സവിത അംബേദ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സവിത അംബേദ്കർ
Dr. Savita Ambedkar.jpg
സവിത അംബേദ്കർ
ജനനം
ശാരദ കബീർ

ദേശീയതഭാരതീയൻ
കലാലയംഗ്രാന്റ് മെഡിക്കൽ കോളേജ്, ബോംബെ(എം.ബി.ബി.എസ്)
തൊഴിൽസാമൂഹ്യപ്രവർത്തക, ഭിഷഗ്വര
പങ്കാളി(കൾ)ഡോ. ബി. ആർ. അംബേദ്കർ

ഒരു ഇന്ത്യൻ സാമൂഹ്യ പ്രവർത്തകയും ഭിഷഗ്വരയുമായിരുന്നു ഡോ. സവിത ഭീംറാവു അംബേദ്കർ (ജീവിതകാലം: 1909 ജനുവരി 27 - 29 മേയ് 2003). ബാബസാഹിബ് അംബേദ്കറിന്റെ രണ്ടാം ഭാര്യയായിരുന്നു അവർ. അംബേദ്കറിൻറെ അനുയായികൾ അവരെ അമ്മ എന്ന അർത്ഥത്തിൽ ‘മായി’ അല്ലെങ്കിൽ ‘മായിസാഹെബ്’ എന്ന് അഭിസംബോധന ചെയ്തിരുന്നു.[1][2] എട്ടു-പത്തു വർഷക്കാലം തന്റെ ആയുസ്സ് നീട്ടിയതിന് താൻ രചിച്ച "ബുദ്ധനും അദ്ദേഹത്തിന്റെ ധർമ്മവും" എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ അംബേദ്കർ സവിതയ്ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു.[3][4][5]

ആദ്യകാലജീവിതം[തിരുത്തുക]

ബോംബെയിൽ 1912 ജനുവരി 27 ന് ഒരു സാരസ്വത ബ്രാഹ്മണ കുടുംബത്തിലാണ് സവിതാ അംബേദ്കർ ജനിച്ചത്. അവരുടെ ജനനനാമം "ശാരദ" എന്നായിരുന്നു. മാതാവിൻറെ പേര് ജാനകി, പിതാവിൻറെ പേര് കൃഷ്ണറാവു വിനായക് കബീർ എന്നിങ്ങനെയായിരുന്നു. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ രാജാപുർ തെഹ്സിലിൽ ദൂർസ് എന്ന ഗ്രാമത്തിലെ താമസക്കാരായിരുന്നു അവരുടെ കുടുംബം. പിന്നീട്, പിതാവ് രത്നഗിരിയിൽനിന്ന് ബോംബെയിലേയ്ക്ക് വന്നു. ദാദറിൽ ഒരു വീട് വാടകയ്ക്ക് എടുത്താണ് അവർ താമസിച്ചിരുന്നത്.[6]

സവിതാ അംബേദ്കർ ഒരു സമർത്ഥയായ വിദ്യാർത്ഥിനി ആയിരുന്നു. പുണെയിൽ ആയിരുന്നു അവരുടെ ആദ്യകാല വിദ്യാഭ്യാസം. അതിനു ശേഷം 1937 ൽ ബോംബെയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയ ശേഷം ഗുജറാത്തിലെ ഒരു പ്രമുഖ ആശുപത്രിയിലെ ഒന്നാം ക്ലാസ് മെഡിക്കൽ ഓഫീസറായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം അനാരോഗ്യം മൂലം അവർ ജോലി ഉപേക്ഷിച്ച് വീട്ടിൽ തിരിച്ചെത്തി.

സവിതയുടെ കുടുംബത്തിലെ എട്ട് സഹോദരങ്ങളിൽ ആറ് പേരും അന്യജാതിക്കാരെയാണ് വിവാഹം ചെയ്തിരുന്നത്. അക്കാലത്ത് സരസ്വത ബ്രാഹ്മണ കുടുംബങ്ങളെ സംബന്ധിച്ച് ഇതൊരു അസാധാരണമായ ഒരു കാര്യമായിരുന്നു. "ഞങ്ങളുടെ കുടുംബം മിശ്ര വിവാഹങ്ങൾ എതിർത്തിരുന്നില്ല. കാരണം, കുടുംബാംഗങ്ങൾ വിദ്യാസമ്പന്നരും പുരോഗമനവാദികളുമായിരുന്നു” എന്ന് സവിത പ്രസ്താവിച്ചിട്ടുണ്ട്.[7]

അംബേദ്കറുമായുള്ള കൂടിക്കാഴ്ച്ച[തിരുത്തുക]

