Jump to content

സ്വെയ്ൻസ് ദ്വീപ്

Coordinates: 11°03′20″S 171°04′40″W / 11.05556°S 171.07778°W / -11.05556; -171.07778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വൈൻസ് ദ്വീപ്
Disputed island
Other names: ഒലോസേഗ ദ്വീപ്, ഒലോഹേഗ ദ്വീപ്, ക്വിറോസ് ദ്വീപ്, ജെന്റെ ഹെർമോസ ദ്വീപ്, ജെന്നിംഗ്സ് ദ്വീപ്
സ്വൈൻസ് ദ്വീപ്
Geography
Location പെസഫിക് മഹാസമുദ്രം
Coordinates 11°03′20″S 171°04′40″W / 11.05556°S 171.07778°W / -11.05556; -171.07778
Archipelago ടോക്‌ലൗ
Total islands 2 (ഒരെണ്ണം വളരെ ചെറുതാണ്)
Major islands സ്വൈൻസ് ദ്വീപ്
Area 372.6 acres (150.8 ha)
Administered by
 അമേരിക്കൻ ഐക്യനാടുകൾ
പ്രദേശം  American Samoa
Claimed by
 ന്യൂസിലാന്റ്
പ്രദേശം  Tokelau
 അമേരിക്കൻ ഐക്യനാടുകൾ
പ്രദേശം  American Samoa
Demographics
Population 37 (as of 2005)

സ്വൈൻസ് ദ്വീപ് (/[invalid input: 'icon']ˈswnz/; സമോവൻ: ഒലോസേഗ) ടോക്‌ലവ് ദ്വീപസമൂഹത്തിലെ ഒരു അറ്റോൾ ആണ്. സാംസ്കാരികമായി ഇത് ടോക്‌ലവിന്റെ ഭാഗമാണ്. അമേരിക്കൻ സമോവയുടെ ഭാഗമെന്ന നിലയിൽ ഇപ്പോൾ ഈ ദ്വീപ് അമേരിക്കൻ ഐക്യനാടുകളിലെ ഒരു ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ്. സ്വൈൻസ് ദ്വീപ് ഒലോസേഗ ദ്വീപ്, ഒലോഹേഗ ദ്വീപ്, ക്വിറോസ് ദ്വീപ്, ജെന്റെ ഹെർമോസ ദ്വീപ്, ജെന്നിംഗ്സ് ദ്വീപ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. ജെന്നിംഗ്സ് കുടുംബമാണ് ഈ ദ്വീപിന്റെ ഉടമസ്ഥർ. കൊപ്ര ഉണ്ടാക്കാനായി തോട്ടമായി ഉപയോഗിക്കുന്ന ദ്വീപിൽ ടോക്‌ലവ് സ്വദേശികളായ 37-ൽ പരം ആൾക്കാരുണ്ട്. ഇവരാണ് ദ്വീപിൽ തേങ്ങായിടുന്നത്.

ഭൂമിശാസ്ത്രവും മനുഷ്യരും

[തിരുത്തുക]

460.9 ഏക്കറാണ് സ്വൈൻസ് ദ്വീപിന്റെ വിസ്തീർണ്ണം. ഇതിൽ 373 ഏക്കർ കരഭൂമിയാണ്. ദ്വീപിനു മദ്ധ്യത്തിലുള്ള ലഗൂണാണ് ബാക്കി പ്രദേശം. 764 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മറ്റൊരു ദ്വീപ് ലഗൂണിന്റെ കിഴക്കു ഭാഗത്തായി ഉണ്ട്.

ഈ അറ്റോൾ കുറച്ച് അസാധാരണമാണ്. വൃത്താകൃതിയിലുള്ള കര നടുവിലുള്ള ശുദ്ധജലം നിറഞ്ഞ ലഗൂണിനെ ചുറ്റി കാണപ്പെടുന്നത് അപൂർവ്വമാണ്. അടുത്തകാലത്തായി ഈ ലഗൂണിലെ വെള്ളത്തിന് ഉപ്പുരസമുണ്ടെന്ന് അമേരിക്കൻ കോസ്റ്റ് ഗാർഡിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. ധാരാളം കൊതുകുകളും ഇവിടെ വളരുന്നുണ്ട്. [1] 2007 ഏപ്രിലിൽ ഒരു പര്യവേഷകസംഘം ലഗൂണിലെ വെള്ളം കുളിക്കാനും കഴുകാനും മാത്രമുതകുന്ന തരത്തിൽ ഉപ്പുരസം കലർന്നതാണെന്ന് കണ്ടെത്തുകയുണ്ടായി. ദ്വീപിൽ ആ സമയത്ത് ശുദ്ധജലക്ഷാമമുണ്ടായിരുന്നു. [2] അമേരിക്കൻ ഐക്യനാടുകളുടെ ഇന്റീരിയർ ഡിപ്പാർട്ട്മെന്റ് പറയുന്നത് ദ്വീപിലെ കുടിവെള്ളം മുഴുവൻ മഴവെള്ളസംഭരണികളിൽ നിന്നാണെന്നാണ്. [3]

