ഹാദിയ കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shafin Jahan v. Asokan K.M
CourtSupreme Court of India
Full case nameShafin Jahan v. Asokan K.M & ORS
Citation(s)[1]
Case history
Appealed fromHigh Court of Kerala
Appealed toSupreme Court of India
Case opinions
Hadiya was allowed to re-join her medical college to continue her studies and her marriage with Shafin Jahan was restored.
Court membership
Judges sittingJustice Dipak Misra
Justice Ajay Manikrao Khanwilkar
Justice Dhananjaya Y. Chandrachud

കോട്ടയം ജില്ലയിൽ വൈക്കം സ്വദേശികളായ അശോകൻ, പൊന്നമ്മ ദമ്പതികളുടെ ഏകമകളായ അഖില എന്ന 25 വയസുകാരിയായ ഹോമിയോപതി ഡോക്ടർ ട്രെയിനി ഇസ്ലാം മതം സ്വീകരിച്ച് ഹാദിയയായി മാറിയതും തുടർന്ന നടന്ന വിവാഹ സംബന്ധമായ നടപടികളുമായും ബന്ധപ്പെട്ട് നിലനിൽക്കുന്നതാണ് ഈ കേസ്. [2].

കേസിൻറെ പശ്ചാത്തലം[തിരുത്തുക]

കോട്ടയം ജില്ലയിലെ വൈക്കം എന്ന സ്ഥലത്ത് ഹൈന്ദവപാരമ്പര്യം പിന്തുടരുന്ന മാതാപിതാക്കൾക്കു ജനിച്ച അഖില എന്ന യുവതി സേലത്തെ ഒരു കോളേജിൽ ഹോമിയോപ്പതി പഠിക്കുവാനായി ചേരുന്നു. 2016 ജനുവരി 6 ന് സേലത്തെ അവർ താമസിച്ചിരുന്ന ഭവനത്തിൽനിന്ന് അഖിലയെ കാണാതാവുകയും പിന്നീട് അവിടെത്തന്നെ അവരുടെ സുഹൃത്തുക്കളായ ഫസീന, ജസീന എന്നിവരോടൊത്തു താമസിക്കുന്നതായി വിവരം ലഭിക്കുകയും ചെയ്തു.

സുഹൃത്തുക്കളായ ഫസീനയും ജസീനയും അവരുടെ പിതാവ് അബൂബക്കറോടൊപ്പംചേർന്ന് അഖിലയെ എവിടേയ്ക്കോ മാറ്റിപ്പാർപ്പിച്ചിരിക്കുന്നതായി ആരോപിച്ച് അഖിലയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.  ഇതേത്തുടർന്ന് അബൂബക്കറിനെതിരേ ഒരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ജനുവരി 6 ന് ഹിജാബ് ധരിച്ച അഖില കോളേജിലെത്തിയെന്ന വിവരം ലഭിച്ചപ്പോഴാണ് അഖിലയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്.

2016 ജനുവരി മുതൽ നടന്ന നിയമപോരാട്ടങ്ങൾ സുപ്രിംകോടതി വരെ നീണ്ടു. അഖില എന്ന അവരുടെ മകൾ സ്വതന്ത്ര ഇച്ഛാശക്തിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ആരുടേയെോ പ്രേരണയാൽ മതം മാറിയതാണെന്നും കോടതിയിൽ മാതാപിതാക്കൾ ബോധിപ്പിച്ചു. എന്നാൽ സ്വാഭീഷ്ടപ്രകാരമാണ് താൻ ഇസ്‌ലാമിൽ ചേർന്നത് എന്ന് ഹാദിയ കോടതികളിൽ പ്രസ്താവിച്ചു.

ഒന്നാം ഹേബിയസ് കോർപ്പസ്[തിരുത്തുക]

അഖിലയുടെ പിതാവായ അശോകൻ, തന്റെ കുടുംബത്തെ അറിയിക്കാതെ 25 വയസ്സുള്ള തന്റെ മകൾ അഖില, ഹാദിയ എന്ന പേരു മാറി ഇസ്ലാം മതം സ്വീകരിച്ചുവെന്നു കേൾക്കുന്നതായും അവരെ കണ്ടെത്തണമെന്ന് ആവശ്യമുന്നയിച്ച് കേരളാ ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ജനുവരി 19 ന് അഖില കോടതിയിൽ നേരിട്ടു ഹാജരാകുകയും താൻ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുവാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് കോടതിയെ ബോധിപ്പിക്കുയും ചെയ്തിരുന്നു.

