സെലൂക്യാ-ക്ടെസിഫോൺ
ടൈഗ്രിസ് നദിയുടെ തീരത്ത് സ്ഥിതിചെയ്തിരുന്ന ഒരു നഗര പ്രദേശമായിരുന്നു സെലൂക്യാ-ക്ടെസിഫോൺ. ആധുനിക ഇറാഖിലാണ് ഇത് നിലനിന്നിരുന്നത്. സസ്സാനിദ് സാമ്രാജ്യത്തിന്റെ ആസ്ഥാന സിരാകേന്ദ്രങ്ങൾ ആയിരുന്ന സെലൂക്യാ, ക്‌ടെസിഫോൺ എന്നീ ഇരട്ടനഗരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രാദേശികമായി നഗരങ്ങൾ എന്ന അർത്ഥം വരുന്ന അൽ-മദായിൻ (അറബി: المدائ) എന്നാണ് ഇത് അറിയപ്പെടുന്നത്. സാമ്രാജ്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ നഗരമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പ്രദേശം പേർഷ്യയിലെ അറബ് അധിനിവേശത്തോടെ തകർച്ചയിലേക്ക് വീണു.[1][2] പേർഷ്യയിലെ അറബ് അധിനിവേശത്തിന് മുമ്പ് കിഴക്കിന്റെ സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതും ഈ പ്രദേശത്ത് ആയിരുന്നു.[3][4]

സ്ഥാപനവും രൂപീകരണവും
[തിരുത്തുക]പേർഷ്യൻ ഐതിഹ്യം അനുസരിച്ച് ഐതിഹാസിക രാജാക്കന്മാരായ തഹ്മുറസ് അഥവാ ഹുശാൻഗ് ആണ് കർദ്ബന്ദാദ് എന്ന പേരിൽ ഈ നഗരത്തിന് അടിത്തറയിട്ടത്. മറ്റൊരു ഇറാനിയൻ ഐതിഹാസിക രാജാവായ സ്സാബ്, മാസിദോനിയൻ ചക്രവർത്തി മഹാനായ അലക്സാണ്ഡർ (ഭരണം. ക്രി. മു. 356–323), സസ്സാനിയൻ ചക്രവർത്തി ശാപൂർ 2ാമൻ (ഭരണം. ക്രി. വ. 309–379) എന്നിവർ ഈ നഗരം പല കാലങ്ങളിലായി പുനർനിർമ്മിച്ചിട്ടുണ്ട്. മറ്റൊരു ഐതീഹ്യം അനുസരിച്ച് അസ്പാൻബൂർ, വേഹ്-അർദാശിർ, ഹൻബു ശാപൂർ, ദർസ്സാനിദാൻ, വേഹ് ജൊൻദ്യു-ഖുസ്രു, നവിനാബാദ്, കർദാകാധ് എന്നീ 5 (അല്ലെങ്കിൽ 7) പട്ടണങ്ങൾ ചേർന്നതായിരുന്നു ഈ നഗരം.[6]
സെലൂക്യ
[തിരുത്തുക]
സെല്യൂക്കിദ് ചക്രവർത്തി ആയിരുന്ന സെല്യൂക്കസ് നിക്കാത്തോർ തന്റെ സാമ്രാജ്യത്തിന്റെ പ്രധാന തലസ്ഥാനമായി സ്ഥാപിച്ച പട്ടണമാണ് സെലൂക്യ. ക്രി. മു. 300ലാണ് ഈ പട്ടണം സ്ഥാപിതമായത് എന്നാണ് 1914ൽ ആഗസ്റ്റെ ബൗച്ച്-ലെക്ലർക്ക് എഴുതുന്നത്.[7] അതേസമയം മറ്റ് പണ്ഡിതന്മാർ ക്രി. മു. 306ഉം ക്രി. മു. 312ഉം നിർദ്ദേശിച്ചിട്ടുണ്ട്.[8][9] സെല്യൂക്കസ് താമസിയാതെ തന്റെ പ്രധാന തലസ്ഥാനം വടക്കൻ സിറിയയിലെ അന്ത്യോഖ്യയിലേക്ക് മാറ്റിയെങ്കിലും, സെല്യൂസിദുകളുടെ കീഴിൽ സെലൂക്യ വ്യാപാരത്തിന്റെയും യവന സംസ്കാരത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറിക്കഴിഞ്ഞിരുന്നു.

