സന്തോഷ് ജോർജ് കുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സന്തോഷ് ജോർജ് കുളങ്ങര
Sgkwml.jpg
ജനനം (1971-12-25) ഡിസംബർ 25, 1971  (49 വയസ്സ്)
തൊഴിൽമാനേജിംഗ് ഡയറക്ടർ, ലേബർ ഇന്ത്യ പബ്ലിക്കേഷൻസ്, സഫാരി ടിവി
അറിയപ്പെടുന്നത്ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റ്, സഞ്ചാരത്തിന്റെ നിർമ്മാതാവും സംവിധായകനും, ഛായാഗ്രാഹകനും യാത്രാ എഴുത്തുകാരനും
ജീവിതപങ്കാളി(കൾ)സോൻ‌സി
കുട്ടികൾശാരിക, ജോർജ്ജ്
അമേരിക്കയിലെ ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ പൂജ്യം ഗുരുത്വാകർഷണ പരിശീലനത്തിനിടെ സന്തോഷ് ജോർജ്ജ് കുളങ്ങര.

ഇന്ത്യൻ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയും മാധ്യമ പ്രവർത്തകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പര്യവേക്ഷക ചാനലായ സഫാരി ടിവിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ലേബർ ഇൻഡ്യ, ഹെറിറ്റേജ് ടൂറിസംരംഗത്തെ പോണ്ട്‌ഷോർ റിസോർട്ട്‌സ്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം തുടങ്ങിയവയുടെ മാനേജിംഗ് ഡയറക്ടർ എന്നിവയാണ് അദ്ദേഹം നയിക്കുന്ന മറ്റ് സംരംഭങ്ങൾ. യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശ വിനോദയാത്രാപരിപാടിയിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന ആദ്യത്തെയാളാണ്.130-ലേറെ രാജ്യങ്ങളിലൂടെ തനിയെ സഞ്ചരിച്ച് ഷൂട്ടു ചെയ്ത് നിർമ്മിച്ച 'സഞ്ചാരം' എന്ന ദൃശ്യ യാത്രാവിവരണ പരിപാടി അവതരിപ്പിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

കേരളത്തിൽ കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളി ഗ്രാമത്തിലാണ് ജനനം. വി. ജെ. ജോർജ് കുളങ്ങര - റോസമ്മ ജോർജ് ദമ്പതികളുടെ മൂത്തമകൻ. തമിഴ്‌നാട്ടിലെ മധുരൈ കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേഷൻ നേടിയശേഷം മീഡിയ പ്രൊഫഷനിലേക്ക് എത്തി. 1992-ൽ ടെലിവിഷൻ ചാനലുകൾക്കു വേണ്ടി ഡോക്യുമെന്ററികളും ടെലിഫിലിമുകളും നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് 25-ാം വയസ്സിൽ ലേബർ ഇൻഡ്യ പബ്ലിക്കേഷൻസിന്റെ ചുമതല ഏറ്റെടുത്തു. മാസംതോറും 36 വ്യത്യസ്ത വിദ്യാഭ്യാസ മാഗസിനുകൾ പ്രസിദ്ധീകരിക്കുന്ന പബ്ലിഷിംഗ് ഹൗസാണ് ലേബർ ഇൻഡ്യ. തുടർന്ന്, ലേബർ ഇൻഡ്യ വിദ്യാഭ്യാസ ഗവേഷണകേന്ദ്രം, ലേബർ ഇൻഡ്യ സോഫ്റ്റ്‌വെയർ ലബോറട്ടറീസ്, ലേബർ ഇൻഡ്യ റൂറൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാം, ഹെറിറ്റേജ് ടൂറിസം പ്രോജക്ടായ പോണ്ട്‌ഷോർ റിസോർട്ട്‌സ് എന്നിവ സന്തോഷ് ജോർജ് കുളങ്ങര ആരംഭിച്ചു. 2013-ൽ എക്‌സ്‌പ്ലൊറേഷൻ ചാനലായ സഫാരി ടിവി സ്ഥാപിച്ചു. ഈ ചാനലിന്റെ ചീഫ് എക്‌സ്‌പ്ലോററും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം. സോൺസിയാണ് ഭാര്യ. ശാരിക, ജോർജ് എന്നിവർ മക്കൾ.

