സി.പി. ഗോവിന്ദപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി.പി. ഗോവിന്ദപ്പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഗോവിന്ദപിള്ള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗോവിന്ദപിള്ള (വിവക്ഷകൾ) എന്ന താൾ കാണുക. ഗോവിന്ദപിള്ള (വിവക്ഷകൾ)
സി.പി. ഗോവിന്ദപ്പിള്ള
ദേശീയത ഭാരതീയൻ
ശ്രദ്ധേയമായ രചന(കൾ)മലയാളത്തിലെ പഴയപാട്ടുകൾ

ഉള്ളൂരിന്റെ സമകാലികനായ എഴുത്തുകാരനും, പത്രപ്രവർത്തകനും, സാഹിത്യ ഗവേഷകനുമായിരുന്നു ചിറയിൻകീഴ് ഗോവിന്ദപ്പിള്ള എന്ന സി.പി. ഗോവിന്ദപ്പിള്ള. (ജനനം. കൊ.വ.1052 ഇടവം 8, മരണം. 1114 മീനം 20) "മലയാളത്തിലെ പഴയപാട്ടുകൾ "എന്ന പ്രശസ്തമായ കൃതിയുടെ സമ്പാദകൻ ഇദ്ദേഹമാണ്. [1]

ജീവിതരേഖ[തിരുത്തുക]

ചിറയിൻകീഴുള്ള കരിങ്ങോടത്ത് തറവാട്ടിൽ ജിനിച്ച ഗോവിന്ദപ്പിള്ളയുടെ പിതാവ് കടവത്തുവീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവ് കല്യാണിക്കുട്ടിയമ്മയുമാണ്.

ചെറുപ്പത്തിൽ തന്നെ എഴുത്തിനോട് കമ്പം മൂത്ത ഗോവിന്ദപ്പിള്ള 1901 ൽ ചിറയിൻകീഴ് നിന്നും "കേരളപഞ്ചിക" എന്ന ഒരു പത്രം പ്രസിദ്ധീകരിച്ചുവെങ്കിലും അത് കൂടുതൽ നാൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. അതിനെതുടർന്ന് കുറച്ചുനാൾ സ്വദേശാഭിമാനിയുടെ പത്രാധിപ സമിതി അംഗമായി പ്രവർത്തിച്ചു. തുടർന്ന് പൗരസ്ത്യഭാഷാ ബിരുദം നേടിയ അദ്ദേഹത്തിന് തിരുവനന്തപുരത്ത് മലയാളം മുൻഷിയായി ജോലിലഭിക്കുകയും പ്രവർത്തനരംഗം തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു.

സാഹിത്യ സപര്യ[തിരുത്തുക]

നാടൻകലകൾ നേരിട്ടുകണ്ട്, നാടോടിപ്പാട്ടുകൾ ശേഖരിച്ച്, അവയുടെ വർഗ്ഗീകരണം, ചരിത്രക്കുറിപ്പെഴുതൽ തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിച്ചതിലൂടെ സാഹിത്യ ചരിത്രത്തോടൊപ്പം, കേരള ചരിത്രത്തെയും അടയാളപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. തിരുവനന്തപുരത്തെ താമസത്തിനിടയിൽ മഹാകവി ഉള്ളൂരുമായി പരിചയപ്പെടുകയും അദ്ദേഹത്തിനോടൊപ്പം പഴയ പാട്ടുകൾ ശേഖരിക്കുന്നതിനായി ഗ്രാമ-ഗ്രാമാന്തരങ്ങളിൽ സഞ്ചരിക്കുകയും ചെയ്തു. നാടൻപാട്ടുകളെക്കുറിച്ചുള്ള ഗോവിന്ദപ്പിള്ളയുടെ പഠനങ്ങൾ കണ്ടത്തിൽ വർഗ്ഗീസ് മാപ്പിളയുടെ ശ്രദ്ധയിൽപ്പെടുകയും അത് ഭാഷാപോഷിണിയിലെ എഴുത്തുകാരനായി അദ്ദേഹത്തെ മാറ്റുന്നതിലേക്ക് നയിക്കുകയും ചെയ്തു.

മലയാളത്തിലെ പഴയപാട്ടുകൾ എന്ന കൃതിയുടെ ഒന്നാംഭാഗം 1918 ൽ പ്രസിദ്ധീകരിച്ചു. രണ്ടാംഭാഗം അദ്ദേഹം തയ്യാറാക്കിയതായി അറിവില്ല. മലയാള സാഹിത്യത്തിനും നാടോടിവിജ്ഞാനീയത്തിനും വിലപ്പെട്ട സംഭാവനയായി ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു.

കൃതികൾ[തിരുത്തുക]

  • മലയാളത്തിലെ പഴയപാട്ടുകൾ
  • കൃഷ്ണകാന്തിന്റെ പത്രിക (വിവർത്തനം)
  • നാടകകഥാ ചതുഷ്ടയം
  • സാഹിത്യ സുധാകരം
  • കാളിദാസചരിതം
  • വാസ്കോഡിഗാമ
  • ക്രിസ്റ്റഫർ കൊളമ്പസ്
  • പുരാണപ്രഭാവം

അവലംബം[തിരുത്തുക]

  1. സി.പി. ഗോവിന്ദപ്പിള്ള (2004). മലയാളത്തിലെ പഴയപാട്ടുകൾ. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. {{cite book}}: Unknown parameter |month= ignored (help)
"https://ml.wikipedia.org/w/index.php?title=സി.പി._ഗോവിന്ദപിള്ള&oldid=3081181" എന്ന താളിൽനിന്ന് ശേഖരിച്ചത്