സാഹിർ ലുധിയാന്വി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sahir Ludhianvi (1921–1980)
ജനനം Abdul Hayee
1921 മാർച്ച് 8(1921-03-08)
കരീം പുരാ, ലുധിയാന
മരണം 1980 ഒക്ടോബർ 25(1980-10-25) (പ്രായം 59)
മുംബൈ
തൊഴിൽ കവി, ഗാനരചയിതാവ്

സുപ്രസിദ്ധ ഉർദു കവിയും ഹിന്ദി സിനിമാ ഗാനരചയിതാവുമാണ് സാഹിർ ലുധിയാന്വി ((8 March 1921 – 25 October 1980). സാഹിർ ലുധിയാന്വി എന്നുള്ളത് ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ് ശരിക്കുള്ള പേര് അബ്ദുൽ ഹൈ എന്നാണ്. 1964 ലും , 1977 ലും മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1971 ൽ ഭാരത സർക്കാർ ഇദ്ദേഹത്തെ പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.[1][2]

ജീവചരിത്രം[തിരുത്തുക]

8 മാർച്ച് 1921 ൽ ലുധിയാനയിലെ കരിംപുരാ എന്ന സ്ഥലത്ത് ഒരു ധനിക ജന്മി കുടുംബത്തിൽ ജനിച്ചു. ഇദ്ദേഹത്തിന്റെ അഛനും അമ്മയും തമ്മിൽ അത്ര സ്വരചേർച്ചയിലല്ലായിരുന്നു. സാഹിറിന് പതിമ്മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അഛൻ രണ്ടാമതൊരു കല്യാണം കൂടി കഴിച്ചു. സാഹിറിന്റെ അമ്മ സർദാർ ബീഗത്തിന് ഇത് സഹിക്കാനായില്ല. മകനുമൊത്ത് അവർ ഭർത്താവിന്റെ വീട് വിട്ടിറങ്ങി. തുടർന്ന് സാഹിറിനെ വിട്ടു കിട്ടണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അഛൻ കേസ് കൊടുത്തു. പക്ഷെ കോടതി വിധി സർദാർ ബീഗത്തിന് അനുകൂലമായിരുന്നു. ഇതിൽ ക്രൂദ്ധനായ സാഹിറിന്റെ അഛൻ സാഹിറിനെ കൊന്നിട്ടാണെങ്കിലും അമ്മയിൽ നിന്ന് പിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് കേട്ട് ഭയന്ന സാഹിറിന്റെ അമ്മ അവനെ സദാ നിരീക്ഷിക്കാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടി. ഭർത്താവിൽ നിന്നു പിരിഞ്ഞതിനു ശേഷം അവരുടെ സാമ്പത്തിക സ്ഥിതിയും മോശമായിരുന്നു. ഇങ്ങനെ ഭീതിയും ദാരിദ്ര്യവും നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു സാഹിറിന്റേത്. മട്രിക്കുലേഷൻ വരെ അദ്ദേഹം ലുധിയാനയിലെ ഖൽസ ഹൈസ്കൂളിൽ പഠിച്ചു. അതിനു ശേഷം അദ്ദേഹം ബി. ഏ. ക്ക് ലുധിയാനയിലെ സതീഷ് ചന്ദർ ധവാൻ കോളേജിൽ ചേർന്നു, പക്ഷെ പഠ്ത്തം മുഴുമിക്കുന്നതിനു മുൻപ് എന്തോ അച്ചടക്ക ലംഘന പ്രശ്നം കാരണം അദ്ദേഹത്തെ കോളേജിൽ നിന്ന് പുറത്താക്കി.[3] കോളേജിൽ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം ലാഹോറിൽ പോയി താമസിച്ചു. അവിടെ വച്ച് ആദ്യ ഉർദു കവിതാ പുസ്തകമായ തൽഖിയാൻ (Bitterness) എഴുതി. പിന്നെ രണ്ട് കൊല്ലം ഒരു പ്രസാധകനെ തിരഞ്ഞു നടന്നു. 1945 ൽ ഈ പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തക പ്രസിദ്ധീകരണത്തിന് ശേഷം ഇദ്ദേഹം ചില ഉർദു അനുകാലിക പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി ജോലി ചെയ്തു. മാർക്സിസ്റ്റ് ചായ്്വുള്ള ചില ലേഖനങ്ങൾ സവേരാ എന്ന ഉർദു മാസികയിൽ എഴുതിയതിന് പാകിസ്ഥാൻ സർക്കാർ സാഹിറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അങ്ങനെ സാഹിർ 1949 ൽ പാകിസ്താനിൽ നിന്ന് ഒളിച്ചോടി ഡെൽഹിയിൽ വന്നു. അവിടെ രണ്ട് മാസം താമസിച്ചതിന് ശേഷം ബോംബെയിൽ സ്ഥിര താമസമായി. സാഹിറിന്റെ ഒരു സുഹൃത്ത് "ബോംബെയ്ക്ക് എന്നെ ആവശ്യമുണ്ട്" എന്ന് സാഹിർ പറഞ്ഞതായി ഓർക്കുന്നു.

