സമത്വപുരം
വ്യത്യസ്തസമുദായങ്ങൾ തമ്മിലുള്ള തുല്യത വർദ്ധിപ്പിക്കുന്നതിനും ജാതിവിവേചനം ഇല്ലായ്മ ചെയ്യാനുമായി തമിഴ്‌നാട് സർക്കാർ ഉണ്ടാക്കിയ ഒരു പദ്ധതിയാണ് സമത്വപുരം (Samathuvapuram) (English: ഇംഗ്ലീഷ്: Equality Village) അല്ലെങ്കിൽ പെരിയാർ നിനൈവ് സമത്വപുരം (Periyar Ninaivu Samathuvapuram) (Periyar Memorial Equality Village). ഇതുപ്രകാരം ഒരു ഗ്രാമത്തിൽ വ്യത്യസ്തജാതികളിൽപ്പെട്ടവർക്ക് താമസിക്കാൻ 100 വീടുകൾ ഉണ്ടാക്കുകയും പൊതു കമ്യൂണിറ്റി ഹാൾ ഉണ്ടാക്കുകയും എല്ലാവർക്കും പൊതുവായി ശ്മശാനം നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. പെരിയാർ ഇ ആർ രാമസ്വാമിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[1]
പിന്നാമ്പുറം
[തിരുത്തുക]1997 - ൽ വിരുദുനഗർ ജില്ലയിലെ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പേര് സർക്കാർ 18 -ആം നൂറ്റാണ്ടിലെ ജനറലായ വീരൻ സുന്ദരലിംഗത്തിന്റെ ബഹുമാനാർത്ഥം സുന്ദരലിംഗം ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നാക്കി മാറ്റി.[2] ദേവേന്ദ്രകുല വെള്ളവാർ എന്ന ദളിത് സമുദായക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. സുന്ദരലിംഗം അവരുടെ സമുദായത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു. എന്നാൽ, പിന്നാക്കവിഭാഗത്തിൽപ്പെട്ട തേവർമാർ ഇതിനെ എതിർക്കുകയും ബസുകൾ കത്തിക്കുകയും ഡ്രൈവർമാരെ ആക്രമിക്കുകയും ചെയ്തു. പകരമായി ദളിതുകൾ യു. മുത്തുമാരലിംഗം തേവരുടെ പ്രതിമയ്ക്ക് നാശം വരുത്തുകയും ചെയ്തു. ഇങ്ങനെ ജാതികലാപങ്ങൾ തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ വ്യാപിച്ചു.[3]
പദ്ധതി
[തിരുത്തുക]മുഖ്യസമുദായങ്ങളുടെ ക്ഷേത്രങ്ങളും ജലശ്രോതസ്സുകളും ദലിതുകൾക്കും ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച് പ്രശ്നങ്ങളിൽ അയവുവരുത്താനും ദളിതുസമൂഹത്തെ മുഖ്യധാരയിലേക്ക് ലയിപ്പിക്കാനും ഉദ്യേശിച്ചായിരുന്നു ഈ പദ്ധതി രൂപകൽപ്പനചെയ്തത്.[4] മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 100 ഭവനങ്ങൾ വീതമുള്ള ഇത്തരം ഗ്രാമങ്ങൾ ഉണ്ടാക്കാൻ തീരുമാനിച്ചു. ഓരോ ഗ്രാമത്തിലും ദളിതർക്ക് 40 വീടുകളും 25 വീടുകൾ പിന്നാക്കക്കാർക്കും 25 വീടുകളിൽ അതിലും പിന്നാക്കക്കാർക്കും 10 വീടുകൾ മറ്റുസമുദായക്കാർക്കുമായിരുന്നു ഉണ്ടാക്കുക.[5] ജാതിവേർതിരിവ് ഒഴിവാക്കാൻ സമത്വപുരത്തിൽ എല്ലാ സമുദായങ്ങൾക്കും പൊതുവായി ഒരു കമ്യൂണിറ്റി ഹാളും ശ്മശാനവും ആവും ഉണ്ടാവുക. 1998 ആഗസ്ത് 17 ന് ആദ്യ സമത്വപുരം മധുരയിലെ തിരുമംഗലത്തിനടുത്ത് മേലക്കോട്ടയിൽ കരുണാനിധി ഉദ്ഘാടനം ചെയ്തു. 2001 മായപ്പോഴേക്കും തമിഴ്‌നാട്ടിൽ പലയിടങ്ങളിലുമായി 145 സമത്വപുരങ്ങൾ ഉണ്ടാക്കിയിരുന്നു.[6]
2001 ലെ ഭരണം മാറിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചെങ്കിലും 2006 -ൽ കരുണാനിധി അധികാരത്തിൽ വന്നപ്പോൾ ഇതിനെ പുനരുജ്ജീവിപ്പിക്കുകയും ഈ ഭരണകാലത്ത് സംസ്ഥാനമെങ്ങും ഇത്തരം 95 സമത്വപുരങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ S. Muthiah (2008). Madras, Chennai: A 400-year Record of the First City of Modern India. Palaniappa Brothers. p. 357. ISBN 978-81-8379-468-8.
- ↑ "Name Of The Game". Outlook. 16 July 1997.
- ↑ "On The Violence Threshold". Outlook. 21 May 1997.
- ↑ "Dmk As Social Engineer". Outlook. 10 November 1997.
- ↑ "Samathuvapuram: miles to go to attain equality". The Hindu. 17 January 2010.
- ↑ "Stalin inaugurates TN's 14th Samathuvapuram". The Hindu. 14 November 2009.