ഹിന്ദു പിന്തുടർച്ചാവകാശ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹിന്ദു വ്യക്തി നിയമത്തിലെ വ്യവസ്ഥകൾ ക്രോഡീകരിച്ച് അവർക്കുള്ള സ്വത്തവകാശത്തെ സംബന്ധിച്ച് ഭാരത സർക്കാർ ഉണ്ടാക്കിയ നിയമമാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം(Hindu Succession Act, 1956). ഹിന്ദു, ബുദ്ധ,ജൈന, സിഖ് മത വിഭാഗത്തിലുള്ളവരുടെ പൂർവ്വിക സ്വത്തിന്റെ പിന്തുടർച്ച തീരുമാനിക്കുന്നത് ഈ നിയമ പ്രകാരമാണ്. ഈ നിയമം നടപ്പിൽ വന്നത് 18-6-1956 ലാണ്. ഒരാളുടെ മാതാപിതാക്കളിൽ രണ്ടു പേരും ഹിന്ദുക്കളാണെങ്കിൽ, അയാൾ നിയമാനുസൃത വിവാഹബന്ധത്തിൽ ജനിച്ചതാണെങ്കിലും അല്ലെങ്കിലും, അയാളെ ഹിന്ദുവായി കണക്കാക്കുന്നതാണ്.ഹിന്ദുവായി മതം മാറുന്ന ഒരാളും, അന്യമതത്തിൽ പോയി വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്ന ആളും ഹിന്ദു ആയിരിക്കും. അതേപോലെ ഒരാളുടെ അച്ഛനോ അമ്മയോ ആരെങ്കിലും ഹിന്ദുവായിരിക്കുകയും കുട്ടിയെ ഹിന്ദുകുടുംബംഗമായി വളർത്തിക്കൊണ്ടുവന്നിട്ടുണ്ടെങ്കിലും ആയാൾ ഹിന്ദു ആയിരിക്കും. [1]

മുഖ്യ സവിശേഷതകൾ[തിരുത്തുക]

  • വിവിധ വിഭാഗങ്ങളിൽ നിലനിന്നുവന്നിരുന്ന വ്യത്യസ്ത പിന്തുടർച്ചാ പരമ്പര്യം ഇല്ലാതാക്കി.
  • സ്ത്രീകൾക്ക് സ്വത്തിന്മേൽ മുമ്പുണ്ടായിരുന്ന പരിമിതമായ അവകാശം സർവ്വ സ്വാതത്ര്യമായി അനുഭവിക്കാൻ വ്യവസ്ഥ ചെയ്തു.
  • ഈ നിയമത്തിന് പൂർവ്വ കാല പ്രാബല്യമില്ല.

പൊതു തത്ത്വങ്ങൾ[തിരുത്തുക]

  • അവകാശികളുടെ മുൻഗണന തീരുമാനിക്കുമ്പോൾ പൂർണരക്ത ബന്ധമുള്ളവർക്ക് അർദ്ധരക്ത ബന്ധമുള്ളവരെക്കാളും മുൻഗണന ലഭിക്കുന്നതാണ്.[2]
  • മരണ സമയം അവകാശിയായി ഗർഭസ്ഥ ശിശു ഉണ്ടെങ്കിൽ ആ ശിശു ജനിച്ചു കഴിഞ്ഞാൽ അവകാശിയായിരിക്കും.[3]
  • ഒരേ സമയം രണ്ട് പേർ മരിക്കുന്നതെങ്കിൽ ആരാണ് ആദ്യം മരിച്ചതെന്നു തീർച്ചപ്പെടുത്തുവാൻ ഉള്ള വസ്തുതകളും സാഹചര്യങ്ങളും ഇല്ല എങ്കിൽ പ്രായം കൂടിയ ആൾ ആദ്യം മരണപ്പെട്ടതായി കണക്കാക്കും.[4]
  • വിധവകൾ പുനർവിവാഹം ചെയ്താൽ അവകാശം നഷ്ടപ്പെടും
  • ഒരാളെകൊല്ലുകയോ കൊല്ലാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ അപ്രകാരം ചെയ്തയാൾക്ക് മരണപ്പെട്ട വ്യക്തിയുടെ അവകാശം ലഭിക്കുന്നതല്ല.[5]
  • അന്യമതം സ്വീകരിച്ചു പോയ വ്യക്തിയുടെ മക്കൾക്ക് അവകാശം ലഭിക്കുന്നതല്ല. എന്നാൽ ഒരാൾ മതം മാറിയതുകൊണ്ട് തനിക്ക് ലഭിക്കുവാനുള്ള സ്വത്തിലെ അവകാശം നഷ്ടപ്പെടുന്നില്ല.[6]
  • മരണപ്പെട്ടയാൾക്ക് യാതൊരു അനന്തരാവകാശിയും ഇല്ലെങ്കിൽ സ്വത്തുക്കൾ സർക്കാറിൽ നിക്ഷിപ്തമാകും.[7]
  • രോഗം, ന്യൂനത, അംഗവൈകല്യം തുടങ്ങീ കാരണങ്ങളാൽ യാതൊരാൾക്കും അവകാശം നിശേധിക്കാൻ പാടില്ല.[8]

പുരുഷന്റെ പിന്തുടർച്ചാവകാശികൾ[തിരുത്തുക]

അവകാശികളെ രണ്ടു വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്.