സ്വൈൻസ് ദ്വീപിലെ ലഗൂൺ
സ്വൈൻസ് ദ്വീപിലെ റോഡ്

2005-ലെ കണക്കനുസരിച്ച് സ്വൈൻസ് ദ്വീപിലെ ജനസംഖ്യ 37 ആണ്. എല്ലാവരും താമസിക്കുന്നത് ടൗലേഗ എന്ന ഗ്രാമത്തിലാണ്. ദ്വീപിന്റെ പടിഞ്ഞാറുവശത്താണീ ഗ്രാമം. 2005-നു മുൻപ് ഗ്രാമത്തിൽ ഇരുപതോളം ടോക്‌ലവ് ശൈലിയിലുള്ള ഫലേ (fale) എന്ന തരം വീടുകളും മലേ (malae) എന്നു വിളിക്കുന്ന ഒരു തുറന്ന സ്ഥലവും വലിയ ഒരു കൊപ്ര സൂക്ഷിക്കുന്ന കെട്ടിടവുമാണുണ്ടായിരുന്നത്. കൊപ്ര സൂക്ഷിക്കുന്ന കെട്ടിടം ടൗൺ ഹാളും ശുദ്ധജലം ശേഖരിക്കാനുള്ള സംവിധാനവുമായി പ്രവർത്തിക്കുന്നു. വാർത്താവിനിമയത്തിനായുള്ള ഒരു കെട്ടിടം, സ്കൂൾ, പള്ളി എന്നിവയാണ് ഗ്രാമത്തിലെ മറ്റു കെട്ടിടങ്ങൾ. 2005-ലെ കൊടുങ്കാറ്റ് (പേഴ്സി) പള്ളി ഒഴികെയുള്ള കെട്ടിടങ്ങളെയെല്ലാം തകർത്തുകളഞ്ഞു. ഇതിനുശേഷം മറ്റു കെട്ടിടങ്ങൾ പുനർനിർമ്മിക്കപ്പെടുകയുണ്ടായി. [4]

ദ്വീപിന്റെ വടക്കുകിഴക്കുഭാഗത്ത് ദ്വീപിന്റെ ഉടമസ്ഥർക്കുണ്ടായിരുന്ന ഗ്രാമം (എറ്റേണ) ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന റെസിഡൻസിയിൽ 1800-കളിൽ നിർമിച്ച നാലു കിടപ്പുമുറികളുള്ള ഒരു കെട്ടിടമുണ്ടായിരുന്നു. ജെന്നിംഗ്സ് കുടുംബത്തിന്റേതായിരുന്നു ഈ വീട്. 1920-കളിൽ ഇവിടം സന്ദർശിച്ച ഒരാൾ ഈ കെട്ടിടം സുന്ദരമായിരുന്നുവെങ്കിലും ശ്രദ്ധക്കുറവുമൂലം നശിക്കാറായ നിലയിലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഭാഗങ്ങൾ ആ സമയത്ത് ഉപയോഗിക്കപ്പെടുന്നുണ്ടായിരുന്നില്ല. [5] ദ്വീപിന്റെ ചുറ്റും കടൽത്തീരത്തിനടുത്തായി ഒരു റോഡ് പണ്ടുകാലത്തുണ്ടായിരുന്നു. ഇത് അടുത്തകാലത്ത് ഒരു നടപ്പാതയായി ചുരുങ്ങിയിട്ടുണ്ട്. [6]

സ്വൈൻസ് ദ്വീപ് വാസികൾ പ്രധാനമായും സംസാരിക്കുന്ന ഭാഷ ടോക്‌ലവൻ ഭാഷയാണ്. ഇംഗ്ലീഷാണ് അമേരിക്കൻ സമോവയിലെ പ്രധാന ഭരണഭാഷ.

