Jump to content

ഹാൻസ് ഉർസ് വോൺ ബാൽത്തസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വിറ്റ്സർലൻഡുകാരനായ ഒരു പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജനും പുരോഹിതനുമായിരുന്നു ഹാൻസ് ഉർസ് വോൺ ബാൽത്തസർ (ജനനം: 1905 ആഗസ്റ്റ് 12; മരണം: 1988 ജൂൺ 26). ക്രിസ്തീയതയ്ക്കു പുറംതിരിഞ്ഞു നിന്ന യൂറോപ്യൻ ആധുനികതയോട് ബൗദ്ധികതലത്തിൽ വിശ്വാസത്തിലുറച്ച് പ്രതികരിക്കാൻ ശ്രമിച്ച ഇരുപതാം നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. എങ്കിലും ആധുനികതയോട് സന്ധിചെയ്യാനും വിമർശനബുദ്ധിയോടെ അതിനെ സ്വാംശീകരിക്കാനും ശ്രമിച്ച മറ്റുള്ളവരുമായുള്ള താരതമ്യത്തിൽ ബാൽത്തസർ അതിന്റെ തീവ്രവിമർശകനായിരുന്നു. യൂറോപ്യൻ ആധുനികതയെ മനുഷ്യകേന്ദ്രിതവും ലഘുവൽക്കരണത്തെ(reductionism) ആശ്രയിച്ചുള്ളതുമെന്നു വിമർശിച്ച അദ്ദേഹം, ആധുനികസംവേദനത്തെ വെല്ലുവിളിക്കുകയാണ് ക്രിസ്തുമതം ചെയ്യേണ്ടതെന്നു വാദിച്ചു.

സ്വിറ്റ്സർലൻഡിൽ ലൂസർനേ പ്രവിശ്യയിലെ ഒരു പ്രതിഷ്ഠിതകുടുംബത്തിൽ മാതാപിതാക്കളുടെ ആദ്യസന്താനമായ ജനിച്ച ബാൽത്തസ്സറുടെ വിദ്യാഭ്യാസം ബെനഡിക്ടൻ, ജെസ്യൂട്ട് സ്ഥാപനങ്ങളിൽ ആയിരുന്നു. "യുഗാന്തസമസ്യ ആധുനിക ജർമ്മൻ സാഹിത്യത്തിൽ" (Eschatological Problem in Modern German Literature) എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് അദ്ദേഹത്തിന്റെ കലാലയ വിദ്യാഭ്യാസം അവസാനിച്ചത്. ഗവേഷണബിരുദം പൂർത്തിയാകുന്നതിനു മുൻപ് 1927-ൽ അദ്ദേഹം, ബേസൽ നഗരത്തിൽ ഈശോസഭാവൈദികനായ ഫ്രീഡ്രീച്ച് ക്രൊൺസെഡർ നയിച്ച ഒരു ധ്യാനത്തിൽ പങ്കെടുത്തു. മുപ്പതു ദിവസം ദീർഘിച്ച ആ ആത്മീയാന്വേഷണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി മാറ്റി. അതോടെ ബാൽത്തസർ ഈശോസഭാ വൈദികനാകാൻ തീരുമാനിച്ച് 1929 നവംബർ മാസത്തിൽ പരിശീലനം ആരംഭിച്ചു. രണ്ടു വർഷത്തെ നൊവിഷ്യേറ്റിനു ശേഷം രണ്ടു വർഷത്തെ തത്ത്വശാസ്ത്രപഠനവും നാലുവർഷത്തെ ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ അദ്ദേഹത്തിന് ആ രണ്ടു വിഷയങ്ങളിലുമായി അദ്ധ്യാപനത്തിനുള്ള ഇരട്ട-അനുമതിബിരുദം (ഡബിൾ ലൈസൻസ്) ലഭിച്ചു. അങ്ങനെ പഠനം പൂർത്തിയാക്കിയ ബാലത്തസ്സർ 1936 ജൂലൈ മാസത്തിൽ പൗരോഹിത്യം സ്വീകരിച്ചു.[1]

പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായ ദൈവശാസ്ത്രപഠനത്തിൽ സമകാലീനദൈവശാസ്ത്രത്തിന്റെ 'നവസ്കൊളാസ്റ്റിക' സമീപനത്തിൽ മടുപ്പു തോന്നിയ ബാലത്തസർ ക്രിസ്തീയചിന്തയുടെ ആദിമസ്രോതസ്സുകളിലേക്കു തിരിഞ്ഞു. അതിന്റെ ഭാഗമായി അദ്ദേഹം സഭാപിതാക്കന്മാരുടെ രചനകൾ ശ്രദ്ധാപൂർവം വായിക്കാൻ തുടങ്ങിയിരുന്നു. ഇക്കാലത്ത് അദ്ദേഹം ഹെൻറി ലുബാക്ക് തുടങ്ങിയ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരുമായി പരിചയപ്പെട്ടു. 1939-ൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ ബാൽത്തസർക്ക് റോമിലെ വിഖ്യാതമായ ഗ്രിഗോറിയൻ സർവകലാശാലയിൽ അദ്ധ്യാപക പദവി ലഭിച്ചെങ്കിലും അദ്ദേഹം അതു സ്വീകരിച്ചില്ല. പകരം സ്വിറ്റ്സർലൻഡിലെ ബേസൽ നഗരത്തിൽ വിദ്യാർത്ഥികളുടെ ആത്മീയോപദേഷ്ഠാവിന്റെ നിയുക്തിയാണ് അദ്ദേഹം സ്വീകരിച്ചത്.

1988-ൽ കർദ്ദിനാൾ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ബാൽത്തസറെ കർദ്ദിനാൾ പദവിയിലേക്ക് തെരഞ്ഞെടുത്തെങ്കിലും അതു സ്വീകരിക്കുന്നതിനു രണ്ടു ദിവസം മുൻപ് അദ്ദേഹം മരിച്ചു.[2]

അവലംബം

[തിരുത്തുക]
  1. Hans Urs Von Balthazar, A sketch of his life by Peter Henrici
  2. , Catholic Education Resource Center, An Introduction to Hans Urs von Balthasar Archived 2012-05-24 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഹാൻസ്_ഉർസ്_വോൺ_ബാൽത്തസർ&oldid=3901215" എന്ന താളിൽനിന്ന് ശേഖരിച്ചത്