ക്ലാസ്സ് 1[തിരുത്തുക]

മകൻ,മകൾ,വിധവ, മാതാവ്,മരിച്ചുപോയ മകന്റെ മകൻ,മരിച്ചുപോയ മകന്റെ മകൾ,മരിച്ചുപോയ മകളുടെ മകൻ, മരിച്ചുപോയ മകളുടെ മകൾ, മരണപ്പെട്ട മകന്റെ വിധവ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകൻ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ മകൾ, മരണപ്പെട്ട മകന്റെ മരണപ്പെട്ട മകന്റെ വിധവ. സ്വത്തവകാശത്തെപ്പറ്റി നിശ്ചയങ്ങൾ എഴുതി വെയ്ക്കാതെ മരണപ്പെട്ട ആളുടെ സ്വത്തുക്കൾ ക്ലാസ്സ് -1 ലെ അവകാശികൾക്ക് എല്ലാവർക്കും ലഭിക്കുന്നതാണ്. മരണപ്പെട്ട ആളുടെ വിധവയ്ക്ക് ഒരു ഓഹരി ലഭിക്കുമ്പോൾ കൂടുതൽ വിധവകളുണ്ടെങ്കിൽ അവർക്ക് ഈ ഓഹരി തുല്യമായി വീതിച്ചെടുക്കേണ്ടതാണ്. മരണപ്പെട്ട ആളുടെ മരണപ്പെട്ട മകന്റെയോ മകളുടെയോ അവകാശികൾക്ക് ഒരു ഓഹരി കൊണ്ടാണ് വിഭജനം നടത്തേണ്ടത്. ഉദാഹരണമായി മരണപ്പെട്ട ആളിന്റെ മരണപ്പെട്ട മകന് അവകാശികളായി ടിയാന്റെ വിധവ, ആൺ കുട്ടികൾ, പെൺകുട്ടികൾ എന്നിവർ ഉണ്ടെങ്കിൽ അവർക്കിടയിൽ മരണപ്പെട്ട മകനു കിട്ടുമായിരുന്ന ഒരു ഓഹരി തുല്യമായി വീതിച്ചെടുക്കേണ്ടതാണ്. ക്ലാസ്-1-ൽ അവകാശികൾ ഇല്ലെങ്കിൽ മാത്രമേ ക്ലാസ്-2 ലെ അവകാശികളെ പരിഗണിക്കുകയുള്ളൂ.

ക്ലാസ്സ്-2[തിരുത്തുക]

  1. പിതാവ്
  2. മകന്റെ മകളുടെ മകൻ, മകന്റെ മകളുടെ മകൾ, സഹോദരൻ, സഹോദരി
  3. മകളുടെ മകന്റെ മകൻ, മകളുടെ മകന്റെ മകൾ, മകളുടെ മകളുടെ മകൻ, മകളുടെ മകളുടെ മകൾ
  4. സഹോദരന്റെ മകൻ, സഹോദരിയുടെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൾ
  5. അച്ഛന്റെ അച്ഛൻ, അച്ഛന്റെ അമ്മ
  6. അച്ഛന്റെ വിധവ, സഹോദരന്റെ വിധവ
  7. അച്ഛന്റെ സഹോദരൻ, അച്ഛന്റെ സഹോദരി
  8. അമ്മയുടെ അച്ഛൻ, അമ്മയുടെ അമ്മ
  9. അമ്മയുടെ സഹോദരൻ, അമ്മയുടെ സഹോദരി

ക്ലാസ്-1 വിഭാഗത്തിൽ ആരും തന്നെ ഇല്ല എങ്കിൽ ക്ലാസ്-2 ലെ ആദ്യത്തെ അവകാശിയായ അച്ഛന് മുഴുവൻ സ്വത്തുക്കളും ലഭിക്കുന്നതാണ്. ഇനി അച്ഛൻ ഇല്ല എങ്കിൽ ക്ലാസ്-2 ലെ 2-ാം വകുപ്പിൽ പെട്ട അവകാശികളായ, മകന്റെ മകളുടെ മകൻ, മകന്റെ മകളുടെ മകൾ, സഹോദരി, സഹോദരൻ എന്നിവർക്ക് തുല്യമായി ലഭിക്കുന്നതാണ്. ഈ വിഭാഗത്തിലെ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ അവകാശികളായ, മകളുടെ മകന്റെ മകൻ, മകളുടെ മകന്റെ മകൾ,മകളുടെ മകളുടെ മകൻ, മകളുടെ മകളുടെ മകൾ എന്നിവർക്ക് ലഭിക്കുന്നതാണ്. ഇപ്രകാരം തൊട്ടു മുമ്പിലുള്ള വകുപ്പിലെ അവകാശികൾ ആരും തന്നെ ഇല്ല എങ്കിൽ അടുത്ത വകുപ്പിലെ ആളുകൾക്ക് അവകാശം ലഭിക്കുന്നതാണ്.