ക്ടെസിഫോൺ
[തിരുത്തുക]ക്രി. മു. 120കളിലാണ് ക്ടെസിഫോൺ സ്ഥാപിതമായത്. സെലൂക്യയ്ക്ക് കിഴക്കായി പാർഥ്യൻ ചക്രവർത്തി മിഥ്രിദാത്തെസ് 1ാമൻ സ്ഥാപിച്ച ഒരു സൈനിക പാളയം നിലനിന്നിരുന്ന സ്ഥലത്താണ് ഇത് പണികഴിപ്പിക്കപ്പെട്ടത്. ഗൊതാർസെസ് 1ാമന്റെ കാലത്ത് രാഷ്ട്രീയപരവും വാണിജ്യപരവും ആയ പ്രാധാന്യത്തിന്റെ ഉത്തുംഗത്തിൽ എത്തിയ ഈ പട്ടണം ക്രി. മു. 58നോടടുത്ത് ഒറോദെസ് 2ാമന്റെ കാലത്ത് പാർഥ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആയി. കാലക്രമേണ വളർന്ന് പഴയ തലസ്ഥാനമായ സെലൂക്യയുമായും തൊട്ടടുത്ത ജനവാസകേന്ദ്രങ്ങളുമായും ലയിച്ച് ഒരു മഹാനഗരമായി ഇത് മാറി.[10]
സസ്സാനിയ കാലഘട്ടം
[തിരുത്തുക]
ക്രി. വ. 226ഓടെ ക്ടെസിഫോണിന്റെ നിയന്ത്രണം പിടിച്ച സസ്സാനിയ സാമ്രാജ്യം ആ നഗരത്തെ തങ്ങളുടെ ഭരണസിരാകേന്ദ്രം ആക്കിമാറ്റി. അവരുടെ ഭരണകാലത്ത് നഗരം വലിയതോതിൽ വളർന്ന് പന്തലിച്ചു. നഗരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗത്ത് സസ്സാനിയ ചക്രവർത്തിമാർ തങ്ങളുടെ പ്രധാന കൊട്ടാരമായ "വെൺകൊട്ടാരം" (قصر الأبيض) സ്ഥാപിച്ചത്. ഈ പ്രദേശം അറബിയിൽ പഴയ നഗരം (مدينة العتيقة 'മദീനാ അൽ-അതീഖാ' ) എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് നഗരത്തിന്റെ കിഴക്ക് ഭാഗമായിരുന്നു. ക്ടെസിഫോണിന്റെ തെക്കൻ ഭാഗം അസ്ബാൻബർ അഥവാ അസ്പാൻബർ എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രമുഖ സദസ്സുകൾ, ഖജനാവ്, കളിസ്ഥലങ്ങൾ, കുതിരാലങ്ങൾ, കുളിമുറികൾ മുതലായവ ഇവിടെയാണ് നിലനിന്നിരുന്നത്. തഖ് കസ്രയും ഇവിടെത്തന്നെ ആയിരുന്നു.[6][11]

നദിയുടെ പടിഞ്ഞാറ് ഭാഗത്ത് നിലനിന്നിരുന്ന പഴയ നഗരമായ സെലൂക്യയുടെ യവന നിർമിതികൾ കാലക്രമേണ നാശോന്മുഖമായിത്തീർന്നു. ടൈഗ്രിസ് നദിയുടെ ഗതി ക്രമേണ കിഴക്കോട്ട് മാറിയതിന് ശേഷം ഈ പുരാതന യവന നഗരം ഏതാണ്ട് വിജനമായി മാറിയിരുന്നതിനാൽ ആകാം ഇങ്ങനെ സംഭവിച്ചത്. അതേസമയം ഈ പ്രദേശം സസ്സാനിയൻ ഭരണത്തിന് കീഴിൽ എത്തി എകദേശം 60 വർഷത്തിനുള്ളിൽ ഒരു പുതിയ നഗരം ചക്രവർത്തി അർദാശിർ 1ാമൻ പടുത്തുയർത്തി. ക്ടെസിഫോണിൽ നിന്ന് കിഴക്കായി ടൈഗ്രിസ് നദിയുടെ മറുകരയിൽ 'പുതിയ സെലൂക്യ' എന്നനിലയിൽ ആണ് ഇത് പടുത്തുയർത്തപ്പെട്ടത്. അർദാശിറിന്റെ നല്ല പട്ടണം എന്ന് അർത്ഥമുള്ള വേഹ്-അർദാശിർ എന്ന് ഇത് വിളിക്കപ്പെട്ടു. ഈ പുതിയ നഗരം പഴയ യവന സെലൂക്യയിൽതന്നെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വളരെക്കാലം ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. എന്നാൽ ഇവിടെ നടന്ന ഇറ്റാലിയൻ പര്യവേഷണങ്ങളിൽ ഈ നഗരം പഴയ സെലൂക്യയ്ക്കും ക്ടെസിഫോണിനും ഇടയിലായി പുതുതായി സ്ഥാപിക്കപ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
വേവ്-അർദാശിറിനെ സുറിയാനി ക്രൈസ്തവർ 'കോഖേ' എന്നും അറബികൾ 'ബെഹ്രാസിർ' എന്നും വിളിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളിലെ ഉന്നതശ്രേണിയിൽപെട്ട ആളുകൾ തങ്ങളുടെ വാസസ്ഥലം ആക്കിയ പ്രദേശമായിരുന്നു ഇത്. സമ്പന്നരായ യഹൂദരും കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസുമാരും ഇവരിൽ ഉൾപ്പെടുന്നു. 315ലും 410ലും ഇവിടെ വച്ച് നടന്ന സഭാ സൂനഹദോസുകൾ പ്രസിദ്ധമാണ്.
