സ്ഫിഗ്‌മോമാനോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തസമ്മർദ്ദം അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് സ്ഫിഗ്മോമാനോമീറ്റർ (/ sfɪɡmoʊməˈnɒmɪtə/ SFIG-moh-mə-NO-mi-tər). ലാറ്റിൻ ഭാഷയിൽ സ്ഫിഗ്മോസ് എന്നാൽ ഹൃദയമിടിപ്പ് അഥവാ നാഡിമിടിപ്പ് എന്നാണർഥം മാനോമീറ്റർ എന്നത് സമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണവും. അതായത് സ്ഫിഗ്മോമാനോമീറ്റർ എന്നത് രക്തസമ്മർദ്ദമാപിനിയാണ്. വായുനിറച്ച് വീർപിക്കാവുന്ന ഒരു റബ്ബർ പട്ടയും (കഫ്) അതുമായി ഘടിപ്പിച്ച സമ്മർദ്ദമാപിനിയും( മാനോമീറ്റർ) ആണ് ഉപകരണത്തിൻറെ പ്രധാനഭാഗങ്ങൾ. മാനോമീറ്റർ മെർക്കറി നിറച്ചതോ അല്ലാത്തതോ ആകാം. [1] ഓസ്കൽട്ടറി ടെക്നിക് (ഹൃദയത്തിലെ രക്തപ്രവാഹത്തിൻറേയും ശ്വാസകോശത്തിലെ വായുസഞ്ചാരത്തിൻറേയും ശബ്ദങ്ങൾ കേൾക്കുക) ഉപയോഗിക്കുമ്പോൾ മാനുവൽ സ്ഫിഗ്മോമാനോമീറ്ററിനോടൊപ്പം സ്റ്റെതസ്കോപ്പും ഉപയോഗിക്കുന്നു.

BP 138/73 mmHg as result on electronic sphygmomanometer
Aneroid sphygmomanometer with an adult cuff
Aneroid sphygmomanometer dial, bulb, and air valve
Clinical mercury manometer
Clinical WelchAllyn sphygmomanometer

തരങ്ങൾ[തിരുത്തുക]

സ്ഫിഗ്മോമാനോമീറ്റർ മാനുവലോ ഡിജിറ്റലോ ആകാം. രണ്ടിനും അതാതിൻറെ പരിമിതികളുണ്ട്.

മാനുവൽ[തിരുത്തുക]

ഓസ്‌കൾട്ടേഷനായി ഒരു സ്റ്റെതസ്‌കോപ്പ് ആവശ്യമാണ് (താഴെ കാണുക). പരിശീലനം ലഭിച്ച പ്രാക്ടീഷണർമാരാണ് മാനുവൽ മീറ്ററുകൾ ഏറ്റവും നന്നായി ഉപയോഗിക്കുന്നത്.

  • മെർക്കുറി സ്ഫിഗ്മോമാനോമീറ്ററുകൾ നിലവിലുള്ള ഏറ്റവും കൃത്യവും വിശ്വാസ്യവും ആയ (ഗോൾഡ് സ്റ്റാൻഡേർഡ്) ഉപകരണമായി കണക്കാക്കപ്പെടുന്നു. മെർക്കുറിയുടെ ലെവൽ നേരിട്ട് രക്ത സമ്മർദ്ദത്തെ സൂചിപ്പിക്കുന്നു. ഇത് പുനർക്രമീകരണം ചെയ്യേണ്ട ആവശ്യവുമില്ല.[2] ഈ ഉപകരണം വളരെ കൃത്യമായി രക്തസമ്മർദ്ദം എത്രയെന്ന് രേഖപ്പെടുത്തുന്നതിനാൽ ക്ലിനിക്കൽ പരീക്ഷണങ്ങളിലും ഗർഭിണികൾ ഉൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള രോഗികളുടെ ക്ലിനിക്കൽ വിലയിരുത്തലുകളിലും പതിവായി ഉപയോഗിക്കുന്നു. ചുവരിൽ ഘടിപ്പിക്കാവുന്ന തരം മെർക്കുറി സ്ഫിഗ്മോമാനോമീറ്ററിന് ബൗമാനോമീറ്റർ എന്ന് അറിയപ്പെടുന്നു.[3]
  • അനെറോയ്ഡ് സ്ഫിഗ്മോമാനോമീറ്ററുകളും (ഡയൽ ഉള്ള മെക്കാനിക്കൽ തരങ്ങൾ) പൊതുവായി ഉപയോഗത്തിലുണ്ട്; മെർക്കുറി മാനോമീറ്ററുകളിൽ നിന്ന് വ്യത്യസ്തമായി ഇവക്ക് പുനർക്രമീകരണ പരിശോധനകൾ( കാലിബ്രേഷൻ ചെക്സ്) ആവശ്യമായി വന്നേക്കാം. ആൻറോയ്ഡ് സ്ഫിഗ്മോമാനോമീറ്ററുകൾ മെർക്കുറി സ്ഫിഗ്മോമാനോമീറ്ററുകളേക്കാൾ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു, വില കുറഞ്ഞവക്ക് കൃത്യത കുറവാണെങ്കിലും. [4] പുനർക്രമീകരണം ( കാലിബ്രേഷൻ) ആവശ്യമായ വരുന്നതിനുള്ള ഒരു പ്രധാന കാരണം ഇണക്കിച്ചേർത്ത യന്ത്ര ഭാഗങ്ങൾ തമ്മിലുള്ള പൊരുത്തം നഷ്ടമാകുന്നതുകൊണ്ടാണ്. ഇതിന് മെക്കാനിക്കൽ ജാർറിംഗ് എന്നു പറയുന്നു. ചുവരുകളിലോ സ്റ്റാൻഡുകളിലോ ഘടിപ്പിച്ചിട്ടുള്ള അനറോയിഡുകൾക്ക് ഈ പ്രശ്നം ഉണ്ടാകാറില്ല. .

