സ്ത്രീ നാടകവേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീവാദപരമായ കാഴ്ചപ്പാടിൽ, ആസൂത്രിതമായ വിമോചനലക്ഷ്യങ്ങളോടെ രംഗവേദിയെ ഉപയോഗപ്പെടുത്തുന്ന നാടകപ്രസ്ഥാനത്തെയാണ് സ്ത്രീ നാടകവേദി എന്നു വിളിക്കുന്നത്. പാശ്ചാത്യ നാടകവേദിയിൽ ഇബ്സന്റെ കാലം മുതൽതന്നെ ഫെമിനിസ്റ്റ് ദർശനത്തിലധിഷ്ഠിതമായ നാടക ചർച്ചകൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇബ്സന്റെ ചില നാടകചിന്തകൾ ആധുനികസ്ത്രീവാദത്തിലേക്ക് ചെന്നെത്തുന്നുവെന്ന് ലൂയിബെന്നറ്റ് ചൂണ്ടിക്കാട്ടുന്നു. ഗോസ്റ്റ് അത്തരം ഒരു നാടകമാണെന്ന് അവർ സൂചിപ്പിക്കുന്നുണ്ട്. കലാചിന്തകനായ ആന്റണി എലിസ് ഒരു സ്ത്രീനാടകവേദി വിഭാവനം ചെയ്തിരുന്നു. വിഭിന്നസ്വഭാവങ്ങളും പ്രതിനിധാനങ്ങളുമുള്ള സ്ത്രീകഥാപാത്രങ്ങൾ നാടകത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് തിയേറ്റർരംഗത്ത് സ്ത്രീകൾക്കുള്ള പ്രാധാന്യം വർധിച്ചത്. നാല്പതുകൾക്ക് മുമ്പ് ഇംഗ്ളണ്ടിലും അമേരിക്കയിലും വളരെക്കുറച്ച് സ്ത്രീകളേ നാടകരംഗത്ത് ഉണ്ടായിരുന്നുള്ളു. പത്തൊമ്പതാം നൂറ്റാണ്ടിൽ 189 സ്ത്രീകൾ നാടകരചനയിലേർപ്പെട്ടുവെന്ന് കാതറിൻ ഇ. കെല്ലി രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ സിസ്ലി ഹാമിൽടണും ക്രിസ്റ്റഫർ സെന്റ് ജോണും ചേർന്നെഴുതിയ ഹൗ ദ് വോട്ട് വാസ് വൺ (1909) ഉൾപ്പെടെയുള്ള നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ സൂസൻ ഗ്ളാസ്പെൽ എഴുതിയ ട്രൈഫിൾസ് (1916) എന്ന നാടകവും പ്രധാനമാണ്. അതിനുശേഷം ഇംഗ്ളണ്ടിൽ ലിലിയൻ ബെയ്ലിസും ജോയൻ ലിറ്റിൽവുഡും മികച്ച സംഭാവനകൾ നല്കിയപ്പോൾ അമേരിക്കയിൽ ഹാലി ഫ്ളെയ്നഗൻ അമേരിക്കൻ തിയേറ്ററിന് പുതിയ വികാസം നല്കി. സ്ത്രീകളുടെ സ്വത്വപ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകൾ രചന നിർവഹിച്ച് സ്ത്രീകൾ തന്നെ ആവിഷ്കരിക്കുന്ന രംഗാവിഷ്കാരത്തെയാണ് പൊതുവേ 'ഫെമിനിസ്റ്റ് തിയേറ്റർ' എന്നു പറഞ്ഞുവന്നത്.

