Jump to content

സുബി സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുബി സുരേഷ്
ജനനം
മരണം22 ഫെബ്രുവരി 2023 (41 വയസ്സ്)
കൊച്ചി, കേരളം, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടി, അവതാരിക, ഹാസ്യനടി
സജീവ കാലം1998–2023

സുബി സുരേഷ് ഒരു മലയാളി നടിയും, ടെലിവിഷൻ അവതാരകയും, ഹാസ്യനടിയും ആയിരുന്നു. പുരുഷമേൽക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്‌റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.[1] പ്രതിസന്ധികളിൽനിന്ന് ദൃഢനിശ്ചയവും സ്ഥിരോൽസാഹവും കൊണ്ട് ഉയർന്നുവന്ന അഭിനേത്രിയായിരുന്നു സുബി സുരേഷ്. [2]

പഠനം, കലാരംഗത്തേക്ക്

[തിരുത്തുക]

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ആണ് സുബി സുരേഷ് ജനിച്ചത്. സുരേഷും അംബികയുമാണ് മാതാപിതാക്കൾ [3] തൃപ്പൂണിത്തുറ സർക്കാർ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ നിന്ന് കോളേജ് വിദ്യാഭ്യാസം നേടി. [4] സ്‌കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളിൽ സജീവമായിരുന്നു. ബ്രേക്ക് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[1] കൊച്ചിൻ കലാഭവൻ ട്രൂപ്പിലെ അംഗമായിരുന്ന അവർ, മിമിക്രിയിൽ സ്ത്രീകളുടെ പങ്കാളിത്തം അസാധാരണമായിരുന്ന ഒരു കാലത്ത് ജനപ്രിയ കോമഡി ഷോകളുടെ മുഖമായിരുന്നു. സിനിമാലയിലെ അഭിനയത്തിലൂടെ അവർ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ കുട്ടിപ്പട്ടാളം എന്ന ടെലിവിഷൻ ഷോയിൽ അഭിനയിച്ചതിൽ നിന്ന് കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തു. 2001-ൽ 'അപരന്മാർ നഗരത്തിൽ' എന്ന ചലച്ചിത്രത്തിലൂടെയാണ് അവർ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. അതിനുശേഷം ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

സിനിമാ/ടെലിവിഷൻ രംഗത്തേക്ക്

[തിരുത്തുക]

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്‌സ്, എൽസമ്മ എന്ന ആൺകുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്ടീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [1] തസ്‌കര ലഹള (2010), ഗൃഹനാഥൻ (2012), ഡ്രാമ (2018) തുടങ്ങിയ ജനപ്രിയ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഹാസ്യനടിയായും ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുള്ള സുബി, ജനപ്രിയ ടിവി ഷോകളിൽ പ്രത്യക്ഷപ്പെടുന്നതിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്, ഇവയിൽ ഏറ്റവും ശ്രദ്ധേയമായത് സിനിമാല ആയിരുന്നു. [5] [6] [7] പുരുഷൻമാർ കയ്യടക്കിയ സ്റ്റേജ് ഷോകളിൽ സുബി തൻറെ ഒറ്റയാൾ പ്രകടനം കൊണ്ട് തിളങ്ങി. സോണിയ ഗാന്ധിയായും പത്മജ വേണുഗോപാലായും സുബി വേഷപ്പകർച്ച നടത്തി. അവതാരകയുടെ റോളിലെത്തുമ്പോൾ കാഴ്ചക്കാരെ ഒട്ടും മടുപ്പിക്കാതെ സദസിനെ കയ്യിലെടുത്തു. അഭിനയിച്ച കോമഡി പരിപാടികളിലെല്ലാം സ്വതസിദ്ധമായ തമാശകൾ കൊണ്ട് സുബി ചിരിപ്പിച്ചു. സിനിമയിൽ പ്രത്യക്ഷപ്പെട്ടപ്പോഴും ഹാസ്യം വിട്ടൊരു കളിയുണ്ടായിരുന്നില്ല. [8]

അന്ത്യം

[തിരുത്തുക]

2023 ഫെബ്രുവരി 22ന് കരൾ രോഗത്തെ തുടർന്ന് സുബി സുരേഷ് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. [9] കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകൾ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. അതിനിടെ വൃക്കയിൽ അണുബാധയുണ്ടായി. തുടർന്ന് മറ്റു അവയവങ്ങളിലേക്കും പടർന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. 2023 ഫെബ്രുവരി 22ന് (ബുധനാഴ്ച) രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "നടി സുബി സുരേഷ് അന്തരിച്ചു". നടി സുബി സുരേഷ് അന്തരിച്ചു. മാതൃഭൂമി.കോം. Retrieved 07 മാർച്ച് 2023. {{cite web}}: Check date values in: |access-date= (help)
  2. "അന്ന് പൊരുതി സ്വപ്നം തിരിച്ചുപിടിച്ച സുബി ; വേദനയായി മടക്കം". Retrieved 2023-03-07.
  3. "Subi Suresh, Malayalam actress and anchor, dies at 41". TimesNow (in ഇംഗ്ലീഷ്). 2023-02-22. Retrieved 2023-02-22.
  4. "സുബിയുടെ രോഗവിവരം അധികമാരും അറിഞ്ഞിരുന്നില്ല: ഹരിശ്രീ അശോകൻ". ManoramaOnline. Retrieved 2023-02-22.
  5. "Actress And TV Host Subi Suresh Dies At 41". NDTV.com. Retrieved 22 February 2023.
  6. "Comedian and TV host Subi Suresh passes away at the age of 41". Retrieved 22 February 2023.
  7. Report, Gulf News. "Popular Malayalam actress and TV host Subi Suresh dies". Gulf News. Retrieved 22 February 2023.
  8. Desk, Web (2023-02-22). "സുബി എന്നാൽ 'ചിരി'; ഒടുവിൽ കരയിപ്പിച്ച് മടക്കം". Retrieved 2023-03-07.
  9. "'ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്'; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്". 24 News. Retrieved 2023-02-22.
"https://ml.wikipedia.org/w/index.php?title=സുബി_സുരേഷ്&oldid=4023478" എന്ന താളിൽനിന്ന് ശേഖരിച്ചത്