സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ
99.99966% വിജയകരമായി പ്രവർത്തിക്കുന്ന പ്രക്രിയക്ക്, അഥവാ നടപടിക്രമത്തിന് നല്കുന്ന പ്രമാണപത്രമാണ് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ. ലക്ഷക്കണക്കിന് ഒരേ തരത്തിലുളള ഉരുപ്പടികൾ ഉണ്ടാക്കുന്ന ഉത്പാദനമേഖലയിൽ (Manufacturing ) ആണ് സിക്സ് സിഗ്മ സമീപനം തുടക്കം കുറിച്ചത്. വിജയശതമാനം 99.99966% എന്നു വെച്ചാൽ, പത്തു ലക്ഷം (ഒരു മില്യൺ ) ഉരുപ്പടികൾ ഉണ്ടാക്കിയെടുക്കുമ്പോൾ കേടുളളവ നാലിൽ കുറവായിരിക്കും. തുടർച്ചയായി ആവർത്തിക്കപ്പെടുന്ന ഒരു പ്രക്രിയയുടെ കാര്യക്ഷമതയെ(Process Capability) സൂചിപ്പിക്കുന്ന അളവുകോലായ Z മൂല്യം (Z value), സിഗ്മ നിലവാരത്തിൽ അധിഷ്ടിതമാണ്. ശാസ്ത്രസാങ്കേതികവ്യാവസായിക രംഗങ്ങളിൽ നടപടിക്രമങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനായുളള ഉദ്യമമാണ്, DFSS എന്ന ചുരുക്കപ്പേരിൽ പരക്കെ അറിയപ്പെടുന്ന Design For Six Sigma എന്ന പദ്ധതി. നീണ്ടകാല ഉപയോഗം മൂലം അപചയം വന്ന പഴയൊരു നടപടിക്രമത്തിന്റെ കാര്യക്ഷമത വീണ്ടെടുക്കാനോ (DMAIC) അതോ, പിഴവുകളില്ലാത്ത ഒരു പുതിയ നടപടിക്രമം നടപ്പിലാക്കുന്നതിനോ (DMADOV), ഇത് ഉപയോഗിക്കാം.[1] സാങ്കേതികം , രാസായനികം, ഭൌതികം,യാന്ത്രികം, വിതരണരീതികൾ, വിപണി വികസനം, സോഫ്റ്റ് വെയർ വികസനം, എന്നു വേണ്ട എല്ലാ മേഖലകളിലുളള പ്രക്രിയകളും സിക്സ് സിഗ്മ സമീപനത്തിലൂടെ മെച്ചപ്പെടുത്താം.[2] ജനറൽ ഇലക്ട്രിക് കമ്പനിയും മോട്ടോറോളയും സികിസ് സിഗ്മയിലൂടെ പ്രവർത്തനനിലവാരം അനേകമടങ്ങ് മെച്ചപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.[3]
പ്രായോഗികബുദ്ധിയോടെ ഒരു നടപടിക്രമത്തെ സമഗ്രമായി പഠിച്ചും അപഗ്രഥിച്ചും, പിഴവുകളിണ്ടാകാനിടയുളള കാര്യകാരണങ്ങൾ മുൻകൂട്ടി കണ്ടറിഞ്ഞ് വേണ്ട കരുതൽ നടപടികളെടുത്തും സിക്സ് സിഗ്മ നിലവാരമുളള നടപടിക്രമം നടപ്പിലാക്കാമെന്നതിന് ഉത്തമോദാഹരണമാണ് മുംബായ് നഗരത്തിലെ പലയിടങ്ങളിലും മുറതെറ്റാതെ ഉച്ചഭക്ഷണമെത്തിക്കുന്ന ഡബ്ബാവാലകളുടെ കാര്യക്ഷമത.
