Jump to content

ഹഖാമനി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഹഖാമനീഷിയൻ സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കീമെനിഡ് പേർഷ്യൻ സാമ്രാജ്യം[൧]

هخامنشیان
ഹഖാമനിഷിയാൻ
ബി.സി.ഇ. 550–330
Achaemenid Empire at its greatest extent under Emperor Darius the Great in 500 BC.
Achaemenid Empire at its greatest extent under Emperor Darius the Great in 500 BC.
പദവിസാമ്രാജ്യം
തലസ്ഥാനംഅൻഷാൻ,
എക്ബറ്റാന,
പാസർഗഡേ,
പെർസിപ്പോളിസ്,
Susa
പൊതുവായ ഭാഷകൾപേർഷ്യൻ, എലാമൈറ്റ്, അരമായ,ഹീബ്രു
മതം
സൊറോസ്ട്രിയനിസം[൨]
ഗവൺമെൻ്റ്ഏകാധിപത്യം
• 559 BC–529 BC
Cyrus II the Great
• 
Darius I the Great
• 336 BC–330 BC
Darius III
ചരിത്ര യുഗംAncient history
• സ്ഥാപിതം
ബി.സി.ഇ. 550
• കാംബിസെസ് രണ്ടാമൻ പുരാതന ഈജിപ്ത് പിടിച്ചടക്കി.
ബി.സി.ഇ. 525
• പെഴ്സെപൊളിസ് നഗരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു.
ബി.സി.ഇ. 515
ബി.സി.ഇ. 498–448
• ഈജിപ്തുകാരുടെ കലാപം വിജയിച്ച് ഈജിപ്ത് സ്വതന്ത്രമായി.
ബി.സി.ഇ. 404
• അർടാക്സെർക്സെസ് മൂന്നാമൻ ഈജിപ്ത് തിരിച്ചുപിടിച്ചു.
ബി.സി.ഇ. 343
• അലക്സാണ്ടറുമായുള്ള യുദ്ധത്തിൽ പരാജയം
ബി.സി.ഇ. 334 –330
• അലക്സാണ്ടറുമായുള്ള യുദ്ധത്തിൽ പരാജയം
ബി.സി.ഇ. 334 –330 330
ബി.സി.ഇ. 330
നാണയവ്യവസ്ഥDaric and Siglos
മുൻപ്
ശേഷം
Median Empire
Neo-Babylonian Empire
Macedonian Empire
Diadochi

വിശാല ഇറാന്റെ (ഇറാൻ ഗണ്യമായ സാംസ്കാരിക സ്വാധീനം ചെലുത്തിയ പ്രദേശങ്ങളുടെ) ഭൂരിഭാഗം ഭൂവിഭാഗവും ഭരിച്ച ആദ്യത്തെ പേർഷ്യൻ സാമ്രാജ്യം ആയിരുന്നു ഹഖാമനി സാമ്രാജ്യം. ഹഖാമനീഷിയാൻ പേർഷ്യൻ സാമ്രാജ്യം, അക്കീമെനിഡ് സാമ്രാജ്യം (പേർഷ്യൻ: هخامنشیان IPA: [haχɒmaneʃijɒn]) എന്നിങ്ങനെയും അറിയപ്പെടുന്നു. ക്രി.മു. 550 മുതൽ ക്രി.മു. 330 വരെ നിലനിന്നിരുന്ന ഇത് രണ്ടാമത്തെ മഹത്തായ ഇറാനിയൻ സാമ്രാജ്യമായി കണക്കാക്കുന്നു. (മെഡിയൻ സാമ്രാജ്യം ആയിരുന്നു ആദ്യത്തേത്). സാമ്രാജ്യത്തിന്റെ അധികാരോന്നതിയിൽ 75 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തൃതിയുണ്ടായിരുന്ന അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്ക്-റോമൻ പുരാതന പാരമ്പര്യം അവകാശപ്പെടാവുന്ന സാമ്രാജ്യങ്ങളിൽ ഭൂമിശാസ്ത്രപരമായി ഏറ്റവും വലുതായിരുന്നു.

ക്രി.മു. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മഹാനായ സൈറസ് സ്ഥാപിച്ച ഈ സാമ്രാജ്യം, അതിന്റെ സുവർണദശയിൽ ഗ്രീസ് മുതൽ ഇന്ത്യവരെയും റഷ്യൻ തുർക്കിസ്താൻ മുതൽ ഉത്തര ഈജിപ്ത് വരെയുമായി മൂന്ന് ഭൂഖണ്ഡങ്ങളിൽ പരന്നുകിടന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, മദ്ധ്യേഷ്യ, ഏഷ്യാ മൈനർ, ത്രേസ്, കരിങ്കടലിന്റെ തീരപ്രദേശങ്ങളുടെ ഭൂരിഭാഗവും, ഇറാഖ്, വടക്കൻ സൗദി അറേബ്യ, ജോർഡാൻ, ഇസ്രയേൽ, ലെബനൻ, സിറിയ, പുരാതന ഈജിപ്തിന്റെ എല്ലാ പ്രധാന ജനവാസ കേന്ദ്രങ്ങളും, തുടങ്ങി പടിഞ്ഞാറ് ലിബിയ വരെ അക്കീമെനിഡ് സാമ്രാജ്യം വ്യാപിച്ചു.

