ്ദേഹത്തെ സ്വർഗ്ഗത്തിന്റെ കൊച്ചുരാജാവ് (幼天王) എന്ന് വിളിച്ചിരുന്നു.

ചരിത്രം

[തിരുത്തുക]

പതിനാല് വയസ്സിൽ ഇദ്ദേഹം തന്റെ അച്ഛനുശേഷം രാജാവായി അധികാരത്തിലേറി. അച്ഛന് രാജകുമാരന്മാർ നൽകിയിരുന്ന ബഹുമാനം ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. വളരെ മോശം അഭിപ്രായമായിരുന്നു ഇദ്ദെഹത്തെപ്പറ്റി. ഷോങ് രാജകുമാരൻ ലി സിയുചെങ് സ്വയം വിശദീകരിക്കുന്നു (《忠王李秀成自述》) എന്ന ആത്മകഥാംശമുള്ള കൃതിയിൽ ഹോങ് ടിയാൻഗുയിഫുവിനെ "പരിചയമില്ലാത്തയാൾ", "കഴിവില്ലാത്തയാൾ", "വഷളായിപ്പോയവൻ" എന്നിങ്ങനെയാണ് പരാമർശിച്ചിരിക്കുന്നത്. ഇതിന്റെ കർത്താവ് ഈ കൃതിയെഴുതി കുറച്ചുനാളുകൾക്കുള്ളിൽ വധിക്കപ്പെട്ടു. ഹോങ് ടിയാൻഗുയിഫു കുതിരയോട്ടം പഠിച്ചിരുന്നില്ല. യുദ്ധസമയത്ത് നേതാക്കന്മാർക്കും സൈനികത്തലവന്മാർക്കും കുതിരയോടിക്കാനറിയുക അത്യാവശ്യമാണ്.

ഇദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തിന് നാല് മാസങ്ങൾക്ക് ശേഷം തായ്പിങ് വിമതരുടെ തലസ്ഥാനമായ ടിയാൻജിങ് ക്വിങ് രാജവംശത്തിന്റെ സൈന്യം പിടിച്ചെടുത്തു. ഹോങ് ടിയാൻഗുയിഫു ജിയാങ്സുവിലെ ഡോങ്ബയിലേയ്ക്ക് (东坝) 1864 ജൂലൈയിൽ രക്ഷപെട്ടു. ഇവിടെ ഇദ്ദേഹത്തിന്റെ  ഗാൻ രാജകുമാരനായ (干王) ഹോങ് റെൻഗാൻ (洪仁玕) എന്നയാളുമായി ഇവർ സന്ധിച്ചു. ആൻഹുയിയിലെ ഗുവാങ്ഡെ കൗണ്ടിയിൽ പോയശേഷം ഇവർ ഷെജിയാങ്ങിലെ ഹുഷൗ (湖州) പ്രദേശത്ത് 1864 ഓഗസ്റ്റ് 13-ന് എത്തി. പ്രദേശത്തെ തായ്‌പിങ് കമാൻഡർ ഹുവാങ് വെൻജിൻ (黄文金) എന്നയാളുമായി ഇവർ ബന്ധം സ്ഥാപിച്ചു. ക്വിങ് രാജവംശം സുവോ സോങ്ടാങ്, ലി ഹോങ്ഷാങ് എന്നിവരെ ഈ പട്ടണം ആക്രമിക്കാനായി അയച്ചു. തെക്കുവശത്തെ നഗരദ്വാരം കാക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന സൈനികനേതാവായിരുന്ന ചെൻ സുവേമിങ് (陈学明) 1864 ഓഗസ്റ്റ് 26-ന് കീഴടങ്ങി. ഹോങ് ടിയാൻഗ്യിഫു, ഹോങ് റെൻഗാൻ, ഹുവാങ് വെൻജിൻ (黄文金) എന്നിവർക്ക് അടുത്ത രാത്രി നഗരം വിട്ടോടിപ്പോകേണ്ടിവന്നു. തനിക്കേറ്റ പരിക്കുകൾ കാരണം ഹുവാങ് വെൻജിൻ (黄文金) പെട്ടെന്നുതന്നെ മരണമടഞ്ഞു. ബാക്കിയുള്ളവർ അതിർത്തിപ്രദേശമായ ജിയാങ്സിയിലേയ്ക്ക് ഓടിപ്പോകാൻ ശ്രമിച്ചു. ലി സിക്ഷിയാന്റെ  (李世贤 നേതൃത്ത്വത്തിലുള്ള ബാക്കി സൈന്യവുമായി കൂടിച്ചേരാനായിരുന്നു ഇവരുടെ ശ്രമം. പക്ഷേ 1864 ഒക്റ്റോബർ 9-ന് ഇവർ വഴിയിൽ ആക്രമിക്കപ്പെട്ടു. ഷിചെങ് എന്ന സ്ഥലത്തുവച്ചായിരുന്നു (石城) ക്വിങ് സേന ഇവരെ ആക്രമിച്ചത്. ഹോങ് റെൻഗാൻ പിടിക്കപ്പെടുകയും 1864 നവംബർ 23-ന് ജിയാങ്സിയിലെ നാൻചാങ് (南昌) എന്ന സ്ഥലത്തുവച്ച് കൊല്ലപ്പെടുകയും ചെയ്തു. ഹോങ് ടിയാൻഗുയിഫു ഷിചെങ്ങിനടുത്തുവച്ച് അദ്ദേഹത്തിന്റെ ചെറിയ സേന തുടച്ചുനിക്കപ്പെട്ട ശേഷം പർവ്വതമേഖലയിലേയ്ക്ക് ഒളിച്ചോടി. ഇദ്ദേഹം1864 ഒക്റ്റോബർ ഇരുപത്തഞ്ചിന് പിടികൂടപ്പെട്ടു. 1864 നവംബർ 18-ന്  ആയിരം മുറിവുകളിലൂടെയുള്ള വധശിക്ഷയാണ്   ഇദ്ദേഹത്തിന് നൽകപ്പെട്ടത്. മരിക്കുമ്പോൾ പതിനാറ് വയസ്സായിരുന്നു പ്രായം.