ചരിത്രം

[തിരുത്തുക]

സ്പെയിനിനു വേണ്ടി പര്യവേഷണം നടത്തുകയായിരുന്ന പെഡ്രോ ഫെർണാണ്ടസ് ഡി ക്വൈറോസ് എന്ന പോർച്ചുഗീസ് നാവികനാണ് സ്വൈൻസ് ദ്വീപ് സന്ദർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി എന്ന് കരുതപ്പെടുന്നു. 1606 മാർച്ച് 2-നാണ് അദ്ദേഹം ഇവിടെയെത്തിയത്. ഐല ഡെ ലാ ജെന്റെ ഹെർമോസ (സുന്ദരരായ മനുഷ്യരുടെ നാട്) എന്നാണ് അദ്ദേഹം ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്.

ഇതിനുശേഷം ടോക്‌ലവ് ദ്വീപസമൂഹത്തിൽപ്പെട്ട ഫാകോഫോ ദ്വീപിൽ നിന്ന് ഇവിടേയ്ക്ക് ഒരു സംഘം ആൾക്കാർ എത്തി. ഈ ദ്വീപിലെ ആണുങ്ങളെയെല്ലാം ഇവർ കൊന്നൊടുക്കുകയോ തുരത്തിയോടിക്കുകയോ ചെയ്തു. സ്ത്രീകളെ ഫാകോഫോയിലേയ്ക്ക് തട്ടിക്കൊണ്ടുപോവുകയാണുണ്ടായത്. ഫാക്കോഫോ വാസികൾ ഇവിടെ താമസമുറപ്പിച്ചെങ്കിലും അത് അധികം കാലം നീണ്ടുനിന്നില്ല. ഈ ദ്വീപിലെ അവസാന ഗോത്രത്തലവൻ ശപിച്ചതുകാരണമാണ് ഇതെന്നാണ് വിശ്വാസം. [7]

പീക്കോക്ക് എന്ന അമേരിക്കൻ കപ്പലിൽ ക്യാപ്റ്റൻ വില്യം എൽ. ഹഡ്സൺ 1841-ൽ ഈ ദ്വീപിലെത്തി. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അദ്ദേഹത്തിന് ഇവിടെ ഇറങ്ങാൻ സാധിച്ചില്ല. ക്വൈറോസിന്റെ റിപ്പോർട്ടനുസരിച്ചുള്ള സ്ഥലത്തായിരുന്നില്ല ദ്വീപ് എന്നതിനാൽ ഹഡ്സൺ ഈ ദ്വീപ് കണ്ടെത്തിയത് തിമിംഗിലത്തെപ്പിടിക്കാനുള്ള കപ്പലിന്റെ ക്യാപ്റ്റൻ സ്വൈൻസാണ് ഈ ദ്വീപ് കണ്ടെത്തിയതെന്ന് അനുമാനിച്ചു. ഇദ്ദേഹമായിരുന്നു അമേരിക്കക്കാരെ ഈ ദ്വീപിനെപ്പറ്റി അറിയിച്ചത്. സ്വൈൻസ് ഐലന്റ് എന്ന് ഈ ദ്വീപിന് പേരു കിട്ടിയത് ഇപ്രകാരമാണ്. [7]

ജെന്നിംഗ്സ് കുടുംബം

[തിരുത്തുക]
കുറച്ചു യുവതീയുവാക്കളും കുട്ടികളും സ്വൈൻസ് ദ്വീപിൽ. 1886 അവസാനം തോമസ് ആൻഡ്രൂ എടുത്ത ചിത്രം.

ഹഡ്സന്റെ സന്ദർശനത്തിന് പിന്നാലെ ഫോകോഫോവ നിവാസികൾ വീണ്ടും സ്വൈൻസ് ദ്വീപിലെത്തി. മൂന്നു ഫ്രഞ്ചുകാരും ഇവിടെയെത്തിയിട്ടുണ്ടായിരുന്നു. ഫ്രഞ്ചുകാർ ഇവിടെനിന്ന് ശേഖരിച്ച വെളിച്ചെണ്ണ വിൽക്കാനായി പുറപ്പെട്ടു. [8] 1856-ൽ എലി ഹച്ചിൻസൺ ജെന്നിംഗ്സ് (1814 നവംബർ 14 - 1878 ഡിസംബർ 4), തന്റെ സമോവക്കാരിയായ ഭാര്യയോടൊപ്പം സ്വൈൻസിലെ ആൾക്കാർക്കൊപ്പം ചേർന്നു. ബ്രിട്ടീഷ് ക്യാപ്റ്റനായ ടേൺബുൾ എന്ന ആളിൽ നിന്ന് ഈ ദ്വീപിന്റെ അവകാശം ലഭിച്ചു എന്നായിരുന്നു ജെന്നിംഗ്സിന്റെ അവകാശവാദം. ടേൺബുൾ ഈ ദ്വീപ് കണ്ടെത്തിയെന്നും അതിനാൽ ഇതിന്റെ ഉടമസ്ഥനാണെന്നുമാണത്രേ അവകാശപ്പെട്ടത്. ടേൺബുൾ ഇതിന് തന്റെ പേരും നൽകിയിരുന്നുവത്രേ. ഒരു സ്രോതസ്സനുസരിച്ച് ദ്വീപിന്റെ വില ഏക്കറിന് പതിനഞ്ച് ഷില്ലിംഗായിരുന്നു (അതോടൊപ്പം ഒരു കുപ്പി ജിന്നും). [4] ഒരു ഫ്രഞ്ചുകാരൻ പിന്നീട് തിരികെയെത്തി. പക്ഷേ ജെന്നിംഗ്സിനൊപ്പം ഈ ദ്വീപിൽ താമസിക്കാൻ ഇദ്ദേഹത്തിന് താൽപ്പര്യമില്ലതിരുന്നതിനാൽ വീണ്ടും ഇവിടം വിട്ടുപോയി. [9]

