സാൻസ്കർ നദി
| സാൻസ്കർ നദി | |
|---|---|
Map of the Indus River System - the Zanskar is a tributary of the Indus | |
| Country | India |
| State | ലഡാക്ക് |
| Physical characteristics | |
| നദീമുഖം | 33°46′19″N 76°50′43″E / 33.7719174°N 76.8453493°E |
| നദീതട പ്രത്യേകതകൾ | |
| River system | Indus River |
സിന്ധു നദിയുടെ പ്രധാന പോഷകനദിയാണ് സാൻസ്കർ നദി. പ്രധാന നദിയ്ക്കു തുല്യമോ അല്ലെങ്കില് വലുതോ ആയ ഈ നദി[1] ഇന്ത്യയിലെ ലഡാക്കിനുള്ളിലൂടെ പൂർണ്ണമായി ഒഴുകുന്നു. ഗ്രേറ്റ് ഹിമാലയൻ ശ്രേണിയുടെ വടക്കുകിഴക്കുനിന്ന് ഉത്ഭവിക്കുന്ന ഇത് സാൻസ്കർ പ്രദേശത്തിനുള്ളിൽ ഹിമാലയ നിരകളിലൂടെയും സാൻസ്കർ നിരയിലൂടെയും കടന്നുപോകുന്നു. നിമോ ഗ്രാമത്തിനു സമീപത്തുവച്ച് വടക്കുകിഴക്കായി ഒഴുകി ഇത് സിന്ധു നദിയുമായി ചേരുന്നു.
പദോൽപ്പത്തി
[തിരുത്തുക]സാൻസ്കർ (Zangs-kar) എന്നാൽ "വെളുത്ത ചെമ്പ്" അല്ലെങ്കിൽ പിത്തള എന്നാണ് അർത്ഥമാക്കുന്നത്.[2]
പ്രവാഹം
[തിരുത്തുക]നദിയുടെ മുകൾ ഭാഗങ്ങളിൽ, ഇതിന് രണ്ട് പ്രധാന ശാഖകളുണ്ട്. ഇതിൽ ആദ്യത്തെ ശാഖയായ ദോഡാ നദിയുടെ ഉത്ഭവം 4,400 മീറ്റർ (14,400 അടി) ഉയരമുള്ള പർവത പാതയായ പെൻസി-ലയ്ക്ക് സമീപമാണ്, കൂടാതെ സാൻസ്‌കർ മേഖലയുടെ തലസ്ഥാനമായ പദുമിലേക്ക് നയിക്കുന്ന പ്രധാന സാൻസ്‌കാർ താഴ്‌വരയിലൂടെ ഇത് തെക്ക്-കിഴക്ക് ദിശയിലേക്ക് ഒഴുകുന്നു. നദിയുടെ രണ്ടാമത്തെ ശാഖ 5,091 മീറ്റർ (16,703 അടി) ഉയരമുള്ള ഷിംഗോ ലാ ചുരത്തിനു സമീപത്തുനിന്ന് ഉത്ഭവിക്കുന്ന കാർഗ്യാഗ്, ബറലാച്ച-ലായ്ക്ക് സമീപത്തുനിന്ന് ഉത്ഭവിക്കുന്ന സരാപ് എന്നീ രണ്ട് പ്രധാന പോഷകനദികൾ ചേർന്നതാണ്. ഈ രണ്ട് നദികളും പുർനെ ഗ്രാമത്തിന് താഴെയായി സംയോജിച്ച് ലുങ്‌നാക് നദി (ലിങ്‌ടി അല്ലെങ്കിൽ സരാപ് എന്നും അറിയപ്പെടുന്നു) രൂപപ്പെടുന്നു. പിന്നീട് ലുങ്‌നാക് നദി വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകി ഒരു ഇടുങ്ങിയ മലയിടുക്കിലൂടെ കടന്ന് സാൻസ്കറിന്റെ മധ്യ താഴ്‌വരയിലേക്ക് (പ്രാദേശികമായി ഗുങ് ഖോർ എന്നറിയപ്പെടുന്നു) ഒഴുകുകയും അവിടെ ദോഡാ നദിയുമായി ലയിച്ച് പ്രധാന സാൻസ്കർ നദിയായി മാറുകയും ചെയ്യുന്നു. നദി പിന്നീട് വശ്യസുന്ദരമായ സാൻസ്കർ മലയിടുക്കിലൂടെ കടന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് ഒഴുകി ലഡാക്കിലെ നിമോ ഗ്രാമത്തിന് സമീപം സിന്ധുനദിയിൽ ചേരുന്നു.[3]
ടൂറിസം
[തിരുത്തുക]ഈ പ്രദേശത്ത് ഹോംസ്റ്റേകൾ, ബുദ്ധ വിഹാരം, താഴ്‌വരയിലെ വിനോദ കേന്ദ്രങ്ങൾ എന്നിവയുണ്ട്.
അവലംബം
[തിരുത്തുക]- ↑ Cunningham, Ladak (1854), p. 88.
- ↑ Cunningham, Ladak (1854), p. 22.
- ↑ Phartiyal, Binita; Singh, Randheer; Nag, Debarati (2017), "Trans- and Tethyan Himalayan Rivers: In Reference to Ladakh and Lahaul-Spiti, NW Himalaya", in Dhruv Sen Singh (ed.), The Indian Rivers: Scientific and Socio-economic Aspects, Springer, p. 375, ISBN 978-981-10-2984-4