സഫ്‌ദർ ഹാഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സഫ്‌ദർ ഹാഷ്മി
ജനനം 1954 ഏപ്രിൽ 12(1954-04-12)
ഡൽഹി  ഇന്ത്യ
മരണം 1989 ജനുവരി 2(1989-01-02) (പ്രായം 34)
ഗാസിയാബാദ്,  ഇന്ത്യ
തൊഴിൽ എഴുത്തുകാരൻ, തെരുവു നാടകം,
രചനാകാലം 1973-1989

കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനായ കലാകാരനും, സി.ഐ.ടി.യു നേതാവുമായിരുന്നു സഫ്‌ദർ ഹാഷ്മി (ഏപ്രിൽ 12, 1954 - ജനുവരി 2, 1989) 1973-ൽ തന്റെ പത്തൊമ്പതാം വയസ്സിൽ “ജന നാട്യ മഞ്ച്” എന്ന തെരുവുനാടക ഗ്രൂപ്പിലൂടെ സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്തിയ സഫ്‌ദർ ഹാഷ്മി, തന്റെ തെരുവു നാടക ട്രൂപ്പിലൂടെ സമകാലിക സാമൂഹിക-രാഷ്ട്രീയ വസ്തുതകൾ സാധാരണക്കാരുടെ മുമ്പിൽ അവതരിപ്പിച്ചു.

ജീവിതരേഖ[തിരുത്തുക]

1954-ൽ ദില്ലിയിലാണ് സഫ്ദർ ജനിച്ചത്. 1975-ൽ ദില്ലിയിലെ സെന്റ്. സ്റ്റീഫൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കോളേജ് കാലത്ത് സഫ്ദർ സ്റ്റുഡൻസ് ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ അംഗമായിരുന്നു. പിന്നീടാണ് ഇദ്ദേഹം ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷനിൽ ചേരുന്നത്.[1] 1973-ൽ സ്ഥാപിതമായ ജന നാട്യ മഞ്ച്(ജനം) എന്ന തെരുവ് നാടക സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് സഫ്ദർ ഹാഷ്മി. 1976-ലാണ് ഇദ്ദേഹം സി.പി.ഐ.എം ൽ അംഗത്വം നേടുന്നത്.[1]

ഒരു അദ്ധ്യാപകനായും ജോലിയെടുത്തിട്ടുള്ള സഫ്ദർ, സാക്കിർ ഹുസൈൻ കോളേജ് ഡെൽഹി, ശ്രീനഗർ, ഗഡ്‌‌വാൾ എന്നിവടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു പ്രസ്സ് ഇൻഫോർമേഷൻ ഓഫീസറായി വെസ്റ്റ് ബംഗാൾ, ന്യൂ ഡെൽഹി, എന്നിവടങ്ങളിലും സഫ്ദർ തന്റെ ഔദ്യോഗിക ജീവിതം ചിലവഴിച്ചിട്ടുണ്ട്. 1983-ഓടു കൂടി സഫ്ദർ ഒരു മുഴുവൻ സമയ പാർട്ടി പ്രവർത്തകുനും, ഒരു സജീവ തെരുവു നാടക കലാകാരനായും മാറി.[1]

ജന നാട്യ മഞ്ച് എന്ന നാടക സംഘത്തിൽ ഒരു സജീവ പ്രവർത്തകനായി മാറിയ സഫ്ദർ, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങൾ രചിക്കുകയും, സംവിധാനം ചെയ്യുകയും ഉണ്ടായി. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളിൽ ഏറെ ജനശ്രദ്ധയാകർഷിച്ച നാടകങ്ങളിൽ ചിലതാണ്; മഷീൻ, ഓരത്, ഗാവോം സെ ഷെഹർ തക്, രാജ ക ബാജ, ഹത്യാർ തുടങ്ങിയവ.[1] ഇതിൽ ചില നാടകങ്ങൾക്ക് വേണ്ടി ഇദ്ദേഹം ഗാനങ്ങളും രചിക്കുകയുണ്ടായിട്ടുണ്ട്. സഫ്ദറിന്റെ, ജന നാട്യ മഞ്ചിലെ വിലയേറിയ പ്രവർത്തനങ്ങൾ ഇന്ത്യയൊട്ടാകെയുള്ള തെരുവു നാടകസംഘങ്ങളുടെ മുന്നേറ്റത്തിനു തന്നെ കാരണമായി.[1]

ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ, സാഹിബാബാദിനടുത്തുള്ള ഝണ്ടാപുർ എന്ന സ്ഥലത്ത് വെച്ച്, 1989 ജനുവരി ഒന്നിന് “ഹല്ലാ ബോൽ” എന്ന തെരുവു നാടകം കളിക്കവേ, കോൺഗ്രസ്സ് പ്രവർത്തകരായ മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ ഗുണ്ടാ ആക്രമണത്തിനിരയായി 1989 ജനുവരി 2-ന്‌ രാത്രി മരണമടഞ്ഞു. സഫ്‌ദർ ഹാഷ്മിക്കൊപ്പം റാം ബഹാദൂർ എന്നൊരു തൊഴിലാളിയും ഈ ആക്രമണത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സഫ്‍ദറിന്റെ മരണത്തിനു കാരണമായത് ഇരുമ്പ് ദണ്ഡുകൾ കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിലുണ്ടായ അനവധി പൊട്ടലുകളും അവയെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവവുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മറ്റ് കാരണങ്ങൾക്ക് പുറമേ, തനിക്കെതിരെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച രാമനാഥ് ഝായ്ക്ക് അനുകൂലമായി പ്രചാരണം നടത്തിയതാണ് മുകേഷ് ശർമ്മയെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

സഫ്‌ദറിന്റെ കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ വിധവ മോളായ്‌ശ്രീ ഹാഷ്മി അതേ വേദിയിൽ തന്റെ ഭർത്താവിന് പൂർത്തിയാക്കാൻ കഴിയാതെ പോയ തെരുവുനാടകം ആയിരങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു.

സഫ്‌ദർ ഹാഷ്മി കൊലക്കേസിൽ, നീണ്ട പതിന്നാലു വർഷങ്ങൾക്ക് ശേഷം ഗാസിയാബാദിലെ ഒരു കോടതി, മുകേഷ് ശർമ്മ, ദേവി ശരൺ ശർമ്മ, ജിതേന്ദ്ര, രാമവതാർ, വിനോദ്, ഭഗദ് ബഹാദൂർ, താഹിർ, രമേഷ്, യൂനുസ് എന്നീ ഒമ്പത് പേരെ കുറ്റക്കാരായി കണ്ടെത്തി. ഇവരെ ജീവപര്യന്തം തടവിനും 25,000.00 രൂപ പിഴയൊടുക്കാനും നവംബർ 5, 2003-നു കോടതി വിധിയുണ്ടായി.

അനുബന്ധം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "സഫ്ദർ ഹാഷ്മി - ലഘു ജീവചരിത്രം". സഹ്മത്.ഓർഗ്. ശേഖരിച്ചത് 28-10- 2009.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)"https://ml.wikipedia.org/w/index.php?title=സഫ്‌ദർ_ഹാഷ്മി&oldid=2781340" എന്ന താളിൽനിന്നു ശേഖരിച്ചത്