സഞ്ചാരം[തിരുത്തുക]

മലയാളത്തിൽ നിർമ്മിതമായ ആദ്യ ദൃശ്യയാത്രാവിവരണമാണ് സഞ്ചാരം. ഈ പരിപാടിയുടെ നിർമ്മാണവും സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നത് സന്തോഷ് ജോർജ് കുളങ്ങരയാണ്. 2001-ൽ ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേഷണം തുടങ്ങിയ സഞ്ചാരം 2012 വരെയും ആ ചാനലിൽ തുടർന്നു. 2013 മുതൽ ഈ പരിപാടി സഫാരി ടിവി ചാനലിൽ സംപ്രേഷണം ചെയ്തുവരുന്നു. 130 രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ സമഗ്രമായ ദൃശ്യയാത്രാവിവരണം ഇതുവരെ തയാറാക്കിക്കഴിഞ്ഞു. ഈ പരിപാടി 1700 എപ്പിസോഡുകൾ പിന്നിട്ടു. ഇതിന്റെ ചിത്രീകരണത്തിനായി ഏഴു ഭൂഖണ്ഡങ്ങളിൽ ഇദ്ദേഹം യാത്ര ചെയ്തു. സഞ്ചാരം പരിപാടിക്കായി യാത്ര ചെയ്യുന്നതും കാഴ്ചകൾ ഷൂട്ടു ചെയ്യുന്നതും, ദൃശ്യങ്ങൾ എഡിറ്റു ചെയ്യുന്നതും സന്തോഷ് ജോർജ് കുളങ്ങര തനിച്ചാണ്. ഈ പ്രത്യേകതമൂലം ഇദ്ദേഹം ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും സ്ഥാനം പിടിച്ചിട്ടുണ്ട്.

ഫിലിം കരിയർ[തിരുത്തുക]

ചന്ദ്രയാൻ എന്ന ഇംഗ്ലീഷ് ഭാഷാ സിനിമയുടെ രചയിതാവും സംവിധായകനുമാണ് സന്തോഷ് ജോർജ് കുളങ്ങര. ഇന്ത്യൻ പതാക ചന്ദ്രനിൽ സ്ഥാപിച്ച ചന്ദ്രയാൻ 1 എന്ന ചരിത്രദൗത്യത്തിന്റെ കഥ വിവരിക്കുന്ന സിനിമയാണിത്.

ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരി[തിരുത്തുക]

യു. കെ. ആസ്ഥാനമായുള്ള വെർജിൻ ഗാലക്ടികിന്റെ ബഹിരാകാശ ടൂറിസം പരിപാടിയിൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ജോർജ് കുളങ്ങര. 2007-ലാണ് അദ്ദേഹം ബഹിരാകാശ ടൂറിസ്റ്റുകളുടെ സംഘത്തിൽ ഉൾപ്പെട്ടത്. സ്‌പേസ്ഷിപ്പ് II ബഹിരാകാശ വാഹനത്തിലാവും ഇവരുടെ യാത്ര. സ്‌പേസ്ഷിപ്പ് II ഇപ്പോൾ പരീക്ഷണഘട്ടത്തിലാണുള്ളത്. അതിലുള്ള ബഹിരാകാ ശയാത്ര യാഥാർഥ്യമാവുന്നതോടെ ആദ്യ ഇന്ത്യൻ ബഹിരാകാശ ടൂറിസ്റ്റ് എന്ന പദവിക്ക് അർഹനാവും സന്തോഷ് ജോർജ് കുളങ്ങര.

പുസ്തകങ്ങൾ[തിരുത്തുക]

1. നടാഷയുടെ വർണബലൂണുകൾ[തിരുത്തുക]

കിഴക്കൻ യൂറോപ്പിലെ എട്ടുരാജ്യങ്ങളിലൂടെ സഞ്ചാരം ചിത്രീകരണത്തിനായി നടത്തിയ ദീർഘയാത്രയിലെ അനുഭവ വിവരണം.

2. ഒരു റബ്ബിയുടെ ചുംബനങ്ങൾ[തിരുത്തുക]

സഞ്ചാരം ദൃശ്യയാത്രാവിവരണ പരമ്പര തയാറാക്കുന്നതിനായി നടത്തിയ നിരന്തരയാത്രകളിൽ പല രാജ്യങ്ങളിൽവെച്ചുണ്ടായ അവിസ്മരണീയ അനുഭവങ്ങൾ കോർത്തിണക്കി രചിച്ച കൃതി.

ബാൾട്ടിക് ഡയറി[തിരുത്തുക]

പഴയ സോവിയറ്റ് രാജ്യങ്ങളായ ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നിവിടങ്ങളിലൂടെയും പോളണ്ടിലൂടെയും നടത്തിയ യാത്രയുടെ ഹൃദ്യമായ വിവരണം. കമ്യൂണിസത്തിന്റെ തകർച്ചയ്ക്കുശേഷമുള്ള ഈ രാജ്യങ്ങളുടെ ജീവിതമാണ് ഈ പുസ്തകത്തിൽ വരച്ചിടുന്നത്. ഇത്കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.

4. ഗ്രൗണ്ട് സീറോയിലെ ഗായകൻ[തിരുത്തുക]

വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിനുശേഷമുള്ള അമേരിക്കൻ ജീവിതത്തെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്ന  യാത്രാവിവരണം.

5. കേരളയിസം[തിരുത്തുക]

നൂറ്റിമുപ്പതിലേറെ രാജ്യങ്ങളിലൂടെ സഞ്ചരിച്ചതിന്റെ അനുഭവ പശ്ചാത്തലത്തിൽ,  കേരളത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കാവുന്ന പരിപാടികളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശകലനം.

6. സ്പെയ്സിലേക്ക് ഒരു ട്രെയിൻയാത്ര[തിരുത്തുക]

ഇന്ത്യയിൽ നിന്നുള്ള ആദ്യ ബഹിരാകാശ ടൂറിസ്റ്റ് ആവാൻ തീരുമാനമെടുക്കുന്നതിന് കാരണമായ സംഭവങ്ങളും വിവിധ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരാനുഭവങ്ങളും വിവരിക്കുന്ന രചന.

അവാർഡുകളും ബഹുമതികളും[തിരുത്തുക]

മികച്ച യാത്രാവിവരണ ഗ്രന്ഥത്തിനുള്ള 2012-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്ക് സന്തോഷ്‌ ജോർജ് കുളങ്ങര അർഹനായിട്ടുണ്ട്. മികച്ച ടെലിവിഷൻ പരിപാടിയുടെ സംവിധായകനുള്ള ഏഷ്യൻ ടെലിവിഷൻ അവാർഡ്, മുൻ രാഷ്ട്രപതി കെ ആർ നാരായണൻറെ സ്മരണാർത്ഥം കെ ആർ നാരായണൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ കെ ആർ നാരായണൻ പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡ്, ഇന്ത്യൻ ജൂനിയർ ചേംബറിന്റെ ഔട്ട്‌സ്റ്റാന്റിംഗ് യംഗ് ഇൻഡ്യൻ നാഷണൽ പുരസ്കാരം, മികച്ച സംവിധായകനുള്ള സൗപർണികാതീരം ഗാലപ് പോൾ അവാർഡ്, 2007-ലെ റോട്ടറി സ്റ്റാർ ഓഫ് ദി ഇയർ ബഹുമതി, റേഡിയോ ആൻറ് ടി വി അഡ്വർടൈസിംഗ് പ്രാക്ട്ടീഷനേഴ്സ്  അസോസിയേഷൻ ഓഫ് ഇൻഡ്യയുടെ മികച്ച ടെലിവിഷൻ പ്രോഗ്രാം സംവിധായകനുള്ള ദേശീയ അവാർഡ്, നാഷണൽ ഫിലിം അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികൾക്കും സന്തോഷ്‌ ജോർജ് കുളങ്ങര അർഹനായി.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=സന്തോഷ്_ജോർജ്_കുളങ്ങര&oldid=3525708" എന്ന താളിൽനിന്ന് ശേഖരിച്ചത്