സമത്വത്തിനുള്ള അവകാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭരണഘടനയിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിലായി സമത്വത്തിനുള്ള അവകാശങ്ങൾ വിശദീകരിക്കുന്നുണ്ട്. വിവിധ തരത്തിലെ സാമൂഹിക അസമത്വങ്ങൾ അവസാനിപ്പിച്ച് സമത്വം ഉറപ്പ് വരുത്താൻ ഈ അവകാശങ്ങൾ സഹായിക്കുന്നു.

നിയമത്തിനു മുമ്പിലുള്ള സമത്വവും തുല്യമായ നിയമ സംരക്ഷണവും[തിരുത്തുക]

ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ ( Equality before law) തുല്യമായ നിയമ സംരക്ഷണമോ ( Equal protection of laws) നൽകുന്നു. അതായത് സാധരണ നിയമത്തിനു എല്ലാ വിഭാകക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കും എന്തെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ നൽകുവാൻ പാടില്ല എന്നും ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. നിയമത്താലോ അവയുടെ പ്രയോഗത്താലോ പക്ഷപാതരഹിതമായൊരു സ്ഥിതി വിശേഷം സംജാതമാകുന്നു. പ്രധാന മന്ത്രി മുതൽ സാധാരണ ജീവനക്കാരൻ വരെ ഏതു റാങ്കിലുള്ള ആളായാലും നിയമത്തിനെതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഒരേ ബാദ്ധ്യതയായിരിക്കും. നിയമത്തിനു മുമ്പിലുള്ള സമത്വം എന്ന പ്രയോഗം ബ്രിട്ടീഷ് കോമ്മൺ ലോയിൽ നിന്നും തുല്യമായ നിയമ സംരക്ഷണമെന്നത് അമേരിക്കൻ ഭരണ ഘടനയിൽ നിന്നും കടം കൊണ്ടതാണ്.

വർഗ്ഗീകരണം[തിരുത്തുക]

എല്ലാ വ്യക്തികളും ഒരേ സാഹചര്യത്തിലുള്ളവരല്ലാത്തത് കൊണ്ട് തന്നെ അവർ എല്ലാ കാര്യത്തിലും തുല്യരല്ല. അതിനാൽ ഒരേ നിയമം എല്ലാവർക്കും ഒരേ രീതിയിൽ നടപ്പാക്കുന്നത് പ്രായോഗികമല്ല. തുല്യ സാഹചര്യത്തിലുള്ളവർക്ക് തുല്യ സംരക്ഷണമാണ് നൽകേണ്ടത് എന്ന് വിവിധ കേസുകളിലെ വിധിന്യായത്തിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ നിയമ നിർമ്മാണത്തിനായുള്ള വർഗീകരണം യുക്തി പൂർവ്വമായിരിക്കുകയും വേണം.ഉദാഹരമായി, ഇന്ത്യൻ കരാർ നിയമമനുസരിച്ച് കരാറിലേർപ്പെടുവാനുള്ളവർക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അതായത്, ഇവിടെ വർഗ്ഗീകരണം നടത്തിയത് പ്രായപൂർത്തിയായവർ, പ്രായപൂർത്തിയാകാത്തവർ എന്നീ രണ്ട് വിഭാഗമായാണ്. ഇവിടെ ഒരാളുടെ പ്രായം ആണ് കരാറിലേർപ്പെടുവാനുള്ള യോഗ്യതയായെടുത്തിട്ടുള്ളത്. ഇവിടെ വർഗ്ഗീകരണത്തിനു കരാറിലേർപ്പെടുവാനുള്ള കഴിവുമായി യുക്തിസഹമായ ഒരു ബന്ധമുണ്ട്. എന്നാൽ കരാറിലേർപ്പെടുവാനുള്ള യോഗ്യത ഒരാളുടെ മുടിയുടെ നിറം, തൊലിയുടെ നിറം എന്നിവ നോക്കി വർഗ്ഗീകരിക്കുകയാണെങ്കിൽ അത്തരം വർഗ്ഗീകരണം തികച്ചും തെറ്റും അനീതിയുമാണ്.[1]

ഈ വകുപ്പ് പ്രകാരം സ്റ്റേറ്റിന്റെ പക്ഷപാതപരമായ നടപടികൾ മാത്രമേ നിരോധിച്ചിട്ടുള്ളൂ. ഒരു വ്യക്തിയുടെ നടപടിയിൽ ഇടപെടാൻ ഈ വകുപ്പ് ഉപയോഗിക്കുവാൻ സാധ്യമല്ല. സ്റ്റേറ്റ് പക്ഷപാതം കാണിക്കുന്നുവെന്ന് തെളിയിക്കേണ്ടത് അത്തരം പക്ഷപാതം ആരോപിക്കുന്നവരാണ്.