1856 ഒക്ടോബർ 13-ന് സ്വൈൻസ് ദ്വീപ് ഭാഗിക സ്വാതന്ത്ര്യമുള്ളതും ജെന്നിംഗ്സ് കുടുംബത്തിന്റെ സ്വന്തവുമായ ഒരു കോളനി സെറ്റിൽമെന്റായി മാറി. ഇത് പേരിന് അമേരിക്കൻ നിയന്ത്രണത്തിലായിരുന്നു. ഈ നില അടുത്ത എഴുപതു വർഷത്തോളം തുടർന്നു. 1860-ൽ ഗുവാനോ ദ്വീപ് നിയമമനുസരിച്ച് ഒരു ഗുവാനോ കമ്പനിയും ഈ ദ്വീപിൽ അമേരിക്കയ്ക്കുവേണ്ടി അവകാശവാദമുന്നയിക്കുകയുണ്ടായി. [9]

ജെന്നിംഗ്സ് ഇവിടെ ഒരു തെങ്ങിൻതോപ്പ് തുടങ്ങി. ഇയാളുടെ മകൻ ജൂനിയർ എലി ജെന്നിംഗ്സിന്റെ കീഴിൽ ഇത് കൂടുതൽ വിപുലമായി. മറ്റ് മൂന്ന് ടോക്‌ലവ് അറ്റോളുകളിൽ നിന്നും ആൾക്കാരെ മുഴുവൻ കടത്തിക്കൊണ്ടുപോകാൻ പെറുവിൽ നിന്നുള്ള ബ്ലാക്ക്ബേഡ് എന്നുവിളിക്കുന്ന അടിമക്കപ്പലുകൾക്ക് ഒത്താശ ചെയ്തു കൊടുത്തതും എലി ഹച്ചിൻസൺ ജെന്നിംഗ്സായിരുന്നു. ഈ മൂന്ന് അറ്റോളുകളിൽ ഇതിനാൽ ആൾത്താമസമില്ലാതെയായി.

അമേരിക്കൻ പരമാധികാരം ഉറപ്പിക്കുന്നു

[തിരുത്തുക]

1907-ൽ ജിൽബർട്ട് ആൻഡ് എല്ലിസ് ദീപുകളിലെ ബ്രിട്ടീഷ് റെസിഡന്റ് കമ്മീഷണർ (ആ സമയത്ത് ഈ ദ്വീപുകൾ ബ്രിട്ടീഷ് സംരക്ഷണത്തിലായിരുന്നു. ഇവ 1979 മുതൽ കിരിബാത്തി, തുവാലു എന്ന സ്വതന്ത്ര രാഷ്ട്രങ്ങളാണ്) സ്വൈൻസ് ദ്വീപ് യുനൈറ്റഡ് കിംഗ്ഡത്തിന്റെതാണെന്ന് അവകാശപ്പെടുകയും 85 അമേരിക്കൻ ഡോളർ നികുതി ആവശ്യപ്പെടുകയും ചെയ്തു. ജെന്നിംഗ്സ് നികുതി കൊടുത്തുവെങ്കിലും ഇക്കാര്യം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ശ്രദ്ധയിൽ പെടുത്തി. ഇയാളുടെ പണം പിന്നീട് തിരികെ കൊടുക്കപ്പെട്ടു. ഇതെത്തുടർന്ന് ഈ ദ്വീപ് അമേരിക്കയുടേതാണെന്ന് ബ്രിട്ടൻ സമ്മതിക്കുകയും ചെയ്തുവത്രേ.