അഖില, താൻ ഇപ്പോൾ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഹാദിയ എന്നൊരു പുതിയ പേര് സ്വീകരിച്ചിരുന്നുവെന്നും ഈ പുതിയ തീരുമാനം തന്റെ സുഹൃത്തുക്കളുടെ "സമയബന്ധിതമായ പ്രാർഥനകളും നല്ല സ്വഭാവവും" അവരെ ആകർഷിച്ചതുകൊണ്ടാണെന്നും കോടതിയെ സമർത്ഥിക്കുകയുണ്ടായി. ഇസ്ലാമിക പുസ്തകങ്ങളുടെ നിരന്തരമായ വായനയും ഇതേക്കുറിച്ചുള്ള അനേകം വീഡിയോകളും കണ്ടതിനുശേഷം അതിൽ ആകൃഷ്ടയായി താൻ സ്വയം ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് അഖില കോടതിയെ ബോധിപ്പിച്ചത്. ഒരു വിശ്വാസത്തിൽനിന്നു മാറ്റൊന്നിലേയ്ക്കുള്ള മാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെതന്നെ കഴിഞ്ഞ മൂന്നു വർഷങ്ങളായി താൻ ഇസ്ലാം മതവിശ്വാസിയായി തുടരുകയാണെന്ന് അഖില കോടതിയോട് ബോധിപ്പിക്കുകയും ചെയ്തു. തൻറെ ഇസ്ലാമിക രീതിയിലുള്ള പ്രാർത്ഥനയും ജീവിതവും തന്നോട് പിതാവിന് അനിഷ്ടമുണ്ടാക്കിയതായി മനസ്സിലായതിനാൽ താൻ 2016 ജനുവരി 2 നു വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് അഖില പറഞ്ഞു. വീടുവിട്ടിറങ്ങിയ അഖില നേരേ പോയത് മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിലുള്ള തൻറെ സുഹൃത്തുക്കളായ ജസീനയുടെയും ഫസീനായുടേയും വീട്ടിലേക്കായിരുന്നു.

അവരുടെ പിതാവായ അബൂബക്കർ അഖിലയെ KIM എന്ന മതസ്ഥാപനത്തിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ അവർക്കു പ്രവേശനം നിഷേധിക്കപ്പെട്ടു. അഖില പിന്നീട് കോഴിക്കോടുള്ള തർബിയത്തുൽ ഇസ്ലാം സഭ എന്ന ഇസ്ലാമിക പഠനകേന്ദ്രത്തിലേയ്ക്കു നയിക്കപ്പെട്ടു. അവിടെ അവർ ആവശ്യപ്പെട്ടതുപ്രകാരം താൻ സ്വയം ഇസ്ലാം മതം സ്വീകരിച്ചതാണെന്നുള്ള ഒരു സത്യവാങ്മൂലം നൽകിയതിൻറെ ഫലമായി അവരെ ഒരു 'ബാഹ്യ പഠനാർത്ഥി' ആയി അംഗീകരിച്ചു. ഇതിനർത്ഥം അഖില അബൂബക്കറുടെ വീട്ടിൽ താമസിച്ച് പഠന കേന്ദ്രത്തിൽ ഹാജരായി പഠനം നടത്തണമെന്നു നിഷ്കർഷിക്കപ്പെട്ടു. അഖിലയുടെ വാക്കുകളനുസരിച്ച്, താമസിയാതെ അബൂബക്കർ അദ്ദേഹത്തിൻറെ വസതിയിൽ അവർ കഴിയുന്നതിനു വൈമനസ്യ പ്രകടിപ്പിക്കുകയും മലപ്പുറത്ത് മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാഭ്യാസ പരിവർത്തന കേന്ദ്രമായ ‘സത്യസരിണി’ എന്ന മൂന്നാമത്തെ സ്ഥാപനത്തെ സമീപിക്കുകയും ചെയ്തു.

സത്യസരണി’ അഖിലയെ കണ്ടു സംസാരിക്കുന്നതിനായി ഒരു സാമൂഹ്യ പ്രവർത്തകയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ അംഗവുമായിരുന്ന സൈനബയെ അവരുടെ അടുത്തേയ്ക്കു് അയച്ചു. ഇതിനുശേഷം ജനുവരി 7 മുതൽ അഖില സൈനബയോടൊത്തു താമസം തുടങ്ങി. അനധികൃതവും നിർബന്ധിതവുമായ അനേകം മതപരിവർത്തനങ്ങളിൽ സത്യസരണി നേരത്തെതന്നെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഖിലയുടെ പിതാവ് അശോകൻ ആരോപിക്കുന്നു. എന്നാൽ ജനുവരി 25 ന്, അഖില അനധികൃത തടവിൽ ആയിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഹൈക്കോടതി അശോകൻ സമർപ്പിച്ചിരുന്ന ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കളഞ്ഞു.