ഡിജിറ്റൽ[തിരുത്തുക]

ഡിജിറ്റൽ മീറ്ററുകൾ ഓസിലോമെട്രിക് അളവുകളും ഇലക്ട്രോണിക് കണക്കുകൂട്ടലുകളും ഉപയോഗിക്കുന്നു. ഇവയിൽ മാനുവൽ ആയോ ഓട്ടോമാറ്റിക് ആയോ വായു നിറച്ച് വീർപ്പിക്കാനാകും. പക്ഷേ രണ്ട് തരങ്ങളും ഇലക്ട്രോണിക് ആണ്, ഇവ ഉപയോഗിക്കാൻ പ്രത്യേക പരിശീലനം ആവശ്യമില്ല. ശബ്ദായമാനമായ അന്തരീക്ഷത്തിൽ ഉപയോഗിക്കാൻ കഴിയും. അവ സിസ്റ്റോളിക്, ഡയസ്റ്റോളിക് സമ്മർദ്ദങ്ങൾ അളക്കുന്നത് ഓസിലോമെട്രിക് ഡിറ്റക്ഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. സമ്മർദ്ദത്തിനനുസരിച്ച് നനുത്ത പടലത്തിന്(മെംബ്രേൻ) സംഭവിക്കുന്ന ആന്ദോളനങ്ങളെ (ഓസിലേഷൻസ്) ഡിഫറൻഷ്യൽ കപ്പാസിറ്റൻസ് എന്ന ടെക്നിക് വഴിയോ അതല്ലെങ്കിൽ ഡിഫറൻഷ്യൽ പീസോറെസിസ്റ്റൻസ് എന്ന ടെക്നിക് വഴിയോ അളക്കാം. തുടർന്നുള്ള കണക്കുകൂട്ടലുകൾ സുഗമമാക്കാൻ ഒരു മൈക്രോപ്രൊസസ്സറും സംവിധാനത്തിൽ ഉൾപ്പെടുന്നു. ശരാശരി രക്തസമ്മർദ്ദവും പൾസ് നിരക്കും ലഭിക്കുമെങ്കിലും സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം മാനുവൽ മീറ്ററുകളോളം കൃത്യതയോടെ അളക്കാനാവുകയില്ല. കൂടാതെ ഇടക്കിടെ പുനർക്രമീകരണം (കാലിബ്രേഷൻ) നടത്തണമെന്നതും ആശങ്കക്കു വഴി വെക്കുന്നു. ആർട്ടീരിയോസ്ലെറോസിസ്, അരിഥ്മിയ, പ്രീ-എക്ലാമ്പ്‌സിയ, പൾസസ് ആൾട്ടർനേൻസ്, പൾസസ് പാരഡോക്സസ് എന്നിവ അനുഭവിക്കുന്ന ചില രോഗികൾക്ക് ഡിജിറ്റൽ ഓസിലോമെട്രിക് മോണിറ്ററുകൾ ഉചിതമായിരിക്കില്ല, കാരണം ഈ അവസ്ഥകളിൽ ഉപകരണം സൂചിപ്പിക്കുന്ന കണക്കുകൾ ശരിയാകണമെന്നില്ല, ഇത്തരം സന്ദർഭങ്ങളിൽ, യഥവിധി പരിശീലനം ലഭിച്ച വ്യക്തി അനലോഗ് സ്ഫിഗ്മോമാനോമീറ്റർ ഉപയോഗിക്കുന്നതാണ് അഭികാമ്യം.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ കൈമുട്ടിനു മുകളിലായോ, കൈത്തണ്ടയിലോ, അല്ലെങ്കിൽ ഒരു വിരലിലോ കഫ് കെട്ടാവുന്നതാണ്. എന്നാൽ ഈ ക്രമത്തിൽ സൗകര്യം വർധിക്കുമെങ്കിലും കൃത്യത കുറയുന്നു. ഈയിടെ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ രക്തസമ്മർദ്ദം അളക്കാൻ ഓസിലോമെട്രി ഉപയോഗിക്കുന്ന ഒരു സ്മാർട്ട്ഫോൺ വികസിപ്പിച്ചെടുത്തു. പക്ഷെ ഓസ്കൾട്ടേഷൻ ഉപകരണങ്ങൾ നല്കിയ ഫലങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഇവ.

അവലംബങ്ങൾ[തിരുത്തുക]

  1. Booth, J (1977). A short history of blood pressure measurement. Proceedings of the Royal Society of Medicine. doi:10.1177/003591577707001112. PMID 341169.
  2. "Comparing Mercury and Aneroid Sphygmomanometers". Sustainable Hospitals / Lowell Center for Sustainable Production. Sustainable Hospitals / Lowell Center for Sustainable Production. Archived from the original on 2013-03-02. Retrieved 2021-08-27.
  3. "Turning Mercury Into Solid Gold". nytimes.com. 2005-03-27.
  4. "Aneroid Sphygmomanometer: A Battle for Safer Blood Pressure Apparatus". Misrin, J. Archived from the original on 2015-08-10. Retrieved 2021-08-27.
"https://ml.wikipedia.org/w/index.php?title=സ്ഫിഗ്‌മോമാനോമീറ്റർ&oldid=3936407" എന്ന താളിൽനിന്ന് ശേഖരിച്ചത്