വേഹ്-അർദാശിറിന്റെ തെക്കൻ ഭാഗം വലാശാബാദ് എന്നറിയപ്പെട്ടിരുന്നു.[6] നദിയുടെ പടിഞ്ഞാറേക്കരയിൽ സ്ഥിതി ചെയ്തിരുന്ന ഹൻബു ശാപൂർ, ദാർസ്സനിദാൻ, വേഹ് ജോൻദ്യു-ഖുസ്രൂ, നാവിനാബാദ്, കർദാകാധ് എന്നീ ഭാഗങ്ങൾ ക്ടെസിഫോൺ പട്ടണത്തിന്റെ ഭാഗമായിരുന്നു.[6] നദിയുടെ ഇരുകരയിലുമായി നിലനിന്നിരുന്ന ഈ പട്ടണങ്ങൾ എല്ലാം ചേർന്നതായിരുന്നു സെലൂക്യാ-ക്ടെസിഫോൺ മഹാനഗരം. യഹൂദർ ഇതിനെ 'മഹോസ്സെ' എന്നും സുറിയാനി ക്രൈസ്തവർ 'മദീൻതാ' എന്നും അറബികൾ 'അൽ-മദായിൻ' എന്നും വിളിച്ചു. സെലൂക്യ, ക്ടെസിഫോൺ എന്നിവയെ ഉദ്ദേശിച്ച് 'നഗരങ്ങൾ' എന്നാണ് ഈ വാക്കുകളുടെ എല്ലാം അർത്ഥം.
233ൽ സേവേറിയോസ് അലക്സാണ്ഡർ ക്ടെസിഫോണിലേക്ക് പട നയിച്ചെങ്കിലും, ഹെറോദിയൻ സാക്ഷ്യപ്പെടുത്തുന്നതുപോലെ, അർദാശിർ 1ാമനോട് വലിയ പരാജയം ഏറ്റുവാങ്ങി മടങ്ങേണ്ടിവന്നു.[12] 283ൽ, ഒരു ആഭ്യന്തര കലാപത്തിന്റെ കാലഘട്ടത്തിൽ ചക്രവർത്തി കാറസ് നഗരം കൊള്ളയടിച്ചു. ഗലേറിയസ് ക്ടെസിഫോണിലേക്ക് പട നയിച്ച് അത് പിടിച്ചടക്കി എന്നും പിന്നീട് അർമേനിയയ്ക്ക് പകരമായി പേർഷ്യൻ ചക്രവർത്തി നർസായിക്ക് വിട്ടുകൊടുത്തു എന്നും ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഇതിന് കൃത്യമായ രേഖകൾ ഒന്നുമില്ല.[13]

541ൽ അന്ത്യോഖ്യ കീഴടക്കിയശേഷം ഖുസ്രു 1ാമൻ ബന്ദികളാക്കി കൊണ്ടുവന്ന നഗരവാസികളെ ക്ടെസിഫോണിന് സമീപം ഒരു പുതിയ പട്ടണം സ്ഥാപിച്ച് അവിടെ പാർപ്പിച്ചു. ഈ പുതിയ പട്ടണത്തിന് 'വേഹ്-അന്ത്യോഖ്യ ഖുസ്രു' (ഖുസ്രുവിന്റേത്- അന്ത്യോഖ്യയേക്കാൾ മികച്ച [പട്ടണം]) എന്ന് അദ്ദേഹം പേരിട്ടു.[14] ഇവിടെ താമസമാക്കിയവർ ഇതിനെ 'റൂമാഗാൻ' അഥവാ റോമാക്കാരുടെ പട്ടണം എന്നും അറബികൾ 'അൽ-റൂമിയ്യാ' എന്നുമാണ് വിളിച്ചിരുന്നത്. വെഹ് അന്ത്യോഖ്യയ്ക്ക് പുറമേ, ഖുസ്രു നിരവധി കോട്ട കെട്ടിയ നഗരങ്ങളും നിർമ്മിച്ചു.[15]
അവലംബം
[തിരുത്തുക]- ↑ "CTESIPHON" (in അമേരിക്കൻ ഇംഗ്ലീഷ്). Encyclopaedia Iranica foundation. Retrieved 2023-02-09.