ഈ കേസിൽ നിർബന്ധിത തടവിലാണെന്നു പറഞ്ഞ വ്യക്തി തൻറെ സ്വന്തം ഇച്ഛാശക്തിക്കനുസരിച്ചാണ് ഈ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നു കോടതിക്കു ബോദ്ധ്യമായിനാൽ യഥാർത്ഥ ഹർജി ഇതിനാൽ തീർപ്പാക്കപ്പെട്ടിരിക്കുകയാണെന്ന് ജഡ്ജിമാരായ സി.കെ. അബ്ദുൽ റഹിം, ഷാജി പി. ചാലി എന്നിവർ വ്യക്തമാക്കി. അതുപോലെതന്നെ പരാതിക്കാരനും കുടുംബാംഗങ്ങൾക്കും ആ സ്ഥാപനം നിഷ്കർക്കുന്ന സന്ദർശനസമയം ഏതാണോ അതനുസരിച്ച് അഖിലയെ സന്ദർശിക്കാവുന്നതുമാണെന്നു കോടതി പറയുകയും ചെയ്തു.

രണ്ടാം ഹേബിയസ് കോർപ്പസ്[തിരുത്തുക]

അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി കേരളാ ഹൈക്കോടതി തള്ളിയതിന് ഏകദേശം ആറുമാസത്തിനുശേഷം അഖിലയുടെ പിതാവ് മറ്റൊരു പരാതി നൽകിയിരുന്നു. ഇപ്രാവശ്യത്തെ പരാതിയിൽ അഖിലയെ രാജ്യത്ത് നിന്ന് പുറത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിനും  ഒരു മുസ്ലീം യുവാവുമായി അവരെ തിരക്കിട്ടു വിവാഹം കഴിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഹർജി 2016 ആഗസ്റ്റ് 17 നാണ് ഫയൽ ചെയ്തത്.

അഖിലയെ സുക്ഷ്മ നിരീക്ഷണം നടത്തേണ്ടതുണ്ടെന്നും അവരെ രാജ്യത്തു നിന്ന് പുറത്തേയ്ക്കു കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ടെന്ന് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. കോടതി ഈ ഇടക്കാല ഉത്തരവ് പാസ്സാക്കിയ ശേഷം, അഖില സൈനബയുടെ വീട്ടിൽ നിന്നും വെളിപ്പെടുത്തപ്പെടാത്ത ഒരു സ്ഥലത്തേക്ക് മാറിയിട്ടുണ്ടെന്ന് പൊലീസ് നിരീക്ഷിച്ചു കണ്ടെത്തി. അതേസമയം, അഖിലയും സൈനബയും കോടതിയെ സമീപിക്കുകയും അവരുടെ കേസ് ഉടനടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിചാരണയുടെ സമയത്ത്, സൈനബ തൻറെ സംരക്ഷകയാണെന്നും താൻ തന്റെ മാതാപിതാക്കളുടെ അടുത്തേയ്ക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അഖില കോടതിയെ ബോധിപ്പിച്ചു. ഈ സമയം അവരുടെ സുരക്ഷയെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചതിനേത്തുടർന്ന് അഖിലയെ എറണാകുളത്തുള്ള ഒരു വനിതാ ഹോസ്റ്റലിലേയ്ക്കയച്ചു.

സെപ്തംബർ മാസത്തിൽ അഖിലയുമായി കോടതി സംസാരിച്ചതോടെ, താൻ ഒരു ഹോസ്റ്റലിൽ താമസിക്കുകയാണെന്നും തനിക്ക് ഇഷ്ടമുള്ള ഒരു സ്ഥലത്ത് താമസിക്കാൻ അനുവദിക്കണമെന്നും കോടതിയോട് അവർ ആവശ്യപ്പെട്ടു. താൻ ഒരു പാസ്പോർട്ട് സ്വായത്തമാക്കിയിട്ടില്ലായെന്നും അവർ കോടതിയിൽ പറഞ്ഞു. പരാതിയിൽ പറഞ്ഞിരിക്കുന്നതു പ്രകാരം അവരെ സിറിയയിലേക്ക് ആടുമേയ്ക്കാൻ കൊണ്ടുപോകാൻ യാതൊരു സാധ്യതയുമില്ലെന്ന് അവളുടെ അഭിഭാഷകനും വാദിച്ചു. കോടതി അഖിലയെ സൈനബയുടെ കൂടെ അയക്കുകയും അഖില വീണ്ടും മറ്റൊരു സ്ഥലത്തേക്ക് മാറുന്നുണ്ടെങ്കിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി.യെ വിവരം അറിയിക്കേണ്ടതാണെന്നും ആവശ്യപ്പെട്ടിരുന്നു.