സ്ത്രീയുടെ അവകാശികൾ[തിരുത്തുക]

ഒരു ഹിന്ദു സ്ത്രീയുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.[9]

ഒരു ഹിന്ദു സ്ത്രീയുടെ അനന്തരാവകാശികൾ, ആദ്യമായി മക്കളും മരിച്ചുപോയ മക്കളുണ്ടെങ്കിൽ അവരുടെ മക്കളും ഭർത്താവുമാണ്. ഇവരിൽ ആരും ഇല്ലെങ്കിൽ ഭർത്താവിന്റെ അവകാശികൾക്കും, അവരാരുമില്ലെങ്കിൽ മാതാപിതാക്കൾക്കും, അവരാരുമില്ലെങ്കിൽ അച്ചന്റെ അനന്തരാവകാശികൾക്കും, അവരാരുമില്ലെങ്കിൽ അമ്മയുടെ അനന്തരാവകാശികൾക്കുമായിരിക്കും.

എന്നാൽ ഈ തത്ത്വത്തിനു രണ്ട് അപവാദങ്ങൾ ഉണ്ട്. [10]

  • അതായത്, മരണപ്പെട്ട സ്ത്രീക്ക് സ്വത്തുക്കൾ ലഭിച്ചത് അവളുടെ പിതാവിൽ നിന്നോ മാതാവിൽ നിന്നോ ആയിരിക്കുകയും, മരണപ്പെട്ട സ്ത്രീയ്ക്ക് പുത്രനോ പുത്രിയോ മുമ്പു മരണപ്പെട്ട മക്കളുടെ കുട്ടികളോ ഇല്ല എങ്കിൽ, മേൽ വിവരിച്ച ക്രമത്തിൽ സ്വത്ത് സംക്രമിക്കുകയില്ല. അത്തരം സ്വത്തുക്കൾ മരണപ്പെട്ട സ്ത്രീയുടെ പിതാവിന്റെ അനന്തരാവകാശികൾക്കാണ് ലഭിക്കുക.
  • രണ്ടാമതായി, മരണപ്പെട്ട സ്ത്രീയ്ക്ക് സ്വത്ത് ലഭിച്ചത് അവളുടെ ഭർത്താവിൽ നിന്നോ ഭർത്താവിന്റെ പിതാവിൽ നിന്നോ ആയിരിക്കുകയും മരണപ്പെട്ട സ്ത്രീയ്ക്ക് പുത്രനോ പുത്രിയോ മുമ്പു മരണപ്പെട്ട മക്കളുടെ കുട്ടികളോ ഇല്ല എങ്കിൽ, മേൽ വിവരിച്ച ക്രമത്തിൽ സ്വത്ത് സംക്രമിക്കുകയില്ല. അത്തരം സ്വത്തുക്കൾ മരണപ്പെട്ട സ്ത്രീയുടെ ഭർത്താവിന്റെ അനന്തരാവകാശികൾക്കാണ് ലഭിക്കുക.

മരുമക്കത്തായം, അളിയ സന്താന നിയമം പിന്തുടരുന്നവർക്ക് വിശേഷാൽ വ്യവസ്ഥകൾ[തിരുത്തുക]

മേൽ പറഞ്ഞ അവകാശ ക്രമത്തിനു മരുമക്കത്തായവും അളിയ സന്താന നിയമവും പിതുടരുന്നവരുടെ കാര്യത്തിൽ അൽപ്പം മാറ്റമുണ്ട്. അത്തരം സ്ത്രീകളുടെ അവകാശികൾ താഴെ പറയും പ്രകാരമാണ്.[11]

  • മക്കളും മരണപ്പെട്ട മക്കളുടെ മക്കളും അമ്മയും, ഇവർ ഇല്ലെങ്കിൽ
  • അച്ഛൻ, ഭർത്താവ് എന്നിവർക്ക്, ഇവരും ഇല്ലെങ്കിൽ
  • അമ്മയുടെ അവകാശികൾ, ഇവരും ഇല്ലെങ്കിൽ
  • അച്ഛന്റെ അവകാശികൾ, ഇവരും ഇല്ലെങ്കിൽ
  • ഭർത്താവിന്റെ അവകാശികൾ

അവലംബം[തിരുത്തുക]

  1. http://www.gujhealth.gov.in/images/pdf/legis/hindu-succession-act-1956.pdf Archived 2013-04-21 at the Wayback Machine. Hindu succession Act
  2. Hindu Succession Act, Section 18
  3. Hindu Succession Act, Section 20
  4. Hindu Succession Act, Section 21
  5. Hindu Succession Act, Section 25
  6. Hindu Succession Act, Section 27
  7. Hindu Succession Act, Section 29
  8. Hindu Succession Act, Section 28
  9. സെക്ഷൻ 15,16 ഹിന്ദു പിന്തുടർച്ചാവകാശ നിയമം
  10. Hindu Succession Act S.15(2) a &b
  11. Hindu Succession Act, Section 17