പാശ്ചാത്യ ചരിത്രത്തിൽ അക്കീമെനിഡ് സാമ്രാജ്യം ഗ്രീക്കോ-പേർഷ്യൻ യുദ്ധങ്ങളിൽ ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ ശത്രുവായി അറിയപ്പെടുന്നു. ബാബിലോണിയൻ ബന്ധനത്തിൽ നിന്നും ഇസ്രയേലികളെ മോചിപ്പിച്ചതിനും അരമായ ഭാഷ സാമ്രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ആക്കിയതിനും ആയിരുന്നു ഈ ശത്രുത. സാമ്രാജ്യത്തിന്റെ ബൃഹത്തായ വിസ്തൃതിയും നീണ്ടകാലത്തെ നിലനിൽപ്പും കാരണം ഇന്നും ലോകത്തിനു ചുറ്റുമുള്ള രാജ്യങ്ങളിൽ ഭാഷ, മതം, വാസ്തുവിദ്യ, തത്ത്വചിന്റ, നിയമം, സർക്കാർ എന്നിവയിൽ പേർഷ്യൻ സ്വാധീനം നിലനിൽക്കുന്നു.

തുടക്കം

[തിരുത്തുക]
ബി.സി.ഇ. 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യത്തിന്റെ ആധിപത്യപ്രദേശങ്ങൾ
സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ

തെക്കുപടിഞ്ഞാറൻ ഇറാനിലെ അൻഷാൻ എന്ന പ്രദേശത്ത് ബി.സി.ഇ. ഏഴാം നൂറ്റാണ്ടിൽ മെഡിയൻ സാമ്രാജ്യത്തിന്റെ സാമന്തരായി ഭരണം നടത്തിയിരുന്ന ഹഖാമനി (അക്കീമെനിസ്)[൪] എന്ന ചെറിയ രാജാവിന്റെ പിൻഗാമികളുടെ സാമ്രാജ്യമായതിനാലാണ് ഇതിന് ഹഖാമനി സാമ്രാജ്യം എന്ന പേരുവന്നത്.[1] ഹഖാമനി വംശത്തിലെ കാംബൈസസ് ഒന്നാമന്റെ പിൻ‌ഗാമിയായി ബി.സി.ഇ. 559-ൽ അൻഷാന്റെ രാജാവായി സൈറസ് അധികാരത്തിലേറി.[൩]. ബി.സി.ഇ. 550-ൽ സൈറസിന്റെ നേതൃത്വത്തിലുള്ള പേർഷ്യക്കാർ തങ്ങളുടെ മേലാളന്മാരായിരുന്ന മെഡിയക്കാരെ പരാജയപ്പെടുത്തി[2]‌. ഈ വിജയത്തോടെ മെഡിയൻ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി ഹഖാമനി സാമ്രാജ്യം ഉടലെടുത്തു.

ചക്രവർത്തിമാർ

[തിരുത്തുക]

ഹഖാമനീഷ്യൻ സാമ്രാജ്യത്തിലെ ആദ്യത്തെ ചക്രവർത്തിയാണ് മഹാനായ സൈറസ് എന്നറിയപ്പെടുന്ന സൈറസ് രണ്ടാമൻ. ബി.സി.ഇ. 559-ൽ അധികാരമേറ്റ അദ്ദേഹം ബി.സി.ഇ. 549/550-ൽ മെഡിയൻ രാജാവായ അസ്റ്റെയേജെസിനെ[൫] പരാജയപ്പെടുത്തി.[3]‌. ഈ വിജയത്തോടെ ഹഖാമനീഷ്യൻ സാമ്രാജ്യം വടക്കു പടിഞ്ഞാറ് കപ്പാഡോസിയ മുതൽ കിഴക്ക് പാർത്തിയയും ഹൈർക്കാനിയയും വരെയുള്ള ഒരു വലിയ ഭൂവിഭാഗത്തിന്റെ അധികാരികളായി[2]. പടിഞ്ഞാറൻ തുർക്കിയിലെ ലിഡീയ മുതൽ കിഴക്കൻ ഇറാൻ വരെയും വടക്ക് അർമേനിയൻ മലകൾ മുതൽ പേർഷ്യൻ ഉൾക്കടൽ വരെയുള്ള വലിയ ഭൂപ്രദേശമാണ് സൈറസിന്റെ അധീനതയിലായത്. സൈറസ് ആക്രമിച്ചു കീഴടക്കിയതാണോ അതോ മെഡിയരിൽ നിന്നും പിന്തുടർച്ചയായി ലഭിച്ചതാണോ എന്ന് നിശ്ചയമില്ലെങ്കിലും ബി.സി.ഇ. 530-ൽ സൈറസിന്റെ മരണസമയത്ത്, ഈ ഭൂവിഭാഗങ്ങൾ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു.[3].

കാംബൈസസ് രണ്ടാമൻ, ബർദിയ

[തിരുത്തുക]

ബി.സി.ഇ. 530-ൽ സൈറസ് മരണമടഞ്ഞതിനുശേഷം കാംബൈസസ് രണ്ടാമൻ അദ്ദേഹത്തിന്റെ പിൻ‌ഗാമിയായി.[3] ബി.സി.ഇ. 525-ൽ കാംബൈസസ്, ഈജിപ്ത്, ആക്രമിച്ച് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു.[4]