സൈനബയോടൊത്ത് ജീവിക്കുന്ന അഖിലയെക്കുറിച്ച് നവംബർ മാസത്തിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ വരുമാന സ്രോതസ്സ് തേടുകയും ചെയ്തു. ഒരു ഡോക്ടർ ട്രെയിനി എന്ന നിലയിൽ താൻ സ്വയംപര്യാപ്തതയിലെത്തിയിട്ടുണ്ടെന്നും തനിക്ക് 2,000 രൂപ പ്രതിമാസ വരുമാനമുള്ളതായി അഖില ബോധിപ്പിച്ചു. എന്നാൽ അഖില അവരുടെ ഹൗസ് സർജൻസി കോഴ്സ് പൂർത്തിയാക്കിയിട്ടില്ലെന്നും പ്രാക്ടീസ് ചെയ്യാൻ തക്ക യോഗ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബർ 19 ലെ അടുത്ത വിചാരണയിൽ കോടതി അവരുടെ കോഴ്സ് പൂർത്തിയാക്കുവാനും കോളേജ് ഹോസ്റ്റലിലേക്ക് മാറിത്താമസിക്കുവാനും ആവശ്യപ്പെട്ടു. അഖില കോടതിയുടെ നിർദ്ദേശം ശിരസാവഹിച്ചു. അവരുടെ പഠനം പുനരാരംഭിക്കുന്നതിനായി അഖിലയുടെ പിതാവിനോട് ഡിസംബർ 21 ന് അവരുടെ സർട്ടിഫിക്കറ്റുകളുമായി കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

വിവാഹവും വിവാദങ്ങളും[തിരുത്തുക]

ഡിസംബർ 21 ന് അഖില കോടതിയിൽ ഹാജരാവുകയും ഡിസംബർ 19 ന് ഇസ്ലാം മത നിയമപ്രകാരം ഷഫിൻ ജഹാൻ എന്നയാളെ അഖില വിവാഹം കഴിച്ചതായി അഖിലയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു. വിവാഹത്തിന്റെ കാര്യം നേരത്തേ കോടതിയെ ബോധ്യപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടാണെന്ന് കോടതിയിൽ ചോദിച്ചു. ഡിസംബർ 19 ന് കോടതിയിൽ കേസിന്റെ വിചാരണ നടന്ന അതേ ദിവസം തന്നെയാണ് വിവാഹം നടന്നിരിക്കുന്നതെന്നു കോടതിക്കു ബോധ്യപ്പെട്ടു. വിവാഹം നടന്ന രീതിയെക്കുറിച്ച് കോടതി പല സംശയങ്ങളും ഉയർത്തി. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാർ അജ്ഞരായിരുന്നു.

അഖിലയുടെ  അഭിഭാഷകന്റെ വാക്കുകളിൽ ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ സൈനബയുടെ വീട്ടിൽ വച്ച് അഖിലയുടെ വിവാഹം നടന്നതായും പുത്തൂർ ജുമാമസ്ജിദ് ഖാസി വിവാഹശുശ്രൂഷകൾ നടത്തുകയും ചെയ്തുവെന്നാണ്.

ഇപ്പോൾ നടന്നിരിക്കുന്ന സംഭവങ്ങൾ രാജ്യത്തിനു പുറത്തേയ്ക്ക് അവരെ കടത്തിക്കൊണ്ടു പോകാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമല്ലേയെന്നു സംശയിക്കാമെന്നും അവരെ വിവാഹം ചെയ്തതായി പറയപ്പെടുന്ന ആളുടെ വ്യക്തിത്വത്തെക്കുറിച്ചോ, മുൻകാലങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചോ കോടതിയ്ക്കു യാതൊരു ധാരണയുമില്ല എന്ന കാര്യങ്ങളിലും കോടതി ഉത്ക്കണ്ഠ രേഖപ്പെടുത്തി.

ജഡ്ജിമാരായ കെ സുരേന്ദ്രമോഹൻ, എബ്രഹാം മാത്യു എന്നിവരുൾപ്പെട്ട ബെഞ്ച് ഏതാനും  ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു.

1) അഖിലയുമായി ഷഫീൻ എങ്ങനെ ബന്ധപ്പെട്ടു?

2) ഏതു സാഹചര്യത്തിലാണ് അവർ അദ്ദേഹത്തെ വിവാഹം കഴിക്കാൻ സമ്മതിച്ചത്?

3) എന്തുകൊണ്ടാണ് സൈനബയുടെ  വീട്ടിൽവച്ചു വിവാഹം നടന്നത്?

4) വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് നൽകിയ സംഘടന ഏതാണ്? അത് രജിസ്റ്റർ ചെയ്തതാണോ? 

5) അഖിലയുടെ മാതാപിതാക്കൾ വിവാഹത്തെക്കുറിച്ച് അറിയാതെയിരുന്നതെന്തുകൊണ്ട്?

