സാഹിബ്സാദ അബ്ദുൽ ലത്തീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊമ്പതാം നൂറ്റാണ്ടിൽ അഫ്ഗാനിസ്താനിൽ ജീവിച്ചിരുന്ന ഒരു മത പണ്ഡിതനും,അഫ്ഗാൻ രാജഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്നു അബ്ദുൽ ലത്തീഫ് (1853-1903).സയ്യിദ് അബ്ദുൽ ലത്തീഫ് , സാഹിബ്സാദ അബ്ദുൽ ലത്തീഫ് എന്നീ ആദരസൂചകങ്ങളാലും അറിയപ്പെടുന്നു.

അക്കാലത്ത് രൂപംകൊണ്ട ഇസ്ലാമിലെ  അഹമദിയ്യ പ്രസ്ഥാനത്തിൽ ചേർന്ന അബ്ദുൽ ലത്തീഫ് യഥാസ്ഥിക പണ്ഡിതരുടെയും  ഭരണകൂടത്തിന്റെയും എതിർപ്പിനു പാത്രമാവുകയും ഹ്രസ്വ വിചാരണയ്ക്കൊടുവിൽ മതപരിത്യാഗകുറ്റം ചുമത്ത പ്പെട്ട് വധശിക്ഷയ്ക്കിരയാവുകയുമായിരുന്നു. ഇക്കാരണത്താൽ അഹമദിയ്യാ വിശ്വാസികൾ അദ്ദേഹത്തെ അബ്ദുൽ ലത്തീഫ് ശഹീദ് (രക്തസാക്ഷി) എന്ന് ആദരപൂർവ്വം സ്മരിക്കുന്നു.  അഹമദിയ്യാ ചരിത്രത്തിലെ രണ്ടാമത്തെ രകതസാക്ഷിയാണ് അബ്ദുൽ ലത്തീഫ്.

സയ്യിദ് അബ്ദുൽ ലത്തീഫ്Syed Abdul Latif.

ജീവിതരേഖ.[1][തിരുത്തുക]

അഫ്ഗാനിസ്താനിലെ ഖൂസ്ത് (Khost) പ്രവശ്യയിലെ  സയ്യിദ്ഗാഹിൽ 1853ലാണ് അബ്ദുൽ ലത്തീഫിന്റെ ജനനം. സമ്പന്നകുടുംബാംഗമായിരുന്ന ലത്തീഫ് . ഇന്ത്യൻ ഉപഭൂഖണ്ഡതിലെ ആദ്യ സൂഫിവര്യന്മാരിൽ   ഒരാളായിരുന്ന അബുൽ ഹസൻ അൽഹജ്വെരിയുടെ (Abu ’l-Ḥasan ʿAlī b. ʿUthmān b. ʿAlī al-Ghaznawī al-Jullābī al-Hujwīrī (c. 1009-1072/77) യുടെ പിൻ തലമുറക്കാരാണ് അബ്ദുൽ ലത്തീഫിന്റെ കുടുംബം.

പണ്ഡിതാചാര്യനായി പേരെടുത്ത ലത്തീഫ് അഫ്ഗാൻ രാജാക്കന്മാരുടെ സദസ്സിലും ശ്രദ്ധിക്കപ്പെടുകയുണ്ടായി. അമീർ (രാജാവ്) അബ്ദുർ റഹ്മാൻ ഖാൻ ലത്തീഫിനെ ഉപദേശ്ടാവായും മകന്റെ അധ്യാപകനായും നിയമിച്ചു. ഈ മകൻ പിന്നീട്  അമീർ ഹബീബുല്ലാ ഖാൻ ആയി ഭരണത്തിലേറിയപ്പോൾ കിരീടധാരണവേളയിൽ കിരീട വാഴ്ച നടത്തിയത് അബ്ദുൽ ലത്തീഫായിരുന്നു.