ബി.സി.ഇ. 522 വരെ കാംബൈസസ് അധികാരത്തിലിരുന്നു.[2]. തനിക്കെതിരെയുള്ള ഒരു കലാപം അടിച്ചമർത്തുന്നതിനായി ഈജിപ്തിലേക്ക് പോയ കാംബൈസസ് രണ്ടാമൻ, തന്റെ സേനയോടൊപ്പം അവിടെ നിന്ന് പേർഷ്യയിലേക്ക് തിരിക്കുമ്പോഴാണ് ബി.സി.ഇ. 522-ൽ അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാംബൈസസിന്റെ സഹോദരനായ ബാർദിയ ആണ് ഈ കലാപം നയിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. (ഹെറോഡോട്ടസ് ബാർദിയയെ സ്മെർദിസ് എന്നാണ് വിളിക്കുന്നത്). കാംബൈസസിന്റെ മരണശേഷം ഉടൻ തന്നെ അതായത് ബി.സി.ഇ. 522 ജൂലൈ ഒന്നാം തിയതി ബർദിയ രാജാവായി അധികാരത്തിലേറി. എന്നാൽ ബർദിയയുടെ ഭരണം ഏതാനും മാസങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ.[3]

തന്റെ സഹോദരൻ കാംബൈസസ് അധികാരത്തിലിരിക്കുമ്പോൾ, ബർദിയ, വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശത്തെ സത്രപ് ആയിരുന്നു. കാംബൈസസിനെതിരെ ബർദിയ കലാപത്തിനു പുറപ്പെട്ടപ്പോൾ കൂട്ടായി മെഡിയൻ നേതാക്കളേയും വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളിലെ മറ്റു സത്രപരേയും കൂട്ടുപിടിച്ചിരുന്നു. ഇങ്ങനെ സാമ്രാജ്യത്തിന്റെ വടക്ക് സിഥിയൻ ഭൂരിപക്ഷപ്രദേശങ്ങളും തെക്കുള്ള പേർഷ്യൻ പ്രദേശങ്ങളും തമ്മിലുള്ള ഒരു ചേരിപ്പോര് ഉടലെടുത്തു. ഈ സാഹചര്യം ബർദിയയും, പിന്നീട് ദാരിയസ് ഒന്നാമനും അടക്കമുള്ള നേതാക്കൾ നന്നായി മുതലെടുത്തു എന്നു വേണം കരുതാൻ.

കംബൈസസിന്റെ മരണശേഷം ബർദിയ അധികാരത്തിലേറിയതോടെ തെക്കുള്ള പേർഷ്യൻ നേതാക്കൾ അയാൾക്കെതിരെ കലാപമാരംഭിച്ചു. തുടർന്ന് ബർദിയ മെഡിയയിൽ അഭയം പ്രാപിച്ചു. പേർഷ്യക്കാർ ഇയാളെ ആൾമാറാട്ടക്കാരനായും സിഥിയൻ പുരോഹിതനായും ചിത്രീകരിച്ചു.

പേർഷ്യക്കാരായ മാർഗിയാനയിലെ ഫ്രാദയും പെഴ്സിസിലെ വാഹ്യാസ്‌ദാതയും ബർദിയക്കെതിരെ ശക്തമായ കലാപമുയർത്തി. അറാകോസിയ അടക്കം ഇറാനിയൻ പീഠഭൂമിയുടെ തെക്കുഭാഗം മുഴുവൻ പെട്ടെന്ന് തന്നെ വാഹ്‌യാസ്‌ദാത തന്റെ നിയന്ത്രണത്തിലാക്കി.

ഒരു സിഥിയൻ ആധിപത്യപ്രദേശവും, ഹഖാമനീഷ്യൻ സാമ്രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രവുമായിരുന്ന ബാക്ട്രിയയിൽ നിന്നും ബർദിയക്ക് ഇക്കാലത്ത് സഹായം ലഭിച്ചു.. ബാക്ട്രിയയിൽ നിന്ന് സേനാനായകന്മാരായിരുന്ന ദാദർശിഷ്, പടിഞ്ഞാറ്‌ മാർഗിയാനയിലേക്കും, വിവാന ഹിന്ദുക്കുഷിന് തെക്കോട്ടും കടന്ന് യഥാക്രമം ഫ്രാദയുടേയും വാഹ്‌യാസ്‌ദാതയുടേയും കലാപങ്ങൾക്ക് അറുതി വരുത്തി. എങ്കിലും ഇതിനു മുൻപേ ദാരിയസ് ഒന്നാമൻ ബർദിയയെ കൊലപ്പെടുത്തിയിരുന്നു.

ദാരിയസ് ഒന്നാമൻ

[തിരുത്തുക]

അധികാരത്തിലേറി മൂന്നു മാസം തികഞ്ഞപ്പോഴേക്കും അതായത് ബി.സി.ഇ. 522 സെപ്റ്റംബർ 29-ന് ഹഖാമനീഷ്യൻ വംശത്തിലെ ഒരു യുവാവ്, മെഡിയയിൽ വച്ച് ബർദിയയെ വധിച്ച് അധികാരം പിടിച്ചെടുത്തു. ദാരിയസ് ആയിരുന്നു ഈ കൊലയാളി. തുടർന്ന് ഭരണമേറ്റ ദാരിയസ് ബി.സി.ഇ. 486 വരെ അധികാരത്തിലിരുന്നു.