മറ്റൊരു നിർബന്ധിത മതപരിവർത്തനത്തിൽ സൈനബ ഉൾപ്പെട്ടിരുന്നതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അന്ന് മതപരിവർത്തനം ചെയ്യപ്പെട്ട യുവതിയും ഒരു മുസ്ലിം യുവാവിനെയാണ് വിവാഹം കഴിച്ചത്. ഇന്ത്യൻ പാരമ്പര്യപ്രകാരം, അവിവാഹിതയായ മകളുടെ സംരക്ഷണം അവളുടെ വിവാഹം യഥായോഗ്യമായി നടത്തപ്പെടുന്നതുവരെ അവരുടെ മാതാപിതാക്കൾക്കാണെന്നും കോടതി നിരീക്ഷിച്ചു/ എറണാകുളത്തുള്ള എസ്എൻവി സദനം എന്ന വനിതാ ഹോസ്റ്റലിലേയ്ക്ക് അവരെ അയയ്ക്കുകയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനു കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു. ഷഫിനുമായുള്ള അഖിലയുടെ വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനുശേഷം ഷഫിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പെരിന്തൽമണ്ണ ഡെപ്യൂട്ടി എസ്.പി.യോട് ആവശ്യപ്പെട്ടു.

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) യുടെ സജീവ അംഗമാണ് ഷഫീൻ ജഹാൻ എന്നു കണ്ടെത്തിയിരുന്നു. വിവാഹത്തിനുശേഷം തൻറെ മാതാവു താമസിക്കുന്ന ഗൾഫിലേക്ക് അഖിലയെ കൊണ്ടുപോകാൻ ആഗ്രഹമുണ്ടെന്ന് കോളേജ് ബിരുദധാരിയായ കൊല്ലം സ്വദേശി പറഞ്ഞിരുന്നുവെന്നു പറയപ്പെടുന്നു. ഷഫിന് സത്യസരണിയുമായി ബന്ധമുണ്ടെന്നും 2017 ജനുവരിയിൽ ഒരു ക്രിമിനൽ കേസിൽ അദ്ദേഹം കുറ്റക്കാരനായിരുന്നുവെന്നും പൊലീസ് കോടതിയിൽ വെളിപ്പെടുത്തി. എസ്.ഡി.പി.ഐ കേരളയുടെ കോർ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള “തണൽ” എന്ന പേരിലുള്ള വാട്ട്സ് ആപ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇയാൾ എന്നു പറയപ്പെടുന്നു. ഷഫിൻ എന്നു പേരുള്ള ക്രിമിനൽ കേസുമായി ബന്ധമുണ്ടായിരുന്ന മറ്റൊരാൾ ഇതേ വാട്ട്സ് ആപ്പ ഗ്രൂപ്പിൽ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

ഷഫിൻ ഫെയ്സ്ബുക്ക് സജീവ ഉപയോക്താവാണെങ്കിലും തന്റെ ദൈനംദിന ജീവിതത്തിലെ എല്ലാ ചെറിയ വിശദാംശങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും അഖിലയുമായുള്ള വിവാഹത്തെക്കുറിച്ച് ഒന്നുംതന്നെ സൂചിപ്പിച്ചിട്ടില്ല എന്നുള്ള കാര്യവും ഗവൺമെന്റ് പ്ലീഡർ കോടതിയിൽ സമർപ്പിച്ചു. ജനുവരി പത്തിന് ഒരു മലയാള ദിനപത്രം ഈ വിവാഹക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ മാത്രമാണ് ഷഫിൻ ഇതേക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

എന്നാൽ, 2016 ഏപ്രിൽ മാസത്തിൽത്തന്നെ വിവാഹിതയാകാൻ ആഗ്രഹമുണ്ടെന്നു കാണിച്ച് “വേ റ്റു നിക്കാഹ്” എന്ന ഒരു വിവാഹ രജിസ്ട്രേഷൻ സൈറ്റിൽ അഖിലയുടെ പേര് രജിസ്റ്റർ ചെയ്തിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ വാദിച്ചു. ഷെഫിന്റെ വിവാഹാലോചന ഈ സൈറ്റിലൂടെയായിരിക്കണം എത്തിയത് എന്നു കരുതപ്പെടുന്നു.

2017 മാർച്ചിലെ കേരള ഹൈക്കോടതിയുടെ ഇതേ ബെഞ്ചുതന്നെ 2017 മെയ് മാസം 24 ന് അഖിലയ്ക്കു തന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം നയിക്കാൻ അനുവദിക്കുകയും അവളുടെ വിവാഹം ഒരു തട്ടിപ്പാണെന്ന് അഭിപ്രയപ്പെടുകയും ചെയ്തിരുന്നു. ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പിണിയാൾ മാത്രമാണ് ജഹാനെന്നും കോടതി നിരൂപിച്ചു കോടതി സമാപിച്ചു.

കോടതി വിവാഹം റദ്ദാക്കുകയും അഖിലയെ അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിൽ തിരികെ നൽകുകയും ചെയ്തു.

സുപ്രീം കോടതിയിൽ[തിരുത്തുക]

കേരളാ ഹൈക്കോടതി ഈ വിവാഹം റദ്ദു ചെയ്ത്  രണ്ടു മാസത്തിനു ശേഷം ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ഒരു പ്രത്യോക പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു.

