വി.പി. മുഹമ്മദലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹാജിസാഹിബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹാജി സാഹിബ്

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സ്ഥാപക നേതാവാണ്‌ ഹാജിസാഹിബ് എന്ന് പരക്കെ അറിയപ്പെടുന്ന വി.പി. മുഹമ്മദലി. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനുമായ ഹാജിസാഹിബ്, കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചുകൊണ്ട് ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നത് വരെ ജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം.[1]

ജനനം കുടുംബം[തിരുത്തുക]

1912-ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള എടയൂരിലാണ് ഹാജിസാഹിബിന്റെ ജനനം. നാട്ടിലെ സാമാന്യം ഭേദപെട്ട വലിയപറമ്പിൽ തറവാട്ടിലെ കാരണവരായ വലിയ പറമ്പിൽ പോക്കാമുട്ടിഹാജിയാണ് പിതാവ്. ഖിലാഫത്ത് സമരത്തിൽ പങ്കെടുത്തതിനാൽ വലിയ പറമ്പിൽ പോക്കാമുട്ടി ഹാജി രണ്ട് വർഷം ജയിലിലായിരുന്നു. മാതാവ് ചങ്ങമ്പള്ളി കുഞ്ഞാലൻ കുട്ടി ഗുരുക്കളുടെ മകൾ ഫാത്തിമ. ഹാജിസാഹിബിന്‌ മക്കൾ ഇല്ല. പിതാവ് നാട്ടിൽ അറിയപ്പെടുന്ന മതഭക്തനും സാധാരണ കർഷകനുമായിരുന്നു.മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരുമാണ് ഹാജിസാഹിബിനുണ്ടായിരുന്നത്. പോക്കാമുട്ടി ഹാജി ഹിലാഫത്ത് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ രണ്ട് കൊല്ലം ജയിൽവാസമനുഭവിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം,ഇസ്‌ലാമിക പ്രവർത്തനം[തിരുത്തുക]

നാലാം ക്ലാസ് വരെ മാത്രമേ അദ്ദേഹത്തിന് പൊതുവിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളൂ.പ്രദേശത്തെ പ്രധമിക പാഠശാലയിൽ നിന്നാണ് അത് നിർവ്വഹിച്ചത്. പിന്നീട് മതപഠനത്തിലേക്ക് തിരിഞ്ഞു. രാഷ്ട്രമീമാംസയും തത്ത്വശാസ്ത്രവും സാമൂഹിക ശാസ്ത്രങ്ങളും അദ്ദേഹം സ്വന്തം നിലക്ക് പഠിച്ചു. ചെറുപ്പത്തിലേ ശുദ്ധവും സ്ഫുടവുമായ ഭാഷയിൽ പ്രസംഗിക്കാനും എഴുതാനും ശീലിച്ചിരുന്നു. നാട്ടിൽ നിന്ന് സാമാന്യ മതവിദ്യാഭ്യാസം നേടിയ ശേഷം ഉപരിപഠനത്തിനായി എടക്കുളത്തെ പള്ളിദർസിൽ ചേർന്നു. തുടർന്ന് പഠനത്തിനായി മണ്ണാർക്കാട്ടേക്കും ആലത്തൂരിലേക്കും സ്ഥലം മാറി. 1930-ൽ പതിനേഴാം വയസ്സിൽ ആലത്തൂരിൽ നിന്ന് മഞ്ചേരിയിലെ പള്ളിദർസിലേക്ക് വന്നു. മഞ്ചേരിയിൽ കുഞ്ഞാലൻ മുസ്‌ലിയാർ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.

ഇമാം ഗസ്സാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീൻ എന്ന ഗ്രന്ഥത്തിന്റെ സ്വാധീനഫലമായി ഹജ്ജിന് പോകാൻ തീരുമാനിച്ച അദ്ദേഹം, ബോംബെയിൽ നിന്ന് 'ബഗ്ല' എന്ന ഒരുതരം പായക്കപ്പലിൽ കയറി ഹജ്ജ് നിർവഹിച്ചു.

ഹജ്ജ് കഴിഞ്ഞ് മഞ്ചേരിയിൽ തിരിച്ചെത്തിയ ശേഷം ഉപരിപഠനത്തിനായി ഉമറാബാദിലെ ദാറുസ്സലാമിലേക്ക് പോയി. ഇടക്ക് വെച്ച് ഉമറാബാദിലെ പഠനം നിർത്തി. പിന്നെ വെല്ലൂർ ബാഖിയാത്തിലും കുറച്ച് കാലം പഠിച്ചു. വെല്ലൂർ വിട്ട ശേഷം കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലേക്ക് പോയി. അവിടെ കുളങ്കര പള്ളിയിലെ ഖത്വീബ് സ്ഥാനവും ഒരു മദ്രസയിലെ അദ്ധ്യാപകജോലിയും ഏറ്റെടുത്തു. ഉർദു പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അക്കാലത്ത് ഹൈദരാബാദ് നൈസാം മാസാന്തം പത്തുറുപ്പികയും മൗലാനാ മൗദൂദി ഹൈദരാബാദിൽ നിന്ന് പുറത്തിറക്കുന്ന 'തർജുമാനുൽ ഖുർആൻ' എന്ന ഉർദു മാസികയുടെ ഒരു കോപ്പിയും അയച്ചു കൊടുത്തിരുന്നു. അതിൽ പ്രസിദ്ധീകരിച്ചുവന്ന മൗലാനാ മൗദൂദിയുടെ ലേഖനങ്ങൾ ഹാജിസാഹിബിനെ ആകർഷിച്ചു. മൗദൂദിയുമായി എഴുത്തുകുത്തുകൾ നടത്തി. ജമാഅത്തെ ഇസ്‌ലാമി രൂപീകൃതമായ 1941-ൽ തന്നെ അദ്ദേഹം അതിൽ അംഗത്വം നേടി. ഇക്കാലത്താണ് ഹാജിസാഹിബ് മൗദൂദിയുടെ പ്രസംഗങ്ങളുടെ സമാഹാരമായ 'ഖുത്തുബാത്ത്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

