സി.ഒ.എൻ. നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി.ഒ.എൻ. നമ്പ്യാർ
സി.ഒ.എൻ. നമ്പ്യാർ.jpg
ജനനംഒതയോത്ത് നാരായണൻ നമ്പ്യാർ
1903
കല്ല്യാശ്ശേരി, കണ്ണൂർ, കേരളം, ഇന്ത്യ ഇന്ത്യ
മരണം22-12-1990
കണ്ണൂർ
തൊഴിൽനടൻ, രാഷ്ട്രീയപ്രവർത്തകൻ
സജീവം1990
പ്രശസ്തിബാലൻ
ജീവിത പങ്കാളി(കൾ)പാഞ്ചാലിക്കുട്ടി, കുഞ്ഞുലക്ഷ്മിയമ്മ, കുട്ടിപ്പാറു
കുട്ടി(കൾ)പവിത്രൻ
മാതാപിതാക്കൾനാരായണൻ നമ്പ്യാർ

1938-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിലെ ഒരു പ്രധാന നടനായിരുന്നു സി.ഒ.എൻ. നമ്പ്യാർ എന്ന പേരിൽ അറിയപ്പെട്ട ഒതയോത്ത് നാരായണൻ നമ്പ്യാർ.[1]

ജീവിതരേഖ[തിരുത്തുക]

1903-ൽ കേരളത്തിലെ കണ്ണൂർ ജില്ലയിലെ കണ്ണൂർ-തളിപ്പറമ്പിലുള്ള കല്ല്യാശ്ശേരിയിലെ രാമപുരത്ത് നാരായണൻ നമ്പ്യാരുടെ മകനായി ജനനം. കണ്ണൂർ ഗവ. ഹൈസ്കൂളിലെ പഠനത്തിനുശേഷം എറണാകുളം മഹാരാജാസിൽനിന്ന് ബി.എ. ഇക്കണോമിക്സിൽ ബിരുദം നേടി. ഗാന്ധിജിയുടെ വലിയ ഭക്തനായിരുന്ന നമ്പ്യാർ, ഡിഗ്രി അവസാനവർഷമായപ്പോൾ രാഷ്ട്രീയത്തിലിറങ്ങി. കേളപ്പജിയോടും മൊയാരത്ത് ശങ്കരനോടുമുള്ള സൗഹൃദം സ്വാതന്ത്ര്യസമരത്തിലിറങ്ങാൻ പ്രചോദനമായി. വട്ടമേശസമ്മേളനം കഴിഞ്ഞ് ഗാന്ധിജിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ആന്ധ്രയിലെ ശ്രീകാളഹസ്തിയിൽവെച്ച് അറസ്റ്റുചെയ്യപ്പെട്ട നമ്പ്യാർ വെല്ലൂർ, തിരുപ്പതി, തിരുച്ചിറപ്പള്ളി ജയിലുകളിൽ തടവനുഭവിച്ചു. മദിരാശി ഗൂഢാലോചനക്കേസിൽ പ്രതിയായിരുന്നെങ്കിലും കോടതി വെറുതെവിട്ടു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് താമ്രപത്രവും പെൻഷനും ലഭിച്ചിരുന്നു[2].

പലവിഷയങ്ങളിലും പാണ്ഡിത്യമുണ്ടായിരുന്നു നമ്പ്യാർക്ക്. സംസ്കൃതവും ജ്യോതിഷവും നന്നായി അറിയാമായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. മലബാറിലെ പല സ്കൂളുകളിലും കണക്ക് അധ്യാപകനായി ജോലിചെയ്തിരുന്നു. വാരം യു.പി.സ്കൂളിൽനിന്ന് പ്രഥമാധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. നമ്പ്യാർ മൂന്ന് വിവാഹം കഴിച്ചിരുന്നു. തിരൂർ കീഴേടത്ത് പാഞ്ചാലിക്കുട്ടിയെയാണ് ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് തലശ്ശേരിക്കാരി കുഞ്ഞുലക്ഷ്മിയമ്മയെ വിവാഹം ചെയ്തു. മൂന്നാം ഭാര്യ കുട്ടിപ്പാറു. ആകെ അഞ്ചു മക്കൾ. അവസാനനാളുകളിൽ ഭാര്യമാരിൽ നിന്നകന്ന് കണ്ണൂർ കാപ്പാട് പുല്ലഞ്ചേരി തറവാട്ടിൽ സഹോദരി നാരായണിയോടൊപ്പമായിരുന്നു താമസം. 1990 ഡിസംബർ 22-ന് കണ്ണൂരിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം[2].

ചലച്ചിത്രരംഗത്ത്[തിരുത്തുക]

ബാലൻ സിനിമയിൽ സി.ഒ.എൻ. നമ്പ്യാരും കമലമ്മയും

ബാലനിലെ ബാരിസ്റ്റർ പ്രഭാകരനെന്ന മുഖ്യകഥാപാത്രത്തെയാണ് നമ്പ്യാർ അവതരിപ്പിച്ചത്. ജയിൽവാസത്തിനുശേഷം നാട്ടിലെത്തിയപ്പോഴാണ് മോഡേൺ തീയറ്റേഴ്സിന്റെ പത്രപ്പരസ്യം കണ്ട് സിനിമാനടനാകാൻ അപേക്ഷ അയച്ചത്. പല പോസുകളിലുമുള്ള ഫോട്ടോകളെടുത്ത് അയച്ചുകൊടുത്തു. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ നമ്പ്യാർക്ക് അവസരം ലഭിച്ചു. കോട്ടയം കമലയെന്ന എം.കെ.കമലമ്മയാണ് ബാരിസ്റ്റർ പ്രഭാകരനെന്ന നമ്പ്യാരുടെ കഥാപാത്രത്തിന്റെ ഭാര്യയായി നായികാവേഷത്തിലെത്തിയത്. 50 രൂപ അഡ്വാൻസ് കൈപ്പറ്റി എഗ്രിമെന്റിൽ ഒപ്പുവെച്ചാണ് അഭിനയിച്ചത്. അപ്പൻ തമ്പുരാന്റെ ഭൂതരായരിൽ അഭിനയിക്കാനായിരുന്നു നമ്പ്യാരുടെ അടുത്ത നിയോഗം. മലയാളിയല്ലാത്ത സംവിധായകനുവേണ്ടി ഭൂതരായർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും നമ്പ്യാർ ആണ്. സാമ്പത്തികപ്രയാസം കാരണം ചിത്രത്തിന്റെ പണി നിന്നതോടെ നമ്പ്യാർ സിനിമാരംഗത്തുനിന്ന് പിന്മാറി[2].

അവഗണനയുടെ ചരിത്രം[തിരുത്തുക]

സ്വാതന്ത്ര്യലബ്ദിയോടെ രാഷ്ട്രീയത്തിൽനിന്ന്‌ പൂർണമായി മാറി നിന്നെങ്കിലും ഒരു സ്വാതന്ത്ര്യസമര സേനാനിയെന്ന നിലയിലോ മലയാളസിനിമയുടെ ആദ്യകാല നടന്മാരുടെ നിരയിലോ അർഹമായ ഒരു സ്ഥാനം കേരളത്തിന്റെ രാഷ്ട്രീയ/ സിനിമാ ചരിത്രത്തിൽ സി.ഒ.എൻ.നമ്പ്യാരുടെ പേര് ഇനിയും അടയാളപ്പെട്ടിട്ടില്ല. 1998-ൽ, ഫിലിമോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ബാലനിലെ അഭിനേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ പോലും അദ്ദേഹം അവഗണിക്കപ്പെട്ടു. തന്റെ സ്വാതന്ത്ര്യസമര പെൻഷനു വേണ്ടി കണ്ണൂരിലെ ട്രഷറിയിൽ ക്യൂവിലായിരുന്നു ആ ദിവസം നമ്പ്യാർ.ബാലനിൽ നമ്പ്യാർ അവതരിപ്പിച്ച ബാരിസ്റ്റർ പ്രഭാകരമേനോനെ കേന്ദ്രീകരിച്ചായിരുന്നു കഥയിലെ പ്രധാനപ്പെട്ട മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. പ്രഭാകരമേനോൻ നായിക സരസയെ വിവാഹം കഴിക്കുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. പ്രധാന കഥാപാത്രമായിരുന്നിട്ടും ആദ്യനായകനായി കെ.കെ.അരൂരിനെയാണ് പലയിടത്തും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് നമ്പ്യാരുടെ മൂന്നാം ഭാര്യയായ കുട്ടിപ്പാറുവിലുണ്ടായ മകൻ, പഞ്ചായത്ത് ജീവനക്കാരനായി വിരമിച്ച പവിത്രൻ പറയുന്നു[2]. ബാലന്റ ചരിത്രത്തെപ്പറ്റി ആർ.ഗോപാലകൃഷ്ണൻ എഴുതിയ good Luck to every body എന്ന പുസ്തകത്തിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്യാധീനപ്പെട്ട കുടുംബ സ്വത്തിനുവേണ്ടി നീണ്ട 30 വർഷം കോടതിവരാന്തകളിൽ ചെലവഴിക്കേണ്ടിയും വന്നിട്ടുണ്ട് അദ്ദേഹത്തിന്.

അവലംബം[തിരുത്തുക]

  1. "സി ഒ എൻ നമ്പ്യാർ". M3db.
  2. 2.0 2.1 2.2 2.3 "തിരക്കഥയിലില്ലാത്ത ഓർമകൾ". മാതൃഭൂമി. ശേഖരിച്ചത് മെയ് 23, 2018. Check date values in: |accessdate= (help)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.ഒ.എൻ._നമ്പ്യാർ&oldid=2823777" എന്ന താളിൽനിന്ന് ശേഖരിച്ചത്