സൈൻസ് വീഡിയോ ഫെസ്റ്റിവൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫെഡറേഷൻ‌ ഓഫ്‌ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ - കേരള ഘടകം സംഘടിപ്പിക്കുന്ന, ജോൺ‌ ഏബ്രഹാം ദേശീയപുരസ്കാരത്തിനായുള്ള വീഡിയോ ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും മേളയാണ് സൈൻ‌സ്. 1999 ൽ‌ മലയാളസിനിമയ്ക്കുള്ള പുരസ്കാരമായാണു ഫെഡറേഷൻ‌ ഓഫ്‌ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ - കേരള ഘടകം ജോൺ‌ ഏബ്രഹാം പുരസ്കാരം ഏർപ്പെടുത്തിയത്. 2005 ൽ ഡോക്യുമെന്ററികൾക്കും ഹ്രസ്വചിത്രങ്ങൾക്കും ഉള്ള മത്സരം ദേശീയതലത്തിലേക്കുയർത്തി സൈൻസ് എന്ന മേള ആരംഭിച്ചു. അടൂർ‌ ഗോപാലകൃഷ്ണൻ‌, സഈദ് മിർസ, കുമാർ ഷഹാനി, മണി കൗൾ‌, അരുൺ‌ ഘോപ്കർ എന്നിവർ‌ വിവിധവർഷങ്ങളിൽ‌ ജൂറി അധ്യക്ഷൻമാർ‌ ആയിരുന്നു. മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, സിനിമ ഓഫ് റെസിസ്റ്റൻസ്, സിനിമ എക്സ്പെരിമെന്റ എന്നീ നാലു പുരസ്കാരങ്ങൾ‌ നൽകിവരുന്നു. 25000 രൂപയും സി. എൻ‌. കരുണാകരൻ‌ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമാണു ജോൺ‌ ഏബ്രഹാം ദേശീയപുരസ്കാരം. 2011 ലെ മേള ഫെബ്രുവരി 11 മുതൽ‌ തിരുവനന്തപുരത്ത് നടക്കും. ഈ വർഷം മുതൽ‌ കേരളത്തിലെ വിദ്യാർഥികൾ സംവിധാനം ചെയ്ത ചിത്രങ്ങളുടെ മത്സരവിഭാഗവും ഉണ്ട്.

സൈൻസ് മേളയിൽ‌ വിവിധവർഷങ്ങളിൽ‌ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രങ്ങൾ‌ പിന്നീട് ഏറെ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ‌ നേടിയിട്ടുണ്ട്. മാത്രമല്ല, പല സാമൂഹ്യപ്രശ്നങ്ങളും രാജ്യാന്തരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ വരാനും ഇടയാക്കി. മണിപ്പൂരിലെ സൈന്യത്തിന്റെ അമിതാധികാരം ഉണ്ടാക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന അഫ്സ്പ-1958 (ഹോബം പബൻ‌ കുമാർ‌), ഒറീസയിലെ ആദിവാസികളുടെ സമരകഥയായ മഹുവ മെമയേഴ്സ് (വിനോദ് രാജ), ഹിമാലയത്തിലേക്ക് ഒറ്റക്കു നടത്തിയ യാത്രയെ ചിത്രീകരിക്കുന്ന റൈഡിങ്ങ് സോളോ റ്റു ദ് ടോപ്പ് ഓഫ് ദ് വേൾഡ് (ഗൗരവ് ജാനി), ഹോപ്പ് ഡൈസ് ലാസ്റ്റ് ഇൻ വാർ (സുപ്രിയോ സെൻ) തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.