'ഫെമിനിസ്റ്റ് തിയേറ്റർ' എന്ന നിർവചനത്തിൽ ഒട്ടനേകം സ്ത്രീപക്ഷധാരകൾ ഉൾപ്പെടുന്നു. സ്ത്രീപക്ഷ പഠനങ്ങൾ, സ്ത്രീവാദപരമായ സാമ്പത്തിക രാഷ്ട്രീയ-സാംസ്കാരിക മൂല്യങ്ങൾ തുടങ്ങിയവ ഫെമിനിസ്റ്റ് തിയേറ്ററിന്റെ പാഠസങ്കല്പനത്തിൽ ഉൾപ്പെടുന്നുണ്ട്. പ്രയോഗത്തിലുള്ള താരതമ്യ തത്ത്വശാസ്ത്രം എന്ന നിലയിലും സാമൂഹ്യമാറ്റത്തിനുള്ള ലക്ഷ്യപദ്ധതി എന്ന നിലയിലും ഫെമനിസം ഒരു തന്ത്രമാണെന്ന് ലിൻഡാ അൽക്കോഫ് സൂചിപ്പിക്കുന്നു.

സ്ത്രീവാദനിരീക്ഷകരുടെയും കലാശില്പികളുടെയും അഭിനേതാക്കളുടെയും വീക്ഷണങ്ങൾ സമന്വയിക്കുന്ന ഒരു സാംസ്കാരിക പ്രതിനിധാനമാണ് 'ഫെമിനിസ്റ്റ് തിയേറ്റർ' എന്നു പറയാം.

വളർച്ച[തിരുത്തുക]

1968-നുശേഷമുള്ള കാലഘട്ടമാണ് സ്ത്രീനാടകവേദിയുടെ വളർച്ച നിർണയിച്ചത്. 1968, 69 കാലഘട്ടം യൂറോപ്പിലും അമേരിക്കയിലും സംഘർഷങ്ങളുടെ കാലമായിരുന്നു. 1968-ൽ ബ്രിട്ടനിൽ തിയേറ്റർ സെൻസർഷിപ്പ് നിരോധിച്ചു. 1969-ലാണ് ആദ്യത്തെ ബ്രിട്ടീഷ് നാഷണൽ വിമൺസ് ലിബറേഷൻ കോൺഫറൻസ് ഓക്സ്ഫഡിൽ നടന്നത്. ഈ കാലഘട്ടത്തിലാണ് നിരവധി നാടകസംഘങ്ങൾ രൂപംകൊണ്ടത്. മിസ് വേൾഡ്, മിസ് അമേരിക്ക മത്സരങ്ങളെ 1969-ലും 1971-ലും ഫെമിനിസ്റ്റ് പ്രസ്ഥാനം തടസ്സപ്പെടുത്തുകയുണ്ടായി. ഇത്തരം പ്രതിരോധങ്ങളിലൂടെയാണ് സ്ത്രീപക്ഷ അവബോധം ഫെമിനിസ്റ്റ് തിയേറ്റർ പ്രസ്ഥാനമായി വികസിച്ചത്.