സ്വൈൻസ് ദ്വീപിലെ കടൽത്തീരം

1920-ൽ എലി (അച്ഛൻ), 1921-ൽ അയാളുടെ ഭാര്യ എന്നിവർ മരിച്ചപ്പോൾ ദ്വീപിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി തർക്കമുണ്ടായി. അമേരിക്കൻ സർക്കാർ ദ്വീപിന്റെ ഭരണം എലിയുടെ മകൾ ആനിനും മകൻ അലക്സാണ്ടർക്കുമായി നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം ഇത് അമേരിക്കൻ സമോവയുടെ ഭാഗമാക്കാനും തീരുമാനിച്ചു. 1925 മാർച്ച് നാലിനാണ് ഈ കൂട്ടിച്ചേർക്കൽ നടന്നത്. എലി ജെന്നിംഗ്സ് ജൂനിയറിന്റെ മകൻ അലക്സാണ്ടർ ജെന്നിംഗ്സ് ദ്വീപിന്റെ മാനേജറായി. ഈ സമയത്ത് ഇവിടെ നൂറോളം ആൾക്കാർ താമസമുണ്ടായിരുന്നു.

1953-ൽ തൊഴിലാളികൾ ദ്വീപിൽ കൈവശാവകാശമുണ്ടെന്ന് പറഞ്ഞുതുടങ്ങിയതിനാൽ തൊഴിൽ പ്രശ്നങ്ങൾക്ക് തുടക്കമായി. തങ്ങൾ ദ്വീപിൽ വർഷം മുഴുവനും താമസിക്കുന്നതിനാൽ തങ്ങൾക്കാണ് ദ്വീപിന്റെ അധികാരമെന്നായിരുന്നു ഇവർ വാദിച്ചത്. അലക്സാണ്ടർ ജെന്നിംഗ്സ് ദ്വീപിൽ നിന്ന് 56 തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഒഴിപ്പിച്ചശേഷം അമേരിക്കൻ സമോവയിലെ ഗവർണർ ഇടപെട്ടു. ജെന്നിംഗ്സിന് ദ്വീപ് സ്വത്തായി ഉപയോഗിക്കാനുള്ള അധികാരം ഈ ഉത്തരവ് ഉറപ്പുവരുത്തിയെങ്കിലും തൊഴിലാളികളുടെ കരാറും പ്രാദേശിക സർക്കാരും സ്ഥാപിക്കുകയും തൊഴിലാളികളുടെ അധികാരങ്ങൾ സംരക്ഷിക്കുകയും ചെയ്തു. [3] അമേരിക്കൻ സമോവയിലെ ജനപ്രാതിനിദ്ധ്യസഭയിൽ ദ്വീപുവാസികളുടെ ഒരു പ്രതിനിധിയെ ഉൾപ്പെടുത്താനും തീരുമാനമായി.

പരമാധികാരവും കച്ചവടവും സംബന്ധിച്ച് അടുത്തകാലത്തുണ്ടായ പ്രശ്നങ്ങൾ

[തിരുത്തുക]
സമോവൻ ദ്വീപുകൾക്കും ടോക്‌ലവിനും ഇടയിലാണ് സ്വൈൻസ് ദ്വീപിന്റെ സ്ഥാനം.

1981 മാർച്ച് 25-ന് ന്യൂസിലാന്റ് (ടോക്‌ലവ് ന്യൂസിലാന്റിന്റെ ആശ്രിതരാജ്യമാണ്) സ്വൈൻസ് ദ്വീപിന്മേൽ അമേരിക്കൻ ഐക്യനാടുകൾക്കുള്ള പരമാധികാരം അംഗീകരിച്ചു. ടോകെഹേഗ ഉടമ്പടി എന്ന ഈ കരാർ പ്രകാരം ടോക്‌ലവ് ദ്വീപുകൾക്കുമേലുള്ള മറ്റ് അവകാശവാദങ്ങൾ അമേരിക്ക പിൻവലിച്ചു. ടോക്‌ലവിൽ 2006-ൽ നടന്ന സ്വയം നിർണയം സംബന്ധിച്ച റെഫറണ്ടത്തിൽ അവതരിപ്പിച്ച കരട് ഭരണഘടനയിൽ സ്വൈൻസ് ദ്വീപ് ടോക്‌ലവിന്റെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. [10] 2007 മാർച്ച് വരെ അമേരിക്കൻ സമോവ ഇതുസംബന്ധിച്ച് ഒരു ഔദ്യോഗിക നിലപാടെടുത്തിരുന്നില്ല. പക്ഷേ ഗവർണർ ടോഗിയോല ടുലാഫോണോ സ്വൈൻസ് ദ്വീപിനെ തങ്ങൾക്കൊപ്പം നിർത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കണമെന്ന് അഭിപ്രായപ്പെട്ടു. [11]