അധികാലബ്ദിയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമുള്ള തന്റെ ഭാഷ്യം ബെഹിസ്തുൻ ലിഖിതത്തിൽ ദാരിയസ് വിശദീകരിക്കുന്നുണ്ട്. ബർദിയ ഒരു ആൾമാറാട്ടക്കാരനായിരുന്നെന്നും, യഥാർത്ഥ ബർദിയയെ വർഷങ്ങൾക്കു മുൻപ് കാംബൈസസ് വധിച്ചുവെന്നും ദാരിയസ് പറയുന്നു. ഈ ആൾമാറാട്ടക്കാരൻ ഗൗമത എന്ന ഒരു മെഡിയൻ പുരോഹിതനായിരുന്നു എന്നും ദാരിയസ് തുടർന്നു പറയുന്നു. സെപ്റ്റംബർ 29-ന് അധികാരത്തിലേറിയതിനു ശേഷം സാമ്രാജ്യത്തിന്റെ വിവിധകോണുകളിൽ ദാരിയസിനെതിരായി പല അട്ടിമറിശ്രമങ്ങളും നടക്കുകയും, ദാരിയസ് തന്റെ സേനാനായകരോടോത്ത്ത് ഇവയെല്ലാം ഒരു വർഷത്തിനുള്ളിൽ അടിച്ചമർത്തിയെന്നും ബെഹിസ്തൂൻ ലിഖിതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ കാംബൈസസിന്റെ പിൻ‌ഗാമിയായിരുന്ന ബർദിയയുടെ നിരവധി എതിരാളികളിൽ ഒരാൾ മാത്രമായിരുന്നു ദാരിയസ് എന്നാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്. സമാനരായ മറ്റ് എതിരാളികളിൽ നിന്നും വ്യത്യസ്തനായി, ഹഖാമനീഷ്യൻ വംശത്തിൽ ജനിച്ചു എന്നതും, ഒരു ഹഖാമനീഷ്യൻ തലസ്ഥാനത്തു വച്ച് രാജാവിനെ വധിക്കാൻ സാധിച്ചു എന്നതും ദാരിയസിന് താരതമ്യേന എളുപ്പത്തിൽ രാജപദവിയും കൊട്ടാരവും മറ്റു അധികാരസ്ഥാപനങ്ങളുടേയും നിയന്ത്രണം പിടിച്ചടക്കുന്നത് താരതമ്യേന എളൂപ്പമായി. ദാരിയസ് വധിച്ച ബർദിയ, കാംബൈസസിന്റെ യഥാർത്ഥ സഹോദരൻ തന്നെയായിരുന്നെന്നും, ദാരിയസിനെതിരെ എന്ന് അദ്ദേഹം പറയുന്ന കലാപങ്ങൾ യഥാർത്ഥത്തിൽ ബർദിയക്കെതിരായി തുടങ്ങിയതാണെന്നും കരുതപ്പെടുന്നു.[3].

മുൻ‌കാലത്തെപ്പോലെ മെഡിയക്കാരുടെ അടിമകളായി വീണ്ടും മാറാതിരിക്കാൻ ദാരിയസിന്റെ അധികാരലബ്ദി പേർഷ്യക്കാർക്ക് സഹായകരമായെന്നാണ് ഹെറോഡോട്ടസ് അഭിപ്രായപ്പെടുന്നത്.പേർഷ്യക്കാരേയും സിഥിയരേയും ഒരു പോലെ വിശ്വാസത്തിലേടുക്കാൻ സാധിച്ചതാണ് ദാരിയസിന്റെ പ്രധാന നേട്ടം. വടക്കും തെക്കുമായി വിഘടിച്ചു നിന്ന സാമ്രാജ്യത്തെ ഏകീകരിക്കാൻ ദാരിയസിന്റെ നേതൃത്വത്തിന് സാധിച്ചു. അതുകൊണ്ടുതന്നെ പേർഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥാപകപിതാവായും ദാരിയസ് വിലയിരുത്തപ്പെടുന്നു[3].

ഹഖാമനി സാമ്രാജ്യം ശരിയായ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചത് ദാരിയൂസ് ആണ്. ബാബിലോണിയയും, ഈജിപ്തും അദ്ദേഹം തന്റെ നേരിട്ടുള്ള ഭരണത്തിൻകീഴിലാക്കി. സാമ്രാജ്യത്തിന്റെ ശേഷിച്ച ഭാഗങ്ങൾ 20 പ്രവിശ്യകളായി വിഭജിച്ചു. പ്രവിശ്യകൾ 'സത്രപി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രവിശ്യകളിൽ സത്രപ്പ് (ക്ഷത്രപൻ) എന്നറിയപ്പെടുന്ന രാജപ്രതിനിധികൾ ഭരണം നടത്തി.

ക്സെർക്സെസ് ഒന്നാമൻ

[തിരുത്തുക]

ദാരിയൂസിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പുത്രനായ സെർക്സിസ് (519-465) അധികാരത്തിൽ വന്നു (486). ഈജിപ്തിലുണ്ടായ ഒരു ലഹള അമർച്ച ചെയ്തതിനുശേഷം 480-ൽ സെർക്സിസ് ഗ്രീസ് ആക്രമിക്കാനായി പുറപ്പെട്ടു. പേർഷ്യൻ ആക്രമണത്തെക്കുറിച്ച് ഗ്രീക്കുകാർക്കു മുന്നറിയിപ്പ് ലഭിച്ചിരുന്നു. 480. ആഗസ്റ്റ് അവസാനത്തോടുകൂടി സെർക്സിസ് തെർമോപെലി മലയിടുക്കിൽ എത്തി. സ്പാർട്ടായിലെ ഭരണാധികാരികളിൽ ഒരാളായ ലിയോണിദസിന്റെ നേതൃത്വത്തിൽ ഗ്രീക്കുകാർ പേർഷ്യാക്കാരുമായി ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ പേർഷ്യാക്കാർ വിജയിച്ചു; ലിയോണിദസ് വധിക്കപ്പെട്ടു. വഴിയിലുള്ള പ്രദേശങ്ങളെല്ലാം നശിപ്പിച്ചുകൊണ്ട് പേർഷ്യൻ സൈന്യം ആഥൻസിലെത്തി. ആഥൻസ് നഗരം അവർ കൊള്ളചെയ്യുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. എന്നാൽ സലാമിസ് ഉൾക്കടലിൽവച്ച് ആഥൻസിന്റെ നാവികപ്പട പേർഷ്യക്കാരെ നിശ്ശേഷം തോൽപ്പിച്ചു. താമസിയാതെ സെർക്സിസ് പേർഷ്യയിലേക്കു മടങ്ങി. ഗ്രീസിലെ സൈനിക നടപടികളുടെ ചുമതല അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഏൽപിച്ചു. എന്നാൽ അവർക്ക് അവിടെ ഒന്നും നേടാൻ സാധിച്ചില്ല. 479-ൽ പ്ളറ്റിയയിലെ കരയുദ്ധവും മൈക്കേലിലെ (Mycale) കടൽ യുദ്ധവും പേർഷ്യാക്കാരുടെ പരാജയത്തിൽ കലാശിച്ചു. ഇതോടുകൂടി ഗ്രീസിൽ നിന്നും പിന്മാറുവാൻ അവർ നിർബന്ധിതരായി.[5]

