സിറോ മലബാർ സഭയുടെ പതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സീറോ മലബാർ സഭയുടെ പതാക
Designമധ്യത്തിൽ മാർത്തോമ്മാ സ്ലീവ, ഒരു വശത്ത് 3 പുഷ്പിത സ്ലീവാ വീതം മാർത്തോമ്മാ സ്ലീവായുടെ രണ്ടു വശങ്ങളിലും,മാർ വാലാഹ് ( എന്റെ കർത്താവേ എന്റെ ദൈവമേ) പൗരസ്ത്യ സുറിയാനി ഭാഷയിൽ, വെള്ള പശ്ചാത്തലത്തിൽ റെഡ് വൈൻ നിറത്തിൽ ഇവയെല്ലാം ആലേഖനം ചെയ്തിരിക്കുന്നു [1]

പതാക[തിരുത്തുക]

സിറോ മലബാർ സഭയുടെ പതാകയിൽ ആകെ ഏഴ് സ്ലീവാകൾ ആണുള്ളത്.ഏഴ് എന്നത് പരിപൂർണ്ണതയുടെ പ്രതീകമാണ്.വിശുദ്ധ ഗ്രന്ഥത്തിൽ പഴയനിയമ പുതിയനിയമ ഭാഗങ്ങളിൽ അനവധി സ്ഥലങ്ങളിൽ ഏഴ് എന്ന സംഖ്യ ഒരു പ്രതീകമായി ഉപയോഗിച്ചിരിക്കുന്നത് കാണാം.മാർത്തോമ്മാ ശ്ലീഹായാൽ ഭാരതത്തിൽ ഏഴ് സഭാസമൂഹങ്ങളാണ് സ്ഥാപിതമായത്. [2][3] പരിശുദ്ധാത്മാവിൻറെ ദാനങ്ങൾ ഏഴാണെന്നും തിരുസ്സഭ പഠിക്കുന്നു.ഇതിൻറെ എല്ലാം പ്രതീകമായി ഏഴ് എന്ന സംഖ്യ ഉപയോഗിച്ചിരിക്കുന്നു.

സ്ലീവാകൾ.

പതാകയുടെ വശങ്ങളിലായി ആറ് പുഷ്പിത സ്‌ലീവാകൾ കാണുവാൻ സാധിക്കും. സ്ലീവാ എന്ന വാക്കിന് അർത്ഥം ഉത്ഥിതൻ എന്നാണ്.ഉയർത്തെഴുന്നേറ്റ ഈശോ മിശിഹായുടെ വിശുദ്ധ പ്രതീകമാണിത്.സ്ലീവായുടെ അഗ്രങ്ങൾ എല്ലാം വിടരുന്ന മൊട്ടുകളോട് കൂടിയവയാണ്.അവ വളരുന്ന സഭയെ പ്രതിനിധാനം ചെയ്യുന്നു.സീറോ മലബാർ സഭയുടെ പരമോന്നത മുദ്രയായ മാർത്തോമ്മാ സ്ലീവായുടെ കേന്ദ്ര ഭാഗത്ത് ഈ സ്ലീവാ നമുക്ക് കാണാൻ സാധിക്കും.നമ്മുടെ പള്ളികൾ എല്ലാം വിവിധതരം സ്ലീവാകളാൽ അലംകൃതങ്ങളായിരുന്നു എന്നു പുരാതന കാലത്ത് നമ്മുടെ സഭ സന്ദർശിച്ച വൈദേശിക ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.ആദിമ നൂറ്റാണ്ടുകൾ മുതൽ നമ്മുടെ പൂർവികർ സ്ലീവാ ഒരു പ്രതീകമായി ഉപയോഗിച്ചിരുന്നു.

മാർത്തോമ്മാ സ്ലീവാ.

