സിന്ധു കെ. വി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിന്ധു കെ. വി.

ഉത്തരാധുനിക മലയാളകവിതയിലെ ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിന്ധു കെ.വി. കാവ്യലോകത്തിലൂടെ ആവിഷ്കരിക്കപ്പെടുന്ന അനുഭവങ്ങളുടെ അസാധാരണത്വവും കാവ്യഭാഷയുടെ പുതുമയും സമകാലകവിതയിലെ പ്രമുഖസ്വരമാക്കി ഈ എഴുത്തുകാരിയെ മാറ്റിയിട്ടുണ്ട്. ശരീരം, പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ അനുഭവത്തിന്റെ എല്ലാ അതിരുകളേയും മായ്ചുകളയാൻ ശ്രമിക്കുന്ന പെണ്മയുടെ നിരങ്കുശമായ വീറും കരുത്തുമാണ് സിന്ധുവിന്റെ കവിതകൾ വൈവിദ്ധ്യപൂർവ്വമായി ആവിഷ്കരിക്കുന്നതെന്ന് നിരൂപകനായ എൻ. ശശിധരൻ നിരീക്ഷിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം സ്വദേശി. എസ്. ഇ. എസ് കോളേജ്, ശ്രീകണ്ഠപുരത്ത് പ്രീഡിഗ്രി പഠനത്തിന് ശേഷം പ്രൈവറ്റായി പഠിച്ച് മലയാളസാഹിത്യത്തിൽ എം. എ ബിരുദം നേടി. സൈബർകവിതകളെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് കണ്ണൂർ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി ബിരുദം. മാടായി കോപ്പറേറ്റീവ് ആർട്സ് ആന്റ് സയൻസ് കോളേജിൽ മലയാളവിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ.

സാഹിത്യജീവിതം[തിരുത്തുക]

ഡിജിറ്റൽ എഴുത്തിന്റെ ലോകം സാദ്ധ്യമാക്കിയ എഴുത്തുജീവിതമാണ് സിന്ധുവിന്റേത്. ബ്ലോഗ് എഴുത്തുകാരിയായി കവിതകൾ പ്രസിദ്ധീകരിച്ചുതുടങ്ങിയ സിന്ധുവിന്റെ രചനകൾ നാലാമിടത്തിലെ ശ്രദ്ധേയമായ സ്വരങ്ങളിലൊന്നായി വിലയിരുത്തുന്നത് സച്ചിദാനന്ദനാണ്. പ്രകൃതിയും കാലവും ചരിത്രവുമുൾക്കൊണ്ട പെണ്മയുടെ സ്വത്വപ്രഖ്യാപനവും സ്വാതന്ത്ര്യാഘോഷവുമായി , ആ കവിതകൾ വീണ്ടെടുപ്പിന്റേയും പ്രതിരോധത്തിന്റേയും പാഠങ്ങൾ വായനക്കാർക്കു മുന്നിൽ തുറന്നിടുന്നുവെന്നും തന്റെ ഇച്ഛയ്ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ച് കവി സ്വപ്നങ്ങളിൽ നിർമ്മിച്ച വീടുകളാണ് ആ കവിതകളെന്നും ഏറ്റവും വൈയക്തികമായിരിക്കുമ്പോഴും ഏറ്റവും സാമൂഹികമായി, കാറ്റും വെളിച്ചവും ആ വീടുകളുടെ വാതായനങ്ങളിലൂടെ അകത്തേക്കും പുറത്തേക്കും പ്രവഹിക്കുന്നുണ്ട് എന്നും സിന്ധുവിന്റെ കവിതകളുടെ സവിശേഷതകളായി എടുത്തുകാണിക്കപ്പെട്ടിട്ടുണ്ട്.[2]

അനുഭവങ്ങളുടെ പരിചരണത്തിന്റെ വ്യത്യസ്തതയെ നിരൂപകനായ സന്തോഷ് മാനിച്ചേരി ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ - എന്ന പുസ്തകെത്തെ മുൻനിർത്തി വിശദീകരിക്കുന്നു : ക്രമാനുഗതമോ രേഖീയമോ ആയ ഒരു ഇഴചേർപ്പില്ല ഈ പുസ്തകത്തിന്. പകരം അതു പല വഴികളിലേക്കു പോവുന്ന വാക്യങ്ങളാൽ വിഘടിതമാവുന്നു. കവിതയോ കഥയോ ചിന്തയോ എന്ന് വ്യവച്ഛേദിക്കാൻ വിസമ്മതിക്കുംവിധം ജാനുഷികമായ (generic) ഒരു സുവിശേഷമായിത്തീരുന്നു അത്. അതിനാൽ ഈ പുസ്തകത്തിനു തുടക്കമില്ല, ഒടുക്കവും. വായിക്കുന്നയാളിൽ പുസ്തകം അവസാനിക്കുന്നില്ല, ഏതുകാലത്തും. പുസ്തകത്തിന് അതിർത്തികളുണ്ടോ എന്ന കാര്യവും ചിന്താർഹമാണ്.[3]

കൃതികൾ[തിരുത്തുക]

 • കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരി[4]
 • പാതിരാസൂര്യൻ[5]
 • ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ,[6]
 • തൊട്ടുനോക്കിയിട്ടില്ല പുഴകളെ [7]

അവലംബം[തിരുത്തുക]

 1. അവതാരിക, പാതിരാസൂര്യൻ
 2. അവതാരിക, പാതിരാസൂര്യൻ
 3. സന്തോഷ് മാനിച്ചേരി, അവതാരിക, ഏതോ കാലത്തിൽ നമ്മൾ നമ്മളെ കണ്ടുപോകുന്നതു പോലെ
 4. http://malayalambookreview.blogspot.com/2013/07/blog-post.html?m=1
 5. പാതിരാസൂര്യനെ വായിക്കുമ്പോൾ, സംവിദാനന്ദ് https://www.manoramaonline.com/literature/bookreview/pathira-suryan-book-review.html#
 6. പുസ്തകശീലങ്ങൾക്കുമേൽ ഒരു സ്കിസോഫ്രേനിക് അട്ടിമറി, കെ.വി.മണികണ്ഠൻ, മാധ്യമം വാരിക 2019 മാർച്ച് 18
 7. https://prathipaksham.in/kavani-sindhukv-rajeshkumar/
"https://ml.wikipedia.org/w/index.php?title=സിന്ധു_കെ._വി.&oldid=3346515" എന്ന താളിൽനിന്ന് ശേഖരിച്ചത്