സാരെ ജഹാൻ സെ അച്ഛാ
ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ. കവി മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു. ഇന്നത്തെ ഇൻഡ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചേരുന്ന ഹിന്ദുസ്ഥാനെ അഭിസംബോധന ചെയ്യുന്ന ഈ ഗാനം ഈ ദേശത്തെ വാഴ്ത്തുകയും അതേസമയം ദീർഘകാലമായി അതനുഭവിക്കുന്ന കെടുതികളെപ്പറ്റി പരിഭവിക്കുകയും ചെയ്യുന്നു. തരാന-ഇ-ഹിന്ദി (ഉർദു: ترانۂ ہندی "ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഗീതം") എന്ന പേരിലും അറിയപ്പെടുന്ന ഈ ഗീതം 1924-ൽ ബാങ്ഗെ ദരാ എന്ന തന്റെ ഉർദു കവിതാ സമാഹാരത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി.[1]
പശ്ചാത്തലം
[തിരുത്തുക]ഇക്‌ബാൽ അക്കാലത്ത് ഗവൺമെൻറ് കോളജിൽ അദ്ധ്യാപകനായിരുന്നു. വിദ്യാർത്ഥിയായിരുന്ന ലാലാ ഹർ ദയാൽ (ഗദ്ദർ പാർട്ടിയുടെ സ്ഥാപകനായ വിപ്ലവകാരി) ഒരു ചടങ്ങിൽ അദ്ധ്യക്ഷനാവാൻ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ പ്രസംഗം ചെയ്യുന്നതിനു പകരം ഇക്‌ബാൽ ചെയ്തത് സാരെ ജഹാൻ സെ അച്ഛാ പാടുകയായിരുന്നു. ഹിന്ദുസ്ഥാൻ എന്ന ദേശത്തോടുള്ള അഭിവാഞ്ഛയ്ക്കും മമതയ്ക്കും കാവ്യരൂപം നല്കുന്നതോടൊപ്പം ഈ ഗാനം സാംസ്കാരത്തെ സംബന്ധിക്കുന്ന ഓർമ്മകൾ വിഷാദകാവ്യത്തിന്റെ ഛായയിൽ ആവിഷ്കരിക്കുകയും ചെയ്തു. 1905-ൽ 27 വയസ്സുണ്ടായിരുന്ന ഇക്‌ബാൽ ജീവിത വീക്ഷണങ്ങളിൽ കാല്പനികമായ നിലപാടുകൾ പുലർത്തുന്ന കാലമായിരുന്നു അത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭാവി സമൂഹം വൈവിധ്യം നിലനിറുത്തുന്നതും ഹിന്ദു-മുസ്ലീം സംസ്കാരങ്ങളുടെ ചേരുവയായും അദ്ദേഹം കരുതി. ആ വർഷം ഒടുക്കം അദ്ദേഹം യൂറോപ്പിലേക്കു യാത്ര ചെയ്തു. അവിടെ ചെലവിട്ട മൂന്നു വർഷം അദ്ദേഹത്തെ ഇസ്ലാമിക ചിന്തകനും ഭാവിയിലെ ഇസ്ലാമിക സമൂഹത്തിന്റെ ക്രാന്തദർശിയും ആക്കി മാറ്റി.
1910-ൽ തരാനാ-ഇ-മില്ലി (ഇസ്ലാം വിശ്വാസികളുടെ ഗാനം) എന്ന പേരിൽ കുട്ടികൾക്കുവേണ്ടി സാരെ ജഹാൻ സെ അച്ഛായുടെ അതേ വൃത്തത്തിലും ശീലിലും മറ്റൊരു ഗീതം രചിച്ചു. ഈ പുതിയ ഗാനം സാരെ ജഹാൻ സെ അച്ഛായിൽ ആവിഷ്കൃതമായ വീക്ഷണങ്ങളെ വലിയ അളവും നിരാകരിച്ചു. [2] ഉദാഹരണത്തിന്, സാരെ ജഹാൻ സെ അച്ഛായിലെ ആറാമത്തെ ഈരടി ഇക്‌ബാലിന്റെ മതനിരപേക്ഷമായ ലൌകിക വീക്ഷണത്തിനു തെളിവായി പലപ്പോഴും ഉദ്ധരിക്കാറുണ്ട്.
mażhab nahīñ sikhātā āpas meñ bair rakhnā
hindī haiñ ham, vat̤an hai hindostāñ hamārā
അഥവാ
മതം നമ്മളെ പഠിപ്പിക്കുന്നത് പരസ്പര വൈരം പുലർത്താനല്ല
നമ്മൾ ഹിന്ദ്‌ദേശക്കാരാണ്, ഹിന്ദുസ്ഥാൻ നമ്മുടെ സ്വദേശമാണ്
ഇതിൽനിന്നു വിഭിന്നമായി തരാനാ-ഇ-മിലിയിലെ (1910) ആദ്യ ഈരടി ഇങ്ങനെയാണ്.