ഡ്യൂറണ്ട് രേഖയും ലത്തീഫും[തിരുത്തുക]

ബ്രിട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള അതിർത്തി നിജ്ജപ്പെടുത്തുകയും അതിലൂടെ ഇരു ശക്തികളുടെ അധികാരാവകാശങ്ങൾ ഉറപ്പാക്കുകയും നയതന്ത്ര/ വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യാനുദ്ദേശിച്ച് കൊണ്ട് ബ്രിട്ടിഷ് നയതന്ത്രജ്ഞൻ സർ മൊർട്ടിമർ ഡ്യൂറണ്ട് 1893ൽ നിർദ്ദേശിച്ച ഭൂരേഖയാണ് ഡ്യൂറണ്ട് രേഖ.[2]

ഈ രേഖയ്ക്ക് വഴിവെച്ച ബ്രിട്ടൺ /അഫ്ഗാനിസ്താൻ ഉഭയകക്ഷി ഉടമ്പടിയിലെ ബ്രിട്ടീഷ് പ്രതിനിധികൾ സർ ഡ്യൂറണ്ടും, വൈസ്രോയുടെ പ്രതിനിധിയായിരുന്ന സാഹിബ് സാദാ അബ്ദുൽ ഖൈയൂമും ആയിരുന്നു. അഫ്ഗാൻ രാജാവിനെ(അമീർ) പ്രതിനിധീകരിച്ചത് അബ്ദുൽ ലത്തീഫും, ഖൂസ്ത് പ്രവശ്യയുടെ മുൻ ഗവർണറുമായിരുന്ന സർദാർ ശിരീന്തൽ ഖാനുമായിരുന്നു. അബ്ദുൽ ലത്തീഫിനു രാജ്യത്തിലുണ്ടായിരുന്ന സ്വാധീനവും കീർത്തിയും അറിയിക്കുന്നതായിരുന്നു ഈ പദവി.

അഹമദിയ്യാ പ്രസ്ഥാന പ്രവേശം[തിരുത്തുക]

1889ൽ മിർസ ഗുലാം അഹമദ് ഒരു നവീകരണ പ്രസ്ഥാനമായി രൂപീകരിച്ചതാണ് അഹമദിയ്യ പ്രസ്ഥാനം. മുസ്ലീം ലോകം കാത്തിരിക്കുന്ന മസീഹും ഇമാം മഹദിയും താനാണെന്നായിരുന്നു ഗുലാം  അഹമദ് അവകാശപ്പെട്ടത്. ഗുലാം അഹമദിനെക്കുറിച്ച് കേട്ടറിഞ്ഞ അബ്ദുല ലത്തീഫ് തന്റെ ശിഷ്യരിൽ ഒരാളായ മൗലവി അബ്ദുർ റഹ്മാനെ ഇത് സംബന്ധിച്ച് പഠിക്കാനായി രഹസ്യമായി ഇന്ത്യയിലേക്കയച്ചു. അബ്ദുർ റഹ്മാൻ മടങ്ങിയെത്തിയത് അഹമദിയ്യ പ്രസ്ഥാനത്തിൽ വിശ്വാസിയായി ചേർന്ന ശേഷമായിരുന്നു. ഗുലാം അഹമദിന്റെ പുസ്തകങ്ങൾ വായിച്ച അബ്ദുൽ ലത്തീഫും താമസിയാതെ അഹമദിയ്യ പ്രസ്ഥാനത്തിൽ പ്രവേശച്ചു. മൗലവി അബ്ദുർ റഹ്മാൻ താമസിയാതെ പുതുവിശ്വാസത്തെ ചൊല്ലി തടവിലാക്കപ്പെടുകയും തടവറയിൽ വച്ച് കഴുത്ത് ഞരിഞ്ഞ് കൊല്ലപ്പെടുകയും ചെയ്തു. 1901ൽ നടന്ന ഈ വധം അഹമദിയ്യാ പ്രസ്ഥാനത്തിലെ ആദ്യ രക്തസാക്ഷിത്ത്വമായി സ്മരിക്കപ്പെടുന്നു.

