Jump to content

സാംഖ്യിക പരികല്പനാ പരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാംഖ്യിക പരികല്പനാ പരീക്ഷണം (ഹൈപ്പോതിസീസ് ടെസ്റ്റിംഗ്‌) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ഥിതിവിവരഗണിതത്തിൽ ഒരു ഡേറ്റ സാമ്പിൾ ഉപയോഗിച്ച് ഒരു വിഷയത്തിൽ തീരുമാനമെടുക്കുന്നതിനുപയോഗിക്കുന്ന രീതിയാണു സാംഖ്യിക പരികല്പനാ പരീക്ഷണം അഥവാ ഹൈപ്പോതിസീസ് ടെസ്റ്റിംഗ്‌.

ഒരു സമൂഹത്തിന്റെ ചെറിയൊരു വിഭാഗത്തിനെ പരീക്ഷണത്തിനോ നിരീക്ഷണത്തിനോ വിധേയമാക്കിയ ശേഷം ലഭിക്കുന്ന ഗവേഷണ ഫലങ്ങളെ ആ സമൂഹത്തിലെ മൊത്തം ആളുകളെയും ബാധിക്കാവുന്ന കാര്യമാണെന്ന് നാം‌ സാമാന്യവൽ‌ക്കരിക്കുന്നു. ഇങ്ങനെ നമ്മുടെ പരീക്ഷണഫലത്തെ സാമാന്യവൽ‌ക്കരിക്കരിക്കുമ്പോൾ അത് യാഥാർത്ഥ്യവുമായി ചേർന്നു നിൽക്കണമെങ്കിൽ നമ്മുടെ പരീക്ഷണഫലം സാംഖ്യികപ്രാധാന്യം (statistical significance) കൈവരിക്കേണ്ടതുണ്ട്.ഇവിടെ പഠനവിധേയമാകുന്ന പരിമാണങ്ങളെ ഒരു വാചകത്തിന്റെ രൂപത്തിൽ അവതരിപ്പിക്കുന്നതാണു സാംഖ്യിക പരികല്പന. നമുക്ക് സത്യമാണോ അല്ലയോ എന്ന് പരീക്ഷിക്കേണ്ട സിദ്ധാന്തത്തെ സാംഖ്യികപരികല്പനയുടെ അടിസ്ഥാനത്തിൽ ശൂന്യമെന്നും വൈകല്പികമെന്നും രണ്ട് രീതിയിലുള്ള വാചകമാക്കിയിട്ടാണ്‌ പരികല്പനാ പരീക്ഷണം നടത്തുന്നത്[1].

ഉദാഹരണത്തിനു ഒരു പ്രത്യേക രോഗത്തിനു നിലവിലിരിക്കുന്ന ഒരു ചികിത്സയേക്കാൾ ഫലപ്രദമാണു പുതിയ ഒരു ചികിത്സാരീതി എന്നാണു നിങ്ങൾക്ക് സ്ഥാപിക്കേണ്ട സിദ്ധാന്തം എന്നിരിക്കട്ടെ. ഇത് സ്ഥിതിവിവര ഗണിതം വഴി സ്ഥാപിക്കണമെങ്കിൽ നിങ്ങൾക്ക് ഹൈപ്പോതിസീസ് പരീക്ഷ ആവശ്യമായി വരും. ഇവിടെ രണ്ട്‌ പരികല്പനകൾ ആദ്യം നിർ‌വചിക്കണം. നിങ്ങളുടെ പുതിയ ചികിത്സ നിലവിലിരിക്കുന്ന ചികിത്സയേക്കാൾ മെച്ചപ്പെട്ടതല്ല എന്നതാണു അതിലൊന്ന്. ഇതിനെ നാം ശൂന്യപരികല്പന (null hypothesis) എന്ന് വിളിക്കുന്നു.

പരീക്ഷണവിധേയരാകുന്ന രോഗികളെ രണ്ട് സംഘമായി തിരിച്ച് ഒരുകൂട്ടരിൽ പരീക്ഷിക്കപ്പെടേണ്ടുന്നതായ പുതിയ ചികിത്സയും മറ്റേക്കൂട്ടരിൽ നിലവിലിരിക്കുന്ന മാതൃകാചികിത്സയും പ്രയോഗിക്കുന്നു. രണ്ട് തരം ചികിത്സ കിട്ടുന്നവരിലും "സുഖപ്പെടുന്നവരുടെ അനുപാതം" ഒരേപോലെയാണു എന്നാണ്‌ നിങ്ങൾ കണക്കെടുക്കുമ്പോൾ കാണുന്നതെങ്കിൽ ശൂന്യപരികല്പനയാണു സ്വീകാര്യമെന്ന് വരുന്നു. അതായത് ഒരു ചികിത്സ മറ്റേതിനേക്കാൾ മെച്ചമല്ല എന്ന് സ്ഥിരീകരിക്കാമെന്നർത്ഥം. ഇനി രണ്ട് കൂട്ടരിലെയും "സുഖപ്പെടുന്നവരുടെ അനുപാതം" ഒന്നല്ല എന്നാണെങ്കിൽ വൈകല്പികപരികൽ‌പന (alternative hypothesis) ആണു സ്വീകരിക്കേണ്ടത് എന്ന് വരുന്നു. അതായത് രണ്ട് ചികിത്സയും ഫലത്തിൽ തുല്യമല്ല എന്നർത്ഥം. ഇത് രണ്ട് തരത്തിലാകാമെന്നത് ഇവിടെ ശ്രദ്ധിക്കണം - പുതിയ ചികിത്സ നിലവിലെ ചികിത്സയേക്കാൾ മോശമാവാം, നല്ലതുമാവാം.

അവലംബം

[തിരുത്തുക]
  1. Sedgwick P (2010).Statistical hypothesis testing.BMJ 2010; 340:c2059. DOI: 10.1136/bmj.c2059