അടിസ്ഥാന തത്ത്വങ്ങൾ
[തിരുത്തുക]കാല്പനികമായ ഒന്നും തന്നെ സിക്സ് സിഗ്മ പദ്ധതിയിലില്ല. സ്ഥിതിഗണിതത്തിലെ പ്രമാണങ്ങളാണ് സിക്സ് സിഗ്മയുടെ സെദ്ധാന്തിക അടിസ്ഥാനം[4]. ഒരു പ്രക്രിയയെപ്പറ്റിയുളള ആവശ്യമായ എല്ലാ വിവരങ്ങളും (data)ശേഖരിക്കുകയും അവയെ വേണ്ടപോലെ അപഗ്രഥിച്ച് , ആ നിഗമനങ്ങളിൽ നിന്ന് പ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്താനുളള പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തുകയുമാണ് സിക്സ് സിഗ്മ പദ്ധതിയിലൂടെ ചെയ്യുന്നത്. വസ്തുസ്ഥിതികളിൽ അധിഷ്ടിതമായ പ്രശ്നപരിഹാരമാർഗ്ഗമാണ് (Data driven problem solving). ക്രമാനുസരണ വിതരണതരീതിയുടെ (Normal Distribution ) അപഗ്രഥനത്തിനായി ഉപയോഗപ്പെടുന്ന മൂല്യമാണ് വ്യതിയാന നിലവാരം (standard deviation). σ എന്ന ഗ്രീക്ക് അക്ഷരമാണ് ഇത് കുറിപ്പിടാനായി ഉപയോഗിക്കാറ്. ഉദ്ദിഷ്ടമൂല്യത്തിൽ (Target Value) നിന്ന് എന്തുമാത്രം വ്യതിയാനം ഉണ്ടെന്നതിന്റെ കണക്കെടുപ്പാണ് ഇത്. ഈ വ്യതിയാനം ഉദ്ദിഷ്ടമൂല്യത്തിൽ നിന്ന് കൂടുതലോ കുറവോ ആകാം. വ്യതിയാനം (variation) എത്ര കണ്ട് കുറക്കുന്നുവോ അത്ര കണ്ട് പ്രക്രിയ മെച്ചപ്പെടുന്നു.
സിഗ്മ അളവുകോൽ പിഴവുകളുടെ കണക്കെടുപ്പ്
[തിരുത്തുക]വളരെ ലളിതമായി പറയുകയാണെങ്കിൽ സിഗ്മ അളവുകോൽ പിഴവുകളുടെ കണക്കെടുപ്പാണ്. ഒരു പ്രത്യേക നടപടിക്രമത്തിലൂടെ ഒരു മില്യൺ (പത്തു ലക്ഷം) ഉരുപ്പടികൾ ഉത്പാദിപ്പിക്കുകയാണെന്നു വെക്കുക. ഇവ മുഴുവനായും കുറ്റമറ്റതാകാനിടയില്ല. അതിൽ എത്രയെണ്ണം ന്യുനതകളുളളവയായിരിക്കും എന്നതിന്റെ സൂചികയാണ് Z മൂല്യം അഥവാ സിഗ്മ നിലവാരം. ഒരു മില്യൺ ഉരുപ്പടികളിൽ കേടുളളവാ അഥവാ DPMO, ( Defects Per Million Opportunities ) എത്രയെന്ന് ഇതിൽ നിന്നു മനസ്സിലാക്കാം. സിഗ്മ മൂല്യം ഒന്നിൽ താഴേയുമാവാം, ആറിനു മുകളിലുമാവാം. പി-മൂല്യവുമായി DPMO ബന്ധപ്പെട്ടു കിടക്കുന്നു.
Z മൂല്യം | DPMO: കേടുളളവ | കേടുളളവ % | നല്ലവ% |
---|---|---|---|
1σ | 691,462 | 69 | 31 |
2σ | 308,537 | 31 | 69 |
3σ | 66,807 | 6.7 | 93.3 |
4σ | 6210 | 0.62 | 99.38 |
5σ | 233 | 0.023 | 99.977 |
6σ | 3.4 | 0.00034 | 99.99966 |
7σ | 0.019 | 0.0000019 | 99.9999981 |
ഉദ്ദിഷ്ടമൂല്യം (Target Value)
[തിരുത്തുക]ഉത്പന്നത്തിന്റെ, കൃത്യമായി അളന്നു തിട്ടപ്പെടുത്താവുന്ന സവിശേഷതകളിലൊന്നായിരിക്കും ഉദ്ദിഷ്ടമൂല്യം. ഇത്, നീളമോ,തൂക്കമോ, സമയമോ, എണ്ണമോ എന്തുമാകാം. പൊതുവായി ഗ്രീക്ക് അക്ഷരമായ μ (മ്യൂ) ആണ് ഉദ്ദിഷ്ടമൂല്യം സൂചിപ്പിക്കാനായി ഉപയോഗിക്കാറ്.
സഹിഷ്ണുതാ നിലവാരം , (Tolerance level)
[തിരുത്തുക]നിർണ്ണായകമായ സാഹചര്യങ്ങളിൽ ഉദ്ദിഷ്ടമൂല്യത്തിൽ ഒരു തരത്തിലുളള നീക്കുപോക്കും അനുവദനീയമായിരിക്കില്ല. ഉദാഹരണത്തിന് പരീക്ഷ 10 മണിക്ക് ആരംഭിക്കുമെന്നു പറഞ്ഞാൽ അത് അങ്ങനെ തന്നെ ആയിരിക്കണം. ഇത് സഹിഷ്ണുത തീരെയില്ലാത്ത (zero tolerance) പ്രക്രിയയാണ്. എന്നാൽ, പ്രഭാതപത്രം വീട്ടിലെത്തുന്ന സമയത്തിന് അത്ര കൃത്യത ഉണ്ടായെന്നു വരില്ല. ഇത് വളരെയധികം സഹനശേഷിയുളള പ്രക്രിയയാണ്. ഉദ്ദിഷ്ടമൂല്യത്തിൽ നിന്ന് എത്ര കണ്ട് ഇളവ് സഹിക്കാനാവും എന്നതിനെയാണ് സഹിഷ്ണത നിലവാരം ( tolerance level) എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. ഇത് കൃത്യമായി സൂചിപ്പിക്കുന്നവയാണ് നിർദ്ധാരിത പരിധികൾ അഥവാ specification limits.
നിർദ്ധാരിത പരിധികൾ ( Specification Limits, SL)
[തിരുത്തുക]ഒരു ഉരുപ്പടിക്ക് സഹിക്കാവുന്ന ഏറ്റക്കുറച്ചിലുകളുടെ പരിധിയാണ് നിർദ്ധാരിത പരിധികൾ. ഏറ്റവും കൂടിയ ഉദ്ദിഷ്ടമൂല്യമാണ് അധികനിർദ്ധാരിത പരിധി (Upper Specification Limit, USL), ഏറ്റവും കുറഞ്ഞത് ന്യുനനിർദ്ധാരിത പരിധിയും (Lower specification Limit, LSL). μ±SL എന്നാണ് ഇത് കുറിക്കപ്പെടുന്നത്. ഇവ എത്ര കണിശമായിരിക്കണമെന്നത് പ്രത്യേക സാഹചര്യങ്ങളനുസരിച്ചിരിക്കും.
ഹ്രസ്വ കാല, ദീർഘകാല സിഗ്മ മൂല്യങ്ങൾ ( Short term and Long term Sigma )
[തിരുത്തുക]ഒരു പ്രക്രിയയുടെ ഹ്രസ്വകാല സിഗ്മക്കും ദീർഘകാല സിഗ്മക്കും അതിന്റേതായ പ്രസക്തിയുണ്ട്.ഇവ കണക്കാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന സമവാക്യങ്ങൾ തന്നെ ഇവയുടെ പ്രാധാന്യത്തേയും ഏറെക്കുറെ വെളിപ്പെടുത്തുന്നു. ഹ്രസ്വകാല സിഗ്മ കണക്കാക്കാ ഒരു ചെറിയ സാംപിളിൻറെ സ്റ്റാൻഡേഡ് ഡീവിയേഷ കണക്കിലെടുത്താൽ മതി. നേരെ മറിച്ച് ദീർ ഘകാല സിഗ്മക്ക് മുഴുവൻ പോപുലേഷൻറേയും സ്റ്റാൻഡേഡ് ഡീവിയേഷൻ കണക്കിലെടുക്കണം.
