സെർഗീ ഇവാനോവിച് ടാനിയേവ്
റഷ്യൻ സംഗീതജ്ഞനും സംഗീത അധ്യാപകനുമായിരുന്നു സെർഗീ ഇവാനോവിച് ടാനിയേവ്. 1856 നവംബർ 25-നു വ്ളാഡിമിറിൽ ജനിച്ചു.
തുടക്കം പിയാനോയിൽ[തിരുത്തുക]
10-ആം വയസ്സു മുതൽ പിയാനോ പഠിച്ചുതുടങ്ങി. പിയാനോയിലെ ആചാര്യന്മാരിലൊരാളായ നിക്കോളാസ് റൂബിസ്റ്റെയിന്റെ ശിക്ഷണത്തിലാണ് ഇദ്ദേഹം ഒരു സംഗീതജ്ഞനായി വളർന്നു വന്നത്. സംഗീത രചയിതാവെന്ന നിലയിൽ ഇദ്ദേഹത്തെ രൂപപ്പെടുത്തിയത് വിഖ്യാത റഷ്യൻ സംഗീതകാരനായ ടക്കയ്കോ വിസ്കിയാണ്. മോസ്കോയിലായിരുന്നു അരങ്ങേറ്റം. ചെറുപ്പത്തിൽത്തന്നെ തുർക്കി, ഗ്രീസ്, ഇറ്റലി എന്നിവിടങ്ങളിൽ പിയാനോ കച്ചേരികൾ നടത്തി. 1871 മുതൽ 1878 വരെ പാരീസിലായിരുന്നു. മടങ്ങിയെത്തിയശേഷം 1878-ൽ ടക്ക്യ്കോവിസ്കിയുടെ പിന്തുടർച്ചക്കാരനായി മോസ്കോ കൺസർവേറ്ററിയിൽ പ്രൊഫസറായി. നിക്കോളാസ് റൂബിസ്റ്റെയിന്റെ മരണത്തെത്തുടർന്ന് 1885 മുതൽ 89 വരെ അവിടത്തെ ഡയറക്ടറുമായി. പിന്നീടത് രാജിവച്ചശേഷം 89 മുതൽ 7 വർഷക്കാലം സംഗീതരചനയുടെ ക്ലാസ്സുകൾ നടത്തി. പിയാനോ സംഗീതം അവതരിപ്പിക്കുന്നതിനെക്കാൾ സംഗീത രചനയിലായിരുന്നു താത്പര്യം. സിംഫണികളായും ചേംബർ സംഗീതമായും നിരവധി രചനകൾ ഇദ്ദേഹത്തിന്റേതായുണ്ട്.
പ്രധാന രചനകൾ[തിരുത്തുക]
ഈസ്കിലസിന്റെ ഒറെസ്റ്റെസിനെ ആധാരമാക്കി അതേ പേരിൽത്തന്നെ രചിച്ച ഓപ്പറ (1895) അതിപ്രശസ്തമാണ്.
- അഗമെമ്നോൺ
- കോയിഫോറൈ
- യൂമെനിഡിസ്
- ജോൺ ഒഫ് ഡമാസ്ക്കസ്
- അറ്റ് ദ് റീഡിംഗ് ഒഫ് ദ് സലാം
എന്നിവയാണ് മറ്റു മുഖ്യരചനകൾ. ഇദ്ദേഹത്തിന്റെ സൈദ്ധാന്തിക സംഭാവനകൾ 1909-ൽ കൺവേർട്ടബിൾ കൗണ്ടർ പോയിന്റ് ഇൻ ദ് സ്ട്രിക്റ്റ് സ്റ്റൈൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1962-ൽ അത് ഇംഗ്ലീഷിൽ തർജുമ ചെയ്തിറക്കുകയുണ്ടായി.
തന്റെ രചനകൾ ഏറ്റവും മനോഹരമായി ആവിഷ്ക്കരിച്ചത് ടാനിയേവ് ആണെന്ന് ടക്കയ്കോവിസ്കി വെളിപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ സംഗീതത്തിലെ ആചാര്യന്മാരിലൊരുവനായി ഇദ്ദേഹത്തെ ആദരിച്ചു പോരുന്നു. 1915 ജൂൺ 19-ന് ഇദ്ദേഹം അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.tchaikovsky-research.net/en/people/taneev_sergei.html
- http://www.allmusic.com/artist/q8033
- http://www.gavindixon.info/Sergei_Taneyev.htm
- http://www.last.fm/music/Sergei+Taneyev
വീഡിയോ[തിരുത്തുക]
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാനിയേവ്, സെർഗീ ഇവാനോവിച് (1856 - 1915) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |