സി.എസ്. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളസാഹിത്യ വിമർശന ചരിത്രത്തെ ക്രിയാത്മകമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച സാഹിത്യ നിരൂപകനാണ് വിദ്വാൻ സി.എസ്. നായർ (ജീവിതകാലം: 1894 - 8 മേയ് 1942). അധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിലും സി എസ് നായർ ശ്രദ്ധേയമായ സംഭാവനകൾ നൽകി. സ്വരാട്, അരുണോദയം എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു.

ജീവിതരേഖ[തിരുത്തുക]

1894 മേയ് 7-ന് പട്ടാമ്പിയിലെ പെരുമുടിയൂരിൽ തൊടിവീട്ടിൽ ശങ്കരൻനായർ- പാർവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു. വിദ്വാൻ പരീക്ഷ പാസായി. ഒരു വർഷം പട്ടാമ്പി സംസ്കൃതകോളജ് അധ്യാപകനായും തുടർന്ന് ആലുവ സെന്റ് മേരീസ് ഇംഗ്ലീഷ് സ്കൂളിൽ മലയാളം അധ്യാപകനായും ജോലി ചെയ്തു. ഇവിടെ ജോലിചെയ്യവെ ദേശീയപ്രസ്ഥാനവുമായും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും സഹകരിച്ചു. സി എസ് നായരുടെ രാഷ്ട്രീയാഭിപ്രായങ്ങൾ സ്കൂൾ മാനേജ്മെന്റിന് അപ്രീതിയുണ്ടാക്കിയതിനെത്തുടർന്ന് സ്കൂൾ അധികൃതർ അദ്ദേഹത്തെ പിരിച്ചുവിട്ടു. മദിരാശി സംസ്കൃത കോളജിന്റെ വൈസ് പ്രിൻസിപ്പലായും മദ്രാസിലെ ലയോള കോളേജിൽ അധ്യാപകനായും പ്രവർത്തിച്ചു. അക്കാലത്ത് മദ്രാസിലെ മലയാളികളുടെ കേരളോപഹാരം പത്രത്തിന്റെ പ്രസാധകനായിരുന്നു. പിന്നീട് മദ്രാസ് സർവകലാശാലയിൽ ഭാഷാഗവേഷകനായി. മധ്യകാലത്തിലെ മലയാളഭാഷാവൃദ്ധി എന്നതായിരുന്നു ഗവേഷണവിഷയം. ഗവേഷണം പൂർത്തിയാക്കി പട്ടാമ്പിയിൽ തിരിച്ചെത്തി, മൂന്നാംതവണയും സംസ്കൃത കോളേജിൽ അധ്യാപകനായ അദ്ദേഹം പ്രിൻസിപ്പലായും പ്രവർത്തിച്ചു.[1]

'പുരോഗമന സാഹിത്യവിമർശകനാ'യാണ് ഇദ്ദേഹം ശ്രദ്ധ നേടിത്തുടങ്ങിയത്. പൗരസ്ത്യകാവ്യശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സാഹിത്യവിമർശനം നടത്തിയ ഇദ്ദേഹം പാശ്ചാത്യകാവ്യ സിദ്ധാന്തങ്ങളിലും അവഗാഹം നേടിയ ആളായിരുന്നു. അരുണോദയം, ആത്മപോഷിണി, ഉണ്ണിനമ്പൂതിരി, ഇസ്ലാംദീപം, കേരളകേസരി, കേരളവ്യാസൻ, കൈരളി, കേരളീയകത്തോലിക്കൻ, ഗുരുനാഥൻ, ഭാഷാവിലാസം, ശാരദ, മംഗളോദയം എന്നിങ്ങനെ 36 ആനുകാലികങ്ങളിൽ സി എസ് നായരുടെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]

കൃതികൾ[തിരുത്തുക]

  • കഥാകലിക (കഥാസമാഹാരം),
  • ഊർമിള (നോവൽ)
  • മഹത്ത്വവൈഭവം (ചരിത്രനാടകം)
  • സുവർണപഞ്ജരം
  • ചമ്പൂസാഹിത്യം
  • സി.എസ്. നായരുടെ ഉപന്യാസങ്ങൾ (2 ഭാഗം)

അവലംബം[തിരുത്തുക]

  1. സാജൻ എവുജിൻ (26 മെയ് 2013). "സ്മരണാഞ്ജലി". ദേശാഭിമാനി. Retrieved 26 മെയ് 2013. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "നായർ, സി.എസ്. വിദ്വാൻ (1894 - 1942)". സർവവിജ്ഞാനകോശം. Retrieved 26 മെയ് 2013. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സി.എസ്._നായർ&oldid=3647240" എന്ന താളിൽനിന്ന് ശേഖരിച്ചത്