Z (ഹ്രസ്വകാലം) = (SL-Target)/S (std. deviation of sample)
Z (ദീർഘകാലം) = (SL - Mean)/σ(std deviation of population)
സിഗ്മ വ്യതിയാനം ( Sigma Shift)
[തിരുത്തുക]പേരിൻറെ പ്രസക്തി
[തിരുത്തുക]മുകളിലത്തെ പട്ടികയും ക്രമാനുസരണരേഖാചിത്രവും ഒരു കാര്യം വ്യക്തമാക്കുന്നു. വ്യതിയാനം (variation)കഴിയുന്നത്ര കുറക്കുകയാണെങ്കിൽ,ക്രമാനുസരണരേഖാചിത്രത്തിന്റെ പരപ്പ് ( distribution) കുറയുകയും കൂടുതൽ ഉരുപ്പടികൾ നിർദ്ധാരിത പരിധികൾക്കിടയിലായി ഒതുങ്ങുകയും ചെയ്യുന്നു. അങ്ങനെ 99.99966% സാഫല്യം,അതായത് 6 സിഗ്മ കാര്യക്ഷമത സുനിശ്ചിതമാക്കാം.
ഡിമയ്ക് (DMAIC) പദ്ധതി
[തിരുത്തുക]വളരെ നന്നായി രൂപകല്പന ചെയ്ത പ്രക്രിയയും കാലക്രമേണ, മുറപ്രകാരമുളള വേണ്ട കരുത നടപടികൾ എടുത്തില്ലെങ്കിൽ അധഃപതിക്കാറുണ്ട്. ഡിമയ്ക് ഇത്തരം പ്രക്രിയകളുടെ കാര്യക്ഷമത വീണ്ടെടുക്കാനുളള പദ്ധതിയാണ്. DMAIC എന്നത് Define, Measure, Analyze, Improve Control എന്നീ അഞ്ചു പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർന്നുണ്ടായതാണ്. നിർവചിക്കുക (Define), അളക്കുക (Measure), അപഗ്രഥിക്കുക (Analyze), മെച്ചപ്പെടുത്തുക (Improve) ,നിയന്ത്രിക്കുക (Control) എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലൂടെയാണ് ഈ പദ്ധതി കടന്നു പോകുന്നത്.
പ്രശ്ന നിർവചനം (Define)
[തിരുത്തുക]തക്കതായ പരിഹാരം നടപ്പാക്കണമെങ്കിൽ പ്രശ്നമെന്തെന്ന് വ്യക്തമായും സൂക്ഷ്മമായും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തത്പരകക്ഷികളുടെ കൂടിയാലോചനയിലൂടെയാണ് മിക്കപ്പോഴും പ്രശ്നം നിർവചിക്കപ്പെടുന്നത്. പ്രശ്നത്തിന്റെ പരിധിക്കകത്തും പുറത്തും കിടക്കുന്ന കാര്യങ്ങളേയും ( in scope and Out of scope) പ്രത്യേകം വേർതിരിക്കേണ്ടതുണ്ട്. പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉരുപ്പടിയുടെ ഗുണമേന്മക്ക് അനിവാര്യമായ സവിശേഷതകളും ( Critical to Quality, CTQ എന്ന ചുരുക്കപ്പേരാണ് പൊതുവേ ഉപയോഗിക്കാറ്.) പദ്ധതിയുടെ ഉദ്ദിഷ്ടലക്ഷ്യവും നിശ്ചയിക്കപ്പെടുന്നു.
അളവെടുപ്പ് ( Measure)
[തിരുത്തുക]ഗുണമേന്മക്ക് അനിവാര്യമായ സവിശേഷതകളിലെ പിഴവുകളെന്താണെന്ന് കണ്ടുപിടിക്കുക, അവ എങ്ങനെ അളക്കാമെന്നു തീരുമാനിക്കുക, അതിനാവശ്യമായ ഉപകരണങ്ങളുടെ കൃത്യതയും സൂക്ഷ്മതയും പരിശോധിക്കുക.
അപഗ്രഥിക്കുക ( Analyze)
[തിരുത്തുക]പിഴവുകൾ (Y) എങ്ങനെ, എവിടെ, എപ്പോഴാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തുക. മൂലകാരണങ്ങൾ(Xs) കണ്ടെത്താനായി ഇതു സഹായകമാകുന്നു.
മെച്ചപ്പെടുത്തുക (Improve)
[തിരുത്തുക]പിഴവുകളും അവക്കിടയാക്കുന്ന കാരണങ്ങളും തമ്മിലുളള ബന്ധം [Y = f(x1,(x2,(x3....)] കണ്ടത്തുക വഴി മെച്ചപ്പെടുത്താനുളള വഴികൾ പലതും തുറന്നു കിട്ടുന്നു. കാരണങ്ങളൊഴിവാക്കി പ്രക്രിയ മെച്ചപ്പെടുത്തുക. പുതിയ പ്രക്രിയയെ വിലയിരുത്തുക
നിയന്ത്രണാധീനമാക്കുക (Control)
[തിരുത്തുക]പുതുതായി മെച്ചപ്പെടുത്തിയെടുത്ത പ്രക്രിയ നിലനിറുത്താനുളള കരുതൽ നടപടികളെടുക്കുക. ഈ ഘട്ടത്തിൽ Control Charts ഏറെ പ്രയോജനപ്പെടുന്നു. പ്രക്രിയയിൽ ഉളളതോ വരാനിരിക്കുന്നതോ ആയ വ്യതിയാനങ്ങൾ പെട്ടെന്ന് ശ്രദ്ധയിൽ കൊണ്ടുവരാനാകും.
ഡിഎംഎഡിഒവി (DMADOV) പദ്ധതി
[തിരുത്തുക]യാതൊരു അപാകതകളുമില്ലാതെ, പുതിയതായി ഒരു ഉത്പന്നം ആവിഷ്കരിച്ചെടുക്കുന്ന പദ്ധതിയാണ് ഇത്. Define( നിർവചിക്കുക), Measure( അളക്കുക), Analyze (അപഗ്രഥിക്കുക), Design (രുപകല്പന ചെയ്യുക), Optimize (വ്യത്യസ്ത ഉപാധികളെ ഏറ്റവും അനുയോജ്യമായ രീതിയിൽ യോജിപ്പിച്ച് ക്രമീകരിക്കുക ), Validate or Verify( സ്ഥിരീകരിക്കുക) എന്നിങ്ങനെ ഇതിന് ആറു ഘട്ടങ്ങളുണ്ട്. ആദ്യത്തെ മൂന്നു പടവുകളും ഡിമയ്ക്കിൽ ഉളളവതന്നേയാണ്
രുപകല്പന ചെയ്യുക (Design)
[തിരുത്തുക]ഉരുപ്പടി, ഉപഘടകങ്ങളടക്കം ഉത്പാദിപ്പിക്കാനായുളള സമ്പൂർണ്ണരൂപരേഖ തയ്യാറാക്കുക. ആദ്യമാതൃകകൾ തയ്യാറാക്കി വേണ്ട ഭേദഗതികൾ വരുത്തുക.
അനുകൂലവുമായ വിധത്തിൽ ക്രമീകരിക്കുക (Optimize)
[തിരുത്തുക]പലപ്പോഴും പരസ്പര വിരുദ്ധങ്ങളായ അനിവാര്യ സവിശേഷതകളെയോ നടപടിക്രമങ്ങളേയോ, ഏറ്റവും ഗുണകരമായ വിധത്തിൽ ക്രമീകരിച്ച് യോജിപ്പിക്കേണ്ടിവരും. അങ്ങനെ ഏറ്റവും അനുയോജ്യവും അനുകൂലവുമായ അവസ്ഥ കണ്ടെത്തുക.
സ്ഥിരീകരിക്കുക(Verify )
[തിരുത്തുക]ചെറിയ തോതിലുളള ഉത്പാദനത്തിലൂടെ രൂപരേഖ ശരിയെന്ന് സ്ഥിരീകരിക്കുക.