2007-ൽ ടോക്‌ലവിന്റെ നിയമനിർമ്മാണസഭയായ ജനറൽ ഫോണോ സ്വൈൻസ് ദ്വീപിനെ ദ്യോതിപ്പിക്കുന്ന നാലാമത് നക്ഷത്രമടങ്ങിയ ഒരു കൊടി സ്വീകരിക്കുന്ന കാര്യം പരിഗണിച്ചു. നാലാമത്തെ നക്ഷത്രം മറ്റു മൂന്ന് നക്ഷത്രങ്ങളിൽ നിന്ന് ദൂരെയായി കാണിക്കുന്ന കൊടിയായിരുന്നു ഇത്. നാലു നക്ഷത്രങ്ങൾ സ്വീകരിക്കാൻ അവസാനം തീരുമാനമായി.

ടോക്‌ലവിലേയ്ക്കുള്ള ഒരു സന്ദർശനത്തിൽ അലക്സാണ്ടർ ജെന്നിംഗ്സ് കച്ചവടം കൂടുതൽ മെച്ചമാക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. [12]

2005-ലെ പേഴ്സി കൊടുങ്കാറ്റ്

[തിരുത്തുക]

2005 ഫെബ്രുവരിയിൽ പേഴ്സി കൊടുങ്കാറ്റു മൂലം ദ്വീപിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ടൗലേഗ ഗ്രാമം ഏകദേശം പൂർണ്ണമായി നശിച്ചു. എറ്റേണ എന്ന ജെന്നിംഗ്സ് കുടുംബത്തിന്റെ വീട്ടപറമ്പിനും വലിയ തോതിൽ നാശമുണ്ടായി. ഈ സമയത്ത് ദ്വീപിൽ ഏഴുപേരേ ഈ സമയത്ത് ദ്വീപിലുണ്ടായിരുന്നുള്ളൂ. [13] തീരസംരക്ഷണസേന ഭക്ഷണപ്പൊതികളും മറ്റ് അവശ്യവസ്തുക്കളും വിമാനത്തിൽ നിന്ന് ഇട്ടുകൊടുക്കുന്നുണ്ടായിരുന്നു. 2007 മാർച്ചിൽ കോസ്റ്റ് ഗാർഡ് സന്ദർശിച്ചപ്പോൾ 12 മുതൽ 15 വരെ ആൾക്കാർ ദ്വീപിലുണ്ടായിരുന്നുവത്രേ. മരങ്ങൾക്ക് കൊടുങ്കാറ്റുമൂലം കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. [1]

വൈദ്യുതിയും റേഡിയോയും

[തിരുത്തുക]

വിദൂരപ്രദേശമായതിനാൽ ഈ ദ്വീപ് ഒരു പ്രത്യേക അമച്വർ റേഡിയോ പ്രദേശമായാണ് കണക്കാക്കുന്നത്. ഹാം ഓപ്പറേറ്റർമാർ ഇവിടേയ്ക്ക് പലതവണ സന്ദർശനം നടത്തിയിട്ടുണ്ട്. 2007-ൽ ലോകമാസകലം 11700 പേരുമായി ഇവിടെനിന്ന് ബന്ധം സ്ഥാപിച്ചു. വൈദ്യുതി ലഭ്യമല്ലാതെ ജനറേറ്റർ ഉപയോഗിച്ചുപ്രവർത്തിക്കുന്ന തരം ഹാം റേഡിയോയെ സംഭന്ധിച്ച് ഇത് ഒരു ലോക റിക്കോർഡായിരുന്നു. ഈ റിക്കോർഡ് പിന്നീട് തകർന്നുപോയി. [14]

ദ്വീപ് ഭരണകൂടം

[തിരുത്തുക]

ഭരണകൂടത്തിന്റെ ഒരു പ്രതിനിധി, ഗ്രാമസഭ, പുലെനൂവു എന്ന ഗ്രാമത്തലവൻ, ലിയോലിയോ എന്ന പോലീസുകാരൻ എന്നിവരാണ് ദ്വീപ് ഭരിക്കുന്നത്. സ്വെയ്ൻസ് ദ്വീപിലെ ഉദ്യോഗസ്ഥർക്ക് അമേരിക്കൻ സമോവയിലെ മറ്റു ഗ്രാമങ്ങളിലുള്ളൂ ഉദ്യോഗസ്ഥരുടെ അതേ അധികാരങ്ങളും ജോലികളും യോഗ്യതകളുമുണ്ട്. സ്വെയ്ൻസ് ദ്വീപിന്റെ പ്രൊപ്രൈറ്ററോ അയാളുടെ ജോലിക്കാരോ സർക്കാരിന്റെ പ്രതിനിധികളാവാൻ പാടില്ല എന്ന് ചട്ടമുണ്ട്.

