സസ്യവൈറസ്
സസ്യങ്ങളെ ബാധിക്കുന്ന വൈറസുകളാണ് സസ്യവൈറസുകൾ. ഒരു ആതിഥേയകോശത്തിന്റെ സഹായമില്ലാതെ വിഭജിക്കുന്നതിന് കഴിവില്ലാത്ത വൈറസുകളാണിവ. ജന്തുക്കളിൽ കണ്ടെത്തിയതുപോലെ വിപുലമായ തരത്തിൽ സസ്യവൈറസുകളെക്കുറിച്ച് പഠനം നടന്നിട്ടില്ല. എങ്കിലും വൈറസ് പഠനങ്ങളിൽ സവിശേഷ ശ്രദ്ധയാകർഷിച്ച സസ്യവൈറസാണ് ടൊബാക്കോ മൊസൈക് വൈറസ്. പ്രതിവർഷം ലോകമെമ്പാടും 60 ബില്യൺ യു.എസ്. ഡോളർ വിളവുനഷ്ടമുണ്ടാക്കുന്ന വൈറസുകളിൽ ഇവയും ഉൾപ്പെടുന്നു. 73 ജീനസുകളും 49 ഫാമിലികളുമായി സസ്യവൈറസുകളെ തരംതിരിച്ചിട്ടുണ്ട്. ഇവയിൽ മിക്കതും കാർഷികവൃത്തിയുമായി ബന്ധപ്പെട്ട സസ്യങ്ങളിലെ വൈറസുകളുടെ വിഭാഗങ്ങളാണ്.
ഒരു സസ്യത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് വൈറസുകൾക്ക് സഞ്ചരിക്കണമെങ്കിൽ ചില പ്രത്യേകസംവിധാനങ്ങൾ വൈറസുകൾ അനുവർത്തിക്കണം. സസ്യങ്ങൾ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് സഞ്ചരിക്കാത്തതിനാൽ ഷഢ്പദങ്ങൾ പോലുള്ള വാഹകർ അഥവാ വെക്ടറുകൾ സസ്യവൈറസുകൾക്കാവശ്യമാണ്. സസ്യകോശങ്ങൾക്കുപുറമേ കട്ടിയുള്ള കോശഭിത്തിയുള്ളതിനാൽ സസ്യകോശങ്ങളിൽ പ്രവേശിക്കുന്നതിന് കോശഭിത്തിയിലെ കോശദ്രവ്യചാനലുകളായ പ്ലാസ്മോഡെസ്മേറ്റ ഉപയോഗിക്കുന്നു. പ്ലാസ്മോഡെസ്മേറ്റകളിലൂടെ എം ആർ.എൻ.എ കളെ കോശത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കുന്നതിന് ആർ.എൻ.എ വൈറസുകൾക്ക് പ്രത്യേക സംവിധാനമുണ്ട്. [1]
ചരിത്രം
[തിരുത്തുക]1879 ൽ അഡോൾഫ് മേയർ എന്ന ശാസ്ത്രജ്ഞനാണ് പുകയിലച്ചെടിയിൽ ഉണ്ടാകുന്ന മൊസൈക് രോഗത്തെക്കുറിച്ച് ആദ്യമായി പഠിച്ചത്. മറ്റ് രോഗകാരികളല്ലാത്ത സസ്യങ്ങളിലേയ്ക്ക് ആദ്യമായി മൊസൈക് വൈറസുകളെ പ്രവേശിപ്പിക്കാന് ഇദ്ദേഹത്തിന് കഴിഞ്ഞു. 1892 ൽ ദിമിത്രി ഇവാനോവ്സ്കി എന്ന ശാസ്ത്രജ്ഞൻ പോഴ്സ്ലൈൻ- ചേംബർലാൻഡ് ഫിൽട്ടർ ഉപയോഗിച്ച് വൈറസുകളെ അരിക്കുന്ന നിരവധി പരീക്ഷണങ്ങൾ ചെയ്തു. 1898 ൽ മാർട്ടിനസ് ബെയ്ജറിങ്ക് എന്ന ശാസ്ത്രകാരൻ ഇത്തരം പരീക്ഷണങ്ങൾ തുടരുകയും മൊസൈക് രോഗത്തിനുനിദാനം ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളല്ല, മറിച്ച് ജീവദ്രവ്യരൂപത്തിൽ പകരുന്ന വസ്തുവാണ് രോഗകാരി എന്നഭിപ്രായപ്പെട്ടു (കണ്ടാജിയം വിവം ഫ്ലൂയിഡം). വൈറസുകൾ എന്ന ആശയം കണ്ടെത്തിയശേഷം രോഗവ്യപനത്തിനനുസരിച്ച് വൈറസുകളെ തരംതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1939 ൽ ഹോംസ് എന്ന ശാസ്ത്രജ്ഞൻ 19 സസ്യവൈറസുകളെ തരംതിരിച്ച് പ്രസിദ്ധീകരിച്ചു. 