സിക്സ് സിഗ്മ പണിപ്പെട്ടി ( Six Sigma Toolbox)
[തിരുത്തുക]പലതലങ്ങളിലുളള,അതിസങ്കീർണ്ണമായ സാങ്കേതിക നടപടിക്രമങ്ങളിലൂടെയാണ് ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. അത്തരം നടപടിക്രമങ്ങളെ ലഘുഘടകങ്ങളായി പിരിച്ച് പ്രശ്ന പരിഹാരം എളുപ്പമാക്കാൻ പണിയായുധങ്ങൾ ഉപകരിക്കുന്നു. സിക്സ് സിഗ്മ പിഴവുകളുടെ അളവുകോലാണെന്നിരിക്കേ, അളവെടുക്കൽ (measurment), ഈ സമീപനത്തിലെ വളരെ പ്രധാനപ്പെട്ട പണിയായുധമാണ്. G R&R എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പണിയായുധം അളവെടുപ്പിന്റെ കണിശതയും സൂക്ഷ്മതയും നിശ്ചിതമാക്കുന്നു. കൂലങ്കഷമായ കൂടിയാലോചനകൾ ( Brainstorming sessions),അത്യന്താപേക്ഷിതമായ സവിശേഷതകൾ കണ്ടെത്താനുളള പരേറ്റോ ചാർട്ടുകൾ(Pareto Charts),ഹിസ്റ്റോഗ്രാമുകൾ (histograms),ഫിഷ്ബോൺ അഥവാ ഇഷികാവാ ഡയഗ്രം എന്നറിയപ്പെടുന്ന കാര്യകാരണ രേഖാചിത്രം (Fishbone diagram),പ്രക്രിയയുടെ, തുടക്കം മുതൽ അവസാനം വരെയുളള പടവുകളുടെ ക്രമാനുഗതമായ രേഖ( Process map അഥവാ Flowm charts),ഒന്നോടൊന്നു ബന്ധപ്പെട്ടു കിടക്കുന്ന രണ്ടു മൂല്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ എടുത്തു കാണിക്കുന്ന ചിത്രങ്ങൾ (Scatter plots), എന്നിങ്ങനെ പണിയായുധങ്ങൾ പലതരത്തിലും വിധത്തിലും ലഭ്യമാണെങ്കിലും എല്ലാം, എല്ലായ്പോഴും ആവശ്യമായെന്നു വരില്ല. അടിസ്ഥാനപരമായി വളരെ പ്രയോജനപ്രദമാകുന്നവയാണ് കാര്യകാരണ രേഖാചിത്രവും പ്രോസ്സസ്സ് മാപ്പും.
അളവെടുപ്പിന്റെ കണിശതയും സൂക്ഷ്മതയും G R&R
[തിരുത്തുക]ഉദ്ദിഷ്ഠമൂല്യവുമായി ഒത്തുനോക്കിയിട്ടാണ് പിഴവുകളുണ്ടെന്നു പറയുന്നത്. ഒത്തുനോക്കൽ വെറുതെയൊരു അവലോകനമല്ല, സൂക്ഷ്മവും കണിശവുമായ അളവെടുപ്പാണ്. അതുകൊണ്ട് ഏറ്റവും ആദ്യം അളവെടുപ്പ് പ്രക്രിയ കിറുകൃത്യമാണെന്ന് ഉറപ്പുവരുത്തണം. സിക്സ് സിഗ്മയുടെ പദാവലിയിൽ ഇത് ജി ആർ അന്ഡ് ആർ (G R&R) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന Gage Repetition and Reproducibility ആണ്. അളവെടുപ്പു പ്രക്രിയയിൽ മുഖ്യമായും രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് അളവെടുക്കാനുപയോഗിക്കുന്ന ഉപകരണം, രണ്ടാമത് അളവെടുക്കുന്നയാൾ. ഉദാഹരണത്തിന് കിലോഗ്രാം ഭാരക്കട്ടിക്ക് തേയ്മാനം സംഭവിച്ചെന്നിരിക്കാം, ത്രാസ് ശരിയല്ലെന്നും വരാം, ഇനി ത്രാസും, ഭാരങ്ങളും കണിശമായിരുന്നാലും, ത്രാസു പിടിക്കുന്ന തീതിയനുസരിച്ച് തൂക്കത്തിന് വളരെയേറെ ഏറ്റക്കുറച്ചിലുകളുണ്ടാകുയുമാകാം. ഇത്തരം പിഴവുകളെല്ലാം ഒഴിവാക്കിയാലേ അളവെടുപ്പ് കിറുകൃത്യമാണെന്ന് ഉറപ്പു വരുത്താനാകൂ. ഇതിന്റെ അനിവാര്യമായ ഭാഗമാണ് G R&R. ഒരേ ഉപകരണമുപയോഗിച്ച് ഒരാൾ തന്നെ ഒരേ ഉരുപ്പടിയെ പല തവണ അളക്കുന്നതിലൂടെ ആവർത്തനക്ഷമതയിലെ (Repeatability) ന്യുനതകളും, അതേ ഉപകരണമുപയോഗിച്ച് പലപേർ അതേ ഉരുപ്പടിയെ അളക്കുന്നതിലൂടെ പുനരുത്പാദനക്ഷമതയിലെ(Reproducibility)കോട്ടങ്ങളും കണ്ടെത്തി നിവാരണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശ്യം.
ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി അളവുകോൽ എത്ര സൂക്ഷ്മമായിരിക്കണം എന്നതാണ്. അതായത് വ്യവഛേദം ( Resolution) എന്തായിരിക്കണം. ഒരു നടപടിക്രമത്തിലെ 0.001 വ്യതിയാനം കൃത്യമായി അളന്നു തിട്ടപ്പെടുത്തണമെങ്കിൽ അളവുകോലിന് 0.0001 വ്യതിയാനം അളക്കാനാകണം.
ഇഷികാവാ രേഖാചിത്രം
[തിരുത്തുക].സങ്കീർണ്ണമായ സാങ്കേതിക പ്രക്രിയകളിൽ പിഴവു പറ്റുന്നതിനുളള കാരണം സൂക്ഷ്മമായി കണ്ടെത്താനുളള എളുപ്പ വഴിയാണ് ഇഷികാവാ രേഖാചിത്രം. ഇത് ശരിക്കും ഒരു കാര്യകാരണ രേഖാചിത്രമാണ്.പൊതുവേ ആറിനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറ്, ഇവക്ക് തനതായ ഉൾപ്പിരിവുകൾ ഉണ്ടായിരിക്കാനുളള സാധ്യതയുണ്ട്. ഓരോ നടപടിക്രമത്തിനും അതിൻറേതായ പ്രത്യേകതകൾ ഉണ്ടാവുമെന്നിരിക്കേ, ഇനങ്ങളിലും മാറ്റങ്ങൾ വരും. ഇവിടെ കാണിച്ചിട്ടുളളത് ഒരു സഹായചിത്രം മാത്രമാണ്.
പ്രോസസ്സ് മാപ്
[തിരുത്തുക]ഒരു പ്രക്രിയയുടെ തുടക്കം മുതൽ അവസാനം വരെയുളള സകല പടവുകളം ഉൾക്കൊളളുന്ന സമഗ്ര രൂപരേഖയാണ്. തെറ്റിദ്ധാരണകൾ ഒഴിവാക്കാനായി ആഗോള അംഗീകാരമുളള ചിഹ്നങ്ങളുപയോഗിച്ചാണ് പ്രോസസ്സ് മാപ്പ് തയ്യാറാക്കുന്നത്. ഏതു പടവിലാണ് പിഴവുകളുണ്ടാകുന്നതെന്ന് കൃത്യമായി കണ്ടുപിടിക്കാനും അനാവശ്യമായ പടവുകൾ ഒഴിവാക്കാനും സഹായകമാകുന്നു.