സെർക്സിസിനു ശേഷം

[തിരുത്തുക]

പേർഷ്യയിലെ തുടർന്നുള്ള സംഭവങ്ങൾ ഗൂഢാലോചനകളുടെയും കൊലപാതകങ്ങളുടെയും അധികാര മൽസരങ്ങളുടെയും ചരിത്രമാണ്. ബി.സി. 465-ൽ സെർക്സിസ് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ വച്ച് വധിക്കപ്പെട്ടു. അപ്രാപ്തരായ ഏതാനും ഭരണാധികാരികളാണ് അദ്ദേഹത്തെ പിൻതുടർന്നത്. അവർ ആർട്ടാസെർക്സിസ് ഒന്നാമൻ, സെർക്സിസ് രണ്ടാമൻ, സോഗ്ഡിയാനസ്, ദാരിയൂസ് രണ്ടാമൻ, ആർട്ടാ സെർക്സിസ് രണ്ടാമൻ, ആർട്ടാ സെർക്സിസ് മൂന്നാമൻ, ആർസിസ്, ദാരിയൂസ് മൂന്നാമൻ എന്നിവരാണ്.


ആർട്ടാ സെർക്സിസ് ഒന്നാമന്റെയും സെർക്സിസ് രണ്ടാമന്റെയും ദാരിയൂസ് രണ്ടാമന്റെയും കാലത്ത് അക്കമീനിയൻ സാമ്രാജ്യം ദ്രുതഗതിയിൽ അധഃപതിച്ചു. ദാരിയൂസ് രണ്ടാമന്റെ മരണശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രൻ ആർട്ടാസെർക്സിസ് രണ്ടാമൻ സിംഹാസനാരോഹണം ചെയ്തു. എന്നാൽ രാജമാതാവായ പാരിസാറ്റിസ് അവരുടെ ഇളയ പുത്രൻ സൈറസ് അധികാരത്തിൽ വന്നുകാണുവാൻ ആഗ്രഹിച്ചു. 13,000 ഗ്രീക്കുപടയാളികളുടെ സഹായത്തോടുകൂടി സൈറസ് സഹോദരനെ എതിർത്തെങ്കിലും ബി.സി. 401-ൽ കുനാക്സ യുദ്ധത്തിൽ സൈറസ് വധിക്കപ്പെട്ടു.

ചക്രവർത്തിമാരുടെ പട്ടിക

[തിരുത്തുക]
ഹഖാമനി വംശത്തിലെ പൂർവികർ
രാജാവ് വിവരങ്ങൾ ഭരണകാലം
ഹഖാമനി/അക്കീമെനിസ്[൪] ഇദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ പേര് ഉടലെടുത്തത്. ബി.സി.ഇ. ഏഴാം നൂറ്റാണ്ട്
ശീഷിഷ്/ടെയ്സ്പെസ് ഹഖാമനിയുടെ പുത്രൻ
സൈറസ് ഒന്നാമൻ ടെസ്പെസിന്റെ പുത്രൻ
കാംബൈസസ് ഒന്നാമൻ സൈറസ് ഒന്നാമന്റെ പുത്രൻ
സാമ്രാജ്യത്തിലെ ചക്രവർത്തിമാർ
ചക്രവർത്തി വിവരങ്ങൾ ഭരണകാലം
സൈറസ് രണ്ടാമൻ കാംബൈസസിന്റെ പുത്രൻ - മഹാനായ സൈറസ് എന്നറീയപ്പെടുന്നു - സാമ്രാജ്യസ്ഥാപകനായി കണക്കാക്കപ്പെടുന്നു ബി.സി.ഇ. 559-530
കാംബൈസസ് രണ്ടാമൻ സൈറസ് രണ്ടാമന്റെ പുത്രൻ ബി.സി.ഇ. 530-522
ബർദിയ/സ്മെർഡിസ് കാംബൈസസ് രണ്ടാമന്റെ സഹോദരൻ ബി.സി.ഇ. 522
ദാരിയസ് ഒന്നാമൻ ഹഖാമനി വംശത്തിൽപ്പെട്ട ഒരു സത്രപിന്റെ പുത്രൻ - ബർദിയയിൽ നിന്നും അധികാരം പിടിച്ചെടുത്തു ബി.സി.ഇ. 522-485
ക്സെർക്സെസ് ഒന്നാമൻ ദാരിയുസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 485-465
അർടാക്സെർക്സെസ് ഒന്നാമൻ ക്സെർക്സെസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 465-424
ക്സെർക്സെസ് രണ്ടാമൻ അർടാക്സെർക്സെസ് ഒന്നാമന്റെ പുത്രൻ ബി.സി.ഇ. 424
സോഗ്ദിയാനുസ് ക്സെർക്സെസ് രണ്ടാമന്റെ അർദ്ധസഹോദരനും പ്രതിയോഗിയുമായിരുന്നു ബി.സി.ഇ.424-423
ദാരിയുസ് രണ്ടാമൻ ക്സെർക്സെസ് രണ്ടാമന്റെ അർദ്ധസഹോദരനും പ്രതിയോഗിയുമായിരുന്നു ബി.സി.ഇ. 423-405
അർടാക്സെർക്സെസ് രണ്ടാമൻ ദാരിയുസ് രണ്ടാമന്റെ പുത്രൻ ബി.സി.ഇ. 404-359
അർടാക്സെർക്സെസ് മൂന്നാമൻ അർടാക്സെർക്സെസ് രണ്ടാമന്റെ പുത്രൻ ബി.സി.ഇ. 358-338
അർടാക്സെർക്സെസ് നാലാമൻ അർടാക്സെർക്സെസ് മൂന്നാമന്റെ പുത്രൻ ബി.സി.ഇ. 338-336
ദാരിയുസ് മൂന്നാമൻ ദാരിയുസ് രണ്ടാമന്റെ പൗത്രന്റെ പുത്രൻ (great grandson) ബി.സി.ഇ. 336-330
ബെസ്സസ്/അർടാക്സെർക്സെസ് അഞ്ചാമൻ ബാക്ട്രിയയുടെ സത്രപ് ആയിരുന്ന ബെസ്സസ്, അലക്സാണ്ടറുടെ ആക്രമണകാലത്ത് ചക്രവർത്തിയായിരുന്ന ദാരിയസ് മൂന്നാമനെ വധിച്ചതിനു ശേഷം സ്വയം രാജാവായി പ്രഖ്യാപിച്ചു. ബി.സി.ഇ. 330-329