ആദ്യകാല സ്ത്രീപക്ഷ പ്രസ്ഥാനങ്ങൾ, സ്ത്രീവാദ തെരുവുനാടകസംഘങ്ങളായി ഉയർന്നുവന്നതോടെയാണ് ഫെമിനിസ്റ്റ് തിയേറ്ററിന്റെ രണ്ടാംഘട്ടം തുടങ്ങുന്നത്. രാഷ്ട്രീയ കാഴ്ചപ്പാടോടു കൂടിയ ഇത്തരം നാടകസങ്കല്പത്തെ നിരവധി ഫെമിനിസ്റ്റ് തിയേറ്റർ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തു. പ്രത്യുത്പാദനപരമായ അവകാശങ്ങൾ, മാതൃത്വം, സാഹോദര്യം, സ്ത്രീസൗഹൃദം, ലെസ്ബിയനിസം തുടങ്ങിയ നവീന സ്ത്രീപക്ഷ മൂല്യങ്ങൾ നാടകവേദിയിൽ 'സ്ത്രീഭാഷ' എന്ന പുതിയ ആശയത്തിന് പ്രേരണ നല്കി. രചനാപരമായ സങ്കേതങ്ങളെക്കാൾ, രംഗാവിഷ്കരണത്തിന്റെ നവീനതലങ്ങൾക്കാണ് ഫെമിനിസ്റ്റ് തിയേറ്റർ പ്രാമുഖ്യം നല്കിയതെന്ന് പറയാം. മിക്ക സ്ത്രീവാദ നാടകരൂപങ്ങളിലും സ്ത്രീകളായ പ്രേക്ഷരുടെ സാന്നിധ്യവും ശ്രദ്ധയും ഗൗരവഘടകമായി പരിഗണിക്കപ്പെട്ടു. ദ് വിമൻ സ്ട്രീറ്റ് തിയേറ്റർ ഗ്രൂപ്പ്, ദ് മോൺസ്ട്രസ് റെജിമെന്റ് ഒഫ് വിമൺ, മിസിസ് വർത്തിങ്ടൺസ് ഡോട്ടേർസ് എന്നിവയായിരുന്നു ഇംഗ്ലണ്ടിലെ ആദ്യകാല സ്ത്രീവാദനാടകസംഘങ്ങൾ. 1972-ൽ റെഡ് ലാദർ നിർമിച്ച സ്ട്രൈക്ക് വൈൽ ദി അയൺ ഈസ് ഹോട്ട് അവതരിപ്പിക്കപ്പെട്ടു. 1974-ൽ വിമൺസ് തിയേറ്റർ ഗ്രൂപ്പിന്റെ ആദ്യനാടകമായ മൈ മദേഴ്സ് ചോയ്സ് ഐ നെവർ ഷുഡ് കാഴ്ചക്കാർക്ക് മുന്നിലെത്തി. അറുപതുകളിൽ രചനാരംഗത്ത് പ്രത്യക്ഷപ്പെട്ട അൻജെലിക്കോ, ജെയിൻ ആർഡൻ, മാർഗരറ്റാ ഡി ആർസി, ഷീലാ ഡിലനോയ്, ഡോറിസ് ലെസിങ് തുടങ്ങിയവർക്ക് പിന്നാലെ പുതിയ നിരയുമെത്തി. കരോൾ ചർച്ചിൽ, പാഠ ജംസ് തുടങ്ങിയവയായിരുന്നു അവർ. എൺപതുകളിലും തൊണ്ണൂറുകളിലും ഫെമിനിസ്റ്റ് നാടകവേദി ശക്തമായി. സാറാ ഡാനിയൽസ്, ഡിബോറാ ലെവി, ജാക്കി കേയ്, കിം മോറിസി, വെന്റി വാസർസ്റ്റെയിൻ, ജോയൻ ലിപ്റ്റിൻ തുടങ്ങിയവർ പുതിയ സ്ത്രീനാടകഭാഷ്യങ്ങൾക്ക് ഊർജ്ജം പകർന്നു. 1972-ൽ നോർത്ത് അമേരിക്കയിൽ വിമൺസ് തിയേറ്റർ കൗൺസിൽ സ്ഥാപിക്കപ്പെട്ടു. മൌണ്ടൻ തിയേറ്റർ, ഒമാഹാ മാജിക് തിയേറ്റർ, ലാവൻഡർ സെല്ലാർ, വുമൺസ് പ്രോജക്ട്, സ്പ്ളിറ്റ് ബ്രിച്ചസ് തുടങ്ങിയ സ്ത്രീപക്ഷ നാടകക്കമ്പനികൾ അവിടെ ഉയർന്നുവന്നു. എഴുപതുകളിലും എൺപതുകളിലുമായി ലോകമെമ്പാടും ഫെമിനിസ്റ്റ് തിയേറ്റർ പ്രസ്ഥാനങ്ങൾ വികസിക്കുകയുണ്ടായി. 1977-ൽ സിസ്ട്രേൻ (Sistren) എന്ന പേരിൽ ജമൈക്കൻ സ്ത്രീനാടകവേദി രൂപീകൃതമായി. തുടർന്ന് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും കാനഡ, ആസ്റ്റ്രേലിയ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലും സ്ത്രീപക്ഷ രംഗകല പടർന്നുപന്തലിച്ചു. ഓരോ രാജ്യത്തും നിലവിലുണ്ടായിരുന്ന സാമൂഹികമൂല്യത്തിനും അഭിരുചികൾക്കും അനുസൃതമായാണ് ഫെമിനിസ്റ്റ് നാടകമൂല്യങ്ങൾ നിർണയിക്കപ്പെട്ടത്. എഴുപതുകളിൽ തുടക്കമിട്ട പല നാടകപ്രസ്ഥാനങ്ങളെയും എൺപതുകളിലെ ഫണ്ടിങ് പ്രതിസന്ധി ബാധിച്ചു. താച്ചർ ഭരണപരിഷ്കാരങ്ങളുടെ പ്രതിഫലനമായിരുന്നു അത്. അതോടെ പല നാടകവേദികളും അടച്ചു പൂട്ടാൻ നിർബന്ധിതരായി. ഇതിനെ മറികടക്കാനായി പലരും ചുവടുമാറ്റി. അതോടെ 'ഫെമിനിസ'ത്തിന്റെ നിർവചനം മാറുകയായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരകളിലേക്ക് നേരിട്ടുള്ള പ്രവേശനമായിരുന്നു സ്ത്രീവാദപ്രസ്ഥാനം ലക്ഷ്യമിട്ടത്. വ്യവസ്ഥാപിതമായ രംഗവേദിയിൽ നിന്ന് രാഷ്ട്രീയ-സാമൂഹിക വിമർശനത്തിന്റെ പുതിയ അവതരണ ഭാഷ്യങ്ങളിലേക്ക് അവർ നാടകത്തെ നയിച്ചു. മാധ്യമവത്കൃതമായ ഒരു നാടകാനുഭവവും സമുചിതമായ രാഷ്ട്രീയപ്രതികരണങ്ങളും ജീവിക്കുന്ന കല(Live Art)യിലൂടെ അവർ പകരാൻ ശ്രമിച്ചു. സ്ത്രീവാദപ്രസ്ഥാനം, രംഗകലയിലൂടെ പുതിയ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ കർത്തൃത്ത്വങ്ങൾ സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇത് സ്ത്രീ നാടകവേദിയുടെ ലോകവ്യാപകമായ ശാക്തീകരണത്തിന് വഴിതെളിയിച്ചു.