പരാജയസാധ്യതകളും കരുതൽ നടപടികളും (FMEA)
[തിരുത്തുക]ഒരു നടപടിക്രമം ഏതെല്ലാം തരത്തിൽ പരാജയപ്പെടാം, അതുമൂലമുണ്ടാവുന്ന ഭവിഷ്യത്തുക്കളെന്തൊക്കേയാവാം ഇവയൊക്കെ മുൻകൂട്ടി വിഭാവനം ചെയ്ത് തക്കതായ കരുതൽ നടപടികളെടുക്കേണ്ടത് സിക്സ് സിഗ്മ സമീപനത്തിലെ ഒഴിച്ചുകൂടാനാവാത്ത പടവാണ്. FMEA ( Failure Mode and Effect Analysis) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ പരാജയസാധ്യതകളും, അവയുടെ രൂക്ഷതയും, സംഭാവ്യതയും ഭവിഷ്യത്തുക്കളും കണക്കാക്കപ്പെടുന്നു.
Control Charts
[തിരുത്തുക]മിനിടാബ്
[തിരുത്തുക]സിക്സ്സിഗ്മ സമീപനത്തിനാവശ്യമായ എല്ലാ പണിയായുധങ്ങളും ഭംഗിയായി ഒരുക്കിവെച്ചിരിക്കുന്ന സോഫ്റ്റ് വെയർ പാക്കേജാണ് മിനിടാബ് [5]. ഉപയോക്താവിന് വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന സൌകര്യപ്രദമായ സോഫ്റ്റ് വെയറാണ് മിനിടാബ്. [6]
ലീൻ സിക്സ് സിഗ്മ(Lean Six Sigma)
[തിരുത്തുക]പാഴ്ച്ചെലവു കുറച്ച് ഒരു പ്രക്രിയയെ കൂടുതൽ ലാഭകരമാക്കുന്ന ചിന്താധാരയാണ് ലീൻ സിക്സ് സിഗ്മ.[7]
ഗ്രീൻ ബെൽട്ട്, ബ്ളാക്ക് ബെൽട്ട്, മാസ്റ്റർ ബ്ളാക്ക് ബെൽട്ട്
[തിരുത്തുക]സിക്സ് സിഗ്മ പദ്ധതിയിൽ പ്രാഥമിക പരിശീലനം നേടിയവരാണ് ഗ്രീൻ ബെൽട്ടുകാർ , കൂടുതൽ അവഗാഹമായ പഠനം നടത്തി, അതിന്റെ യോഗ്യതാ പരീക്ഷകൾ ജയിച്ചവർ ബ്ളാക്ക് ബെൽട്ട് എന്നറിയപ്പെടുന്നു. ഇവരേക്കാളും പ്രാവീണ്യം നേടിയവരാണ് മാസ്റ്റർ ബ്ളാക്ക് ബെൽട്ടുകാർ
സിക്സ് സിഗ്മ പദാവലി
[തിരുത്തുക]- ഹ്രസ്വ കാല Z മൂല്യം(Z short term)
- ദീർഘകാല Z മൂല്യം (Z Long term)
- Z മൂല്യത്തിലെ മാറ്റം (Z Shift)
- Z Benchmark
അവലംബം
[തിരുത്തുക]- ↑ R. S. Chalapathi. Six Sigma (Box Set). Institute Of Sigma Learnining. ISBN 9781298348756.
{{cite book}}
: Check|isbn=
value: checksum (help) - ↑ Thomas Pyzdek (2003). Six Sigma Hand book. Tata Mcgraw Hill Education 2010. ISBN 9780071070843.
{{cite book}}
: Cite has empty unknown parameter:|1=
(help); Unknown parameter|coauthor=
ignored (|author=
suggested) (help); horizontal tab character in|publisher=
at position 27 (help) - ↑ Peter Pande (2003). The Six Sigma Way How GE Motorola and Other Top Companies are Honing their Performance (1 ed.). Tata Mcgraw Hill Education.
{{cite book}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - ↑ Mark Kiemele (1999). Basic Statistics (4 ed.). Air Academy Press. ISBN 1-880156-06-7.
{{cite book}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - ↑ "Minitab Official Website". Archived from the original on 2013-02-17. Retrieved 2013-02-12.
- ↑ Specifications of Six SIGMA Statistics with Excel and Minitab [With CDROM]. McGraw-Hill Professional Publishing. 2007. ISBN 9780071489690.
- ↑ Lean Six Sigma. Tata Mcgraw Hill Education Publication. 2002. ISBN 9780070528932.