അവസാനം

[തിരുത്തുക]

അവസാനത്തെ പേർഷ്യൻ ചക്രവർത്തിയായ ദാരിയൂസ് മൂന്നാമനെ (ഭരണകാലം: ബി.സി.ഇ. 336 - 330) മഹാനായ അലക്സാണ്ടർ പല യുദ്ധങ്ങളിലും തോൽപിച്ചു. അലക്സാണ്ടറുടെ ആക്രമണമായിരുന്നു ഹഖാമനി സാമ്രാജ്യത്തിന്റെ പതനത്തിന്‌ കാരണമെന്നു പറയാമെങ്കിലും ആഭ്യന്തരപ്രശ്നങ്ങളും ഈ പതനത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ട്. ബി.സി.ഇ. 334-ൽ അലക്സാണ്ടർ ഏഷ്യാ മൈനർ ആക്രമിച്ച് തന്റെ ആക്രമണപരമ്പരക്ക് തുടക്കമിട്ടു[6]‌.

ബി.സി.ഇ. 334-ലെ ഗ്രാനിക്കസ് യുദ്ധം, 332-ലെ ഇസ്സസ് യുദ്ധം, 331-ലെ ഗോഗമേല യുദ്ധം എന്നീ യുദ്ധങ്ങളിലൂടെ ഈജിപ്ത് അടക്കമുള്ള പേർഷ്യൻ സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങൾ അലക്സാണ്ടറുടെ അധീനതയിലായി. ഇസസ് യുദ്ധത്തിൽ അലക്സാണ്ടർ ദാരിയൂസിനെ യുദ്ധക്കളത്തിൽനിന്ന് തോൽപ്പിച്ചോടിക്കുകയായിരുന്നു. അതിനുശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ അലക്സാണ്ടർ അധീനതയിലാക്കാൻ ശ്രമിച്ചു. ബി.സി. 331-ലെ അർബേലാ യുദ്ധം പേർഷ്യൻ സാമ്രാജ്യത്തിന്റെ വിധി നിർണയിച്ചു. ദാരിയൂസ് മീഡിയയിലെ പർവതപ്രദേശങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടു. ബാബിലോണിയ അലക്സാണ്ടർക്ക് കീഴടങ്ങി. തുടർന്ന് അലക്സാണ്ടർ പേർഷ്യൻ രാജാക്കന്മാരുടെ വേനൽക്കാല തലസ്ഥാനമായ സൂസാ നഗരം കൈവശപ്പെടുത്തി. ബി.സി.ഇ. 330-ന്റെ ആരംഭത്തിൽ പെർസെപോളിസും കീഴടക്കി. പെഴ്സെപോളിസിലും സൈറസിന്റെ ആദ്യകാലത്തെ തലസ്ഥാനമായിരുന്ന പാസർഗാഡേയിലും ഉണ്ടായിരുന്ന സമ്പത്തുകളെല്ലാം അലക്സാണ്ടർക്ക് അധീനമായി.

