സാന്റോ ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്റോ ഗോപാലൻ സ്മാരക വായനശാല, ഫോർട്ട് കൊച്ചി


കൊച്ചി തുറമുഖത്തു നിലനിന്നിരുന്ന പ്രാകൃതമായ തൊഴിൽ ടോക്കൺ സമ്പ്രദായമായ ചാപ്പയേറിനെതിരേ വിപ്ലവം നയിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി നേതാവായിരുന്നു സാന്റോ ഗോപാലൻ. 1953 സപ്തംബർ 15  നു നടന്ന മട്ടാഞ്ചേരി വെടിവെപ്പിൽ കലാശിച്ച തൊഴിലാളി സമരങ്ങളുടെ പ്രധാന നേതാവായിരുന്നു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും ഇടയിലായി സാന്റോ ഗോപാലൻ സ്മാരക  വായനശാല സ്ഥിതിചെയ്യുന്നു.[1]  

ആദ്യകാല ജീവിതം[തിരുത്തുക]

ആലപ്പുഴയിൽ നിന്നും തൊഴിലിനായി കൊച്ചി തുറമുഖത്തേക്ക് കുടിയേറിയ നിരവധി യുവാക്കളിൽ ഒരാളായിരുന്നു സാന്റോ ഗോപാലൻ. ഒരു മികച്ച കായികാഭ്യാസിയും ശരീരസൗന്ദര്യ മത്സരങ്ങളിൽ സാന്നിധ്യവുമായിരുന്നു അദ്ദേഹം. കൊച്ചി തുറമുഖത്തു പലതരം ജോലികളിൽ ഏർപ്പെട്ട സാന്റോ ഗോപാലൻ തന്റെ നേതൃത്വപാടവം കാരണം ഒരു കമ്യൂണിസ്റ്റ് തൊഴിലാളി നേതാവായി ഉയർന്നുവന്നു.  

ചാപ്പസമ്പ്രദായം[തിരുത്തുക]

കൊച്ചി തുറമുഖത്തു നിലനിന്നിരുന്നാണ് ഒരു ലേബർ ടോക്കൺ സമ്പ്രദായമായിരുന്നു ചാപ്പയേറ്. അക്കങ്ങൾ രേഖപ്പെടുത്തിയ ലോഹ നിർമ്മിതമായ ടോക്കണാണ് ചാപ്പ. ദിവസവും ജോലിക്കായി കാത്തുനിൽക്കുന്ന തൊഴിലാളികളുടെ മുന്നിലേക്ക് കങ്കാണിമാർ ചാപ്പകൾ ഉയർത്തി ഏറിയും. ചാപ്പ പെറുക്കിയെടുത്തു വരുന്നവർക്ക് മാത്രമേ ആ ദിവസം തൊഴിൽ ലഭിക്കൂ. ചാപ്പയ്ക്കായി പോരടിക്കുന്ന തൊഴിലാളികളെ നോക്കി കങ്കാണിമാർ ക്രൂരമായി രസിക്കുമായിരുന്നു. ഒരു രീതിയിലുമുള്ള തൊഴിലവകാശങ്ങൾ ഈ സമ്പ്രദായത്തിൽ ഉണ്ടായിരുന്നില്ല. നിരവധി തൊഴിൽ ചൂഷണങ്ങൾ നിലനിന്നിരുന്ന ഈ സമ്പ്രദായത്തിനെതിരെ സമരം ചെയ്യാനും തൊഴിലാളി സംഘടന വളർത്തിയെടുക്കാനും പ്രധാന പങ്കുവഹിച്ച സമരനായകനാണ് സാന്റോ ഗോപാലൻ. [2]  

മട്ടാഞ്ചേരി വെടിവെപ്പ്   [തിരുത്തുക]

1953 സപ്തംബർ 15 നു സംഘടിതരായ കമ്യൂണിസ്റ്റ് തൊഴിലാളികൾ നടത്തിയ ജാഥ പോലീസ് തടയാൻ ശ്രമിക്കുകയും തൊഴിലാളികൾ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്നുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും സെയ്ത്, സെയ്താലി, ആന്റണി എന്നിവർ രക്തസാക്ഷികളാവുകയും ചെയ്തു.[3] രാജീവ് രവി സംവിധാനം ചെയ്ത്, 2023 ൽ പുറത്തിറങ്ങിയ തുറമുഖം എന്ന മലയാള ചലച്ചിത്രം 1953 ലെ മട്ടാഞ്ചേരി വെടിവെപ്പിന്റെയും ചാപ്പ സമരത്തിന്റയും പശ്ചാത്തലത്തിൽ നിർമ്മിച്ചതാണ്. ഇന്ദ്രജിത്ത് സുകുമാരനാണ് സാന്റോ ഗോപാലനായി അഭിനയിച്ചത്.[4]  

അവസാന കാലം  [തിരുത്തുക]

ഗോപാലന്റെ ഗുസ്തിയിലെ മികവ് മൂലം കൂട്ടുകാരയാളെ സാന്റൊ ഗോപാലൻ എന്നു വിളിച്ചു .ഗോപാലൻ കയർ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി കമ്യൂണിസ്റ്റ് പാർട്ടിയിലും ട്രേഡ് യൂണിയനിലും അംഗമായി.കമ്യൂണിസ്റ്റ് പാർട്ടിയിലും ട്രേഡ് യൂണിയനിലും നേതാവായിരുന്ന സാന്റോഗോപാലൻ വർഷങ്ങളോളം തൊഴിലാളികളെ നയിച്ചു. 1968 ൽ നടന്ന സമരവുമായി ബന്ധപ്പെട്ട ഒരു പോലീസ് - തൊഴിലാളി ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് സാരമായി പരുക്കേൽക്കുകയും ആന്തരിക്കുകയും ചെയ്തു. [5]  

അവലംബം[തിരുത്തുക]

  1. കൈരളിന്യൂസ് മാർച്ച് 12, 2023
  2. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്ക് റിസർച്ച്
  3. മാധ്യമം മാർച്ച് 15, 2018
  4. ദി ഹിന്ദു മാർച്ച് 10, 2023
  5. ദി ഹിന്ദു മെയ് 19, 2016
"https://ml.wikipedia.org/w/index.php?title=സാന്റോ_ഗോപാലൻ&oldid=4017102" എന്ന താളിൽനിന്ന് ശേഖരിച്ചത്