തുടർന്ന് അദ്ദേഹം ഇസ്‌ലാമിക ഗവേഷണത്തിനും ഇസ്ലാമിക പ്രവർത്തകരുടെ പരിശീലനത്തിനുമായി മൗദൂദിയുടെ നേതൃത്വത്തിൽ പഞ്ചാബിലെ പഠാൻ കോട്ടിൽ സ്ഥാപിതമായ 'ദാറുൽ ഇസ്‌ലാമി'ലേക്ക് പോയി. അവിടെ മൗദൂദിയുടെ ശിക്ഷണത്തിൽ ഒമ്പതുമാസം താമസിച്ചു[2]. അവിടെ വെച്ച് മൗദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. 1944-ൽ കേരളത്തിലേക്ക് മടങ്ങി. നാടിന്റെ നാനാഭാഗങ്ങളിലൂടെ സഞ്ചരിച്ചും പ്രഭാഷണങ്ങൾ നടത്തിയും ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം പ്രചരിപ്പിക്കാൻ തുടങ്ങി.

എടയൂരിന്റെ സമീപപ്രദേശമായ ഇരുമ്പിളിയത്ത് ഹാജിസാഹിബ് കുറച്ചുകാലം പള്ളി ഖത്തീബായിരുന്നു. ഇസ്‌ലാമിന്റെ സമഗ്രതയും സമ്പൂർണ്ണതയും ഊന്നിപ്പറഞ്ഞു കൊണ്ടുള്ളതായിരുന്നു ഖുത്ബകൾ. ഇക്കാലത്ത് തന്നെ ഇരുമ്പിളിയം പള്ളിയിലെ ഒരു കൊച്ചുമുറിയിൽ 'ഇസ്‌ലാമിക് പബ്ളിഷിംഗ് ഹൗസിന്‌(ഐ.പി.എച്ച്) രൂപം നൽകി. 1945-ൽ 'ഇസ്‌ലാംമതം' ഐ.പി.എച്ചിന്റെ ആദ്യ പ്രസിദ്ധീകരണമായി പുറത്തുവന്നു. തുടർന്ന് ഹാജിസാഹിബ് തന്റെ പ്രവർത്തന കേന്ദ്രം വളാഞ്ചേരിയിലേക്ക് മാറ്റി.

ജമാഅത്തെ ഇസ്‌ലാമി കേരള[തിരുത്തുക]

1946-ൽ ഇസ്‌ലാമിക പ്രസ്ഥാനത്തോട് അനുഭാവമുള്ളവരെ സംഘടിപ്പിച്ച് അദ്ദേഹം വളാഞ്ചേരിയിൽ ജം‌ഇയ്യത്തുൽ മുസ്തർശിദീൻ എന്ന സംഘടനക്ക് രൂപം നൽകി. 1948ൽ വളാഞ്ചേരിയിലെ പി. മരയ്ക്കാർ ഹാജിയുടെ വീട്ടിൽ വെച്ച് ചേർന്ന ജമാ‌അത്തുൽ മുസ്തർശിദീന്റെ യോഗം പ്രസ്തുത സംഘടനയെ ജമാഅത്തെ ഇസ്‌ലാമി എന്നാക്കി മാറ്റാൻ തീരുമാനിച്ചു. ഹാജി സാഹിബ് ജമാഅത്തിന്റെ പ്രഥമ അമീറായി. (ആദ്യത്തിൽ സംസഥാന നേതൃത്വത്തിനു ഖയ്യിം എന്നായിരുന്നു സ്ഥാനപ്പേർ. പിന്നീട് അമീർ എന്നാക്കി.) വളാഞ്ചേരിയിലും കോഴിക്കോട് ജില്ലയിലെ ഏതാനും പ്രദേശങ്ങളിലും ജമാഅത്തിന്റെ ആദ്യ പ്രാദേശിക ഘടകങ്ങൾ നിലവിൽ വന്നു.

എതിർപ്പുകൾക്കിടയിലും ജമാഅത്തിന്റെ ആദർശങ്ങളിലേക്ക് മുസ്ലിം സമുദായം ആകൃഷ്ടരായി. ആദർശപ്രചാരണം ലക്ഷ്യം വെച്ച് 1949 ആഗസ്റ് ഒന്നിന് 'പ്രബോധനം' എന്നപേരിൽ ഒരു ദ്വൈവാരിക (പ്രതിപക്ഷ പത്രം) പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു.

മരണം[തിരുത്തുക]

ജമാഅത്തിന്റെ പ്രവർത്തകരുടെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോവുമ്പോൾ കൊടിഞ്ഞി (മലപ്പുറം)യിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. 1959 ഓക്ടോബർ 2 ന്‌ ഹാജിസാഹിബ് അന്തരിച്ചു. 47 വയസ്സായിരുന്നു.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വി.പി._മുഹമ്മദലി&oldid=2342636" എന്ന താളിൽനിന്നു ശേഖരിച്ചത്