തുടർന്ന് ദാരിയസ് മൂന്നാമൻ അഭയം നേടിയിരുന്ന എക്ബാത്താനയിലേക്ക് അലക്സാണ്ടർ തിരിച്ചു. ഇക്കാലത്ത് ബാക്‌ട്രിയയിലെ സത്രപ് ആയിരുന്ന ബെസ്സസ് എക്‌ബാത്താനയിൽ ദാരിയസ് മൂന്നാമനെ ബന്ധിയാക്കി വച്ചിരിക്കുകയായിരുന്നു. അലക്സാണ്ടർ ഇവിടെയെത്തുന്ന സമയത്ത്, ബെസ്സസ്, ദാരിയസ് മൂന്നാമനെ വധിക്കുകയും അർടാക്സെർ‌ക്സെസ് എന്ന പേരിൽ സ്വയം പേർഷ്യൻ സാമ്രാജ്യത്തിന്റെ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. അലക്സാണ്ടറുടെ വരവറിഞ്ഞ ബെസ്സസ് എക്ബത്താന ഉപേക്ഷിച്ച് ബാക്ട്രിയയിലേക്ക് മടങ്ങി. പിന്തുടർന്ന അലക്സാണ്ടർ, ബാക്ട്രിയയടക്കമുള്ള ശേഷിച്ച കിഴക്കൻ പ്രദേശങ്ങളും കീഴടക്കുകയും ബെസ്സസിനെ വധിക്കുകയും ചെയ്തു.

സംസ്കാരം

[തിരുത്തുക]

അരമായ ഭാഷയുടെ വളർച്ച

[തിരുത്തുക]

അരമായ ഭാഷയുടേയും അതിന്റെ ലിപിയുടേയ്യും വളർച്ചക്ക് ഹഖാമനിഷിയാൻ സാമ്രാജ്യത്തിന്റെ സംഭാവന വളരെ വലുതാണ്. സാമ്രാജ്യത്തിന്റെ അധീനപ്രദേശങ്ങളിലെല്ലാം ഈ ഭാഷ പ്രചരിപ്പിക്കപ്പെട്ടു. പല ദേശങ്ങളിലും, പ്രത്യേകിച്ച് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തെ പ്രാദേശിക ഭാഷകൾ എഴുതുന്നതിന് അരമായ ലിപി ഉപയോഗിക്കപ്പെട്ടു. ഹഖാമിനീഷിയൻ സാമ്രാജ്യത്തിന്റെ പതനത്തിനു ശേഷവും, പാർത്തിയൻ, സോഗ്ദിയൻ, ഖ്വാറസ്മിയൻ തുടങ്ങിയ ഭാഷകൾ എഴുതുന്നതിന് അരമായ ലിപി ഉപയോഗിക്കപ്പെട്ടു വന്നു. പ്രാകൃതഭാഷ എഴുതുന്നതിന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ അരമായ ലിപി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ, അരമായ ലിപി, ഖരോശ്തി എന്ന പേരിൽ രൂപാന്തരം പ്രാപിച്ചു. ഹഖാമനീഷ്യൻ സാമ്രാജ്യകാലത്തിന് നൂറ്റാണ്ടുകൾക്കു ശേഷവും വടക്കു പടിഞ്ഞാറൻ ഇന്ത്യ, മദ്ധ്യേഷ്യ, പടിഞ്ഞാറൻ ചൈന എന്നിവിടങ്ങൾ ഖരോശ്തി ലിപി ഉപയോഗത്തിലിരുന്നു[3].

സൊരാസ്ട്രിയൻമതം അക്കമീനിയൻ സാമ്രാജ്യത്തിൽ പൂർണമായി അംഗീകൃതമായില്ലെങ്കിലും അത് സാമാന്യം സുശക്തമായി അക്കാലത്തുതന്നെ വ്യാപിക്കാൻ തുടങ്ങി. അവിടെ മതസ്വാതന്ത്ര്യം അനുവദിച്ചിരുന്നു.

സൊറോസ്ട്രിയൻ പരമ്പരാഗത ഗ്രന്ഥങ്ങളായ ഗാഥാകളിൽ പരാമർശിക്കപ്പെടുന്ന ആചാരങ്ങളല്ല പിന്തുടർന്നിരുന്നത് എന്നതുകൊണ്ടൂം, സറാത്തുസ്ത്രക്ക് എവിടെയും പ്രാധാന്യം നൽകാത്തതുകൊണ്ടും യാഥാസ്ഥിതിക സൊറോസ്ട്രിയൻ മതവിശ്വാസമല്ല ഹഖാമനികൾക്കുണ്ടായിരുന്നതെന്ന് കണക്കാക്കുന്നു. എങ്കിലും ഹഖാമനികളുടെ മതത്തിന്, പ്രത്യേകിച്ച് ദാരിയസിന്റെ കാലം മുതൽ സൊറോസ്ട്രിയൻ മതാചാരങ്ങളുമായി നല്ല സാമ്യമുണ്ട്. 1933-34 കാലയളവിൽ പെഴ്സെപോളിസിലെ ഖനനങ്ങളിൽ നിന്ന് കണ്ടെത്തിയ ഈലമൈറ്റ് ലിഖിതങ്ങൾ (ഇവ ദാരിയസ് ഒന്നാമൻ, ക്സെർക്സെക്സ്, അർട്ടാക്സെർക്സെസ് ഒന്നാമൻ എന്നിവരുടെ കാലത്തെയാണ് - 509-458 ബി.സി.ഇ.), ഹഖാമനി കാലത്തെ മതപരമായ ആചാരങ്ങളിലേക്ക്ക് വെളിച്ചം വീശുന്നതാണ്. നിരവധി ദൈവങ്ങളുടേയ്യും പൂജാരികളുടേയും മതപരമായ ചടങ്ങുകളേയ്യും പറ്റി ഇതിൽ നിന്ന് അറീയാൻ സാധിച്ചിട്ടുണ്ട്. അഹൂറ മസ്ദയടക്കമുള്ള അവെസ്തൻ ദൈവങ്ങൾക്ക് ബലിയർപ്പിക്കപ്പെട്ടിരുന്നു. ഇതിനു പുറമേ‌ നദികളുടേയും മലകളുടേയും പ്രദേശങ്ങളുടേയും പേരിലുള്ള ദൈവങ്ങൾക്കും ബലിയർപ്പിക്കപ്പെട്ടിരുന്നു.[7]