1999 ൽ 977 സസ്യവൈറസ് സ്പീഷീസുകളെ ഔദ്യോഗികമായി അംഗീകരിച്ചു. വെൻഡെൽ സ്റ്റാൻലി (Wendell Stanley)യാണ് ടൊബാക്കോ മൊസൈക് വൈറസുകളെ (TMV) ആദ്യമായി വേർതിരിച്ചെടുത്തത്. 1935 ൽ ഈ കണ്ടെത്തൽ അവതരിപ്പിച്ചെങ്കിലും വൈറസുകളിലെ ആർ.എൻ.എയാണ് രോഗകാരണമാകുന്നത് എന്ന നിഗമനത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. രസതന്ത്രത്തിൽ 1946 ൽ ഈ കണ്ടെത്തലിന് നോബൽ സമ്മാനം ലഭിച്ചു. 1950ൽ രണ്ട് ലാബുകളിൽ ടൊബാക്കോ മൊസൈക് വൈറസിന്റെ ആർ.എൻ.എ വർതിരിച്ചെടുത്തതുവഴി ആർ.എൻ.എ കൾ രോഗകാരണമാണെന്ന നിഗമനം ബലപ്പെട്ടു. പുതിയ രോഗകാരണമായ വസ്തുക്കളെ ഉത്പാദിപ്പിക്കുന്നതിന് വൈറസുകളിലെ ആർ.എൻ.എയ്ക്ക് കഴിവുണ്ട്.
വൈറസ് ഘടന
[തിരുത്തുക]ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രം കാണാനാകുന്നവിധത്തിൽ അതിസൂക്ഷ്മമാണ് വൈറസുകൾ. വൈറൽ ജീനോമിനെ പൊതിയുന്ന ഒരു പ്രോട്ടീൻ കവചമാണ് ഇവയിലെ മുഖ്യഘടന. വൈറസ് ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന പ്രക്രിയയാണ്. 50 ശതമാനത്തിലധികം സസ്യവൈറസുകളും ദണ്ഡാകൃതിയിലുള്ള വൈറസുകളാണ്. മിക്കവയിലും ദണ്ഡാകൃതിയിലുള്ള എസ്.എസ്. ആർ.എൻ.എ യാണുള്ളത്. ബഹുരൂപമുള്ള (പ്ലിയോമോർഫിക്)വയും ബാസില്ലസ് രൂപത്തിലുള്ളവയും ബുള്ളറ്റ് രൂപത്തിലുള്ളവയും ഇക്കൂട്ടത്തിലുണ്ട്. [2] വൈറസ് ഘടനയുടെ നീളം ഏകദേശം 300-500 വരെ നാനോമീറ്റർ വരും. ഒപ്പം അവയുടെ വ്യാസം ഏകദേശം 15-20 നാനോമീറ്ററാണ്. വൃത്താകൃതിയിലുള്ള ഒരു ഡിസ്ക് പ്രതലത്തിൽ പ്രോട്ടീൻ സബ് യൂണിറ്റുകൾ അടുക്കിയിരിക്കുന്നു. വൈറസ് ജീനോമിന്റെ സാന്നിദ്ധ്യത്തിൽ ഡിസ്കുകൾ ഒന്നിനുപുറമേ ഒന്നായി അടുക്കിയിട്ടുണ്ട്. ഇതിനുള്ളിലെ ഒരു ട്യൂബിനുള്ളിലാണ് ന്യൂക്ലിക് അമ്ലം സ്ഥിതിചെയ്യുന്നത്. ഐസോമെട്രിക് ഘടനാരൂപമുള്ള വൈറസ് പാർട്ടിക്കിളുകളുമുണ്ട്. ഇവയ്ക്ക് 25-50 നാനോമീറ്റർ വ്യാസം വരാം. വളരെ ചെറിയ എണ്ണം വൈറസുകൾക്ക് പ്രോട്ടീൻ കവചത്തിനുപുറമേ ലിപ്പിഡിന്റെ ആവരണവും വരാം. സസ്യകോശസ്തരത്തിൽ നിന്നും രൂപപ്പെടുന്നവയാണിവ.