ഭരണകൂടത്തിന്റെ പ്രതിനിധിയുടെ ജോലികൾ ഇവയാണ്:

  • ഗവർണറുടെ പ്രതിനിധിയായി പ്രവർത്തിക്കുക
  • തൊഴിലാളികൾക്കും മുതലാളിക്കുമിടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിക്കുക
  • സ്വെയിൻസ് ദ്വീപിന് ബാധകമായ നിയമങ്ങൾ (അമേരിക്കൻ സമോവയുടെയും അമേരിക്കൻ ഐക്യനാടുകളുടെയും) നടപ്പിലാക്കുക.
  • ഗ്രാമത്തിലെ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  • ഗ്രാമത്തിലെ കാര്യങ്ങൾ ഗവർണറെ അറിയിക്കുക. പ്രധാനമായും ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ, ക്ഷേമം എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ.
  • സ്വെയ്ൻസ് ഗ്രാമത്തിലെ ആൾക്കാർ അവകാശങ്ങളും അധികാരങ്ങളും സംരക്ഷണങ്ങളും തുടർന്നനുഭവിക്കും എന്ന് ഉറപ്പുവരുത്തുക.
  • ഉടമസ്ഥന്റെ പ്രൊപ്രൈറ്റർ എന്ന നിലയിലുള്ള അധികാരങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

ഭരണകൂടത്തിന്റെ പ്രതിനിധിക്ക് താഴെപ്പറയുന്ന അധികാരങ്ങളും കടമകളുമുണ്ട്:

  • അറസ്റ്റ് ചെയ്യാനുള്ള അധികാരം
  • സമാധാനഭ്രംശങ്ങൾ തടയുക
  • പ്രത്യേക വിഷയങ്ങൾ പരിഗണിക്കാൻ സഭകൾ വിളിച്ചുചേർക്കുക
  • തന്റെ ജോലികൾ നടപ്പാക്കാൻ ആവശ്യമായ നടപടികളെടുക്കുക

ഇരുപത്തിനാല് വയസ്സിനു മുകളിൽ പ്രായമുള്ളതും സ്വബോധമുള്ളതുമായ എല്ലാ പുരുഷന്മാരും സ്വെയ്ൻസ് ഗ്രാമസഭയിൽ അംഗങ്ങളാണ്. 1980-ലെ സെൻസസ് പ്രകാരം അഞ്ച് പുരുഷന്മാരാണ് ഈ അവകാശമുള്ളവർ.

അമേരിക്കൻ സമോവയിലെ ഫോനോയിലേയ്ക്ക് സ്വെയിൻസ് ദ്വീപ് വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ അയക്കുന്നുണ്ട്. 2007 മാർച്ചിൽ അലക്സാണ്ടർ ജെന്നിംഗ്സായിരുന്നു ഈ പ്രതിനിധി.

ജെന്നിംഗ്സ് വംശാവലി

[തിരുത്തുക]

ലീഡർമാർ പ്രൊപ്രൈറ്റർമാർ എന്നീ സ്വയം വിശേഷണങ്ങളുമായി ജെന്നിംഗ്സ് കുടുംബക്കാർ ബാഹ്യ ഇടപെടലൊന്നും കൂടാതെ 1856 മുതൽ 1925 വരെ ഭരിച്ചു. 1925-നു ശേഷം പ്രൊപ്രൈറ്റർ എന്ന സ്ഥാനം നിലനിർത്തുമ്പോൾ തന്നെ അമേരിക്കൻ സമോവയുടെ നിയമവ്യവസ്ഥയുടെ കീഴിൽ ഇവർ വന്നു.

