സി.പി. സുധാകരപ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.പി. സുധാകരപ്രസാദ്
ജനനം1940 ജൂലൈ 24
ദേശീയതIndian
വിദ്യാഭ്യാസംഎൽ.എൽ.ബി
കലാലയംഗവണ്മെന്റ് ലോകോളേജ് തിരുവനന്തപുരം
തൊഴിൽനിയമജ്ഞൻ
സജീവ കാലം1964-2021
അറിയപ്പെടുന്നത്നിയമജ്ഞൻ

2016 മുതൽ കേരളത്തിൻറെ അഡ്വക്കറ്റ് ജനറലായി സേവനമനുഷ്ഠിച്ച നിയമജ്ഞനായിരുന്നു അഡ്വ. സി.പി. സുധാകരപ്രസാദ്. [1] [2] അഭിഭാഷകവൃത്തിയിൽ 55 വർഷത്തെ അനുഭവസമ്പത്തുള്ള അഡ്വ. സി പി സുധാകരപ്രസാദ്, ഭരണഘടനാ നിയമങ്ങളിലും ക്രിമിനൽനിയമത്തിലും ഒരേപോലെ മികച്ച പാടവം കാഴ്ചവച്ച ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. പാണ്ഡ്യത്യം സർവസജ്ജ ആയുധമാക്കിയ നിയമവിദഗ്ധനെന്ന് വിശേഷിപ്പിക്കാം സി.പി.സുധാകരപ്രസാദിനെ.[3]

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ചാവർകോട് എംപി മന്ദിരത്തിൽ എം പത്മനാഭന്റെയും എം കൗസല്യയുടെയും മൂത്തമകനായി 1940 ജൂലൈ 24നാണ് ജനനം. ആദ്യകാലത്ത് ഭരണഘടനാ നിയമങ്ങളിലും സർവീസ് നിയമങ്ങളിലും ഭരണനിയമരംഗത്തുമാണ് പ്രാവീണ്യം തെളിയിച്ചത്. പിന്നീട് ക്രിമിനൽ നിയമമേഖലയിലും മികച്ച പാടവം കാഴ്ചവച്ചു. ദേനാ, കനറ ബാങ്കുകളുടെ നിയമ ഉപദേശകനായും കലിക്കറ്റ് സർവകലാശാലാ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചുവർഷം ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്നു. [4]

പഠനം, അഭിഭാഷകവൃത്തി[തിരുത്തുക]

കൊല്ലം എസ്എൻ കോളേജിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് അദ്ദേഹം തിരുവനന്തപുരം ലോകോളേജിൽനിന്ന് നിയമബിരുദം കരസ്ഥമാക്കി. 1964ൽ അഭിഭാഷകനായി എന്റോൾ ചെയ്ത സുധാകരപ്രസാദ് കൊല്ലം ജില്ലാ കോടതിയിലെ മുതിർന്ന അഭിഭാഷകരായ സി വി പത്മരാജന്റെയും സി പി പരമ്വേരൻ പിള്ളയുടെയും കീഴിൽ അഭിഭാഷകവൃത്തി ആരംഭിച്ചു. തൊട്ടടുത്ത വർഷം ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങി. കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സുബ്രഹ്മണ്യംപോറ്റി അഭിഭാഷകനായിരിക്കേ അദ്ദേഹത്തിന്റെ ജൂനിയറായാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. സുബ്രഹ്മണ്യംപോറ്റി ഹൈക്കോടതി ജഡ്ജിയായപ്പോൾ, അഡ്വ. കെ സുധാകരനൊപ്പം പ്രാക്ടീസ് തുടർന്നു. ഇതിനിടയിലാണ് സീനിയർ അഭിഭാഷക പട്ടം ലഭിച്ചത്.[5]അഡ്വ. കെ സുധാകരൻ പിന്നീട് അഡ്വക്കറ്റ് ജനറലായി.

അഡ്വക്കറ്റ് ജനറലായുള്ള സേവനം[തിരുത്തുക]

1983ൽ സി പി സുധാകരപ്രസാദിന്റെ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും അന്നത്തെ കെ കരുണാകരൻ മന്ത്രിസഭയുടെ എതിർപ്പിനെത്തുടർന്ന് ജഡ്ജിയാകാനായില്ല. വി.എസ്‌. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സർക്കാരിന്റെയും കാലത്ത്‌ അദ്ദേഹത്തെ സംസ്ഥാന സർക്കാരിൻറെ അഡ്വക്കറ്റ് ജനറലായി മന്ത്രിസഭ നിയമിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ അഡ്വക്കറ്റ് ജനറലായി പ്രവർത്തിക്കവേ കാബിനറ്റ്‌ പദവി ഉണ്ടായിരുന്നു. രണ്ടു ടേമിലായി പത്തു വർഷം ഈ പദവിയിലിരുന്നതു റെക്കോഡാണ്‌. [6] സർവീസ് നിയമത്തിൽ വലിയ ജ്ഞാനമുള്ള സുധാകര പ്രസാദ് ക്രിമിനൽ, ഭരണഘടന, സിവിൽ നിയമങ്ങളിലും കഴിവു തെളിയിച്ച പരിചയ സമ്പന്നനാണ്. വി.എസ്. സർക്കാരിന്റെ കാലത്ത് എ.ജി.യായിരിക്കേയാണ് ലാവ്ലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ലെന്ന നിയമോപദേശം സുധാകര പ്രസാദ് സർക്കാറിന് നൽകിയത്. എന്നാൽ, ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഗവർണർ തള്ളി. തുടർന്നാണ് സി.ബി.ഐ ക്ക് പ്രോസിക്യൂഷൻ അനുമതി ലഭിക്കുകയും കുറ്റപത്രം നൽകുകയും ചെയ്തത്. താൻ അന്ന് നൽകിയ നിയമോപദേശമാണ് ശരിയെന്ന് പിന്നീട് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയിലൂടെ തെളിഞ്ഞതായി എ.ജി നിയമനം ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു. സ്മാർട് സിറ്റി, എച്ച്.എം.ടി, ഗോൾഫ് ക്ലബ്ബ് ഏറ്റടെുക്കൽ, എസ്.എൻ.സി ലാവ്ലിൻ തുടങ്ങിതുടങ്ങിയ കേസുകളിൽ സർക്കാറിനുവേണ്ടി ശ്രദ്ധേയമായ നിലപാടുകളാണ് എ.ജിയായിരിക്കെ സ്വകീരിച്ചത്. [7]

മരണം[തിരുത്തുക]

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്‌ എറണാകുളം പൊന്നുരുന്നി റോഡ്‌ ധന്യ ആട്‌സ്‌ ക്ലബ്‌ ജംഗ്‌ഷനു സമീപത്തെ വസതിയിൽ 2022 മെയ്‌ 14, (ശനിയാഴ്‌ച) അർധരാത്രിയോടെയായിരുന്നു മരണം.[8]പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കാരം നടത്തി.[9]


അവലംബം[തിരുത്തുക]

  1. https://www.madhyamam.com/kerala/2016/jun/01/199800
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-17. Retrieved 2019-08-17.
  3. https://www.manoramanews.com/news/kerala/2022/05/15/advocate-c-p-sudhakara-prasad-passed-away.html
  4. https://www.deshabhimani.com/news/kerala/news-kerala-02-06-2016/565019
  5. https://www.mathrubhumi.com/news/kerala/former-advocate-general-adv-c-p-sudhakar-prasad-passed-away-1.7517587
  6. https://www.mangalam.com/news/detail/563800-keralam.html
  7. https://www.mathrubhumi.com/news/kerala/former-advocate-general-adv-c-p-sudhakar-prasad-passed-away-1.7517587
  8. https://www.mangalam.com/news/detail/563800-keralam.html
  9. https://www.manoramanews.com/news/kerala/2022/05/15/advocate-c-p-sudhakara-prasad-passed-away.html
"https://ml.wikipedia.org/w/index.php?title=സി.പി._സുധാകരപ്രസാദ്&oldid=3905587" എന്ന താളിൽനിന്ന് ശേഖരിച്ചത്