ഹംഫ്രി ഡേവി
സർ ഹംഫ്രി ഡേവി | |
---|---|
ജനനം | |
മരണം | 29 മേയ് 1829 ജനീവ, സ്വിറ്റ്സർലന്റ് | (പ്രായം 50)
ദേശീയത | ബ്രിട്ടീഷ് |
അറിയപ്പെടുന്നത് | വൈദ്യുത വിശേഷണം, സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ബേറിയം, ബോറോൺ, ഡേവി റാന്തൽ |
Scientific career | |
Fields | രസതന്ത്രം |
Institutions | റോയൽ സൊസൈറ്റി, Royal Institution |
സോഡിയം, പൊട്ടാസ്യം എന്നീ ലോഹങ്ങൾ വേർതിരിക്കുകയും ക്ലോറിനും അയൊഡിനും മൂലകങ്ങളാണെന്ന് നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ സുരക്ഷാ വിളക്ക് കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തി നേടിയ ബ്രിട്ടിഷ് രസതന്ത്രജ്ഞനാണ് സർ ഹംഫ്രി ഡേവി.
ആദ്യകാല ജീവിതം
[തിരുത്തുക]1778 ഡിസംബർ 17-ന് ഇംഗ്ലണ്ടിലെ പെൻസാൻസിൽ ഡേവി ജനിച്ചു. സാഹിത്യത്തിലും തത്ത്വശാസ്ത്രത്തിലുമായിരുന്നു ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ചിരിവാതകം എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ രസതന്ത്ര ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. 1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വോൾ ടായിക് സെല്ലുകൾ, ടാനിങ്, ധാതുവിശ്ലേഷണം എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.
കണ്ടു പിടുത്തങ്ങൾ
[തിരുത്തുക]സഹായിയായിരുന്ന മൈക്കൽ ഫാരഡെയിലെ ശാസ്ത്രപ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും ഡേവിയാണ്. ഇവരുടെ കൂട്ടായ ഗവേഷണങ്ങളുടെ ഫലമാണ് പുതിയതരം സ്റ്റോറേജ് ബാറ്ററി. വൈദ്യുത വിശ്ലേഷണത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധത്തിന് (ഓൺ സം കെമിക്കൽ ഏജൻസീസ് ഒഫ് ഇലക്ട്രിസിറ്റി) ഇൻസ്റ്റിറ്റ്യൂട്ട് ദ് ഫ്രാൻസിന്റെ നെപ്പോളിയൻ അവാർഡ് ലഭിച്ചു. ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം നടക്കുന്ന കാലത്താണ് ഡേവി ആദരിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധേയമാണ്. സോഡിയം, പൊട്ടാസിയം എന്നിവയെ വൈദ്യുത വിശ്ലേഷണം വഴി അവയുടെ സംയുക്തങ്ങളിൽ നിന്ന് ഇദ്ദേഹം വേർതിരിച്ചു കാണിച്ചു (1808). മ്യൂറിയാറ്റിക് അമ്ലത്തിന്റെ വിഘടനം വഴിയുണ്ടാവുന്ന പച്ചനിറമുള്ള വാതകത്തിനുമേൽ വൈദ്യുതിയുടെ പ്രഭാവമില്ലായ്മ കണ്ടെത്തിയ ഡേവി, ഈ വാതകം ഒരു മൂലകമാണെന്നു സ്ഥാപിക്കുകയും അതിന് ക്ലോറിൻ എന്ന് നാമകരണം നടത്തുകയും ചെയ്തു (1810). തുടർന്ന് 1813-ൽ ക്ലോറിനു സമാനമായ സ്വഭാവം ഉള്ള അയൊഡിൻ എന്ന മൂലകവും ഇദ്ദേഹം കണ്ടുപിടിച്ചു. ബോറാക്സിൽ പൊട്ടാസിയം ചേർത്തു ചൂടാക്കി ബോറോൺ വേർതിരിച്ചതും ഡേവിയുടെ സംഭാവനയാണ്. ഹൈഡ്രോക്ലോറിക് അമ്ലത്തിന്റെ ശരിയായ രാസയോഗം (HCl) കണ്ടുപിടിക്കുക വഴി എല്ലാ അമ്ലങ്ങളിലും ഓക്സിജൻ അടങ്ങിയിട്ടുണ്ട് എന്ന ലാവോസിയറിന്റെ സിദ്ധാന്തം തെറ്റാണെന്ന് ഡേവി തെളിയിച്ചു. ലോഹങ്ങൾ വിളക്കാനുപയോഗിക്കുന്ന വൈദ്യുത ആർക്ക് ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടിത്തമാണ് (1808). 1812-ൽ പ്രിൻസ് റീജന്റ് സർ സ്ഥാനം നല്കി ഡേവിയെ ബഹുമാനിച്ചു.
ഇംഗ്ലണ്ടിലെ കൽക്കരിഖനികളിൽ നിരന്തരമായുണ്ടാവുന്ന സ്ഫോടനങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരം നിർദ്ദേശിക്കാൻ 1815-ൽ ഡേവി നിയുക്തനായി. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളു ടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് അക്കാലത്ത് കൽക്കരി ഖനനം നടത്തിയിരുന്നത്. ഖനിയിലെ മീഥേൻ-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു. ഈ കണ്ടുപിടിത്തത്തിന് റോയൽ സൊസൈറ്റിയുടെ സ്വർണ മെഡൽ ഡേവിക്കു ലഭിച്ചു. 1818-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയുടെ പ്രസിഡന്റു പദവിയിൽ നിയുക്തനായി.
ആരോഗ്യനില മോശമായതിനെത്തുടർന്ന് 1827-ൽ തത്സ്ഥാനം രാജിവക്കേണ്ടി വന്നു. 1829 മേയ് 29-ന് ഹൃദയാഘാതം മൂലം ജനീവയിൽ ഇദ്ദേഹം മരണമടഞ്ഞു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഹംഫ്രി (1778-1829) ഡേവി, ഹംഫ്രി (1778-1829) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |