Jump to content

സി.എൻ. അണ്ണാദുരൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എൻ. അണ്ണാദുരൈ
ജനനം(1909-09-15)സെപ്റ്റംബർ 15, 1909
മരണംഫെബ്രുവരി 3, 1969(1969-02-03) (പ്രായം 59)
തൊഴിൽരാഷ്ട്രീയ പ്രവർത്തകൻ
ജീവിതപങ്കാളി(കൾ)റാണി

ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകനും തമിഴ്‌ജനതയുടെ നേതാവുമായിരുന്നു സി.എൻ.അണ്ണാദുരൈ അദ്ദേഹം മികച്ച വാഗ്‌മിയും പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

1909 സെപ്റ്റംബർ 15-ന് കാഞ്ചീപുരത്ത് ഒരു നെയ്ത്തു തൊഴിലാളികുടുംബത്തിൽ ജനിച്ചു.സ്വദേശത്തും മദിരാശിയിലും വിദ്യാഭ്യാസം നടത്തി. രാഷ്ട്രതന്ത്രത്തിലും സാമ്പത്തികശാസ്ത്രത്തിലും എം.എ. ബിരുദം നേടി. തുടർന്ന് അദ്ദേഹം അദ്ധ്യാപകനായി ജീവിതം ആരംഭിച്ചു.സി. രാജഗോപാലാചാരി മദ്രാസ് മുഖ്യമന്ത്രി ആയിരുന്ന കാലത്ത് (1937-39) അണ്ണാദുരൈ ഹിന്ദിഭാഷാ പ്രചരണത്തിനെതിരായി പ്രക്ഷോഭം നടത്തിയതിന്റെ ഫലമായി തടവുശിക്ഷയ്ക്കു വിധേയനായി. 1962-ൽ ഇദ്ദേഹം ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിസ് പാർട്ടിയിൽ ചേർന്ന് ഇ.വി.രാമസ്വാമി നായ്‌ക്കരോടൊപ്പം 1944-ല് ദ്രാവിഡ കഴകം സ്ഥാപിച്ചു.രാമസ്വാമി നായ്ക്കരുമായുണ്ടായ അഭിപ്രായവ്യത്യാസംമൂലം ഇദ്ദേഹം ദ്രാവിഡകഴകം വിടുകയും ഏതാനും ചില അനുയായികളുമൊത്ത് 1949-ൽ ദ്രാവിഡ മുന്നേറ്റ കഴകം എന്നൊരു പുതിയ സംഘടന രൂപവത്കരിക്കുകയും ചെയ്തു. 1962-ല് അദ്ദേഹം രാജ്യസഭാംഗവും 1967-ല് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി.തമിഴ് ഭാഷയോടും തമിഴ് നാടിനോടും തോന്നിയ തീവ്രമായ അഭിമാനബോധം സ്വന്തം ജനങ്ങളിൽ ആളിക്കത്തിക്കുവാൻ സ്വതസ്സിദ്ധമായ വാക്ചാതുര്യം ഇദ്ദേഹത്തിന് ഏറെ സഹായകമായിരുന്നു. തമിഴ് ജനതയുടെ അനിഷേധ്യ നേതാവായി ഉയർന്ന അണ്ണാദുരൈയെ അനുയായികൾ 'അണ്ണാ' എന്ന ഓമനപ്പേരു നല്കി ആദരിച്ചു. ഇദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലാണ് മദ്രാസ് സംസ്ഥാനത്തിന്റെ ഔദ്യോഗികനാമം 'തമിഴ്നാട്' എന്നാക്കി മാറ്റിയത്.

അണ്ണാദുരൈ ഒരു രാഷ്ട്രീയനേതാവ് എന്നതു കൂടാതെ സാഹിത്യകാരനെന്ന നിലയിലും പ്രശസ്തി നേടിയിട്ടുണ്ട്. 1968-ൽ മദ്രാസിൽ ഒന്നാം ലോക തമിഴ് സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു അണ്ണാദുരൈ. “കമ്പരാമായണം” എന്ന പഠനഗ്രന്ഥം ശ്രദ്ധാർഹമാണ്‌. “നല്ലവൻ വാഴ്ക”, “കെട്ടിയ താലി”,റംഗൂൺ രാധ, വേലൈക്കാരി, റോമാപുരി റാണികൾ, ചന്ദ്രോദയം, ചന്ദ്രമോഹനൻ എന്നീ ആഖ്യായികകളും ചില ചലചിത്രകഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ കൃതികൾ. ഇവയിൽ പലതും ചലച്ചിത്രരൂപേണ പുനരാവിഷ്കൃതങ്ങളായിട്ടുണ്ട്. കമ്പരുടെ രാമായണത്തെ ആസ്പദമാക്കി രചിച്ച കമ്പരസം എന്ന പഠനഗ്രന്ഥമാണ് അണ്ണാദുരൈയുടെ ശ്രദ്ധേയമായ മറ്റൊരു കൃതി.



"https://ml.wikipedia.org/w/index.php?title=സി.എൻ._അണ്ണാദുരൈ&oldid=3936755" എന്ന താളിൽനിന്ന് ശേഖരിച്ചത്