സമുദ്രഗുപ്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമുദ്രഗുപ്തൻ
ഗുപ്ത ചക്രവർത്തി
സമുദ്രഗുപ്തന്റെ നാണയം, ഗരുഡസ്തൂപവുമൊത്ത്. ബ്രിട്ടീഷ് മ്യൂസിയം.
ഭരണകാലംc. 350 – 375

ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികാരിയും ചന്ദ്രഗുപ്തൻ ഒന്നാമന്റെ പിൻഗാമിയുമായ സമുദ്രഗുപ്തൻ (ക്രി.വ. 335 - ക്രി.വ. 380) ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രഗല്ഭരായ സൈനിക തന്ത്രജ്ഞരിൽ ഒരാളായി കരുതപ്പെടുന്നു. 'ഇന്ത്യയുടെ നെപ്പോളിയൻ' എന്ന് സമുദ്രഗുപ്തൻ അറിയപ്പെടുന്നു. തന്റെ സൈനിക വിജയങ്ങൾ കാരണമാണ് സമുദ്രഗുപ്തന് ഈ പദവി ലഭിച്ചത്. പല മുതിർന്ന സഹോദരരുണ്ടായിട്ടും സമുദ്രഗുപ്തനെയാണ് ചന്ദ്രഗുപ്തൻ ഒന്നാമൻ തനിക്കു ശേഷം സാമ്രാജ്യം ഭരിക്കാൻ തിരഞ്ഞെടുത്തത്. ഇതുകൊണ്ടുതന്നെ ചന്ദ്രഗുപ്തൻ ഒന്നാമന്റെ മരണശേഷം ഒരു അധികാര വടം‌വലി നടന്നു എന്നും ഇതിൽ സമുദ്രഗുപ്തൻ വിജയിച്ചു എന്നും പലരും വിശ്വസിക്കുന്നു.

സമുദ്രഗുപ്തന്റെ ചരിത്രത്തിന്റെ പ്രധാന ആധാരം അലഹബാദിൽ സമുദ്രഗുപ്തൻ സ്ഥാപിച്ച ഒരു കൽസ്തൂപത്തിൽ കൊത്തിവെയ്ച്ചിരിക്കുന്ന ലിഖിതങ്ങളാണ്. ഈ ശിലാലിഖിതത്തിൽ സമുദ്രഗുപ്തൻ തന്റെ സൈനികവിജയങ്ങൾ വിശദീകരിക്കുന്നു. ക്രി.വ. നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യ ഭരിച്ചിരുന്ന വിവിധ രാജാക്കന്മാരുടെയും ജനങ്ങളുടെയും വിവരങ്ങൾ കൊത്തിവെയ്ച്ചിരിക്കുന്ന ഈ ശിലാസ്തൂപം അന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം എന്ന നിലയിലും പ്രധാനമാണ്. സമുദ്രഗുപ്തന് ഒരു പ്രശംസാപത്രം എന്നു കരുതാവുന്ന ഈ ശിലാലിഖിതം രചിച്ചത് സമുദ്രഗുപ്തന്റെ കൊട്ടാരത്തിലെ ഒരു പ്രധാന കവിയായ ഹരിഷേനൻ ആണ്.

സമുദ്രഗുപ്തന്റെ ഭരണകാലത്തിന്റെ ആരംഭത്തിൽ അദ്ദേഹം തന്റെ അയൽരാജാക്കന്മാരായ അഹിച്ഛത്രത്തിലെ അച്യുതൻ, നാഗസേനൻ എന്നിവരെ പരാജയപ്പെടുത്തി. ഇതിനുപിന്നാലെ അദ്ദേഹം തെക്കൻ രാജ്യങ്ങൾക്കെതിരായി സൈന്യം നയിച്ചു. തന്റെ തെക്കൻ സൈനികയാത്ര അദ്ദേഹത്തെ ബംഗാൾ തീരത്തുകൂടി കൊണ്ടുപോയി. മദ്ധ്യ പ്രദേശിലെ വനങ്ങൾ, ഒറീസ്സാ തീരം, ഗഞ്ജം, വിശാഖപട്ടണം, ഗോദാവരി, കൃഷ്ണ, നെല്ലൂർ എന്നിവിടങ്ങളിലൂടെ സമുദ്രഗുപ്തൻ പടനയിച്ചു. സമുദ്രഗുപ്തൻ കാഞ്ചിപുരം വരെ എത്തിക്കാണും എന്ന് കരുതപ്പെടുന്നു. സമുദ്രഗുപ്തൻ പിടിച്ചടക്കിയ പ്രദേശങ്ങൾ നേരിട്ട് ഭരിക്കാൻ ശ്രമിച്ചില്ല. യുദ്ധത്തിൽ തോല്പ്പിച്ച രാജാക്കന്മാരെ അദ്ദേഹം സാമന്ത രാജാക്കന്മാരാക്കി. ഈ പ്രവൃത്തി കാരണം മൗര്യ സാമ്രാജ്യത്തിന്റെ പതനം പോലെ ഗുപ്ത സാമ്രാജ്യത്തിന് പെട്ടെന്ൻ ഒരു പതനം ഉണ്ടായില്ല. ഇത് ഒരു രാജ്യതന്ത്രജ്ഞൻ എന്ന നിലയിൽ സമുദ്രഗുപ്തന്റെ കഴിവിനെ കാണിക്കുന്നു. കരസേനയ്ക്കു പുറമേ സമുദ്രഗുപ്തൻ ഒരു ശക്തമായ നാവികസേനയുടെയും അധിപനായിരുന്നു. സാമന്തരാജ്യങ്ങൾക്കു പുറമേ, ശാകര്‍, കുഷാനർ തുടങ്ങിയ പല രാജാക്കന്മാരും സമുദ്രഗുപ്തന്റെ മേൽക്കോയ്മ അംഗീകരിക്കുകയും തങ്ങളുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