മൈലാപ്പൂരിലെ അത്ഭുത സ്ലീവാ എന്ന് അറിയപ്പെടുന്ന മാർത്തോമ്മാ സ്ലീവാ സീറോ മലബാർ സഭയുടെ പരമോന്നത മുദ്രയാണ്.ഈശോയുടെ ശ്ലീഹായായ മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായി ഭാരതത്തിൽ വേരൂന്നി വളർന്ന് ഫലം ചൂടി നിൽക്കുന്ന സഭാതരുവിനെ മാർത്തോമ്മാ സ്ലീവാ പ്രതിനിധാനം ചെയ്യുന്നു.മുകളിലെ പ്രാവ് പരിശുദ്ധാത്മാവിനെയും ചുവട്ടിലെ താമരപ്പൂവ് ഭാരത സംസ്കാരത്തെയും മൂന്ന് പടികൾ ഗാഗുൽത്തായെയും സൂചിപ്പിക്കുന്നു.[4] [5]


മാർ വലാഹ്.

മാർത്തോമ്മാ സ്ലീവായുടെ ചുവട്ടിലായി സീറോ മലബാർ സഭയുടെ ആരാധനാക്രമ ഭാഷയായ പൗരസ്ത്യ സുറിയാനി ഭാഷയിൽ മാർത്തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനമായ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് ആലേഖനം ചെയ്തിരിക്കുന്നു.സീറോ മലബാർ സഭയുടെ ദൈവശാസ്ത്രം തന്നെയും ഈ വിശ്വാസപ്രഖ്യാപനത്തിൽ അധിഷ്ഠിതമാണ്.സീറോ മലബാർ സഭയുടെ പ്രാർത്ഥനകൾ മിക്കവയും എന്റെ കർത്താവേ എന്റെ ദൈവമേ എന്ന വാചകത്തോടെയാണ് ആരംഭിക്കുന്നത്.ഓരോ വിശ്വാസിയും ഈ വിശ്വാസപ്രഖ്യാപനത്തിൽ അടിയുറച്ചാണ് ജീവിക്കേണ്ടത്.ഈശോ മ്ശീഹാ എന്റെ കർത്താവും എന്റെ ദൈവവും എന്ന് പ്രഖ്യാപിക്കാൻ നമുക്ക് കഴിയണം.ഇതിലൂടെ നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായെയും അനുസ്മരിക്കുന്നു.[6]

ചുവപ്പ്, വെള്ള നിറങ്ങൾ.

ചുവപ്പ് രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നു.മാർത്തോമ്മാ ശ്ലീഹാ മുതൽ അനേകം രക്തസാക്ഷികളുടെ രക്തത്തിലാണ് ഭാരതത്തിലെ സഭ വളർച്ച പ്രാപിച്ചത്.രക്തസാക്ഷികളുടെ ചുടുനിണത്തിലാണ് സഭ വളരുന്നത് എന്ന് തെർത്തുല്യൻ പറയുന്നു.അതിനാൽ സ്ലീവാകൾ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. പശ്ചാത്തലത്തിലുള്ള വെള്ള നിറം മ്ശീഹായുടെ മണവാട്ടിയായ തിരുസഭയുടെ നൈർമല്യതയെയും വിശുദ്ധിയെയും സൂചിപ്പിക്കുന്നു.

  1. http://www.syromalabarchurch.in/news_details.php?news=9302
  2. "Ramban Pattu by maliekal Thoma Ramban"
  3. "Elements of Syro Malabar History by Koonammakkal Thoma Kathanar,P.15"
  4. Antonio Gouvea," Jornada of Dom Alexis de Menezes"
  5. "St Thomas Cross". Thenazrani.org.
  6. "The apostle: saint thomas". www.catholictradition.org. ശേഖരിച്ചത് 2015-09-26.
"https://ml.wikipedia.org/w/index.php?title=സിറോ_മലബാർ_സഭയുടെ_പതാക&oldid=3312935" എന്ന താളിൽനിന്ന് ശേഖരിച്ചത്