സെയ്യിദ് അമീർ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Syed Ameer Ali
ജനനം1849
മരണം1928
കാലഘട്ടംModern era
പ്രദേശംMuslim scholar British India
ശ്രദ്ധേയമായ ആശയങ്ങൾThe Spirit of Islam,

ഇന്ത്യയിലെ പ്രമുഖ നിയമജ്ഞനും ഭരണമേധാവിയും ചരിത്രകാരനുമായിരുന്നു സയ്യദ് അമീർ അലി (Syed Ameer Ali ) [1] (1849–1928).[2]

ജീവചരിത്രം[തിരുത്തുക]

1849 ൽ ഒറീസയിലെ കട്ടക്കിൽ ജനിച്ചു. നാദിർഷായുടെ ഇന്ത്യ ആക്രമണകാലത്ത് (1736) ഇന്ത്യയിലെത്തി സ്ഥിരവാസമാരംഭിച്ച കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇദ്ദേഹം തന്റെ വംശം ഷിയാമതവിഭാഗത്തിലെ ഇമാം അലി അൽറസായുടെ പരമ്പരയിലുള്ളതെന്നാണ് അവകാശപ്പെടുന്നത്. കൊൽക്കത്ത സർവകലാശാലയിൽനിന്ന് ബിരുദം സമ്പാദിച്ചശേഷം 1873-ൽ ഇന്നർടെമ്പിളിൽനിന്ന് ബാർ-അറ്റ്-ലാ ബിരുദം നേടി. തുടർന്ന് അവിടെ അഭിഭാഷകനായി കുറേക്കാലം തുടർന്നശേഷം 1878-ൽ ബംഗാൾ ലെജിസ്ളേറ്റീവ് കൌൺസിൽ അംഗമായി. 1879-ൽ ചീഫ് പ്രസിഡൻസി മജിസ്റ്റ്രേറ്റായി നിയമിതനായി. ഗവർണറുടെ കൗൺസിലിൽ മെമ്പർ ആയിരുന്ന ഇദ്ദേഹത്തെ 1890-ൽ കൊല്ക്കത്താ ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിച്ചു.

1904-നുശേഷം സെയ്യദ് അമീർ അലി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി. 1909-ൽ പ്രിവികൌൺസിലിൽ ജുഡീഷ്യൽ കമ്മിറ്റിയിലെ അംഗമായി ഇദ്ദേഹം നിയമിതനായി. ഇസബെല്ല ഐഡകോൺസ്റ്റാം എന്ന ഇംഗ്ളീഷുകാരിയായിരുന്നു ഇദ്ദേഹത്തിന്റെ സഹധർമിണി. ജീവിതത്തിന്റെ സിംഹഭാഗവും പൊതുപ്രവർത്തനത്തിന് വിനിയോഗിച്ച ഇദ്ദേഹം പല ഉന്നതസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് പാശ്ചാത്യ രാഷ്ട്രീയസിദ്ധാന്തങ്ങളിൽ പരിചയം ഉണ്ടാകുന്നതിനും അവരുടെ രാഷ്ട്രീയതാത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി 1871-ൽ ദേശീയ മുസ്ലിം സംഘടന ഇദ്ദേഹം സ്ഥാപിച്ചു. അന്നത്തെ സാഹചര്യങ്ങളിൽ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തെ ഇദ്ദേഹം പിന്താങ്ങി. 1909-ൽ മിന്റോ-മോർലി പരിഷ്കാരങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയപ്പോൾ മുസ്ലിങ്ങൾക്കുവേണ്ടി പ്രത്യേക സമ്മതിദായകപട്ടികയും സംവരണം ചെയ്യപ്പെട്ട നിയോജകമണ്ഡലങ്ങളും ഇദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ ലണ്ടൻ ശാഖയുടെ സ്ഥാപകനും ഇദ്ദേഹമായിരുന്നു.

ആധുനികപരിതഃസ്ഥിതികളിൽ ഇസ്ലാംമതത്തെ പുനർവ്യാഖ്യാനം ചെയ്യാനും ആധുനികലോകത്തിന് ഇസ്ലാമിനെക്കുറിച്ച് കൂടുതൽ അറിവുണ്ടാക്കാനും അമീർ അലി ശ്രമിച്ചു. 1891-ൽ ഇദ്ദേഹം പ്രസിദ്ധീകരിച്ച ദ് സ്പിരിറ്റ് ഒഫ് ഇസ്ലാം (The Spirit of Islam) ഒരു ക്ളാസ്സിക്കായി അംഗീകരിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ എ ഷോർട്ട് ഹിസ്റ്ററി ഒഫ് ദ് സറാസൻസ് (A Short History of the Saracens) എന്ന ചരിത്രകൃതി വിഖ്യാതമാണ്. ഇസ്ലാമിക നിയമസംഹിതയിൽ അഗാധജ്ഞാനം ഉണ്ടായിരുന്ന സെയ്യദ് അമീർ അലിക്ക് കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് എൽ.എൽ.ഡി. ബിരുദം ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ ഈ രണ്ടു കൃതികളും എ.എ. കൊച്ചുണ്ണി മാസ്റ്റർ മലയാളഭാഷയിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1928 ആഗസ്ത് 3-ന് ഇംഗ്ളണ്ടിലെ സസെക്സിൽ സെയ്യദ് അമീർ അലി അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. Ali, Syed Ameer. The Legal Position of Women in Islâm. University of London Press. Title page.
  2. Buckland, Charles Edward (1906). Dictionary of Indian biography. Robarts - University of Toronto. London S. Sonnenschein.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെയ്യിദ്_അമീർ_അലി&oldid=3569127" എന്ന താളിൽനിന്ന് ശേഖരിച്ചത്