സമുദ്രഗുപ്തനെക്കുറിച്ചുള്ള വിവരങ്ങളുടെ ഒരു പ്രധാന സ്രോതസ്സ് സമുദ്രഗുപ്തൻ പുറത്തിറക്കിയ നാണയങ്ങളാണ്. ശുദ്ധമായ സ്വർണ്ണത്തിൽ നിർമ്മിച്ച സമുദ്രഗുപ്തന്റെ നാണയങ്ങൾ എട്ട് വിവിധ തരത്തിലുള്ളവയായിരുന്നു. തന്റെ സൈനികവിജയങ്ങൾ സമുദ്രഗുപ്തന് സ്വർണ്ണം നേടിക്കൊടുത്തു. കുഷാനരുമായുള്ള സമ്പർക്കം നാണയ നിർമ്മിതിയിൽ സമുദ്രഗുപ്തന്റെ രാജ്യത്തിന് പരിജ്ഞാനം നേടിക്കൊടുത്തു. വിദ്യാഭ്യാസത്തെ സമുദ്രഗുപ്തൻ പ്രോൽസാഹിപ്പിച്ചു. ഒരു പ്രശസ്ത കവിയും സംഗീതജ്ഞനും കൂടിയായിരുന്നു സമുദ്രഗുപ്തൻ. പല നാണയങ്ങളിലും സമുദ്രഗുപ്തൻ വീണ വായിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. മറ്റ് ഗുപ്തരാജാക്കന്മാരെപ്പോലെ സമുദ്രഗുപ്തനും ഹിന്ദുമതത്തെ പ്രോൽസാഹിപ്പിച്ചെങ്കിലും, മറ്റ് മതസ്ഥരോട് അദ്ദേഹം സഹിഷ്ണുത കാണിച്ചു. ഇതിന് ഒരു വ്യക്തമായ ഒദാഹരണമാണ് ബുദ്ധ ഭിക്ഷുക്കൾക്ക് ബോധി ഗയയിൽ ഒരു ആശ്രമം പണിയാൻ സിലോണിലെ രാജാവിന് അദ്ദേഹം അനുമതി നൽകിയത്.

സമുദ്രഗുപ്തന്റെ സദസ്സിൽ കവികളുടെയും പണ്ഠിതരുടെയും ഒരു വലിയ സമൂഹം ഉണ്ടായിരുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ മതപരവും കലാപരവും സാഹിത്യപരവുമായ വശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള നടപടികൾ സമുദ്രഗുപ്തൻ കൈക്കൊണ്ടു. സമുദ്രഗുപ്തൻ സംഗീതത്തിൽ പ്രവീണനായിരുന്നു. സമുദ്രഗുപ്തന്റെ നാണയങ്ങളിൽ കവിതാരൂപത്തിൽ വാക്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ സംഗീത പ്രാവീണ്യത്തെ കാണിക്കുന്നു. നാണയങ്ങളിൽക്കൂടി തന്റെ സാഹിത്യാഭിരുചികൾ പ്രദർശിപ്പിച്ച വളരെ ചുരുക്കം ഇന്ത്യൻ രാജാക്കന്മാരിൽ ഒരാളാണ് സമുദ്രഗുപ്തൻ (പിൽക്കാലത്ത് അദ്ദേഹത്തിന്റെ ചെറുമകനായ കുമാരഗുപ്തനും ഈ ശൈലി അനുകരിച്ച് ഏതാനും കാവ്യരൂപത്തിലുള്ള സ്വർണ്ണനാണയങ്ങൾ ഇറക്കി. എന്നാൽ ഇവ വളരെ വിരളമാണ്)

സമുദ്രഗുപ്തൻ ക്രി.വ. 380-ൽ മരിച്ചു എന്ന് കരുതപ്പെടുന്നു. സമുദ്രഗുപ്തന്റെ പിൻ‌ഗാമികൾ മക്കളായ രാമഗുപ്തൻ, ചന്ദ്രഗുപ്തൻ രണ്ടാമൻ എന്നിവരായിരുന്നു.

അലഹബാദ് ശാസനങ്ങൾ[തിരുത്തുക]

ഗുപ്ത സാമ്രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമുദ്രഗുപ്തൻ നടത്തിയ പടയോട്ടങ്ങളാണ് അലഹബാദ് ശാസനങ്ങളിസ് രേഖപ്പെടുത്തിയിരിക്കുന്നത്.അലഹബാദിലെ അശോകസ്തംഭത്തിൽ സംസ്കൃതത്തിൽ കൊത്തിവച്ചിട്ടുള്ള ശാസനം സമുദ്രഗുപ്തന്റെ സൈനിക വിജയങ്ങളുടെ വിവരണമാണ്‌.

അവലംബം[തിരുത്തുക]

  • R. K. Mookerji, The Gupta Empire, 4th edition. Motilal Banarsidass, 1959.
  • R. C. Majumdar, Ancient India, 6th revised edition. Motilal Banarsidass, 1971.
Regnal titles
മുൻഗാമി ഗുപ്ത ചക്രവർത്തി
335 – 380
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സമുദ്രഗുപ്തൻ&oldid=1694697" എന്ന താളിൽനിന്ന് ശേഖരിച്ചത്