സി. ജനാർദ്ദനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


തൃശ്ശൂരിൽ നിന്നുള്ള സിപിഐ നേതാവായിരുന്നു സി ജനാർദ്ദനൻ.1967ലും 1971ലും തൃശ്ശൂർ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക് സഭയിലെത്തി[1].

ജീവിതരേഖ[തിരുത്തുക]

ചെമ്പോട്ടിൽ പാറുകുട്ടി അമ്മയുടേയും ഏങ്ങണ്ടിയൂർ വാലിയിൽ നാരായണൻ നായരുടെയും മകനായി 1919 ഏപ്രിൽ രണ്ടിനാണ്‌ സി.ജനാർദ്ദനൻ ജനിക്കുന്നത്‌. തൃശ്ശൂരിലെ സമ്പന്ന കുടുംബത്തിൽ ജനിച്ച്‌ എല്ലാ സൗകര്യങ്ങളോടെ ഉന്നതവിദ്യഭ്യാസം കിട്ടി വളർന്ന ജനാർദ്ദനൻ അദ്ധ്വാനിക്കുന്നവരുടേയും പാവങ്ങളുടെയും പക്ഷത്തു നിന്ന്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ വേണ്ടി കർമ്മനിരതനാവാനാണ്‌ തീരുമാനിച്ചത്‌. തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളേജിൽ പഠിക്കുന്ന കാലത്ത്‌ മികച്ച കായികതാരവും കോളേജിലെ ഹീറോയും ആയിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കാഹളധ്വനി മുഴങ്ങിയപ്പോൾ കൊച്ചി രാജ്യത്ത്‌ ആദ്യമായി എ.ഐ.എസ്.എഫ് രൂപീകരണത്തിൽ പ്രധാന പങ്ക്‌ വഹിച്ച നേതാവ്‌ അദ്ദേഹമാണ്‌. തൃശ്ശൂർ സെന്റ്‌ തോമസ്‌ കോളേജിലാണ്‌ ആദ്യമായി വിദ്യാർത്ഥി ഫെഡറേഷൻ രൂപീകരിക്കുന്നത്‌. കൊച്ചി രാജ്യത്തിന്റെ വിദ്യാർത്ഥി ഫെഡറേഷന്റെ സെക്രട്ടറിയായി ദീർഘകാലം അദ്ദേഹം പ്രവർത്തിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അതിജീവിക്കേണ്ടി വന്ന 1948 ലെ ദുർഘട പ്രതിസന്ധിയിൽ പാർട്ടിയെ മുന്നോട്ട്‌ നയിക്കുന്നതിൽ സുപ്രധാന പങ്കാണ്‌ സഖാവ്‌ വഹിച്ചത്‌. തൃശ്ശൂർ ജില്ലയിലെ പാർട്ടിയുടെ അണ്ടർഗ്രൗണ്ട്‌ പ്രവർത്തനത്തിന്‌ ധീരവും സാഹസികവുമായ നേതൃത്വം നൽകിയത്‌ അദ്ദേഹമാണ്‌.ഒളിവു കേന്ദ്രത്തിൽ പിടിക്കപ്പെട്ടപ്പോൾ ആരേക്കാൾ പോലീസ്‌ മർദ്ധനം സഹിക്കേണ്ടി വന്നത്‌ അദ്ദേഹത്തിനായിരുന്നു. അതോടെ അദ്ദേഹം ആരോഗ്യം തകർന്ന്‌ രോഗാവസ്ഥയിലായി. 1951 മുതൽ 1965 വരെയുള്ള ഒരു വ്യാഴവട്ട കാലം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിച്ചു. ജില്ലയിൽ ബഹുജന അടിത്തറയുള്ള പാർട്ടിയായി സിപിഐ വളർന്നത്‌ അക്കാലത്താണ്‌. 1967 മുതൽ 77 വരെ അദ്ദേഹം തൃശ്ശൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന്‌ ജയിച്ച്‌ എം.പി ആയി.തൃശ്ശൂർ ജില്ലയിലെ വികസനത്തിനും കേരളത്തിലെ പൊതുവായ പ്രശ്‌നങ്ങൾക്കും വേണ്ടി സമർത്ഥമായി പ്രവർത്തിച്ച പാർലിമെന്റ്‌ അംഗമായിരുന്നു അദ്ദേഹം. ടെട്‌കോസ്‌,ഔഷധി,സിൽക്ക്‌ എന്നീ സ്ഥാപനങ്ങളുടെ ചെയർമാനുമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. 1977 മുതലുള്ള കാലത്ത്‌ പൊതു രംഗത്തു പ്രവർത്തിക്കുവാൻ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിച്ചിരുന്നില്ല. 1994 നവംബർ 12 ന്‌ അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1971 തൃശ്ശൂർ ലോകസഭാമണ്ഡലം സി. ജനാർദനൻ സി.പി.ഐ. കെ.പി. അരവിന്ദാക്ഷൻ സി.പി.എം.
1967 തൃശ്ശൂർ ലോകസഭാമണ്ഡലം സി. ജനാർദനൻ സി.പി.ഐ. കെ.കെ.വി. പണിക്കർ ഐ.എൻ.സി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി._ജനാർദ്ദനൻ&oldid=3792450" എന്ന താളിൽനിന്ന് ശേഖരിച്ചത്