കപിൽ സിബൽ, ഇന്ദിരാ ജെയ്സിങ് എന്നിവർ ഷെഫിൻ ജഹാനുവേണ്ടി സുപ്രീംകോടതിയിൽ ശക്തമായ വാദം നടത്തി. ഹാദിയ ഒരു ചെറിയ കുട്ടിയല്ലെന്ന് സിബൽ വാദിച്ചു. എന്നാൽ, അവൾ വിവാഹം ചെയ്ത ഷഫിനിനെ അവൾക്കറിയാമോ എന്ന് കോടതി തിരിച്ചു ചോദിച്ചു. അവരുടെ വിവാഹം ഒരു മാട്രിമോണിയൽ സൈറ്റിലൂടെ ക്രമീകരിക്കപ്പെട്ടതാണെന്ന് സിബൽ വാദിച്ചു. കേസ് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആഗസ്റ്റ് 16 ന് സുപ്രീംകോടതി ഈ കേസിൽ ഒരു എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു.

ഹാദിയ സുപ്രീം കോടതിയിൽ[തിരുത്തുക]

ഹാദിയയെ 2017 നവംബർ 27-ന് സുപ്രീം കോടതി കേൾക്കുകയും അവർ തന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു. ഇസ്‌ലാം സ്വീകരിച്ചതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരമാണെന്നും, താൻ അന്യായമായ തടങ്കലിലായിരുന്നുവെന്നും കോടതിയിൽ ഹാദിയ വ്യക്തമാക്കി[3].

കോടതി ഷഫിന്റെയോ അശോകന്റെയോ കൂടെ വിടാതെ, ഹാദിയയുടെ പഠനം തുടരാനുള്ള സംവിധാനമൊരുക്കുകയാണ് ചെയ്തത്. തുടർന്ന് സേലത്ത് കോളേജ് അധികൃതരുടെ രക്ഷാധികാരത്തിൽ പഠനം തുടർന്നു.

ഇടക്കാലവിധി[തിരുത്തുക]

2018 മാർച്ച് 08 ന് പുറപ്പെടുവിച്ച ഇടക്കാലവിധിയിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ സുപ്രീം കോടതി, ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും, മറ്റ് ആരോപണങ്ങൾ വേറെത്തന്നെ അന്വേഷിക്കാമെന്നും വ്യക്തമാക്കി[4][5].

കേസിന്റെ നാൾവഴി[തിരുത്തുക]