വിചാരണയും വധശിക്ഷയും[തിരുത്തുക]

1902ൽ ഹജ്ജ് ചെയ്യാനായി കാബൂളിൽ നിന്നും  അബ്ദുൽ ലത്തീഫ് പുറപ്പെട്ടു. എന്നാൽ പ്ലേഗ് മഹാവ്യാധി പടർന്ന് പിടിച്ചിരുന്ന കാലമായതിനാൽ അറേബ്യയിലേക്ക് കടക്കാൻ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്ക് വന്നു. അതിനാൽ ഹജ്ജ് ഉപേക്ഷിക്കാൻ നിർബന്ധിതനായ ലത്തീഫ് ഇന്ത്യയിലേക്ക് പോയി അഹമദിയ്യ സ്ഥാപകനായ മിർസ ഗുലാം അഹമദിനെ സന്ദർശിക്കാൻ തീരുമാനിച്ചു. 

ആ കൂടിക്കാഴ്ചയും സന്ദർശനവും ഏകദേശം ഒരു വർഷം നീണ്ടു നിന്നു. 1903ൽ കാബുളീൽ മടങ്ങിയെത്തിയ ലത്തീഫ് ഉടൻ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. പാരമ്പര്യ വിശ്വാസം വെടിഞ്ഞ് പുതിയവിശ്വാസം സ്വീകരിക്കുക വഴി  ലത്തീഫ്, മതപരിത്യാഗിയായി(apostate) വിചാരണയ്ക്ക് വിധേയനായി.  വധശിക്ഷയായിരുന്നു വിധിക്കപ്പെട്ടത്.

അത് ഉടൻ തന്നെ നടപ്പാക്കുകയും ചെയ്തു. അരയോളം പൊക്കത്തിലുള്ള കുഴിയിൽ നിർത്തി കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. 190ജൂലായ് 13നു അബ്ദുൽ ലത്തീഫിന്റെ മരണം. മരിക്കുമ്പോൾ അമ്പത് വയസ്സായിരുന്നു പ്രായം.         1901ൽ വധിക്കപ്പെട്ട  ശിഷ്യൻ അബ്ദുർ റഹമാനും, അബ്ദുൽ ലത്തീഫും  ആണ് അഹമദിയ്യായിലെ ആദ്യ രണ്ട് വീരമൃതുക്കളായി സ്മരിക്കപ്പെട്ട് വരുന്നത്.[1] Archived 2016-04-30 at the Wayback Machine.

മിർസ ഗുലാം അഹമദ് അനുസ്മരിക്കുന്നു[3][തിരുത്തുക]

തന്റെ പ്രഥമ ശിഷ്യഗണത്തിൽ പ്പെട്ട രണ്ട് പേർ രണ്ട്കൊല്ലത്തിനുള്ളിൽ ഭരണകൂടത്താൽ വധിക്കപ്പെട്ടത് മീർസ ഗുലാം അഹമദ് അതീവ ഗൗരവത്തോടെ കണ്ടു. രണ്ട് രക്ത സാക്ഷ്യങ്ങളുടെ കഥ വിവരച്ച് കൊണ്ട് ഗുലാം അഹമദ് 1903ൽ രചിച്ച കൃതിയാണ് തദ്കിറത്തുശഹാദത്തെയ്ൻ (രണ്ട് രക്തസാക്ഷികളുടെ വിവരണം). ഈ കൃതിയിൽ ഗുലാം അഹമദ് സാമാന്യം ദീർഘമായി തന്നെ ഈ രണ്ട് വധങ്ങളിലേക്ക് നയിച്ച ചരിത്രവും, രണ്ട് വ്യക്തിത്ത്വങ്ങളെയും സ്മരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Lahore Ahmadiyya". lahore ahmadiyya. Archived from the original on 2017-05-20. Retrieved 2017 November 2. {{cite web}}: Check date values in: |access-date= (help)
  2. "ഡ്യൂറണ്ട് ഉടമ്പടിയുടെ പകർപ്പ്" (PDF).[പ്രവർത്തിക്കാത്ത കണ്ണി]
  3. അഹമദ്, മിർസ ഗുലാം (1903). തദ്കിറത്തുശഹാദതെയ്ൻ. Islam International.