കല, സാഹിത്യം

[തിരുത്തുക]

അക്കമീനിയൻ ചക്രവർത്തിമാർ സാഹിത്യാദി കലകളെയും ശിൽപ്പകലകളെയും പ്രോൽസാഹിപ്പിച്ചു. പേർസിപ്പൊലിസിലുള്ള ശിൽപ്പവേലകൾ പേർഷ്യൻ ശിൽപ്പകലയ്ക്ക് ഉത്തമോദാഹരണമാണ്. ക്യൂനിഫോമിൽ എഴുതിയിട്ടുള്ള സാഹിത്യമാണ് അക്കാലത്ത് പ്രചരിച്ചിരുന്നത്. ലേഖനവിദ്യ സാമ്രാജ്യത്തിന്റെ വിദൂര പ്രവിശ്യകളിലും പ്രചരിച്ചു. സാമ്രാജ്യത്തിലുടനീളം റോഡുകൾ നിർമിച്ചിരുന്നു. സന്ദേശവാഹകന്മാർ മുഖേനയുള്ള വാർത്താവിനിമയ സമ്പ്രദായം നിലവിലിരുന്നു. അരമായ ഭാഷയാണ് അവിടെ പ്രയോഗത്തിലിരുന്നത്. ഈ സാമ്രാജ്യത്തിന്റെ 2500-ാ വാർഷികം 1971-ൽ ഇറാനിൽ സാഘോഷം കൊണ്ടാടി.

കുറിപ്പുകൾ

[തിരുത്തുക]
  • ^ അക്കീമെനിഡ് സാമ്രാജ്യത്തിന്റെ കൊടിയടയാളം ക്രിംസൺ പശ്ചാത്തലത്തിൽ സ്വർണ്ണ നിറമുള്ള ഫാൽക്കൺ ആയിരുന്നു[8][9]
  • ^ ഔദ്യോഗികമായി ഈ സാമ്രാജ്യത്തിന് മതം ഉണ്ടായിരുന്നില്ല. സമൂഹത്തിലെ ഉന്നത കുലജാതരുടെ ഇടയിൽ മാത്രം സൊറാസ്ട്രിയനിസം പ്രചരിച്ചിരുന്നു. രാജകുടുംബത്തിന്റെയും മതം സൊറാസ്ട്രിയനിസം ആയിരുന്നു. എന്നാൽ ജൂതമതം തുടങ്ങിയ മറ്റു പല മതങ്ങളും ജനങ്ങൾ ആചരിച്ചിരുന്നു.
  • ^ ബാബിലോണിയയിൽ നിന്നും ലഭിച്ച ചരിത്രാവശിഷ്ടങ്ങളിലെ വിവരങ്ങളനുസരിച്ച്, സൈറസ്, കാംബൂസിയയുടെ (കാംബൈസസ്) പുത്രനും കുറാഷിന്റെ (സൈറസ് ഒന്നാമൻ) പൗത്രനുമാണ്. കുറാഷ്, ശീഷ്പീഷിന്റെ (Shishpish) (ടെയ്സ്പെസ്/Teispes) പുത്രനുമായിരുന്നു. ഏവരും അൻഷാനിലെ രാജാക്കന്മാരായിരുന്നു[10]
  • ^ ഹഖാമനി എന്നത്, പിൽക്കാലത്ത് ദാരിയസ് ഒന്നാമൻ പടച്ചുണ്ടാക്കിയ ഒരു സാങ്കൽപ്പികപൂർവ്വികൻ ആണെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു[1]
  • ^ ഹെറോഡോട്ടസിന്റെ അഭിപ്രായത്തിൽ സൈറസ്, അസ്റ്റയേജസിന്റെ പൗത്രനാണ്.[3]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Jamie Stokes (2009). Encyclopedia of the Peoples of Africa and the Middle East, Volume 1. Infobase Publishing. pp. 2–3.
  2. 2.0 2.1 2.2 Voglesang, Willem (2002). "6-Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 91. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  3. 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Voglesang, Willem (2002). "7- Opening up to the west=96-108". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Maria Brosius (2006). The Persians: an introduction. Taylor & Francis. pp. 13 (at the bottom of the page).
  5. http://www.facebook.com/pages/Achaemenid-Empire/108322519196415 Achaemenid Empire
  6. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 114–120. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  7. Vesta Sarkhash Curtis and Sarah Steward (2005). "3-The Achaemenids and Avesta (P.(. SkjærvФ (Harvard University) - Introduction". Birth of the Persian Empire Volume I. New York: IB Tauris & Co. Ltd. London. pp. 52–53. ISBN 1845110625. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. "Vexilloid of |the Achaemenid Empire:". Archived from the original on 2008-06-26. Retrieved 2008-06-26.
  9. "Flags |of Persian History:". Archived from the original on 2005-05-28. Retrieved 2005-05-28.
  10. Vesta Sarkhash Curtis and Sarah Steward (2005). "Cyrus the Great and the Kingdom of Anshan". Birth of the Persian Empire Volume I. New York: IB Tauris & Co. Ltd. London. p. 13. ISBN 1845110625. {{cite book}}: Cite has empty unknown parameter: |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹഖാമനി_സാമ്രാജ്യം&oldid=3621940" എന്ന താളിൽനിന്ന് ശേഖരിച്ചത്