സവിത, ബാബാസാഹെബ് അംബേദ്കറോടൊപ്പം

ബോംബേയിൽ വിലെ പാർലെ എന്ന സ്ഥലത്ത് താമസിച്ചിരുന്ന ഡോ. എസ്.എം. റാവു. ബി. ആർ. അംബേദ്കറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹമാണ് തന്റെ മകളുടെ സുഹൃത്തായിരുന്ന സവിതയെ അംബേദ്കർക്ക് പരിചയപ്പെടുത്തിയത്. ആ സമയത്ത് അംബേദ്കർ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ തൊഴിൽ മന്ത്രിയായിരുന്നു. വൈസ്രോയി കൌൺസിൽ അംഗമാണെന്നതല്ലാതെ അംബേദ്കറിനെക്കുറിച്ച് ഡോ. ശാരദയ്ക്ക് അധികമൊന്നും അറിയില്ലായിരുന്നു. ഡോ. അംബേദ്കറിന്റെ അതിശയകരമായ വ്യക്തിത്വം ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ഡോ. ശാരദയെ ആകർഷിച്ചു. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ശാരദയുടെ പ്രവർത്തനങ്ങളെ കുറിച്ച് അംബേദ്കർ താല്പര്യത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. ബുദ്ധമതത്തെ കുറിച്ചും അവർ ചർച്ച ചെയ്യുകയുണ്ടായി.[6][8] ഡോ. മാവലങ്കറിന്റെ ഉപദേശക മുറിയിൽ വച്ചാണ് അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ച്ച നടന്നത്. ആ സമയത്ത് അംബേദ്കർക്ക് രക്താതിമർദ്ദം, പ്രമേഹം, സന്ധി വേദന എന്നിവ ഉണ്ടായിരുന്നു. 1947-ൽ ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്ന കാലത്ത് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും മൂലം അംബേദ്കർക്ക് ആരോഗ്യപ്രശ്നങ്ങൾ വന്നു. ഇൻസുലിനും ചില ഹോമിയോപ്പതി മരുന്നുകളും ഒരു പരിധി വരെ സഹായിച്ചു. ഈ കാലത്ത് ചികിത്സയ്ക്കായി അദ്ദേഹം ബോംബെയിൽ എത്തി. ശാരദ അംബേദ്കറെ ചികിത്സിക്കുകയും അവർ കൂടുതൽ അടുക്കുകയും ചെയ്തു. തുടർന്നും അവർ കണ്ടുമുട്ടുകയും സാഹിത്യം, സമൂഹം, മതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അംബേദ്കർ ശ്രദ്ധാപൂർവ്വം ശാരദയുടെ വാദങ്ങൾ കേൾക്കുകയും തുടർന്ന് പ്രതികരിക്കുകയും ചെയ്തു. 1947 ൽ അംബേദ്കർ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടാൻ തുടങ്ങി. ശാരദയെ വിവാഹം കഴിക്കുവാനുള്ള തീരുമാനത്തിനു പിന്നിൽ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകളും കാരണമായി.[9][10]

വിവാഹം[തിരുത്തുക]

1948 ഏപ്രിൽ 15 ന് ശാരദ കബീർ ഭീംറാവു അംബേദ്കറെ വിവാഹം കഴിച്ചു. അവർ 39-ഉം അംബേദ്കർക്ക് 57 വയസ്സും ആയിരുന്നു. അവരുടെ വിവാഹത്തിനു ശേഷം അനുയായികൾ അവരെ "മായ്" (അമ്മ) എന്ന് വിളിച്ചു. ശാരദ വിവാഹശേഷം സവിത എന്ന പേര് സ്വീകരിച്ചു. എന്നാൽ അംബേദ്കർ അവരെ "ശാരദ" എന്ന പേരിന്റെ ചുരുക്കമായി “ശാരു” എന്നാണ് വിളിച്ചിരുന്നത്. വിവാഹശേഷം അംബേദ്കറുടെ ആരോഗ്യം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. അംബേദ്കറുടെ മരണം വരെ സവിത അദ്ദേഹത്തെ ശുശ്രൂഷിച്ചു.

ബുദ്ധമതം[തിരുത്തുക]

അംബേദ്കറും സവിതയും ദീക്ഷാ ചടങ്ങിൽ, നാഗ്പൂർ, ഒക്റ്റോബർ 14, 1956

1956-ൽ അശോക വിജയ ദശമി ദിവസമായ (മഹാനായ അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ച ദിവസം) ഒക്ടോബർ 14 ന് നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ വച്ച് അംബേദ്കറും സവിതാ അംബേദ്കറും ഒപ്പം 50,000 അനുയായികളും ബുദ്ധമതം സ്വീകരിച്ചു. ഈ പരിവർത്തന വേളയിൽ ബുദ്ധമതം സ്വീകരിച്ച ആദ്യ വനിതയായിരുന്നു സവിത അംബേദ്കർ.[9][4]

മരണം[തിരുത്തുക]