ഇന്ത്യയിൽ[തിരുത്തുക]

ലോകവ്യാപകമായി ചലനം സൃഷ്ടിച്ച സ്ത്രീവാദനാടകവേദി ഇന്ത്യൻ തിയേറ്ററിനെയും സ്വാധീനിക്കുകയുണ്ടായി. ഭാരതി സാരഭായ്, മഞ്ജരി ഈശ്വരൻ, ഉമാ മനേശ്വർ എന്നിവരുടെ സംഭാവനകൾ പ്രധാനപ്പെട്ടവയാണ്. ഇന്ത്യൻ നാടകങ്ങൾ ഇംഗ്ളീഷ് ഭാഷയിൽ അവതരിപ്പിക്കുന്നു എന്ന പ്രതിസന്ധി, ഇവരുടെ അവതരണങ്ങളിലുണ്ടായിരുന്നുവെങ്കിലും, അവയെല്ലാം മികച്ച ജനസമ്മതി നേടി. സ്ത്രീവാദ കാഴ്ചപ്പാടുകളോട് കൂറ് പുലർത്തുകയും സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഇംഗ്ളീഷ് നാടകങ്ങളാണ് അവർ ആവിഷ്കരിച്ചത്. ദീനാ മേത്ത, പോളി സെൻ ഗുപ്ത, മഞ്ജുളാ പദ്മനാഭൻ, ത്രിപുരാരി ശർമ തുടങ്ങിയവർ സമകാലിക ഇന്ത്യൻ സ്ത്രീവാദ നാടകപ്രസ്ഥാനത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്നവരാണ്.

