Jump to content

സുരേഷ് കൂത്തുപറമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രകാരൻ,ശില്പി, കലാദ്ധ്യാപകൻ, എഴുത്തുകാരൻ. കേരള ലളിതകലാ അക്കാദമി വൈസ് ചെയർമാനായിരുന്നു. ഇപ്പോൾ കേരള ഫോൿലോർ അക്കാദമി വെെസ് ചെയർമാനാണ്.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മട്ടന്നൂർ പി.അർ.എൻ.എൻ.എസ്.എസ് കോളേജിൽ പ്രീഡിഗ്രി പഠനം. തലശ്ശേരി സ്കൂൾ ഓഫ് ആർട്ടിൽ ചിത്രകലാപഠനം നടത്തി. വിദ്യാർത്ഥി ആയിരുന്ന കാലത്തേ കേരള ലളിതകലാ അക്കാദമിയുടെ വാർഷിക പ്രദർശനങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു തുടങ്ങി. മയ്യഴിയിൽ മലയാള കലാഗ്രാമം ആരംഭിച്ചപ്പോൾ ഉപരിപഠനത്തിനായി കലാഗ്രാമത്തിൽ ചേർന്നു. ഇപ്പോൾ മലയാള കലാഗ്രാമത്തിൽ ആർട്ട് ഇൻസ്ട്രൿടറാണ്.

കലാജീവിതം

[തിരുത്തുക]

തലശ്ശേരി സ്കൂൾ ഓഫ് ആർട്ടിന്റെ സവിശേഷതയായ വാട്ടർകളർ പരിശീലനമാണ് ഇദ്ദേഹത്തിന്റെ കലാപ്രവർത്തനത്തിന്റെ അടിത്തറ. കേരളത്തിലെ ചുമർചിത്രകലയിൽ മൂന്നു വർഷം നടത്തിയ പഠനം സൂക്ഷ്മമായ വിശദാംശങ്ങൾ കണ്ടെടുത്ത് പുന:സൃഷ്ടിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം ഇദ്ദേഹത്തിന് നല്കി. ഇത് വാട്ടർ കളറിലുള്ള ഇദ്ദേഹത്തിന്റെ ആദ്യകാല രചനകളെ ശ്രദ്ധേയമാക്കി. എണ്ണച്ചായം, ശില്പരചന എന്നിവ പരിശീലിച്ചത് ഏറെക്കുറേ സ്വയംശിക്ഷിതനായാണ്. രൂപവിന്യസനത്തിൽ മൌലികമായ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ആദിവാസി ചിത്രകലാപൈതൃകത്തെക്കുറിച്ചുള്ള പഠനത്തിൽ തല്പരനായി. ഈ വിഷയത്തിൽ ഗവേഷണം നടത്താൻ കേന്ദ്ര സർക്കാരിന്റെ മാനവവിഭവ വകുപ്പ് ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.

പ്രമേയവും ശൈലിയും

[തിരുത്തുക]

തത്വശാസ്ത്രപരമായ ഗഹനതയല്ല മറിച്ച് മാനുഷികമായ ഹൃദയാലുതയാണ് ഇദ്ദേഹത്തിന്റെ പ്രമേയങ്ങളുടെ ഭൂമിക. കേവലമായ അമൂർത്തതയ്ക്കു പകരം പ്രതിബിംബകല്പനയിലൂടെയുള്ള ആവിഷ്കരണമാണ് ഇദ്ദേഹം നടത്തുന്നത്. രാഷ്ട്രീയാസ്വസ്ഥതയിൽ കഴിഞ്ഞ ഒരു ദേശത്തിന്റെ ഉത്കണ്ഠകൾ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാകുന്നുണ്ട്.

ജലച്ചായം, പെൻസിൽ ഡ്രോയിംഗ്,ചാർക്കോൾ,എണ്ണച്ചായം, അക്രലിക്ക്, ടെറാക്കൊട്ട ശില്പരചന എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കലാകാരനാണ് സുരേഷ് കൂത്തുപറമ്പ്. മലയാളത്തിലെ പ്രമുഖ ആനുകാലികങ്ങൾക്ക് രേഖാചിത്രരചന നടത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1986, 88 വർഷങ്ങളിൽ കേന്ദ്ര മാനവ വിഭവവകുപ്പിന്റെ ഡ്രോയിംഗിനും പെയിന്റിംഗിനും മെറിറ്റ് സർട്ടിഫിക്കറ്റ്.
  • 2000 ൽ കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി വിഭാഗത്തിന്റെ പോസ്റ്റർ രചനയ്ക്കുള്ള ഒന്നാം സമ്മാനം.
  • 2000 ൽ ജേസീസ് ഇന്റർനാഷണലിന്റെ ഔട്ട്സ്റ്റാന്റംഗ് യംഗ് പേർസൻ അവാർഡ്.

മറ്റു പ്രവർത്തന മേഖലകൾ

[തിരുത്തുക]

കേരള ലളിതകലാ അക്കാദമിയുടെ വൈസ് ചെയർമാനായിരുന്നു സുരേഷ് കൂത്തുപറമ്പ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പദവി വഹിച്ച കലാകാരൻ എന്ന സവിശേഷത ഇക്കാര്യത്തിൽ ഇദ്ദേഹത്തിനുണ്ട്. കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് ഭരണമാറ്റത്തെ മുൻനിർത്തി രാജിവെച്ച് ഒഴിയുകയായിരുന്നു.

യുവചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധാലുവായ ഇദ്ദേഹം വടക്കെ മലബാറിലെ കലാസംരംഭങ്ങളുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു. കലാസംബന്ധിയായ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്യാറുണ്ട്.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുരേഷ്_കൂത്തുപറമ്പ്&oldid=3648021" എന്ന താളിൽനിന്ന് ശേഖരിച്ചത്