സ്ത്രീധന നിരോധന നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, സ്ത്രീധനം എന്ന ശാപത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.

സ്ഥിതി വിവര കണക്കുകൾ[തിരുത്തുക]

ഇന്ത്യയിൽ സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾ നാൾക്കുനാൾ വർദ്ധിച്ചു വരുന്നു. [1]കൊടുത്ത സ്ത്രീധനം മതിയാവാത്തതിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും മാനസിക ശാരീരിക പീഡനങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കും വിധേയരാവുന്ന സ്ത്രീകളുടെ വാർത്തകൾ മാധ്യമങ്ങളിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകൾ പരിശോധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാവുന്നതാണ്. രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു സ്ത്രീ സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.[2] ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് 1-1-2001 മുതൽ 31-12-2012 വരെയുള്ള കാലഘട്ടത്തിൽ 91202 സ്ത്രീധനമരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മരണങ്ങളുടെ എണ്ണം കൂടുന്നതായും കണക്കുകൾ രേഖപ്പെടുത്തുന്നുണ്ട്. 2001 -ൽ 6851 സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് 2006-ൽ 7618 ആയും 2012-ൽ 8233 ആയും വർദ്ധിച്ചതായി കാണുന്നുണ്ട്. [3].2012-ലെ കണക്കുകൾ പ്രകാരം ആൻഡ്രാപ്രദേശ് സംസ്ഥാനം 2511 സ്ത്രീധന കേസുകളുമായി ഒന്നാം സ്ഥാനത്തും 1487 കേസുകളുമായി ഒഡീഷ സംസ്ഥാനം തൊട്ടുപിന്നിലുമുണ്ട്. എന്നാൽ ഇതേ കാലയളവിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കീം, ത്രിപുര എന്നിവിടങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.[4]

നിർവ്വചനം[തിരുത്തുക]

1961-ലെ സ്ത്രീധന നിരോധന നിയമം, സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നിയമം 1984-ൽ വീണ്ടും ഭേദഗതി ചെയ്യുകയുണ്ടായി. സ്ത്രീധനം എന്താണെന്നു ഈ നിയമത്തിൽ നിർവ്വചിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് വിവാഹസമയത്തോ അതിനു മുമ്പോ പിമ്പോ വിവാഹിതരാവുന്ന കക്ഷികളിൽ ഒരാൾ മറ്റൊരാൾക്കു കൊടുക്കുന്നതോ, വിവാഹിതരാവുന്നവരുടെ മാതാപിതാക്കളൊ മറ്റാരങ്കിലുമോ വധുവിനോ വരനോ മറ്റാർക്കെങ്കിലുമോ കൊടുക്കുന്ന എല്ലാ സ്വത്തുക്കളും വിലയുള്ള പ്രമാണങ്ങളും സ്ത്രീധനം ആണ്. [5] എന്നാൽ മുസ്ലിം വ്യക്തിനിയമമനുസരിച്ചുള്ള മഹറും ഡവറും ഒഴിവാക്കിയിട്ടുണ്ട്. വിവാഹച്ചിലവിലേക്ക് കൊടുക്കുന്ന തുകയും സ്ത്രീധനമാണ്. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂ വരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിന്റെ നിർവ്വചനത്തിൽ ഉൾപ്പെടുന്നില്ല. ഭാവിയിൽ ഒരു വ്യവഹാരം ഉണ്ടാകാതിരിക്കുവാനായി വധൂ വരന്മാർക്ക് ലഭിക്കുന്ന വസ്തു വഹകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി ഇരുവരും അതിൽ ഒപ്പ് വച്ച് ആയത് സൂക്ഷിക്കേണ്ടതാണ്.

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ വേണ്ടിയുള്ള കാരാറുകൾ അസാധുവായിരിക്കുന്നതാണ്.

ശിക്ഷ[തിരുത്തുക]

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, വാങ്ങുന്നതിനും കൊടുക്കുന്നതിനും പ്രേരിപ്പിക്കുന്നതും, 5 വർഷത്തിൽ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000/- രൂപയോ , സ്ത്രീധനതുകയോ ഏതാണോ കൂടുതൽ, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വർഷത്തിൽ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കിൽ, ആയതിനുള്ള കാരണം മജിസ്ട്രേറ്റ് രേഖപ്പെടുത്തേണ്ടാതാണ്.[6]

വധൂവരന്മാരുടെ മാതാപിതാക്കളോടോ, ബന്ധുക്കളോടോ, രക്ഷിതാക്കളോടോ, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവു ശിക്ഷയും 10,000/- രൂപ പിഴ ഒടുക്കുവാനും ഉള്ള ശിക്ഷയ്ക്ക് അർഹനുമായിരിക്കും[7]

സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുക്കുന്നയാൾക്ക്, 6 മാസം മുതൽ 5 വർഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ 15,000/- രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.[8]

സ്ത്രീധനതുക വധുവിന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളിൽ നിക്ഷേപിച്ചിട്ടില്ലെങ്കിൽ, ചുരുങ്ങിയത് 6 മാസത്തിൽ കുറയാത്തതും 2 വർഷത്തിൽ കൂടാത്തതുമായ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പിഴ ശിക്ഷ ചുരുങ്ങിയത് 5,000/- രൂപയും പരമാവധി 10,000/- രൂപ വരെയുമായിരിക്കും.

സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ ജാമ്യം ലഭിക്കുവാൻ അർഹതയില്ലാത്തതും രാജിയാക്കാൻ വ്യവസ്ഥ ഇല്ലാത്തതുമാണ്.

സ്ത്രീധനം വധുവിന് അവകാശപ്പെട്ടതാണ്[തിരുത്തുക]

വധുവല്ലാതെ മറ്റാരെങ്കിലും സ്ത്രീധനം കൈവശം വയ്ക്കുകയാണെങ്കിൽ ആ സ്ത്രീധനം വധുവിനു കൈമാറേണ്ടതാണ്.[9]

  • വിവാഹത്തിനു മുമ്പാണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് വിവാഹ ശേഷം 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
  • വിവാഹ സമയത്തോ അതിനു ശേഷമോ ആണ് സ്ത്രീധനം കിട്ടിയിട്ടുള്ളതെങ്കിൽ അത് കൈപറ്റി 3 മാസത്തിനകം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
  • വിവാഹ സമയത്ത് വധു മൈനറാണെങ്കിൽ, വധു മേജറായതിനു ശേഷം 3 മാസത്തിനകം സ്ത്രീധനം വധുവിന്റെ പേരിലേക്ക് മാറ്റേണ്ടതാണ്.
  • സ്ത്രീധനം മടക്കി വാങ്ങുന്നതിനു മുമ്പ് വധു മരണപ്പെടുകയാണെങ്കിൽ അവരുടെ അവകാശികൾക്ക് സ്ത്രീധനം കൈവശം വെച്ച ആളിൽ നിന്നും മടക്കി വാങ്ങാവുന്നതാണ്.

ഇന്ത്യൻ പീനൽകോഡിൽ സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ[തിരുത്തുക]

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 ബി പ്രകാരം വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഏഴു കൊല്ലത്തിനകം തീപൊള്ളലേറ്റോ, മറ്റു മുറിവുകൾ മൂലമോ, ദുരൂഹ സാഹചര്യത്തിലോ മരണപ്പെടുകയും ഭർത്താവോ അയാളുടെ ബന്ധുക്കളോ മരണത്തിനു തൊട്ടു മുമ്പ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി പെരുമാറുകയും ചെയ്താൽ അത്തരം മരണം സ്ത്രീധന കൊലപാതകമാണ്. സ്ത്രീധന കൊലപാതകത്തിനു ചുരുങ്ങിയത് 7 വർഷം തടവും പരമാവധി ജീവപര്യന്തം ശിക്ഷയുമാണ്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ പ്രകാരം ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്ത്രീധനത്തിനു വേണ്ടി സ്ത്രീയെ പീഡിപ്പിച്ചാൽ അയാൾക്ക് 3 വർഷം വരെ തടവും കൂടാതെ പിഴ ശിക്ഷയും വിധിക്കുന്നതാണ്.

അവലംബം[തിരുത്തുക]

  1. http://www.dailyindianherald.com/home/details/uimV4ja7/103 സ്ത്രീധന പീഡനങ്ങൾ വീണ്ടും വർദ്ധിക്കുന്നു, ഡെയ്ലി ഇന്ത്യൻ ഹെറാൾഡ് 13-6-2013
  2. http://www.madhyamam.com/news/243222/130901 രാജ്യത്ത് മണിക്കൂറിൽ ഒരു സ്ത്രീധന പീഡന മരണം, മാധ്യമം-9-1-2013
  3. http://www.thehindu.com/news/national/rising-number-of-dowry-deaths-in-india-ncrb/article4995677.ece Rasing number of dowry deaths in INdia,NCRB-The Hindu dated 7-7-13
  4. http://indianexpress.com/article/india/crime/infographic-andhra-pradesh-tops-list-in-dowry-cases-in-2012/ Nation, 21-2-2014
  5. http://wcd.nic.in/dowryprohibitionact.htm Section 2 Dowry Prohibition Act
  6. http://wcd.nic.in/dowryprohibitionact.htm Section 3 Dowry Prohibition Act
  7. http://wcd.nic.in/dowryprohibitionact.htm Section 4 Dowry Prohibition Act
  8. http://wcd.nic.in/dowryprohibitionact.htm section 4-A of the Act
  9. http://wcd.nic.in/dowryprohibitionact.htm Section 6 of the Act

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ത്രീധന_നിരോധന_നിയമം&oldid=3090696" എന്ന താളിൽനിന്ന് ശേഖരിച്ചത്