chīn-o-arab hamārā, hindostān hamārā
muslim hain ham, vatan hai sārā jahān hamārā
അഥവാ
മദ്ധ്യേഷ്യയും അറേബ്യയും നമ്മുടേത്, ഹിന്ദുസ്ഥാനും നമ്മുടേത്
നമ്മൾ മുസ്ലീംങ്ങൾ, ലോകം മുഴുവൻ നമ്മുടെ സ്വദേശം
ഇക്‌ബാലിന്റെ ലോകവീക്ഷണം മാറിക്കഴിഞ്ഞിരുന്നു; അത് സാർവ്വദേശീയവും ഇസ്ലാമികവും ആയിക്കഴിഞ്ഞിരുന്നു. "നമ്മുടെ സ്വദേശമായ ഇൻഡ്യ"യെപ്പറ്റി പാടുന്നതിനു പകരം പുതിയ ഗീതം "ലോകം മുഴുവൻ നമ്മുടെ സ്വദേശ"മാണെന്നു പ്രഖ്യാപിച്ചു. [3] രണ്ടു ദശകങ്ങൾക്കുശേഷം 1930-ലെ അലഹബാദ് മുസ്ലിം ലീഗ് വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷനായി സംസാരിച്ച അദ്ദേഹം ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീങ്ങൾക്കായി മറ്റൊരു രാഷ്ട്രം എന്ന ആശയം നിർദ്ദേശിച്ചു. പിന്നീട് പാകിസ്താന്റെ രൂപവത്കരണത്തിനു പ്രേരകമായ ആശയമായിരുന്നു ഇത്.[4]
രചയിതാവ് ഈവിധം ഗാനത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളെ നിരാകരിച്ചെങ്കിലും സാരെ ജഹാൻ സെ അച്ഛാ ഇൻഡ്യയിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ജനപ്രിയ ഗീതമായി തുടരുന്നു. മഹാത്മാഗാന്ധി 1930-കളിൽ യെർവാദാ ജയിലിൽ തടവിൽ കഴിയവേ ഈ ഗാനം നൂറിലേറെത്തവണ പാടിയതായി പറയപ്പെടുന്നു. [5] 1950-ൽ സിത്താർ മാന്ത്രികനായ രവി ശങ്കർ ഈ ഗാനത്തെ ചിട്ടപ്പെടുത്തുകയും ലതാ മങ്കേഷ്കർ ഇതു പാടുകയും ചെയ്തു. ഇതിലെ 1,3,4,6 എന്നീ ഈരടികൾ ഇൻഡ്യയിൽ അനൌദ്യോഗികമായ ദേശീയ ഗാനമായി മാറി. ഇൻഡ്യയിലെ കരസേനയുടെ ഔദ്യോഗിക മാർച്ച് ആയും ഈ ഗാനം അംഗീകരിക്കപ്പെട്ടു. [6] എന്നാൽ പാകിസ്താനിലോ ബംഗ്ലാദേശിലോ ഈ ഗാനത്തിന് പ്രചാരമില്ല.
ഗീതം
[തിരുത്തുക]
ഉർദുവിൽ[തിരുത്തുക]
سارے جہاں سے اچھا ہندوستاں ہمارا غربت ميں ہوں اگر ہم، رہتا ہے دل وطن ميں پربت وہ سب سے اونچا، ہمسايہ آسماں کا گودي ميں کھيلتي ہيں اس کي ہزاروں ندياں اے آب رود گنگا، وہ دن ہيں ياد تجھ کو؟ مذہب نہيں سکھاتا آپس ميں بير رکھنا يونان و مصر و روما سب مٹ گئے جہاں سے کچھ بات ہے کہ ہستي مٹتي نہيں ہماري اقبال! کوئي محرم اپنا نہيں جہاں ميں |
ദേവനാഗരിയിൽ[തിരുത്തുക]सारे जहाँ से अच्छा, हिन्दोस्तां हमारा । गुरबत में हों अगर हम, रहता है दिल वतन में । परबत वो सबसे ऊँचा, हमसाया आसमाँ का । गोदी में खेलती हैं, जिसकी हज़ारों नदियाँ । ऐ आब-ए-रौंद-ए-गंगा! वो दिन है याद तुझको । मजहब नहीं सिखाता, आपस में बैर रखना । यूनान, मिस्र, रोमां, सब मिट गए जहाँ से । कुछ बात है कि हस्ती, मिटती नहीं हमारी । 'इक़बाल' कोई मरहूम, अपना नहीं जहाँ में । |
മലയാളത്തിൽ[തിരുത്തുക]സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ । ഗുർബത് മേം ഹോ അഗർ ഹം, രഹ്താ ഹേ ദിൽ വതൻ മേം । പർബത് വോ സബ്സേ ഊംചാ, ഹംസായാ ആസ്മാം കാ। ഗോദീ മേം ഖേൽതീ ഹേം, ജിസ്കീ ഹസാരോം നദിയാം। ഏ ആബ്-ഏ-രൂദ്-ഏ-ഗംഗാ! വോ ദിൻ ഹേ യാദ് തുഝ്കോ। മസ്‌ഹബ് നഹീം സിഖാതാ, ആപസ് മേം ബൈർ രഖ്‌നാ। യൂനാൻ, മിസ്ര്, റോമാം, സബ് മിട് ഗയേ ജഹാം സേ। കുഛ് ബാത് ഹേ കി ഹസ്തീ, മിട്തീ നഹീം ഹമാരീ । 'ഇക്ബാൽ' കോയീ മഹറം, അപ്നാ നഹീം ജഹാം മേം। |
അവലംബം
[തിരുത്തുക]- ↑ Pritchett, Frances. 2000. "Tarana-e-Hindi and Taranah-e-Milli: A Study in Contrasts." Columbia University Department of South Asian Studies.
- ↑ Iqbal: Tarana-e-Milli, 1910. Columbia University, Department of South Asian Studies.
- ↑ Pritchett, Frances. 2000. Tarana-e-Hindi and Tarana-e-Milli: A Close Comparison. Columbia University Department of South Asian Studies.
- ↑ A look at Iqbal; The Sunday Tribune - May 28, 2006
- ↑ Times of India: Saare Jahan Se..., it's 100 now
- ↑ Indian Military Marches Archived 2009-03-02 at the Wayback Machine..