ജാതി-മത-ലിംഗ-ജന്മദേശാ കാരണങ്ങളായുള്ള വിവേചനങ്ങൾക്കെതിരെ നിരോധനം[തിരുത്തുക]

സ്റ്റേറ്റ് ഒരു പൗരനോടും ജാതി-മത-ലിംഗ-ജന്മദേശങ്ങൾ കാരണമാക്കി വിവേചനം കാണിക്കുവാൻ പാടില്ല എന്ന് 15-ആം അനുച്ഛേദം പ്രഖ്യാപിക്കുന്നു. കൂടാതെ ഈ കാരണങ്ങളിലേതെങ്കിലും ആസ്പദമാക്കി , ഗവർമെന്റ് പണം പൂർണ്ണമായോ ഭാഗികമായോ ഉപയോഗിച്ച് നിലനിർത്തിക്കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ പൂർണമായും പൊതുജനങ്ങളുടെ ഉപയോഗത്തിനു സമർപ്പിച്ചിട്ടുള്ളതോ ആയ കിണറുകൾ, കുളങ്ങൾ, സ്നാന ഘട്ടങ്ങൾ, റോഡുകൾ, പൊതു റിസോർട്ടുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിനു ഇത്തരത്തിൽ വിവേചനം പാടില്ല. കൂടാതെ, ഷോപ്പുകൾ, പൊതു റസ്റ്റോറണ്ടുകൾ, ഹോട്ടലുകൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനത്തിലും ഇത്തരത്തിലുള്ള ജാതി-മത-ലിംഗ-ജന്മ ദേശ വിവേചനം പാടില്ല.[2]

എന്നാൽ ഈ ആർട്ടിക്കിളിനു 2 അപവാദങ്ങൾ ഉണ്ട്. ഒന്നാമതായി, സ്ത്രീകളുടെയും കുട്ടികളുടെയും നന്മയ്ക്കായി സ്റ്റേറ്റിനു പ്രത്യേക വ്യവസ്ഥയുണ്ടാക്കാം. രണ്ടാമതായി, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പൗരന്മാർ, പട്ടിക ജാതി പട്ടിക വർഗ്ഗക്കാർ എന്നിവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ ഉണ്ടാക്കാവുന്നതാണ്.[3]

പൊതു നിയമനങ്ങളിലെ അവസര സമത്വം[തിരുത്തുക]

16-ആം ആർട്ടിക്കിൾ പൊതുനിയമനങ്ങളിൽ അവസര സമത്വം ഉറപ്പ് നൽകുന്നു. പൊതു നിയനമത്തിന്റെ കാര്യത്തിൽ എല്ലാ പൗരന്മാർമാർക്കും തുല്യ അവസരങ്ങളായിരിക്കും ഉണ്ടാവുക.ജാതി-മത-വർഗ്ഗ-ലിംഗ-വംശ-ജന്മസ്ഥല കാരണങ്ങളാലും താമസസ്ഥലം കാരണമാക്കിയും സ്റ്റേറ്റിന്റെ കീഴിലെ തൊഴിലിന്റെ കാര്യത്തിൽ ഒരു ഇന്ത്യൻ പൗരനെതിരായി സ്റ്റേറ്റിനു യാതൊരു വിവേചനവും കാണിക്കുവാൻ പാടുള്ളതല്ല.എന്നാൽ ഈ പൊതു തത്ത്വത്തിനു 5 അപവാദങ്ങളും ഈ വകുപ്പിൽ നൽകിയിട്ടുണ്ട്. അവ താഴെ പറയുന്ന പ്രകാരമാണ്.

അവലംബം[തിരുത്തുക]

  1. The Constitution of India by Mahendra P Singh Eastern Book Co.2004 edition page 39, 40
  2. Article 15 (2) of Indian Constitution
  3. Article 15 (3) (4) of Indian Constitution

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമത്വത്തിനുള്ള_അവകാശം&oldid=3666323" എന്ന താളിൽനിന്ന് ശേഖരിച്ചത്