സുരേന്ദ്രൻ ചുനക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുരേന്ദ്രൻ ചുനക്കര
ജനനം28/05/1964
ചുനക്കര, മാവേലിക്കര
തൊഴിൽപി.ആർ.ഓ, ആർ.സി.സി, തിരുവനന്തപുരം
പ്രധാന കൃതികൾബാലസാഹിത്യകൃതികൾ, ഡോക്യുമെന്ററികൾ, പരമ്പരകൾ

ലോകപ്രശസ്ത അർബുദചികിത്സാകേന്ദ്രമായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന പ്രശസ്തശാസ്ത്രപത്രപ്രവർത്തകനും മാധ്യമപ്രവർത്തകനുമാണ് സുരേന്ദ്രൻ ചുനക്കര. കൈരളി ടെലിവിഷൻ സംപ്രേഷണം ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അർബുദബോധനപരമ്പരയായ 'മുക്തി'യുടെ രചനയും ഏകോപനവും അവതരണവും നിർവ്വഹിച്ച ഇദ്ദേഹത്തിന് 2007 ൽ കേരള സർക്കാർ ഏർപ്പെടുത്തിയ ഏറ്റവും നല്ല ശാസ്ത്രപത്രപ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചു. നിലവിൽ കേരളമൊട്ടുക്ക് 'അർബുദവും സമൂഹവും' എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണക്ലാസ്സുകൾ നയിച്ചുവരുന്നു.

രചനകൾ[തിരുത്തുക]

മുൻരാഷ്ട്രപതിയായിരുന്ന കെ.ആർ. നാരായണന്റെ ജീവചരിത്രപുസ്തകമായ 'കെ.ആർ.നാരായണൻ, ഇന്ത്യയുടെ വിശുദ്ധി' എന്ന ഗ്രന്ഥം ഇംപ്രിന്റ് ബുക്സ് പ്രസിദ്ധീകരിച്ചു. മുൻ രാഷ്ട്രപതിയായിരുന്ന ഏ.പി.ജെ. അബ്ദുൾകലാം രചിച്ച വിഷൻ 2020ന്റെ സഹവിവർത്തകനായിരുന്നു. ആഗോളവൽക്കരണശേഷമുള്ള കേരളത്തിന്റെ സാമൂഹ്യ, ആരോഗ്യ, പാരിസ്ഥിതികമണ്ഡലങ്ങളെക്കുറിച്ചുള്ള ആധികാരിക പഠനമാണ് സുരേന്ദ്രൻ ചുനക്കര രചിച്ച് 1998 ൽ മാതൃഭൂമി പ്രസിദ്ധീകരിച്ച 'കേരളം എങ്ങനെ ജീവിക്കുന്നു' എന്ന ലേഖന പരമ്പര. നാലായിരത്തിൽപ്പരം ലേഖനങ്ങൾ മാതൃഭൂമി, മലയാളമനോരമ, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെഡിക്കൽ ലാബ് ടെക്നോളജി, കടലിലെ നിധികൾ, കൊതുകിന്റെ കഥ, ചന്ദ്രയാനം, പുള്ളിപ്പുലി എന്നീ ബാലസാഹിത്യകൃതികളുടെ കർത്താവാണ്.

ഡോക്യുമെന്ററികൾ[തിരുത്തുക]

പാൻമസാലയുടെ ദൂഷ്യഫലങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ഏറെ സഹായിച്ച ഡോക്യുഫിക്ഷനായ ലഹരിപ്പൊതി, മരണപ്പൊതിയുടെ രചനയും ഗാനരചനയും ഇദ്ദേഹം നിർവ്വഹിച്ചു. ഇത് കേരളത്തിൽ സ്കൂൾകുട്ടികളിൽ ബോധവൽക്കരണപ്രവർത്തനങ്ങൾക്കായി പിന്നീട് ഉപയോഗിക്കപ്പെട്ടു. അർബുദരോഗത്തെക്കുറിച്ച് ഫലവത്തായ അവബോധം സൃഷ്ടിക്കുന്നതിന് തിരുവനന്തപുരം ദൂരദർശൻ സംപ്രേഷണം ചെയ്ത 'സ്വസ്തി' എന്ന ഡോക്യുമെന്ററി പരമ്പരയും ഇദ്ദേഹം സാക്ഷാത്കരിച്ചു. കൈരളി ടെലിവിഷൻ 5 വർഷത്തോളം സംപ്രേഷണം ചെയ്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാൻസർ ബോധനപരിപാടിയായ 'മുക്തി'യുടെ രചനയും അവതരണവും നിർവ്വഹിച്ചു. നാൽപ്പതിൽപ്പരം ഡോക്യുമെന്ററികളുടെ രചനയും ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.

പദവികൾ[തിരുത്തുക]

മുൻപ് തിരുവനന്തപുരം ദൂരദർശനിൽ വാർത്താവതാരകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ സുരേന്ദ്രൻ ചുനക്കരയുടെ'ആരോഗ്യഭാരതം' എന്ന പരമ്പര എല്ലാ വെള്ളിയാഴ്ചകളിലും സംപ്രേഷണം ചെയ്തുവരുന്നു. റീജിയണൽ ക്യാൻസർ അസോസിയേഷന്റെ അച്ചീവ്മെന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളാഘടകം ജോയിന്റ് സെക്രട്ടറി, റീജിയണൽ കാൻസർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചുവരുന്നു. ജേർണലിസത്തിലും പബ്ലിക് റിലേഷൻസിലും ബിരുദാനന്തരബിരുദമുള്ള ഇദ്ദേഹം ഇപ്പോൾ ആർ.സി.സി പബ്ലിക് റിലേഷൻസ് വിഭാഗം മേധാവിയാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  1. * മാതൃഭൂമി ലേഖനം, ഫെബ്രുവരി 4, 2012
  2. * ഹെൽത്ത്‌വാച്ച് മലയാളം, കാൻസർ: ഭ്രാന്തൻ കോശങ്ങളുടെ താണ്ഡവം
  3. * ദേശാഭിമാനി- പിങ്ക്മാസം ഓർമ്മിപ്പിക്കുന്നത്, 2011 നവംബർ 3
  4. * ഹെൽത്തി കേരള- ക്യാൻസർ-ഭ്രാന്തൻ കോശങ്ങളുടെ താണ്ഡവം
  5. * ഈ കണ്ണീർ കാണാതെ പോകരുത്, ബ്ലോഗ് പേജ്

അവലംബം[തിരുത്തുക]

  1. * അഭിമുഖം- സതീഷ് ആർ വെളിയം- സുരേന്ദ്രൻ ചുനക്കര, 2012 ജൂൺ 29.
  2. * പുഴ.കോം പുസ്തകം- കെ.ആർ.നാരായണൻ, ഇന്ത്യയുടെ വിശുദ്ധി
"https://ml.wikipedia.org/w/index.php?title=സുരേന്ദ്രൻ_ചുനക്കര&oldid=3090570" എന്ന താളിൽനിന്ന് ശേഖരിച്ചത്