സ്റ്റെല്ലേറിയം
ജി.പി.എൽ അനുമതിപത്രമുള്ള ഒരു ഡെസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയറാണ് സ്റ്റെല്ലേറിയം. ആകാശത്തിലെ വിവിധ കാഴ്ചകളുടെ ആനിമേഷനാണ് സോഫ്റ്റ്‌വേർ ഒരുക്കുന്നത്. ഏതൊരു ദിവസത്തേയും ഏതു സമയത്തേയും ആകാശം നമുക്കിതിൽ കാണാം. അന്തരീക്ഷം നമുക്കിഷ്ടമുള്ള പോലെ മാറ്റി മറിക്കാനും സാധിക്കും.നക്ഷത്ര നിരീക്ഷകരെ സംബന്ധിച്ചിടത്തോളം വളരെയധികം സഹായകരമായ സോഫ്റ്റ്വെയറാണ് ഇത്. നക്ഷത്രഗണങ്ങളും അവയുടെ ആകൃതിയും അതിലെ ഓരോ നക്ഷത്രങ്ങളുടെ പേരും അവയുടെ തിളക്കവും അവയിലേക്കുള്ള ദൂരവും എല്ലാം നമുക്ക് പരിശോധിക്കാം. 600,000 ത്തിലധികം നക്ഷത്രങ്ങളുടെ വിശദ വിവരങ്ങൾ അടങ്ങിയ കാറ്റലോഗാണ് സ്റ്റെല്ലേറിയത്തിൻറെ സവിശേഷത. 21 കോടി നക്ഷത്രങ്ങളടെ പ്രധാന വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.ഓരോ ഗ്രഹങ്ങളെക്കുറിച്ചും ചിത്രങ്ങളടക്കമുള്ള വിശദവിവരങ്ങൾ സ്റ്റെല്ലേറിയം പങ്കുവയ്ക്കുന്നുണ്ട്.സോഫ്റ്റ്‌വേർ സഹായത്തോടെ പ്രവർത്തിക്കുന്ന ടെലസ്ക്കോപ്പുകൾ നിയന്ത്രിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. നാം ചൂണ്ടിക്കാണിക്കുന്ന ഭാഗത്തേക്ക് ടെലിസ്കോപ്പ് തിരിക്കാനുള്ള നിർദ്ദേശങ്ങൾ സ്റ്റെല്ലേറിയം സ്വയം നൽകിക്കോളും.
മറ്റ് സവിശേഷതകൾ
[തിരുത്തുക]- മനോഹരമായ രൂപകല്പന
- പത്ത് വ്യത്യസ്ത സംസ്കാരങ്ങളിലെ നക്ഷത്രഗണങ്ങൾ
- മെസിയർ കാറ്റലോഗ് അനുസരിച്ച് നെബുലകളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ
- സ്വന്തമായി ജ്യോതിശാസ്ത്ര ഷോകൾ നടത്താനുള്ള സംവിധാനം
- പ്ളാനറ്റോറിയം കൂടാരങ്ങൾ ഉണ്ടെങ്കിൽ അതിനുള്ളിൽ ആകാശം പ്രൊജക്റ്റ് ചെയ്യാനുള്ള സംവിധാനങ്ങൾ
- ഇക്യുറ്റോറിയൽ അസിമത്തൽ ഗ്രിഡുകൾ
- ഗ്രഹണങ്ങളുടെ സിമുലേഷനുകൾ
- നക്ഷത്രങ്ങൾ മിന്നുന്നത് ക്രമീകരിക്കാനുള്ള സംവിധാനം
- നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചിത്രങ്ങളും സ്ക്രിപ്പറ്റുകളും ചേർക്കാനുള്ള സംവിധാനവും..
http://www.stellarium.org/ എന്ന സൈറ്റിൽ നിന്നും സൌജന്യമായി ഈ സ്വതന്ത്ര സോഫ്റ്റ്‌വേർ ഡൌൺലോഡ് ചെയ്യാവുന്നതാണ്.ഗ്നു/ലിനക്സ്, മൈക്രോസോഫ്റ്റ് വിൻഡോസ്, മാക്ക് ഒ.എസ് എക്സ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റമുകളിൽ ഇത് പ്രവർത്തിക്കും