ഹോങ് ടിയാൻഗുയിഫുവിന്റെ സ്വഭാവത്തെപ്പറ്റി വധശിക്ഷയ്ക്ക് മുൻപുള്ള ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. "ഗുവാങ്ഡോങ് ഒരു നല്ല സ്ഥലമല്ല. എനിക്ക് തിരികെപ്പോകണമെന്നില്ല. എനിക്ക് ഹുനാനിൽ മാസ്റ്റർ ടാങ്ങുമായി പഠനം തുടർന്നാൽ മതി. എനിക്കൊരു മികച്ച പണ്ഡിതനാകണം. (“廣東地方不好,我也不愿回去了,我衹愿跟唐老爺到湖南讀書,想進秀才。”) ആരാച്ചാരെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാനുള്ള ഒരു വിഫലശ്രമമായാണ് ചിലർ ഇത് കാണുന്നത്.  തനിക്കും തന്റെ നഷ്ടപ്പെട്ട സാമ്രാജ്യത്തിനും എന്താണ് സംഭവിക്കുന്നതെന്നുള്ള ഒരു ധാരണയുമില്ലാത്ത വ്യക്തിയായിരുന്നു ഇദ്ദേഹം എന്നും ഇതിൽ നിന്ന് ഊഹിക്കാവുന്നതാണ്.

ഹോങ് ടിയാൻഗുയിഫുവിന്റെ പേര് അസാധാരണമാണ്. മൂന്ന് അക്ഷരങ്ങളാണ് ടിയാൻഗുയിഫു എന്ന പേരിലുള്ളത്. ചൈനയിലെ പേരുകൾക്ക് ഒന്നോ രണ്ടോ അക്ഷരങ്ങളേ സാധാരണഗതിയിൽ കാണാറുള്ളൂ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹോങ്_ടിയാൻഗുയിഫു&oldid=3435927" എന്ന താളിൽനിന്ന് ശേഖരിച്ചത്