  1. അഖില എന്ന ഹാദിയയുടെ പിതാവ് അശോകൻ 2016 ജനുവരി 19ന് ഹൈക്കോടതിയിൽ ആദ്യത്തെ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു.
  2. ആരും തടഞ്ഞുവച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 2016 ജനുവരി 25ന് ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം കോടതി വിട്ടയച്ചു.
  3. 2016 ഫെബ്രുവരി മാർച്ച് മാസങ്ങളിലായി മഞ്ചേരി സത്യസരണിയിൽ അഖില എന്ന ഹാദിയ മതപഠനം പൂർത്തിയാക്കി.
  4. 2016 ആഗസ്ത് 16ന് അശോകൻ ഹൈക്കോടതിയിൽ രണ്ടാമത്തെ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തു.
  5. 2016 ആഗസ്ത് 22ന് ഹാദിയ ഹൈക്കോടതിയിൽ ഹാജരായി. തുടർന്ന് 2016 സപ്തംബർ ഒന്നിന് വീണ്ടും ഹാജരാവണമെന്ന നിർദ്ദേശത്തോടെ കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു.
  6. 2016 സപ്തംബർ ഒന്നിന് വീണ്ടും കോടതിയിൽ ഹാജരായ ഹാദിയയോട് സപ്തംബർ അഞ്ചിന് വീണ്ടും ഹാജരാവാൻ കോടതി നിർദ്ദേശിച്ചു.
  7. സപ്തംബർ അഞ്ചിന് വീണ്ടും ഹാദിയ കോടതിയിൽ ഹാജരായി. അന്നു തന്നെ കേസ് സംബന്ധിച്ച ആദ്യത്തെ അന്വേഷണ റിപോർട്ട് പെരിന്തൽമണ്ണ ഡിവൈഎസ്പി കോടതിയിൽ സമർപ്പിച്ചു.
  8. 2016 സപ്തംബർ 27ന് വീണ്ടും കേസ് പരിഗണിച്ച കോടതി ഹാദിയ ബോധിപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഹാദിയയെ സഹായിച്ച സൈനബയ്‌ക്കൊപ്പം വിട്ടയച്ചു. ഇനി ഉത്തരവുണ്ടായാൽ മാത്രം കോടതിയിൽ ഹാജരായാൽ മതിയെന്നും സൈനബയുടെ കൂടെ നിന്നു മാറുകയാണെങ്കിൽ പെരിന്തൽമണ്ണ ഡിവൈഎസ്പിയെ രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
  9. 2016 നവംബർ 14ന്് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കണമെന്ന് കോടതി പെരിന്തൽമണ്ണ ഡിവൈഎസ്പിയോട് നിർദ്ദേശിച്ചു.
  10. 2016 ഡിസംബർ 15ന് സൈനബയുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിച്ച റിപോർട്ട് സമർപ്പിച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു റിപോർട്ട്. [അവലംബം ആവശ്യമാണ്]
  11. 2016 ഡിസംബർ 19ന് കോട്ടക്കൽ പുത്തൂർ മഹലിൽവച്ച് ഹാദിയയുടെയും ഷഫിൻ ജഹാന്റെയും വിവാഹം നടന്നു.
  12. 2016 ഡിസംബർ 20ന് ഹാദിയയും ഷഫിനും ചേർന്ന് ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തിൽ വിവാഹ രജിസ്‌ട്രേഷന് അപേക്ഷ സമർപ്പിച്ചു.
  13. ഉത്തരവുപ്രകാരം 2016 ഡിസംബർ 21 ന് ഹാദിയയും ഷഫിനും ഹൈക്കോടതിയിൽ ഹാജരായി. തുടർന്ന് അന്നേ ദിവസം തന്നെ ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചുകൊണ്ട് ഉത്തരവിടുകയും ഇരുവരുടെയും വിവാഹത്തിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് നൽകരുതെന്ന് ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുകയും ചെയ്്തു.
  14. ഹാദിയയുടെയും ഷഫിന്റെയും വിവാഹത്തിൽ യാതൊരുവിധ ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കി 2017 ജനുവരി 30ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.[അവലംബം ആവശ്യമാണ്]
  15. 2017 ഫെബ്രുവരി ഒന്നിന് സീനിയർ ഗവൺമെന്റ് പ്ലീഡർ ഹാദിയയുടെ നിക്കാഹ് സംബന്ധിച്ച രേഖകൾ കോടതി മുമ്പാകെ ഹാജരാക്കി.
  16. 2017 ഫെബ്രുവരി ഏഴിന് ഷഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷിച്ച് റിപോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും കേസ് വീണ്ടും പരിഗണിക്കാൻ 22ലേക്ക് മാറ്റുകയും ചെയ്തു
  17. ഫെബ്രുവരി 22ന് വീണ്ടും കേസ് പരിഗണിച്ച കോടതി അന്നുവരെയുള്ള മുഴുവൻ അന്വേഷണ റിപോർട്ടും രേഖപ്പെടുത്തിയ മൊഴികളും ലഭ്യമാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് മാർച്ച് രണ്ടിലേക്ക് പരിഗണിക്കാൻ കേസ് മാറ്റി18. മാർച്ച് രണ്ടിന് വിശദമായ വാദം കേട്ട കോടതി വേനലവധിക്കു മുമ്പ് കേസ് തീർക്കുമെന്ന് പറഞ്ഞുവെങ്കിലും കേസ് അനിശ്ചിതമായി നീട്ടിവച്ചു.
  18. 2017 മെയ് 24 കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവിടുകയും ചെയ്തു. [6]
  19. 2017 ജൂലൈ ഇസ്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശി ഹാദിയ (അഖില)യുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭർത്താവ് ശെഫിൻ ജഹാൻ സുപ്രീം കോടതിയെ സമീപിച്ചു. [7]
  20. 2017 ഒക്ടോബർ 30 ശഫിൻ ജഹാൻ നൽകിയ ഹരജി പരിഗണിച്ച് പിതാവ് അശോകനോട് 2017 നവംബർ 27 ന് ഹാദിയയുമായി നേരിട്ട് ഹാജരാവാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ഹാദിയയുടെ പിതാവ് അശോകന്റെയും എൻഐഎയുടെയും ശക്തമായ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ഹാദിയയുടെ ഭാഗം നേരിട്ട് കേൾക്കാനുള്ള സുപ്രിംകോടതി തീരുമാനം.[8]
  21. 2017 നവംബർ 27 ഹാദിയ പിതാവിനൊപ്പം സുപ്രീം കോടതിയിൽ ഹാജരായി.[9] ഹാദിയയെ തുറന്ന കോടതിയിൽ കേൾക്കരുത് എന്ന് പിതാവിൻറെ അഭിഭാഷകൻ വാദിച്ചു. അച്ഛൻറെയും എൻ.ഐ.എ യുടെ ഭാഗം കേട്ടതിന് ശേഷം ഹാദിയയെ കേട്ടാൽ മതി എന്ന് അവർ വാദിച്ചു. എന്നാൽ രണ്ട് മണിക്കൂർ വാദം കേട്ട ശേഷം ജഡ്‍ജിമാർ ഹാദിയയുടെ ഭാഗം കേൾക്കാൻ തീരുമാനിക്കുകയായിരിന്നു. 45 മിനിട്ടോളം ഹാദിയയോട് ജഡ്‍ജിമാർ സംസാരിച്ചു. എനിക്ക് സ്വതന്ത്രം വേണം എന്നും കഴിഞ്ഞ 11 മാസം ‍ഞാൻ അന്യായ തടവിലാണെന്നും അവൾ അറിയിച്ചു. തനിക്ക് സർക്കാർ ചിലവിൽ പഠനം പൂർത്തികരിക്കണോ എന്ന് ചോദിച്ചപ്പോൾ, അതെ പക്ഷെ ചെലവ് എൻറെ ഭർത്താവ് വഹിച്ചോളാം എന്നും ഹാദിയ ഉത്തരം പറഞ്ഞു. അവസാനം പിതാവിൻറെയോ ഭർത്താവിൻറെയോ സംരക്ഷണത്തിൽ വിടാതെ അവളെ കോളേജ് ഹോസ്റ്റലിലേക്ക് മാറ്റാനും പഠനം പൂർത്തികരിക്കാനും കോടതി ഉത്തരവിട്ടു. ഈ കാലയളവിൽ ഏതൊരു വിദ്യാർത്ഥിയെയും പോലെ ഹോസ്റ്റൽ നിയമങ്ങൾ പാലിച്ച് ഹാദിയക്ക് ഹോസ്റ്റലിൽ താമസിക്കാം, അവളുടെ ചെലവുകൾ തമിഴ് നാട് സർക്കാർ വഹിക്കുകയും വേണം.

