സ്വാമി ആനന്ദതീർഥർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളീയ സാമൂഹിക പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു സ്വാമി ആനന്ദതീർഥർ.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലെ ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബത്തിൽ രാമചന്ദ്രറാവുവിന്റെയും ദേവുഭായിയുടെയും അഞ്ചാമത്തെ പുത്രനായി 1905 ജനുവരി 5-ന് ജനിച്ചു. തലശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ആനന്ദതീർഥർ മദിരാശി പ്രസിഡൻസി കോളജിൽ നിന്നും ഊർജതന്ത്രത്തിൽ ഓണേഴ്സ് ബിരുദം കരസ്ഥമാക്കി. ചെറുപ്പത്തിൽത്തന്നെ ജാതിമതഭേദ ചിന്തകൾക്കതീതമായി ചിന്തിച്ച ഇദ്ദേഹം ൧൯൨൮-ൽ ശിവഗിരിയിൽ വച്ച് സന്ന്യാസം സ്വീകരിച്ച് ആനന്ദതീർഥരായി. തുടർന്ന് സന്ന്യാസത്തിന്റെ പരമ്പരാഗത പാത വിട്ട ആനന്ദതീർഥർ അയിത്തോച്ചാടനവും അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉദ്ധാരണവും ജീവിതവ്രതമായി സ്വീകരിച്ചുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതനായി.

ദേശീയ പ്രസ്ഥാനത്തിൽ[തിരുത്തുക]

വിദ്യാഭ്യാസ കാലത്തുതന്നെ സ്വാമി ആനന്ദതീർഥർ ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഇദ്ദേഹം കാൽനടയായി സഞ്ചരിച്ച് സബർമതിയിൽ എത്തി ഗാന്ധിജിയെ സന്ദർശിച്ചു. ഉപ്പു നിയമലംഘനത്തിന്റെ കാലഘട്ടത്തിൽ തമിഴ്നാട്ടിലെത്തിയ സ്വാമികൾ തഞ്ചാവൂരിൽ നിന്നു വേദാരണ്യത്തിലേക്കുള്ള ഉപ്പു സത്യാഗ്രഹ ജാഥയിൽ പ്രധാന സംഘാടകനായി പങ്കെടുത്തു. വേദാരണ്യത്തിൽ രാജാജി തുടങ്ങിയ നേതാക്കളോടൊപ്പം ഇദ്ദേഹം അറസ്റ്റുവരിച്ചു. തുടർന്ന് വെല്ലൂർ ജയിലിൽ തടവിലായി. ഗാന്ധി-ഇർവിൻ കരാറിനെ തുടർന്നു ജയിൽ മോചിതനായി തലശ്ശേരിയിൽ തിരിച്ചെത്തിയ ആനന്ദതീർഥർ കള്ളുഷാപ്പ് ഉപരോധം, വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രചാരണം തുടങ്ങിയ ദേശീയ പ്രസ്ഥാന സംരംഭങ്ങളിൽ പങ്കാളിയായി.

ജാതിവ്യവസ്തക്കെതിരെ[തിരുത്തുക]

ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരിക്കെയാണ് സ്വാമികൾ അധഃസ്ഥിത വിഭാഗങ്ങൾ ജാതിയുടെ പേരിൽ അനുഭവിക്കുന്ന വിവേചനങ്ങൾക്കെതിരെ തന്റെ പ്രവർത്തനമണ്ഡലം വ്യാപിപ്പിക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്യ്രം മുഖ്യലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സിന്റെ സാമൂഹിക പരിഷ്കരണ സമീപനങ്ങൾ, പ്രത്യേകിച്ചും അയിത്തോച്ചാടന സമീപനം സ്വാമികൾക്ക് സ്വീകാര്യമായില്ല. സ്വാതന്ത്യ്രം എന്നത് കേവലം രാഷ്ട്രീയം മാത്രമല്ലെന്നായിരുന്നു ആനന്ദതീർഥരുടെ അഭിപ്രായം. ജാതിവ്യവസ്ഥയുടെ വ്യുല്പന്നമായ അയിത്തത്തെ നിർമാർജ്ജനം ചെയ്യാതെ ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കാൻ കഴിയില്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ഈ ചിന്തയിൽ അടിയുറച്ചു നിന്ന ആനന്ദതീർഥർ ജാതിവ്യവസ്ഥയുടെ അടിത്തട്ടിൽ അടിച്ചമർത്തലുകൾ അനുഭവിച്ചുകൊണ്ടിരുന്ന ദലിതരുടെ ഉന്നമനത്തിന് വേണ്ടിയാണ് തുടർന്നു കർമനിരതനായത്. പിന്നീട് അധഃസ്ഥിതരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഇദ്ദേഹം 1931-ൽ പയ്യന്നൂരിൽ സബർബതി ആശ്രമത്തിന്റെ മാതൃകയിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചു. 1934-ൽ ഗാന്ധിജി ഈ വിദ്യാലയം സന്ദർശിക്കുകയും അധഃസ്ഥിത ജനവിഭാഗങ്ങളുടെ നവോത്ഥാനത്തിനുവേണ്ടി സ്വാമികൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഉത്തര മലബാറിലെ തീയർ തുടങ്ങിയ അവർണരുടെ ക്ഷേത്രങ്ങളിൽപ്പോലും അക്കാലത്ത് ദലിതർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. കാവുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇത്തരം ആരാധനാലയങ്ങളുടെ സമീപത്തുകൂടിപ്പോലും ദലിതരെ സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. ഈ രീതിയിലുള്ള അയിത്താചാരത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഏ.കെ.ജി.യും, കേരളീയനും കുറെ ദലിത് കുട്ടികളുമായി തീയ സമുദായത്തിന്റെ ആരാധനാലയമായ കണ്ടോത്ത് കാവ് (പയ്യന്നൂർ) പരിസത്തെ പൊതുപാതയിലൂടെ ഒരു ജാഥ നയിച്ചു (1931). എന്നാൽ കാവിന്റെ പരിസരത്ത് വച്ച് യഥാസ്ഥിതിക തീയ സമുദായാംഗങ്ങൾ ജാഥയെ ആക്രമിക്കുകയും എ.കെ.ജി.യെയും കേരളീയനെയും മർദിച്ചു അവശരാക്കുകയും ചെയ്തു. ആശുപത്രിയിൽ വച്ച് ആനന്ദതീർഥർ ഏ.കെ.ജി.യെയും, കേരളീയനെയും സന്ദർശിച്ചു. പൊതുനിരത്തിൽ ദലിതർക്ക് സഞ്ചാരസ്വാതന്ത്യ്രം നിഷേധിച്ചത് സ്വാമികളെ വേദനിപ്പിച്ചു. ഏറെ വൈകാതെ നടന്ന ഗുരുവായൂർ സത്യാഗ്രഹത്തിൽ സജീവമായി പങ്കെടുക്കാൻ ആനന്ദതീർഥർക്ക് ഈ സംഭവം ആവേശം നൽകി. കണ്ണൂരിൽ നിന്നു ഗുരുവായൂരിലേക്ക് പുറപ്പെട്ട സത്യാഗ്രഹജാഥയിൽ ആനന്ദതീർഥരും പങ്കെടുത്തു. അധഃസ്ഥിതർക്ക് പ്രവേശനം നിക്ഷേധിക്കപ്പെട്ട കാവുകളിൽ ഈ വിഭാഗങ്ങൾ മദ്യവും മറ്റും നേർച്ച അർപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇദ്ദേഹം ഉദ്ബോധിപ്പിച്ചു.

ജാതിയുടെയും അയിത്തത്തിന്റെയും പേരിൽ വിവേചനം നിലനിന്നിരുന്ന പൊതുസ്ഥാപനങ്ങളിലും സ്ഥലങ്ങളിലും എല്ലാം ആനന്ദതീർഥർ തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. ചായക്കടകൾ, ബാർബർഷോപ്പ്, പൊതുവഴി, കുളം, കിണർ, ഊട്ടുപുര തുടങ്ങിയ ഇടങ്ങളിലെല്ലാം ഇദ്ദേഹം ദലിതരോടൊപ്പം കടന്നുചെന്നു. ഒരിക്കൽ ഗുരുവായൂർ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ ഊട്ടുപുരയിൽ പൂണൂൽ ഇല്ലാതെ കടന്നുചെന്നു ആഹാരം കഴിച്ചതിനാൽ ഇദ്ദേഹത്തെ ക്ഷേത്രഭാരവാഹികളും ബ്രാഹ്മണരും ചേർന്ന് ക്രൂരമായി മർദിച്ചു. ഇതേത്തുടർന്ന് അഞ്ചുദിവസത്തോളം സ്വാമികൾ ക്ഷേത്രനടയിൽ സത്യാഗ്രഹസമരം നടത്തിയതിന്റെയും ഇന്ത്യൻ ദലിത് ഫെഡറേഷൻ എന്ന സാമൂഹിക സംഘടന ഗുരുവായൂരിലേക്ക് പദയാത്ര സംഘടിപ്പിച്ചതിന്റെയും ഫലമായാണ് ഗുരുവായൂർ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ ജാതിഭേദമേന്യെ എല്ലാ ഹിന്ദുക്കൾക്കും സദ്യ നൽകുന്ന രീതി നിലവിൽ വന്നത്.

ആനന്ദതീർഥർ പ്രത്യേകിച്ച് സംഘടനകൾ ഒന്നും തന്നെ രൂപീകരിച്ചിരുന്നില്ല. തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശമെന്ന് തെളിയിച്ച സാമൂഹിക പ്രവർത്തനപരതയുടെ വക്താവായിരുന്നു സ്വാമി ആനന്ദതീർഥർ. ഗാന്ധിജിയും അംബേദ്കറും, നാരായണഗുരുവുമായിരുന്നു ഇദ്ദേഹത്തിന്റെ മാർഗദീപങ്ങൾ. 1987 ന. 12-ന് സ്വാമി ആനന്ദതീർഥർ ദിവംഗതനായി.

"https://ml.wikipedia.org/w/index.php?title=സ്വാമി_ആനന്ദതീർഥർ&oldid=2286703" എന്ന താളിൽനിന്ന് ശേഖരിച്ചത്