- ↑ "Ctesiphon | ancient city, Iraq | Britannica" (in ഇംഗ്ലീഷ്). Retrieved 2023-02-09.
- ↑ Cassis, Marica (2002). Harrak, Amir (ed.). "Kokhe, Cradle of the Church of the East: An Archaeological and Comparative Study". Journal of the Canadian Society for Syriac Studies (in ഇംഗ്ലീഷ്). 2: 62–79. ISSN 1499-6367.
- ↑ ഗ്രീഗോറിയോസ്, പൗലോസ് മാർ. "പൗരസ്ത്യ കാതോലിക്കേറ്റ്". Retrieved 2023-02-09.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://generalist.academy/2020/09/11/largest-brick-arch/
- ↑ 6.0 6.1 6.2 6.3 Morony 2009.
- ↑ Auguste Bouch-Leclerq, "Histoire des Se'leucides II", Paris, 1914
- ↑ Karl Julius Beloch, "Griechische Geschichte IV i", Berlin, 1923
- ↑ Hadley, Robert A., "The Foundation Date of Seleucia-on-the-Tigris", Historia: Zeitschrift Für Alte Geschichte, vol. 27, no. 1, pp. 228–30, 1978
- ↑ Farrokh, K. (2007). "The rise of Ctesiphon and the Silk Route". Shadows in the Desert: Ancient Persia at War. p. 125.
- ↑ Houtsma, M. Th. (1993). E. J. Brill's First Encyclopaedia of Islam, 1913–1936 (in ഇംഗ്ലീഷ്). BRILL. p. 76a. ISBN 9789004097919.
- ↑ Farrokh, K. (2007). "The rise of Ctesiphon and the Silk Route". In Shadows in the Desert: Ancient Persia at War, p. 185.
- ↑ Udo Hartmann The Tetrarchy,284–305, in: The Encyclopedia of Ancient Battles, Bd. 3, hrsg. v. Michael Whitby u. Harry Sidebottom, Chichester 2017, 1071–1081
- ↑ Dignas & Winter 2007, p. 109.
- ↑ Frye 1993, 259
സ്രോതസ്സുകൾ
[തിരുത്തുക]- Neggaz, Nassima (2021). "al-Madāʾin". In Fleet, Kate; Krämer, Gudrun; Matringe, Denis; Nawas, John; Rowson, Everett (eds.). Encyclopaedia of Islam (3rd ed.). Brill Online. ISSN 1873-9830.
- Morony, Michael (2009). "MADĀʾEN". Encyclopaedia Iranica.
- Amedroz, Henry F.; Margoliouth, David S., eds. (1921). The Eclipse of the 'Abbasid Caliphate. Original Chronicles of the Fourth Islamic Century, Vol. V: The concluding portion of The Experiences of Nations by Miskawaihi, Vol. II: Reigns of Muttaqi, Mustakfi, Muti and Ta'i. Oxford: Basil Blackwell.
- Rekaya, M. (1991). "al-Maʾmūn". In Bosworth, C. E.; van Donzel, E.; Pellat, Ch. (eds.). The Encyclopaedia of Islam, New Edition, Volume VI: Mahk–Mid. Leiden: E. J. Brill. pp. 331–339. ISBN 90-04-08112-7.
{{cite encyclopedia}}
: Invalid|ref=harv
(help) - Kennedy, Hugh (2004). The Prophet and the Age of the Caliphates: The Islamic Near East from the 6th to the 11th Century (Second ed.). Harlow: Longman. ISBN 978-0-582-40525-7.
{{cite book}}
: Cite has empty unknown parameter:|chapterurl=
(help) - Zarrinkub, Abd al-Husain (1975). "The Arab conquest of Iran and its aftermath". In Frye, Richard N. (ed.). The Cambridge History of Iran, Volume 4: From the Arab Invasion to the Saljuqs. Cambridge: Cambridge University Press. pp. 1–57. ISBN 0-521-20093-8.
- Bosworth, C. E. (1975). "Iran under the Buyids". In Frye, Richard N. (ed.). The Cambridge History of Iran, Volume 4: From the Arab Invasion to the Saljuqs. Cambridge: Cambridge University Press. pp. 250–305. ISBN 0-521-20093-8.
- Kröger, Jens (1993). "CTESIPHON". Encyclopaedia Iranica, Vol. IV, Fasc. 4. pp. 446–448.
- Shapur Shahbazi, A. (2005). "SASANIAN DYNASTY". Encyclopaedia Iranica, Online Edition. Retrieved 30 March 2014.