വിചാരണയുടെ വിശദാംശങ്ങൾ[തിരുത്തുക]

ഹാജരായ അഭിഭാഷകർ

1) എൻ.ഐ.എ. - അഡീഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്.

2) സംസ്ഥാന സർക്കാർ - മുതിർന്ന അഭിഭാഷകൻ വി. ഗിരി, സ്റ്റാൻഡിംഗ് കൌൺസൽ സി.കെ. ശശി.

3) സംസ്ഥാന വനിതാ കമ്മീഷൻ - പി.വി. ദിനേശ്.

4) ഷെഫിൻ ജഹാൻ - മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവേ, ഹാരിസ് ബീരാൻ എന്നിവർ,

5) അശോകൻ - മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ, മാധവി ദിവാൻ, എ. രഘുനാഥ് എന്നിവർ.

കേസിന്റെ പര്യവസാനം[തിരുത്തുക]

2018 മാർച്ച് മാസത്തിൽ കൊല്ലം സ്വദേശിയായ ഷഫിൻ ജഹാനും വൈക്കം സ്വദേശിനി അഖിലയും തമ്മിലുള്ള വിവാഹം നിയമപരമെന്നു വിധിച്ച സുപ്രീംകോടതി 2017 മേയ് 24ന് വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹേബിയസ് കോർപസ് ഹർജികളിൽ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. അഖിക്ക് ഷഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിന്യായത്തോട് യോജിച്ചുകൊണ്ട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് തെറ്റു സംഭവിച്ചതിൽ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കുകയുണ്ടായി.[10]

അവലംബം[തിരുത്തുക]

  1. "Archived copy" (PDF). Archived from the original (PDF) on 1 December 2017. Retrieved 29 November 2017.{{cite web}}: CS1 maint: archived copy as title (link)
  2. http://www.madhyamam.com/kerala/hadiya-case-plea-%E2%80%8B%E2%80%8Bsheffin-jahan-will-be-considered-today-kerala/2017/oct/03/347395
  3. "മാതൃഭൂമി ഓൺലൈൻ, 11-27-2017". Archived from the original on 2018-03-15. Retrieved 2018-03-22.
  4. മനോരമ ഓൺലൈൻ, 03-08-2018
  5. മീഡിയാവൺ ഓൺലൈൻ, 03-08-2018
  6. "തേജസ് ദിനപത്രം". http://www.thejasnews.com. 2017-05-25. Archived from the original on 2017-11-29. Retrieved 2017-11-26. {{cite web}}: External link in |website= (help)
  7. "ഹാദിയ കേസ്: ഷഫീൻ സുപ്രീം കോടതിയിൽ". http://www.manoramaonline.com. മലയാള മനോരമ. 2017-08-17. Retrieved 2017-11-26. {{cite web}}: External link in |website= (help)
  8. "ഹാദിയ കേസ്; എൻഐഎ സുപ്രിംകോടതിയിൽ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു". www.reporterlive.com. 2017-11-23. Archived from the original on 2017-11-25. Retrieved 2017-11-26.
  9. "താൻ മുസ്ലീമാണെന്നും ഭർത്താവിനൊപ്പം ജീവിക്കണമെന്നും ഹാദിയ". manoramaonline.com. 2017-11-25. Retrieved 2017-11-26.
  10. "ഹാദിയ കേസ്: ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി". Archived from the original on 2019-12-21.
"https://ml.wikipedia.org/w/index.php?title=ഹാദിയ_കേസ്&oldid=3945233" എന്ന താളിൽനിന്ന് ശേഖരിച്ചത്