ബോംബെയിലെത്തിയ സാഹിർ അന്ധേരിയിലെ ഒരു വാടകവീട്ടിലെ ഒറ്റമുറിയിൽ താമസമായി. പ്രസിദ്ധ ഉർദു/ഹിന്ദി എഴുത്തുകാരായ ഗുൽസാർ, കിഷൻ ചന്ദർ എന്നിവർ അക്കാലത്ത് സാഹിറിന്റെ അയൽക്കാരായിരുന്നു. ബോംബെയിലെത്തിയ വർഷം തന്നെ സാഹിറിന് ഹിന്ദി സിനിമയിൽ ഗാനരചയിതാവായി ബ്രേക്ക് കിട്ടി. 1949 ഇറങ്ങിയ ആസാദീ കീ രാഹ് പർ എന്ന ഹിന്ദി സിനിമയിൽ നാല് പാട്ടുകൾ എഴുതാനവസരം ലഭിച്ചു. ഈ സിനിമയിലെ ഗാനങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടില്ല, പക്ഷെ, 1951 ൽ ഇറങ്ങിയ എസ്. ഡി. ബർമൻ സംഗീതം ചെയ്ത നൗജവാൻ എന്ന സിനിമയിലെ സാഹിർ എഴുതിയ പാട്ടുകൾ വളരെ പോപ്പുലർ ആയി. അതേ വർഷം തന്നെ ഗുരുദത്തിന്റെ ബാസി എന്ന സിനിമയിലെ പാട്ടുകളും സാഹിർ എഴുതി. ഇതോടെ സാഹിർ ഗുരുദത്ത് ടീമിലെ ഒരംഗം ആയി എസ്. ഡി. ബർമൻ, ഒ. പി. നയ്യർ, ഹേമന്ത് കുമാർ എന്നീ സംഗീത സംവിധായകർക്കു വേണ്ടി സ്ഥിരമായി പാട്ടുകൾ എഴുതിത്തുടങ്ങി. 1957 ൽ ഇറങ്ങിയ പ്യാസാ എന്ന സിനിമയോടെ സാഹിറിന്റെ എസ്. ഡി. ബർമനുമായുള്ള പ്രോഫഷണൽ കൂട്ട്കെട്ട് അവസാനിച്ചു. പിന്നീട് അവരൊരുമിച്ച് പ്രവർത്തിച്ചില്ല. ഇതിനിടെ സാഹിർ ബി. ആർ. ചോപ്രയുടെ സിനിമകളിലെ പ്രധാന ഗാനരചയിതാവായി. സിനിമാ രംഗത്ത് നിന്ന് സാമാന്യം തരക്കേടില്ലാത്ത രീതിയിൽ പണമുണ്ടാക്കി തുടങ്ങിയ സാഹിർ ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ മുംബൈയിൽ ഒരു ആഡംബര ബംഗ്ലാവ് പണിത് അതിനു പർച്ചായിയാൻ (നിഴലുകൾ) എന്ന പേരിട്ടു അവിടെ താമസമായി.

സാഹിറിനു അനേകം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എങ്കിലും ഒന്നും വിവാഹത്തിൽ കലാശിച്ചില്ല. ഏറ്റവും പ്രസിദ്ധമായ പ്രേമ ബന്ധം പഞ്ചാബി കവിയിത്രി അമൃതാ പ്രീതവുമായിട്ടുള്ളതായിരുന്നു. അമൃത പ്രീതം സാഹിറിന്റെ കവിതകളുടെ ഒരു ആരാധിക കൂടിയായിരുന്നു. [4] കുറച്ച് കാലം ഗായിക സുധാ മൽഹോത്രയുമായി സാഹിർ പ്രേമത്തിലായിരുന്നു.[5]പക്ഷെ അതും വിജയിച്ചില്ല. ഒടുവിൽ ജീവിതാവസാനം വരെ സാഹിർ അവിവാഹിതനായി തുടർന്നു. അവസാന കാലത്തെ ഏകാന്തത സാഹിറിനെ മദ്യത്തിൽ അഭയം തേടാൻ പ്രേരിപ്പിച്ചു. 1959 ൽ ജൂഹുവിലെ വീട്ടിൽ വച്ച് ഒരു ഹൃദയസ്ഥംഭനമുണ്ടായി സാഹിർ മരണമടഞ്ഞു.

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sahir: A poet par excellence Indian Express, 8 March 2006.
  2. Padma Shri Official listings, Govt. of India
  3. Personal Communication from Dr. GS Mann, ex-Principal SCD Govt. College For Boys, Ludhiana: the expulsion letter is preserved in the Disciplinary Records Register of the college
  4. Amrita Pritam, Rasidi Tikat
  5. http://www.downmelodylane.com/sahir.html
"http://ml.wikipedia.org/w/index.php?title=സാഹിർ_ലുധിയാന്വി&oldid=1686229" എന്ന താളിൽനിന്നു ശേഖരിച്ചത്