ഭർത്താവിന്റെ മരണശേഷം സവിത അംബേദ്കർ ഒറ്റപ്പെട്ട ജീവിതം നയിച്ചു. അംബേദ്ക്കറിന്റെ മരണശേഷം അനുയായികളിൽ ചിലർ സവിത അദ്ദേഹത്തെ കൊന്നതാണെന്ന് ആരോപിക്കുകയുണ്ടായി. ജവഹർലാൽ നെഹ്രു നിയോഗിച്ച ഒരു കമ്മിറ്റി ഈ മരണം അന്വേഷിക്കുകയും സവിത കുറ്റക്കാരിയല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ബാബസാഹിബിന്റെ മരണത്തിനു ശേഷം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, എന്നിവർ സവിതയെ കോൺഗ്രസ് പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിൽ അംഗമാക്കുവാൻ തീരുമാനിച്ചു. പക്ഷേ തന്റെ ഭർത്താവിന്റെ ആദർശങ്ങൾക്ക് വിരുദ്ധമായതിനാൽ അവർ താഴ്മയോടെ ആ വാഗ്ദാനം നിരസിച്ചു.[11] ബാബാസാഹേബ് അംബേദ്കർക്ക് വേണ്ടി ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ ഭാരതരത്നം 1990 ഏപ്രിൽ 14 ന് അന്നത്തെ പ്രസിഡന്റ് രാമസ്വാമി വെങ്കിട്ടരാമനിൽ നിന്നും സവിത അംബേദ്കർ ഏറ്റു വാങ്ങി.[12] പിൽക്കാലത്ത് അവർ ദലിത് പ്രസ്ഥാനത്തിൽ ചേർന്നു. 2003 ഏപ്രിൽ 19 ന്, ശ്വാസതടസ്സം നേരിട്ടു. 2003 മേയ് 29-ന് മുംബൈയിലെ ജെ.ജെ. ഹോസ്പിറ്റലിൽ വച്ച് അവർ മരണമടഞ്ഞു.[13][14]

അവലംബം[തിരുത്തുക]

 1. "बाबासाहेबांना औरंगाबादचे नाव ठेवायचे होते पुष्‍पनगर पाहा...मिलिंद कॉलेेजातील अनमोल ठेवा". divyamarathi (ഭാഷ: മറാത്തി). ശേഖരിച്ചത് 2018-11-13.
 2. "The Woman Behind Dr. Ambedkar - Why Are Our Women Denied Their Rightful Place In History?". Women's Web: For Women Who Do (ഭാഷ: ഇംഗ്ലീഷ്). 2018-05-22. ശേഖരിച്ചത് 2018-11-13.
 3. Pritchett, Frances. "00_pref_unpub". Columbia.edu. ശേഖരിച്ചത് 2018-11-13.
 4. 4.0 4.1 "उपोद्घाताची कथा." Loksatta (ഭാഷ: മറാത്തി). 2017-12-03. ശേഖരിച്ചത് 2018-11-13.
 5. "PM expresses grief over death of Savita Ambedkar - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-13.
 6. 6.0 6.1 "डॉ. सविता भीमराव आंबेडकर, जिनके लिए आंबेडकर से महत्वपूर्ण कुछ भी न था". फॉरवर्ड प्रेस (ഭാഷ: ഹിന്ദി). 2018-06-21. ശേഖരിച്ചത് 2018-11-13.
 7. Sukhadeve, P. V. Maaisahebanche Agnidivya (ഭാഷ: Marathi). Kaushaly Prakashan. p. 17.CS1 maint: unrecognized language (link)
 8. Sukhadeve, P. V. Maaisahebanche Agnidivya (ഭാഷ: Marathi). Kaushaly Prakashan. pp. 17–18.CS1 maint: unrecognized language (link)
 9. 9.0 9.1 "डॉ. आंबेडकरांचा बौद्ध धम्म". divyamarathi (ഭാഷ: മറാത്തി). ശേഖരിച്ചത് 2018-11-13.
 10. Sukhadeve, P. V. Maaisahebanche Agnidivya (ഭാഷ: Marathi). Kaushaly Prakashan. p. 19.CS1 maint: unrecognized language (link)
 11. "Maisahebanche Aswattha Jeevan". Sanchar - Indradhanoo (p. 5). 15 April 2018.
 12. Sukhadeve, P. V. Maaisahebanche Agnidivya (ഭാഷ: Marathi). Kaushaly Prakashan. p. 50.CS1 maint: unrecognized language (link)
 13. "The Hindu : President, PM condole Savita Ambedkar's death". Thehindu.com. ശേഖരിച്ചത് 2018-11-13.
 14. "B R Ambedkar's widow passes away - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-11-13.
"https://ml.wikipedia.org/w/index.php?title=സവിത_അംബേദ്കർ&oldid=3114092" എന്ന താളിൽനിന്ന് ശേഖരിച്ചത്