സമാധാനം പരമേശ്വരൻ
സ്വാതന്ത്ര്യ സമര സേനാനിയും രാഷ്ട്രീയ, സമാധാന പ്രവർത്തകനുമായിരുന്നു സമാധാനം പരമേശ്വരൻ(12 ജനുവരി 1916 - 30 ജൂൺ 1994). ലോക സമാധാന കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]മലബാറിലെ വളാഞ്ചേരി വെള്ളാട്ടു തറവാട്ടിൽ രാമക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനാണ്. വിദ്യാർത്ഥിയായിരിക്കുമ്പോഴേ കോൺഗ്രസ് വോളണ്ടിയറായി. മദ്യഷാപ്പുകൾ പിക്കറ്റു ചെയ്തതിനും വിദേശ വസ്തുക്കളുടെ ബഹിഷ്കരണത്തിനും ജയിലിലായി. ഹിന്ദി ഖാദി പ്രചരണത്തിലും സജീവമായിരുന്നു. സഖാവ് പി. കൃഷ്ണപിള്ളയുടെ നിർദേശാനുസരണം ബനാറസ് കാശി വിദ്യാപീഠത്തിൽ വിദ്യാർത്ഥിയായി, ശാസ്ത്രി ബിരുദം നേടി. കാശി വിദ്യാപീഠത്തിലെ ബനാറസ് സ്റ്റുഡന്റ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയായിരുന്നു. 1940 ൽ യു.പി യിൽ നിന്നു സർക്കാർ പുറത്താക്കി. പിന്നീട് കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ സംഘാടകനായി. 1942 മുതൽ 1947 വരെ അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. 1949 ൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. വെല്ലൂർ ജയിലിൽ തടവിലായി. 1951 ൽ മദ്രാസ് പീസ് കമ്മിറ്റി സംഘടിപ്പിച്ചു. ഇന്തോ സോവിയറ്റ് കൾച്ചറൽ സൊസൈറ്റി, ഇന്ത്യാ - ചൈനീസ് അസോസിയേഷൻ മുതലായവയുമായി സഹകരിച്ചു പ്രവർത്തിച്ചു. 1954ൽ അഖിലേന്ത്യ സമാധാന സമ്മേളനം മദിരാശിയിൽ സംഘടിപ്പിച്ചു. അണുവായുധത്തിനു യുദ്ധത്തിനുമെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങളിലേർപ്പെട്ടു. ആൾ ഇന്ത്യാ പീസ് കൗൺസിലിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു.[1] ലോക സമാധാന കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയായി. ലോക സമാധാന കൗൺസിലിന്റെ വിയന്ന, ഹെൽസിങ്കി, സ്റ്റോക്ക്ഹോം, കൊളംബോ, മോസ്കോ, ബർലിൻ സമ്മേളനങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. പീസ് പരമേശ്വരൻ എന്ന പേരിലറിയപ്പെട്ടു. 1959 ൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. 1960ൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. 1962ൽ സി.ഐ.സി.സി ബുക്ക് ഹൗസ് ആരംഭിച്ചു. വിശ്വ സാഹിത്യത്തിലെ പ്രമുഖ കൃതികൾ പ്രസിദ്ധപ്പെടുത്തി. 1994 ജൂൺ 30ന് പ്രസിൽ ജോലിയിലായിരിക്കുമ്പോൾ ഹൃദയ സ്തംഭനം മൂലം അന്തരിച്ചു.
ധാരാളം വിദേശ പുസ്തകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സുഭദ്രാ പരമേശ്വരനായിരുന്നു ഭാര്യ.