സോഫിയ ബ്രാഹെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ ബ്രാഹെ

ഉദ്യാനവിജ്ഞാനം, ജ്യോതിശാസ്ത്രം, രസതന്ത്രം, വൈദ്യം എന്നീ ശാസ്ത്രശാഖകളിൽ താത്പര്യം കാട്ടിയ ഒരു ഡെന്മാർക്കുകാരിയായിരുന്നു സോഫിയ ബ്രാഹെ അല്ലെങ്കിൽ സോഫി ബ്രാഹെ (24 ആഗസ്റ്റ് 1556 – 1643). വിഖ്യാത ജ്യോതിശാസ്ത്രജ്ഞൻ ടൈക്കോ ബ്രാഹെയുടെ സഹോദരിയായിരുന്നു. അവർ. ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ ടൈക്കോയുമായുള്ള സഹകരണത്തിന്റെ പേരിൽ അവർ പ്രത്യേകം അറിയപ്പെടുന്നു.

പത്തു ബ്രാഹെ സഹോദരങ്ങളിൽ ഏറ്റവും ഇളയവളായിരുന്നു സോഫിയ. ടൈക്കോയേക്കാൾ പത്തു വയസ്സ് ഇളയതായിരുന്നു അവൾ. 1573-ൽ ടൈക്കോയെ ജ്യോതിശാസ്ത്രനിരീക്ഷണങ്ങളിൽ സഹായിക്കാൻ തുടങ്ങിയ സോഫിയ, ഗ്രഹങ്ങളുടെ ചലനപഥങ്ങളുടെ പ്രവചനവ്യവസ്ഥയ്ക്ക് അടിസ്ഥാനമിട്ട അന്വേഷണങ്ങളിൽ സഹോദരന്റെ പങ്കാളിയായി. ഹ്വീൻ ദ്വീപിലുള്ള ടൈക്കോയുടെ നിരീക്ഷണാലയത്തിൽ അവർ സ്ഥിരം സന്ദർശക ആയിരുന്നു.[1] ഉദ്യാനവിജ്ഞാനം, രസതന്ത്രം എന്നിവയിൽ സഹോദരിക്കു പരിശീലനം നൽകിയ താൻ ജ്യോതിശാസ്ത്രപഠനം അവൾക്കു വിലക്കിയെന്നു ടൈക്കോ എഴുതിയിട്ടുണ്ട്. എന്നിട്ടും അവൾ സ്വയം അതിൽ പ്രാവീണ്യം നേടിയെന്ന് അദ്ദേഹം അഭിമാനത്തോടെ പറയുന്നു. അതിനായി അവൾ ജർമ്മൻ ഭാഷാഗ്രന്ഥങ്ങൾ വായിച്ചതിനു പുറമേ, സ്വന്തം ചെലവിൽ പരിഭാഷ ചെയ്യിച്ചെടുത്ത ലത്തീൻ ഗ്രന്ഥങ്ങളും പഠിച്ചു. ശാസ്ത്രത്തിലുള്ള ഈ സഹോദരങ്ങളുടെ കൗതുകത്തിന് അവരുടെ കുടുംബാംഗങ്ങൾ എതിരായിരുന്നു. ശാസ്ത്രാന്വേഷണം കുലീനർക്കു ചേരാത്തതാണെന്ന് കുടുംബാംഗങ്ങൾ കരുതി. ഈ എതിർപ്പുകൾക്കു മുൻപിൽ സഹോദരി പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തെ (animus invictus) ടൈക്കോ പുകഴ്ത്തിയിട്ടുണ്ട്.

1576-ൽ 20 വയസ്സിനടുത്ത പ്രായത്തിൽ സോഫിയ, ഓട്ടോ തോട്ട് എന്നയാളെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകനും ജനിച്ചു. 1588-ൽ തോട്ട് മരിച്ചു.[1] ഭർത്താവിന്റെ മരണത്തെ തുടർന്ന് മകന്റെ പ്രായപൂർത്തി വരെ സോഫിയ, എറിക്ക്സോം എന്ന സ്ഥലത്തെ കൃഷിയിടം ലാഭകരമായി നോക്കിനടത്തി. ഇക്കാലത്താണ് വൈദ്യത്തിനും രസതന്ത്രത്തിനും പുറമേ ഉദ്യാനനിർമ്മിതിയിലും അവർ താത്പര്യമെടുത്തത്. എറിക്ക്സോമിലെ അവരുടെ ഉദ്യാനങ്ങൾ ഏറെ സവിശേഷമായിരുന്നു. ജാതകക്കുറികൾ ഉണ്ടാക്കുന്നതിലും അവർ സഹോദരനെ സഹായിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 John Robert Christianson (2000). On Tycho's Island: Tycho Brahe and his assistants, 1570-1601. Cambridge University Press. ISBN 0-521-65081-X
"https://ml.wikipedia.org/w/index.php?title=സോഫിയ_ബ്രാഹെ&oldid=1879122" എന്ന താളിൽനിന്ന് ശേഖരിച്ചത്