ഭാഗികമായ സ്വതന്ത്രഭരണം നടത്തിയ ജെന്നിംഗ്സ് കുടുംബക്കാർ (പ്രൊപ്രൈറ്റർമാർ):

  • 1856 ഒക്ടോബർ 13 - 1878 ഡിസംബർ 4: എലി ഹച്ചിൻസൺ ജെന്നിംഗ്സ് സീനിയർ. (1814–1878)
  • 1878 ഡിസംബർ 4 - 1891 ഒക്ടോബർ 25: ഇദ്ദേഹത്തിന്റെ സമോവക്കാരി ഭാര്യയായ മാലിയ ജെന്നിംഗ്സ് (1891-ൽ മരിച്ചു)
  • 1891 ഒക്ടോബർ 25 - 1920 ഒക്ടോബർ 24: എലി ഹച്ചിസൺ ജെന്നിംഗ്സ് ജൂനിയർ., (1863–1920) എലി സീനിയറിന്റെയും മാലിയയുടെയും മകൻ (1863–1920) റോബർട്ട് ലൂയി സ്റ്റീവൻസൺ ഇയാളെ ദ്വീപ് സന്ദർശിച്ച വേളയിൽ വിശേഷിപ്പിച്ചത് ജെന്നിംഗ്സ് രാജാവ് എന്നാണ്.
  • 1920 ഒക്ടോബർ 24 - 1921 ഓഗസ്റ്റ്: ആൻ എലീസ ജെന്നിംഗ്സ് കാരൂത്തേർസ് (1897–1921) അലക്സാണ്ടർ ഹച്ചിസൺ ജെന്നിംഗ്സ് (സഹോദരൻ) എന്നയാളോടൊപ്പം സംയുക്തമായി ഭരണം നടത്തി. ഇവർ രണ്ടുപേരും എലി ജൂനിയറിന്റെ മക്കളാണ്.
  • 1920 ഒക്ടോബർ 24: - 1925 മാർച്ച് 4: അലക്സാണ്ടർ ഹച്ചിസൺ ജെന്നിംഗ്സ്

അമേരിക്കയുടെ നേരിട്ടുള്ള നിയമ പരിരക്ഷയിൽ ഭരിച്ച ജെന്നിംഗ്സുകൾ:

  • 1925 മാർച്ച് 4 - 1940 കളിലെ അജ്ഞാതമായ തീയതി: അലക്സാണ്ടർ ഹച്ചിസൺ ജെന്നിംഗ്സ്
  • 1940-നും 1954-നും ഇടയിലുള്ള അജ്ഞാതമായ തീയതി: അലക്സാണ്ടർ ഇ. ജന്ന്നിംഗ്സ്
  • 1954 മുതൽ ഇന്നുവരെ: അമേരിക്കൻ സമോവയിലെ പ്രാദേശിക സർക്കാർ. ജെന്നിംഗ്സിന്റെ കുടുംബത്തിന്റെ സ്വത്താണ് ഇപ്പോഴും ഈ ദ്വീപ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 KUKUI
  2. Doug Faunt's Journal
  3. 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2008-05-09. Retrieved 2012-10-14.
  4. 4.0 4.1 "A queen mother's last wishes - The Honolulu Advertiser - Hawaii's Newspaper". Archived from the original on 2008-01-19. Retrieved 2012-10-14.
  5. "Story". Archived from the original on 2007-09-28. Retrieved 2012-10-14.
  6. http://www.uscg.mil/d14/units/kukui/Swains/jungle%20trail.JPG
  7. 7.0 7.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-02. Retrieved 2012-10-14.
  8. "A Brief History of Swains Island in American Samoa". Archived from the original on 2008-05-09. Retrieved 2012-10-14.
  9. 9.0 9.1 Page 213 in Jimmy M. Skaggs (1994), The Great Guano Rush: Entrepreneurs and American Overseas Expansion. ISBN 978-0-312-10316-3.
  10. "Tokelau calls for return of island". One News. 15 February 2006. Retrieved 15 November 2011.
  11. "American Samoa governor ready to resist Tokelau's claim to Swains Island". Radio New Zealand International. 26 March 2007. Retrieved 15 November 2011.
  12. "American Samoas Swains Island seeks trade deal with Tokelau. – PAC - Pacific Islands Broadcasting Association (March , 2007)".{{cite news}}: CS1 maint: url-status (link) [പ്രവർത്തിക്കാത്ത കണ്ണി]
  13. "APCEDI Asia-Pacific Disaster Alerts: APCEDI ALERT 10F #8, 2005: CYCLONE PERCY BATTERS SWAINS ISLAND; CAUSES WIDESPREAD DAMAGE TO TOKELAU". Archived from the original on 2008-07-24. Retrieved 2012-10-16.
  14. N8S Home Page

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്വെയ്ൻസ്_ദ്വീപ്&oldid=4088934" എന്ന താളിൽനിന്ന് ശേഖരിച്ചത്