മലയാള നാടകവേദി[തിരുത്തുക]

മലയാള നാടകവേദിയിലും സ്ത്രീപക്ഷദർശനം ശക്തമാണ്. ആധുനിക മലയാള നാടകവേദികളിൽ ഒട്ടനേകം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. അഭിനേത്രികൾ എന്ന നിലയിലാണ് അവരുടെ പൊതുസമ്മതി. എന്നാൽ രചനാരംഗത്തും സംവിധാനരംഗത്തും ശക്തമായ സ്ത്രീസാന്നിധ്യം കുറവാണെന്ന് കാണാം. 1944-ൽ കെ. സരസ്വതിയമ്മ ദേവദൂതി എന്ന നാടകമെഴുതുകയുണ്ടായി. നമ്പൂതിരി സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ പുനർജന്മം എന്ന പേരിൽ ലളിതാംബിക അന്തർജനം നാടകമെഴുതി. പുരുഷ നാടകകൃത്തുക്കളുടെ പല രചനകളിലും സ്ത്രീവാദപരമായ വിഷയങ്ങൾ അവതരിപ്പിച്ചെങ്കിലും ഫെമിനിസ്റ്റ് ദർശനത്തെ അതൊന്നും പൂർണമായും ഉൾക്കൊണ്ടില്ല എന്നു പറയാം.

സ്ത്രീ സ്വാതന്ത്ര്യത്തിനും വിമോചനത്തിനും പ്രാധാന്യം നല്കുന്ന നാടകപ്രസ്ഥാനങ്ങൾ കേരളത്തിൽ ഉണ്ടായത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്. 'അഭിനേത്രി' എന്ന സ്ത്രീവാദനാടകവേദിയുടെ ഉദയം കേരളീയ നാടകരംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ സൃഷ്ടിച്ചു. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ രണ്ട് നാടകരചനകളെ സമന്വയിപ്പിച്ചുകൊണ്ട് ചിറകടിയൊച്ചകൾ എന്ന പുതിയ നാടകഭാഷ്യം അഭിനേത്രി ഒരുക്കി. ശ്രീലത, സജിത മഠത്തിൽ, സുധി എന്നിവർ ആവിഷ്കരിച്ച ഈ കലാസൃഷ്ടി കേരളീയ സ്ത്രീവാദ കലയിൽ പുതിയ വഴിത്തിരിവുണ്ടാക്കി. ഒരു കഥാപാത്രം മാത്രം രംഗത്തുവരുന്ന ബ്യൂട്ടിപാർലർ എന്ന സ്ത്രീവാദ നാടകവും പുതിയ ഉണർവുകൾ സൃഷ്ടിക്കുകയുണ്ടായി സജിതയും കെ.എസ്. ശ്രീകാന്തും ചേർന്ന് സൃഷ്ടിച്ച ഈ കലാസൃഷ്ടി, ഒട്ടേറെ പുതിയ സ്ത്രീവാദ നാടകലക്ഷ്യങ്ങൾക്ക് തുടക്കമിട്ടു. വൈ.ജി. മധുവന്തി രംഗത്ത് ആവിഷ്കരിച്ച 'കന്യ' എന്ന ബാലേയും സ്ത്രീപക്ഷ ദർശനത്തിന് പുതിയ മുഖം പകർന്നു. മലയാള സ്ത്രീനാടകരംഗത്തെ മറ്റൊരു നാഴികക്കല്ലാണ് ശ്രീജയുടെ 'ലേബർ റൂം'. രാജരാജേശ്വരി എഴുതി സി.വി. സുധി സംവിധാനം ചെയ്ത കസാൻഡ്ര എന്ന നാടകവും സ്ത്രീകഥാപാത്രങ്ങളുടെ തീക്ഷ്ണഭാവങ്ങളെ ആവാഹിച്ചെടുക്കുന്നതായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാടകകല എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സ്ത്രീ_നാടകവേദി&oldid=2286627" എന്ന താളിൽനിന്ന് ശേഖരിച്ചത്